ക്യാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേയിൽ ജൂൺ 18ന് ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചതിനു പിന്നിൽ ഇന്ത്യയുടെ കൈകളുണ്ടെന്ന് ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതോടെ ഇരു രാജ്യവുംതമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ക്യാനഡയിലെ സിഖ് വിഘടനവാദ പ്രസ്ഥാനമായ സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപ്രീത് സിങ് പന്നുൻ നേരത്തേ ഉന്നയിച്ച ആരോപണമാണ് സെപ്തംബർ 18ന് ട്ര്യൂഡോ പാർലമെന്റിലും ആവർത്തിച്ചത്. ഇതേത്തുടർന്ന് ക്യാനഡയിലെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ ക്യാനഡ പുറത്താക്കി. ഇന്ത്യയും അതേ നാണയത്തിൽ തിരിച്ചടിച്ചു. ക്യാനഡ പൗരന്മാരുടെ വിസ സർവീസ് ഇന്ത്യ അവസാനിപ്പിച്ചു. അന്തിമ ഘട്ടത്തിലെത്തിയ സ്വതന്ത്ര വ്യാപാരക്കരാറിൽനിന്നും ക്യാനഡ ഏകപക്ഷീയമായി പിന്മാറുകയും ചെയ്തു.
ജി20 ഉച്ചകോടിക്കുശേഷം ലോകത്തിനു മുമ്പിൽ ഇന്ത്യ ശ്രദ്ധാകേന്ദ്രമായി മാറുന്ന ഘട്ടത്തിലാണ് ക്യാനഡ, ഇന്നുവരെ ഇന്ത്യക്ക് കേൾക്കേണ്ടി വന്നിട്ടില്ലാത്ത ആരോപണവുമായി രംഗത്തു വന്നത്. അമേരിക്കൻ സിഐഎയും ഇസ്രയേലിലെ മൊസാദും ചെയ്യുന്നതുപോലെ ശത്രുക്കളെ വിദേശമണ്ണിൽവച്ചു കൊലപ്പെടുത്തുന്ന രീതി ഇന്ത്യയും തുടങ്ങിയിരിക്കുന്നുവെന്നാണ് ട്രൂഡോ ആരോപിച്ചത്. തികഞ്ഞ അസംബന്ധം മാത്രമാണ് ഈ ആരോപണമെന്നാണ് ഇന്ത്യയുടെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസിൽ സംസാരിക്കവെ നിജ്ജാറിനെപ്പോലുള്ളവരെ വിദേശമണ്ണിൽ കൊല്ലുകയെന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ നേതൃത്വത്തിൽ നിന്നുണ്ടാകുന്ന ആദ്യ പ്രതികരണമായി ഇതിനെ കാണാം. ഇതുവരെയും വിദേശമന്ത്രാലയ വക്താവ് മാത്രമാണ് പ്രതികരിച്ചിരുന്നത്. പതിവുപോലെ പ്രധാനമന്ത്രി മോദി ഈ വിഷയത്തിലും മൗനത്തിലാണ്.
ക്യാനഡയുടെ ജനസംഖ്യയിൽ 3.7 ശതമാനം ഇന്ത്യൻ വംശജരാണ്. അതിൽ 2.1 ശതമാനവും സിഖുകാരാണ്. ഏകദേശം 7,70,000 സിഖുകാരുണ്ട് ഇവിടെ. ഏറ്റവും കൂടുതൽ സിഖുകാരുള്ള രാജ്യമാണിത്.
നയതന്ത്രബന്ധം വഷളാകുന്നത് രാജ്യത്തെയും ദോഷകരമായി ബാധിക്കും. ഇന്ത്യയുടെ മൂന്നിരട്ടിയെങ്കിലും വലുപ്പമുള്ള ക്യാനഡയിൽ കേരളത്തേക്കാളും അൽപ്പം ജനസംഖ്യയേ കൂടുതലുള്ളൂ. ക്യാനഡയുടെ ജനസംഖ്യയിൽ 3.7 ശതമാനം ഇന്ത്യൻ വംശജരാണ്. അതിൽ 2.1 ശതമാനവും സിഖുകാരാണ്. ഏകദേശം 7,70,000 സിഖുകാരുണ്ട് ഇവിടെ. ഏറ്റവും കൂടുതൽ സിഖുകാരുള്ള രാജ്യമാണിത്. 80,000 മലയാളികളും ഇവിടെയുണ്ട്. 2022ൽമാത്രം ഇന്ത്യയിൽനിന്ന് വിദ്യാഭ്യാസം തേടി ക്യാനഡയിൽ എത്തിയത് 2,26,450 വിദ്യാർഥികളാണ്. അതായത് ക്യാനഡയിലെ മൊത്തം വിദ്യാർഥികളുടെ 40 ശതമാനവും ഇന്ത്യയിൽനിന്നാണ്. അതോടൊപ്പം ഇന്ത്യയുടെ പത്താമത്തെ വ്യാപാര പങ്കാളിയാണ് ക്യാനഡ. 2022–--23ൽ 81,600 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. 2022ൽമാത്രം 4500 കോടി ഡോളറിന്റെ നിക്ഷേപമാണ് ക്യാനഡ ഇന്ത്യയിൽ നടത്തിയത്.
ഖലിസ്ഥാൻ വിഘടനവാദത്തെ ക്യാനഡ പ്രോത്സാഹിപ്പിക്കുന്നുവെന്നത് ദശാബ്ദങ്ങളായി ഇന്ത്യ ഉന്നയിക്കുന്ന ആരോപണമാണ്. 1985ൽ 329 പേരുടെ മരണത്തിനിടയാക്കിയ കനിഷ്ക ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചത് ഖലിസ്ഥാൻ വിഘടനവാദികളായിരുന്നു. ഈ കേസിൽ പ്രതിയായ അരവിന്ദർ സിങ് പാർമറെ ഇന്ത്യക്ക് വിട്ടുനൽകാൻ 1982ൽത്തന്നെ ഇന്ദിര ഗാന്ധി സർക്കാർ ആവശ്യപ്പെട്ടെങ്കിലും ക്യാനഡ വഴങ്ങിയില്ല. ആന്ന് ക്യാനഡ ഭരിച്ചത് ഇപ്പോഴത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയായിരുന്നു. അതായത് ബ്ലൂസ്റ്റാർ ഓപ്പറേഷനും മുമ്പുതന്നെ ക്യാനഡ ഖലിസ്ഥാൻ വിഘടനവാദത്തെ പിന്തുണയ്‌ക്കുകയാണെന്ന ആരോപണം ഇന്ത്യ ഉന്നയിച്ചിരുന്നു. നിജ്ജാർ ഉൾപ്പെടെയുള്ളവരെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ഇന്ത്യ നൽകിയെങ്കിലും അതൊന്നും അംഗീകരിക്കാനോ ഗൗരവത്തിൽ എടുക്കാനോ ക്യാനഡയിലെ ഭരണനേതൃത്വം തയ്യാറായിരുന്നില്ല, ഈയൊരു പശ്‌ചാത്തലത്തിലാണ് വിഘടനവാദികൾക്ക് സുരക്ഷിത സ്വർഗമാണ് ക്യാനഡ തുടങ്ങിയ പരാമർശങ്ങൾ ഇന്ത്യൻ അധികൃതരിൽനിന്ന് ഉണ്ടായത്.
2027ൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേ അനുസരിച്ച് 95 ശതമാനം സിഖുകാരും ഇന്ത്യക്കാരാണെന്നതിൽ അഭിമാനിക്കുന്നവരാണ്. ഖലിസ്ഥാൻവാദത്തെ അവർ അംഗീകരിക്കുന്നില്ല. ഭഗത് സിങ്ങിന്റെ നാടായ പഞ്ചാബിലെ ജനങ്ങളുടെ ദേശസ്നേഹത്തെ ആർക്കും ചോദ്യം ചെയ്യാനുമാകില്ല.
എന്തുകൊണ്ട് ജസ്റ്റിൻ ട്രൂഡോ സർക്കാർ ഖലിസ്ഥാൻ വിഘടനവാദികളെ പിന്തുണയ്‌ക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം രാഷ്ട്രീയ അധികാരം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. ട്രൂഡോയുടെ ലിബറൽ പാർടിക്ക് തനിച്ച് ഭൂരിപക്ഷമില്ല. അതിനാൽ ജഗ്മീത് സിങ് എന്ന ഇന്ത്യൻ വംശജനായ സിഖുകാരൻ നേതൃത്വം നൽകുന്ന ക്യാനഡ ന്യൂ ഡെമോക്രാറ്റിക് പാർടിയുടെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. നാല് സിഖ് വംശജർ ട്രൂഡോ മന്ത്രിസഭയിൽ അംഗങ്ങളുമാണ്. ദൗർഭാഗ്യമെന്ന് പറയട്ടെ അടുത്ത കാലത്തായി ഖലിസ്ഥാൻ വിഘടനവാദത്തെ പിന്തുണയ്‌ക്കുന്ന സമീപനമാണ് ന്യൂ ഡെമോക്രാറ്റിക് പാർടി കൈക്കൊള്ളുന്നത്. ലിബറൽ പാർടിക്കും ഇതേ സമീപനമാണ്. ഇത് അംഗീകരിക്കാൻ ഇന്ത്യക്ക് കഴിയില്ല. കാരണം, ഖലിസ്ഥാൻ വിഘടനവാദം ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വിഷയമാണ്. മാത്രമല്ല, ഇന്ത്യൻ ജനസംഖ്യയുടെ 1:7 ശതമാനം വരുന്ന സിഖ് വംശജരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ഇന്ന് വിഘടനവാദത്തിനു പിന്തുണ നൽകുന്നത്. 2027ൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേ അനുസരിച്ച് 95 ശതമാനം സിഖുകാരും ഇന്ത്യക്കാരാണെന്നതിൽ അഭിമാനിക്കുന്നവരാണ്. ഖലിസ്ഥാൻവാദത്തെ അവർ അംഗീകരിക്കുന്നില്ല. ഭഗത് സിങ്ങിന്റെ നാടായ പഞ്ചാബിലെ ജനങ്ങളുടെ ദേശസ്നേഹത്തെ ആർക്കും ചോദ്യം ചെയ്യാനുമാകില്ല.
ഇന്ത്യക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണം ആ രാജ്യവുമായുള്ള ബന്ധം തകർക്കുമെന്ന് പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരനായ ട്രൂഡോയ്‌ക്ക് നന്നായി അറിയാം. എന്നിട്ടും ആരോപണം ആവർത്തിക്കാൻ കാരണമെന്താണ്? അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായി ചർച്ച ചെയ്തശേഷമാണ് ട്രൂഡോ ഈ ആരോപണവുമായി രംഗത്തുവന്നത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത് ജി20 ഉച്ചകോടി വേളയിലെ ഉഭയകക്ഷി സംഭാഷണത്തിൽ ഈ വിഷയം ബൈഡൻ മോദിയുമായി ചർച്ച ചെയ്തിരുന്നുവെന്നാണ്. രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്ന ഫൈവ് ഐസ് രാഷ്ട്രങ്ങളുമായി (അമേരിക്ക, ക്യാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്) ക്യാനഡ ഈ വിവരം കൈമാറിയതായും വാർത്തകൾ വന്നു. അമേരിക്കയുമായി ഈ വിഷയത്തിൽ വളരെ അടുത്ത ബന്ധമാണ് ക്യാനഡയ്‌ക്കുള്ളതെന്ന് റോയിട്ടർ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ, ഏറ്റവും അവസാനം വന്ന വാർത്ത നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞർ ഇടപെട്ടെന്ന രഹസ്യാന്വേഷണ വിവരം നൽകിയത് അമേരിക്ക തന്നെയാണെന്ന വാർത്തയാണ്. ഉദ്യോഗസ്ഥരുടെ സംഭാഷണം ചോർത്തിയാണ് ഈ വിവരം അമേരിക്ക നൽകിയതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. അതായത് ഇന്ത്യക്കെതിരായ ആരോപണത്തിന്റെ തുടക്കം തേടിപ്പോയാൽ നാം എത്തുക അമേരിക്കയിലാണ്.
ട്രൂഡോയുടെ ആരോപണം തെളിയുന്നപക്ഷം ആർക്കും ഒരു ഇളവും അമേരിക്ക നൽകില്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേശകൻ ജെയ്ക്ക് സള്ളിവാൻ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി
ക്യാനഡയെ മുൻനിർത്തി ഇന്ത്യക്കെതിരെ കളിക്കുന്നത് അമേരിക്കയാണ്. ക്യാനഡയെ പരസ്യമായി ന്യായീകരിച്ച് രംഗത്തെത്തിയതും പ്രധാനമായും അമേരിക്കയാണെന്ന് കാണാം. വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയേ വാട്ട്സൺ ആണ് ആദ്യം രംഗത്തുവന്നത്. ക്യാനഡയുടെ ആരോപണം അഗാധമായ ഉൽക്കണ്ഠ ഉളവാക്കുന്നതാണെന്ന് വാട്ട്സൺ പറഞ്ഞു. തുടർന്ന്, വൈറ്റ് ഹൗസ് സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ മേധാവി ജോൺ കിർബി ഇന്ത്യയോട് ക്യാനഡയുമായി അന്വേഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെട്ടു. അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ക്യാനഡയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രൂഡോയുടെ ആരോപണം തെളിയുന്നപക്ഷം ആർക്കും ഒരു ഇളവും അമേരിക്ക നൽകില്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേശകൻ ജെയ്ക്ക് സള്ളിവാൻ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി. അവസാനമായി അമേരിക്കൻ വിദേശസെക്രട്ടറി ആന്റണി ബ്ലിങ്കൺതന്നെ രംഗത്തുവന്നു. അന്വേഷണത്തിൽ ക്യാനഡയുമായി സഹകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട ബ്ലിങ്കൺ കൂട്ടുത്തരവാദിത്വത്തെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു.
ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ക്യാനഡയ്‌ക്ക് പൂർണപിന്തുണ നൽകുന്ന രാജ്യം അമേരിക്കയാണ്. ഇന്ത്യൻ വിദേശമന്ത്രാലയം ക്യാനഡ വിഘടനവാദത്ത സഹായിക്കുന്നുവെന്നും വിഘടനവാദികൾക്ക് സുരക്ഷിത സ്വർഗം ഒരുക്കുന്നുവെന്നും ആവർത്തിക്കുമ്പോഴും ക്യാനന്ധയെ മുൻനിർത്തി ഇന്ത്യയെ ആക്രമിക്കുന്ന അമേരിക്കയ്‌ക്കെതിരെ ഒരക്ഷരം പ്രതികരിക്കാൻ പ്രധാനമന്ത്രിയോ വിദേശമന്ത്രിയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവോ തയ്യാറായിട്ടില്ല. ട്രൂഡോ പാർലമെന്റിൽ ഇന്ത്യക്കെതിരെ സംസാരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് വിദേശമന്ത്രി എസ് ജയ്‌ശങ്കർ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞത് പാശ്ചാത്യർ മോശക്കാരാണെന്ന നേരത്തേയുള്ള ധാരണ തിരുത്തണമെന്നാണ്. ക്യാനഡ വിഘടനവാദത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെങ്കിൽ അവർക്ക് ഈ വിഷയത്തിൽ പിന്തുണ നൽകുന്ന അമേരിക്കയെയും അതേ കണ്ണിലൂടെ കാണാൻ ഇന്ത്യക്ക് കഴിയാത്തത് എന്തുകൊണ്ടാണ് ? അമേരിക്ക ഇന്ത്യയോട് അടുക്കുന്നത് അവരുടെ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾ പരിഗണിച്ചാണെന്നതിൽ ഇതിൽ കൂടുതൽ തെളിവ് ആവശ്യമുണ്ടോ? ചൈനയെ എതിർക്കാൻ അമേരിക്കയ്‌ക്ക് ഇപ്പോൾ ഇന്ത്യയെ വേണം എന്നതിലപ്പുറമുള്ള താൽപ്പര്യമൊന്നും അവർക്ക് ഇന്ത്യയോടില്ല.
ജി-20 ഉച്ചകോടിയിൽ അമേരിക്ക സന്തുഷ്ടരല്ലെന്ന സന്ദേശവും ക്യാനഡയെ പിന്തുണയ്‌ക്കുക വഴി അമേരിക്ക നൽകുന്നുണ്ട്. ഉക്രയ്ൻ വിഷയത്തിൽ റഷ്യയെ ആക്രമണകാരിയെന്ന് വിശേഷിപ്പിക്കാൻ സംയുക്ത പ്രമേയത്തിന് ഇന്ത്യ തയ്യാറാകാത്തതിലുള്ള നീരസമാണ് അമേരിക്ക പ്രകടിപ്പിക്കുന്നതെന്ന സംശയം പല വിദേശകാര്യ വിദഗ്ധരും ഉയർത്തിയിട്ടുണ്ട്. അതിനാൽ അമേരിക്കൻ ഇരട്ടത്താപ്പിനെയും ഇടങ്കോലിടൽ നയത്തെയും തുറന്നെതിർക്കാൻ ഇനിയെങ്കിലും ഇന്ത്യ തയ്യാറാകണം. ക്യാനഡയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള നയതന്ത്ര ഇടപെടൽ ശക്തമാക്കുകയും വേണം. ഇന്ത്യൻ താൽപ്പര്യങ്ങൾക്കാണ് മോദി സർക്കാർ മുൻഗണന നൽകേണ്ടത്. അമേരിക്കൻ താൽപ്പര്യങ്ങൾക്കല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..