19 April Friday

സാമ്പത്തിക ചക്രവാളം ഇരുട്ടിൽ

മധു നീലകണ്ഠൻUpdated: Thursday Dec 29, 2022

അനന്തമായ കാലത്തിന്റെ മഹാപ്രവാഹത്തിന് മനുഷ്യൻ വച്ച അളവടയാളങ്ങളിൽ ഒന്നുകൂടി എടുത്തു മാറ്റുകയായി. കലണ്ടറിലെ അവസാന താളും താണ്ടി ഡിസംബർ കടന്നുപോകുകയാണ്. ഒരാണ്ടിനുകൂടി യാത്രാമൊഴി. സ്വതന്ത്ര ഇന്ത്യയുടെ 75–--ാം വർഷമാണ് വിടചൊല്ലുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ആണ്ടറുതികൾ കണക്കെടുപ്പിന്റെ  നാളുകൾകൂടിയാണ്.  തിരിഞ്ഞു നോക്കുമ്പോൾ, ആഗോളമായും ഇന്ത്യയിലും സാമ്പത്തിക ചക്രവാളത്തിലെവിടെയും ഇരുൾതന്നെ. വരുംവർഷത്തെ മുൻനിർത്തിയുള്ള പ്രവചനങ്ങളും ശുഭ സൂചനകളല്ല. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും വീണ്ടെടുപ്പിന്റെ പെരുമ്പറ കൊട്ടുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ ചിത്രവും ജനങ്ങളുടെ അനുഭവങ്ങളും അവകാശവാദങ്ങൾക്കൊപ്പം ചേർന്നു പോകുന്നില്ല. കോവിഡിന്റെയും റഷ്യ–- -ഉക്രയ്‌ൻ യുദ്ധത്തിന്റെയും പ്രത്യാഘാതങ്ങളാണ് പ്രതിസന്ധികളുടെ കാരണങ്ങളായി എവിടെയും പറയുന്നതെങ്കിലും അതിന് മുന്നേതന്നെ സമ്പദ്‌വ്യവസ്ഥകൾ മാന്ദ്യത്തിന്റെ പിടിയിലായിരുന്നുവെന്നതാണ് സത്യം. യഥാർഥത്തിൽ, 2008ൽ ആരംഭിച്ച തകർച്ചയിൽനിന്ന് മുതലാളിത്ത ലോകം ഇതുവരെ കരകയറിയിട്ടില്ല. ഇന്ത്യയിലും കോവിഡിന് മുന്നേതന്നെ സ്ഥിതിഗതികൾ മോശമായിരുന്നു. കോവിഡും ഉക്രയ്‌ൻ യുദ്ധവും പ്രശ്നങ്ങൾ വീണ്ടും വഷളാക്കിയെന്നത് നേര്.

മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ (ജിഡിപി) കാൽക്കൊല്ല വിലയിരുത്തലുകൾ ഗണിതശാസ്ത്രക്കളിയായി മാറ്റിയാണ് ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന് ചെണ്ടകൊട്ടുന്നത്. ജനുവരി–- - മാർച്ചിൽ 4.1 ശതമാനം, ഏപ്രിൽ-–- ജൂൺ 13.5 ശതമാനം, ജൂലൈ–-- സെപ്തംബർ 6.3 ശതമാനം എന്നിങ്ങനെ പുറത്തുവന്ന ജിഡിപി  കണക്കുകൾ മുൻ വർഷത്തെ കുറഞ്ഞ നിരക്കുമായി താരതമ്യം ചെയ്തുള്ളതാണ്.  നടപ്പു ധനവർഷം മൊത്തത്തിലെടുത്താൽ സാമ്പത്തിക വളർച്ച നിരക്ക് 6.9 ശതമാനമായിരിക്കുമെന്ന് ലോക ബാങ്ക് ഏറ്റവുമൊടുവിൽ പറയുന്നു.   ആദ്യ പ്രവചനങ്ങൾ തിരുത്തിയാണ് പുതിയ വിലയിരുത്തൽ. 2023ൽ ഇന്ത്യ അഞ്ചു ശതമാനമെങ്കിലും വളർച്ച നേടിയാൽ ഭാഗ്യമെന്ന് റിസർവ് ബാങ്ക് മുൻ ഗവണർ രഘുറാം രാജൻ വർഷാന്ത്യത്തിൽ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോഴും ഇന്ത്യയിൽ ജനകോടികൾ ഒരു നേരത്തെ വിശപ്പടക്കാൻ പരക്കം പായുന്നു എന്നറിയുമ്പോൾ ജിഡിപി കണക്കിലൊന്നും യാഥാർഥ്യമില്ലെന്ന് വ്യക്തമാകും. 15 കോടി ജനങ്ങൾ രാജ്യത്ത് പരമദരിദ്രരാണ്. സമ്പത്തിലും ആരോഗ്യ–- -വിദ്യാഭ്യാസ കാര്യങ്ങളിലും തുടരുന്ന അതിഭീകരമായ അസമത്വവും നാടിന്റെ സ്വത്തും വരുമാനവും അതിസമ്പന്നരിൽ കേന്ദ്രീകരിക്കുന്നതും ചിത്രത്തിന്റെ മറുവശം.  തൊണ്ണൂറുകൾമുതൽ തുടരുന്ന നവഉദാര സാമ്പത്തികനയം സ്ഥിതി രൂക്ഷമാക്കി. ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്നതിൽ നവഉദാര നയം പൂർണ പരാജയമാണെന്ന് കോവിഡ് കാലം വ്യക്തമാക്കിയിട്ടും കോർപറേറ്റുകളെ ശതകോടീശ്വരൻമാരായി വളർത്തുന്ന നയത്തിൽനിന്ന് ഇന്ത്യ അണുവിട മാറിയിട്ടില്ല. 2019ൽ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞരായ തോമാ പിക്കറ്റിയും ലൂക്കാസ് ചാൻസലും നടത്തിയ പഠനത്തിൽ ഇന്ത്യ ബ്രിട്ടീഷ് രാജിൽനിന്ന് കോർപറേറ്റ് രാജിൽ എത്തിയതായി വെളിപ്പെടുന്നുണ്ട്.


 

രാജ്യത്തിന്റെ വരുമാനത്തിന്റെ 22 ശതമാനവും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണെന്ന് ഇവരുടെ പഠനത്തിൽ പറയുന്നു. 1980 മുതൽ 2015 വരെയുള്ള കാലയളവിൽ മുകൾത്തട്ടിലെ 10 ശതമാനത്തിന്റെ വരുമാനത്തിൽ 435 ശതമാനം വർധനയുണ്ടായി. (റിവ്യു ഓഫ് ഇൻകം ആൻഡ് വെൽത്ത്, സീരീസ് 65). ഈ പ്രവണത തുടർന്നുകൊണ്ടേയിരിക്കുന്നു. ഓക്സ് ഫാം റിപ്പോർട്ടു പ്രകാരം ശതകോടീശ്വരന്മാരുടെ എണ്ണം 2020ൽ 102 ആയിരുന്നത് ഇപ്പോൾ 166 ആയി. ഇതേസമയം രാജ്യത്തെ 84 ശതമാനം കുടുംബങ്ങളുടെയും വരുമാനം ഇടിഞ്ഞു. ഇവിടെയാണ് ജിഡിപി കണക്കിന്റെ പൊള്ളത്തരം വെളിപ്പെടുന്നത്. 121 രാജ്യം ഉൾപ്പെട്ട ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഇക്കൊല്ലം 107 ആയതും ഇതോടൊപ്പം കാണണം.  2021ൽ 101–--ാം സ്ഥാനത്തായിരുന്നു. തെക്കനേഷ്യയിൽ ഇന്ത്യക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻമാത്രം.

രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, രൂപയുടെ വൻ തകർച്ച, വിദേശനാണ്യ ശേഖരത്തിലെ ഇടിവ്, കയറ്റുമതിയിലെ തകർച്ച, ഇറക്കുമതി വർധന, ഇതേത്തുടർന്ന് പെരുകുന്ന വ്യാപാരകമ്മി,  സാധനങ്ങളും സേവനങ്ങളുമടക്കം മറ്റു രാജ്യങ്ങളുമായുള്ള ഇടപാട് സംബന്ധിച്ച തന്നാണ്ട് കണക്കിലെ കമ്മി വർധന (കറന്റ് അക്കൗണ്ട് ഡെഫ്സിറ്റ്) എന്നിവയെല്ലാം 2022ൽ രാജ്യത്തിന്റെ  സാമ്പത്തിക മേഖലയിലെ മുഖ്യ പ്രശ്നങ്ങളാണ്. ഡോളറൊന്നിന് ഒരു ഘട്ടത്തിൽ 81 രൂപവരെയായി.  നടപ്പു വർഷത്തിൽ രൂപയ്‌ക്ക്‌ 11 ശതമാനം തകർച്ച. വർഷാന്ത്യത്തിൽ തൊഴിലില്ലായ്‌മാ നിരക്ക്‌ 8.8 ശതമാനമാണ്‌. സമ്പദ്‌വ്യവസ്ഥയിൽ അപായ സാധ്യതകൾ കൂടിവരികയാണെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ  ഡോ. എം ഡി പാത്ര  ഡിസംബറിലെ ആർബിഐ ബുള്ളറ്റിനിൽ എഴുതിയത് ഇതോടൊപ്പം ചേർത്തു വായിക്കാം. വിലക്കയറ്റം (പണപ്പെരുപ്പം) തുടരുന്ന സാഹചര്യത്തിൽ, റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക്‌ അടിക്കടി കൂട്ടുന്നതും 2022ലെ മുഖ്യ പ്രവണതയായിരുന്നു. ഏപ്രിലിൽ 4.9 ശതമാനമായിരുന്ന റിപ്പോ നിരക്ക് ഡിസംബർ ആയപ്പോഴേക്കും 6.25 ശതമാനമായി.  കമ്പോളത്തിൽ സാധനങ്ങളുടെ ഡിമാൻഡ് വർധിച്ച് അതുമൂലം വിലകൾ കൂടുന്നുവെന്ന ധാരണയിൽ നിന്നാണ് പലിശ നിരക്ക് തുടർച്ചയായി വർധിപ്പിച്ചത്.  ബാങ്കുകളിൽനിന്ന് വായ്പയായി പുറത്തെത്തുന്ന പണം നിയന്ത്രിക്കുകയാണ് ലക്ഷ്യം. പലിശനിരക്ക് കൂടുമ്പോൾ വായ്പ കുറയും. അപ്പോൾ ഡിമാൻഡും കുറയുമല്ലോ. ഇതാണ് അനുമാനം. എന്നാൽ, തൊഴിലും വരുമാനവും ഇല്ലാത്തപ്പോൾ എങ്ങനെ ഡിമാൻഡ് കൂടും. സാധനങ്ങൾക്ക് ഡിമാൻഡില്ലാത്തതാണ് സമ്പദ്‌വ്യവസ്ഥയിലെ യഥാർഥ പ്രശ്നം. അത് രൂക്ഷമാക്കുകയും സമ്പദ്‌വ്യവസ്ഥയുടെ സകല മേഖലകളെയും തളർത്തുകയും ചെയ്യുന്ന നടപടിയാണ് പലിശ കൂട്ടുന്നതും വായ്പ കുറയ്ക്കുന്നതും.

സാധാരണക്കാർക്കും ചെറുകിട വ്യവസായികൾക്കുമെല്ലാം വായ്പ കിട്ടാൻ പ്രയാസമാണെങ്കിലും  പൊതുമേഖലാ ബാങ്കുകളിൽനിന്ന് കോർപറേറ്റുകൾക്ക്‌ വായ്പകൾ നൽകുന്നതും അത് എഴുതിത്തള്ളുന്നതും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നത്‌ മറ്റൊരു കാര്യം. നടപ്പു വർഷം ഇതിനകം രണ്ടു ലക്ഷം കോടി രൂപ എഴുതിത്തള്ളി. അഞ്ചു വർഷത്തിനകം എഴുതിത്തള്ളിയത്‌ 11 ലക്ഷം കോടിയിലേറെ.

പൊതു വിലക്കയറ്റത്തിന്റെ കാരണം പെട്രോൾ, ഡീസൽ, പാചക വാതകത്തിന്റെ വിലവർധനയും രാജ്യത്താകെ ശക്തമായ പൊതുവിതരണ സംവിധാനം ഇല്ലാത്തതുമാണ്.  രാജ്യാന്തര വിപണിയിൽ ഇന്ധനവില കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയുന്നില്ല. കേന്ദ്ര എക്സൈസ് നികുതിയും സെസുകളും കുറയ്ക്കാത്തതാണ് കാരണം. 2022 ജനുവരി മുതൽ 11 മാസവും ഇന്ത്യയിൽ ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ നിരക്ക് എട്ടു ശതമാനത്തിനടുത്തായിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ നിരക്ക് ചില മാസങ്ങളിൽ 15 ശതമാനം കടന്നു.

ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യം വിഴുങ്ങിക്കഴിഞ്ഞതായി ഐഎംഎഫും ലോക ബാങ്കും പലവട്ടം പറഞ്ഞു കഴിഞ്ഞു. ഏറ്റവും വഷളായ സ്ഥിതി ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഐഎംഎഫ് നൽകുന്ന മുന്നറിയിപ്പ്. ഐഎംഎഫിന്റെ റിപ്പോർട്ടു പ്രകാരം ഇക്കൊല്ലം പ്രതീക്ഷിക്കുന്ന വളർച്ച  3.2 ശതമാനം. 2023ൽ 2.9 ശതമാനംമാത്രം. 1970നു ശേഷം ലോകം ഏറ്റവും കടുത്ത മാന്ദ്യത്തിലാണെന്നും 68.5 കോടി ജനങ്ങൾ പരമ ദാരിദ്ര്യത്തിലാണെന്നും ലോക ബാങ്ക് ഈ മാസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇക്കൊല്ലം അമേരിക്കയിലുണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top