24 April Wednesday

ചരിത്രവിജ്ഞാനീയത്തിന്റെ ചിത്രവധം

എ എം ഷിനാസ്Updated: Wednesday Dec 28, 2022

എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഭഗവത്ഗീത, വേദങ്ങൾ, സിഖ്–-മറാഠാ ചരിത്രം തുടങ്ങിയവ ഉൾപ്പെടുത്തണമെന്ന ശുപാർശ ഉൾക്കൊള്ളുന്ന പാർലമെന്ററി പാനലിന്റെ റിപ്പോർട്ട് ബിജെപി രാജ്യസഭാ എംപിയും വിദ്യാഭ്യാസ വനിതാ ശിശു യുവജന സ്പോർട്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വിവേക് ഠാക്കൂർ ഏതാനും ദിവസം മുമ്പാണ് രാജ്യസഭയിൽ സമർപ്പിച്ചത്. പാഠപുസ്തകങ്ങളിൽ ഗീതാശ്ലോകങ്ങൾ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. പാഠപുസ്തകങ്ങളിൽ ഇടംപിടിച്ച ‘ചരിത്രവിരുദ്ധമായ വസ്തുതകൾ’ കണ്ടുപിടിക്കുകയെന്ന ‘ചരിത്രദൗത്യ’വും  ഈ സമിതി ഏറ്റെടുത്തിരിക്കുന്നു.

ഈ നിർദേശങ്ങൾ വായിച്ചാൽ തോന്നുക ഗീത, വേദങ്ങൾ, സിഖ്–മറാഠാ ചരിത്രം എന്നിവയെല്ലാം ഇതേവരെ ഇന്ത്യയിലെ സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് പാടേ ഒഴിച്ചുനിർത്തപ്പെട്ട വിഷയങ്ങളാണെന്നാണ്. ഇപ്പറഞ്ഞ പ്രമേയങ്ങളെല്ലാം കൂലങ്കഷവും അപഗ്രഥനപരവുമായ ചരിത്രവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ പതിറ്റാണ്ടുകളായി പാഠപുസ്തകങ്ങളിൽ ഉള്ളവയാണ്.  പക്ഷേ, ഹിന്ദുത്വ ഫാസിസ്റ്റുകൾ ഇച്ഛിക്കുന്ന വിധത്തിലുള്ള കൽപ്പിത കഥപോലെയല്ല എന്നുമാത്രം. എന്നാൽ, ചരിത്രരചനയുടെ അംഗീകൃത രീതിശാസ്ത്രം കൃത്യമായും കർക്കശമായും മുറുകെപ്പിടിച്ചും നാനാപ്രകാരമുള്ള തെളിവുസാമഗ്രികളെ സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമാക്കിയും ഈ വ്യത്യസ്ത ചരിത്രലക്ഷ്യങ്ങൾ ഒത്തുനോക്കി സ്ഥിരീകരിച്ചുമാണ് മേൽപ്പറഞ്ഞ വിഷയങ്ങൾ മാത്രമല്ല, മറ്റെല്ലാ പ്രതിപാദ്യങ്ങളും അരനൂറ്റാണ്ടു മുമ്പ്‌ ആർ എസ് ശർമയും സതീശ് ചന്ദ്രയും ബിപൻ ചന്ദ്രയും അർജുൻ ദേവും എഴുതിയ എൻസിഇആർടി പാഠപുസ്തകങ്ങൾ തയ്യാറാക്കിയിരുന്നത്. ചരിത്രം അനുദിനം വളരുന്ന സാമൂഹ്യശാസ്ത്രമായതുകൊണ്ട് പുതിയ വിവരങ്ങളും പുതിയ വ്യാഖ്യാനങ്ങളും ഉൾച്ചേർത്തുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത ചരിത്രപദ്ധതിയുടെ അടിസ്ഥാനത്തിൽ അവ പരിഷ്കരിക്കേണ്ടതായിരുന്നുവെന്നത് ശരിതന്നെ. പക്ഷേ, വാജ്പേയി സർക്കാരിന്റെ  കാലത്ത് ഇന്ത്യയുടെ ചരിത്രരചനാമണ്ഡലത്തിൽ അന്നേവരെ ആരും കേട്ടിട്ടുപോലുമില്ലാതിരുന്ന മഖൻലാലിനെപ്പോലുള്ളവർ ബദൽ പാഠപുസ്തകങ്ങളുമായി രംഗത്തെത്തി. തെറ്റുകളുടെയും അസംബന്ധങ്ങളുടെയും ഹിന്ദുത്വ മുൻവിധികളുടെയും പക്ഷപാതങ്ങളുടെയും ദാരുണമായ ഭാഷയുടെയും ഘോഷയാത്രയായിരുന്നു ആ പാഠപുസ്തകങ്ങൾ.

ഗീതയും വേദങ്ങളും പഠിപ്പിക്കണമെന്ന് മാത്രമല്ല, ഗീതാശ്ലോകങ്ങൾ ഉരുവിട്ടു പഠിക്കുകയും വേണമത്രെ. ഇന്ത്യയെപ്പോലുള്ള ഒരു ബഹുസംസ്കാര ബഹുപൈതൃക ബഹുമത സമൂഹത്തിൽ ഗീതയും വേദങ്ങളും അവയുടെ ചരിത്രസന്ദർഭത്തിൽനിന്ന് അടർത്തി അപ്പടി പഠിപ്പിക്കണമെന്നാണ് പറയുന്നത്. ഈ അനർഥയുക്തിയനുസരിച്ച് ബൈബിളും ഖുർആനും ത്രിപിടങ്ങളും ഗുരു ഗ്രന്ഥസാഹിബ് ജിയും സെൻഡ് അവസ്തയുമെല്ലാം അപ്പടി, അവയിലെ സൂക്തങ്ങളും സ്തോത്രങ്ങളും  പഠിപ്പിക്കണമെന്ന ആവശ്യം ഇവയെല്ലാം വിശുദ്ധപാഠങ്ങളായി പരിഗണിക്കുന്ന മതവിഭാഗങ്ങളിൽനിന്ന്‌ സ്വാഭാവികമായി ഉയർന്നുവരും. അങ്ങനെ പഠിപ്പിക്കാൻ വേദപാഠശാലകളും മദ്രസകളും സെമിനാരികളും മറ്റും ഉണ്ടെന്നിരിക്കെ ‘രാഷ്ട്രത്തിന് മതമില്ല’ എന്ന മതനിരപേക്ഷതയുടെ പ്രമാണവാക്യങ്ങളിലൊന്ന് ആരൂഢമായ ഇന്ത്യൻ റിപ്പബ്ലിക്കിൽ ഗീത വേദ ശ്ലോകങ്ങൾമാത്രം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതിൽ വേറെയും കുൽസിതലക്ഷ്യങ്ങളുണ്ട്. വൈദിക പൈതൃകമാണ് ഇന്ത്യൻ ദേശീയ സംസ്കാരത്തിന്റെ പ്രബലമായ അടിസ്ഥാനമെന്ന ഒറ്റസംസ്കാരവാദത്തെ അരക്കിട്ടുറപ്പിക്കാനുള്ള ഫാസിസ്റ്റ് കൗശലമാണിത്.

ഇത്തരുണത്തിൽ റൊമില ഥാപ്പർ നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. അവർ ഇന്ത്യൻ സംസ്കാരമെന്ന ഏകവചനമല്ല, ഇന്ത്യൻ സംസ്കാരങ്ങളെന്ന ബഹുവചനമാണ് 2018ൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ കൾച്ചേഴ്സ് ആസ് ഹെരിറ്റേജ്’ എന്ന ഗ്രന്ഥത്തിൽ മുഴുനീളം ഉപയോഗിക്കുന്നത്. ഥാപ്പർ എഴുതുന്നു: ‘ആരാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തെ, പൈതൃകത്തെ നിർവചിക്കുന്നത് ? ആരാണ് സാംസ്കാരിക പൈതൃകങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ? എന്താണ് തെരഞ്ഞെടുക്കേണ്ടതെന്നും എന്താണ് അവഗണിക്കേണ്ടതെന്നും  തീരുമാനിക്കുന്നത് ആരാണ്  ? ഓരോ പൈതൃകത്തിന്റെയും പ്രാധാന്യവും അപ്രാധാന്യവും നിശ്ചയിക്കുന്നത് ആരാണ് ? സംസ്കാരത്തെ ആര് നിർവചിക്കുന്നു എന്നതാണ്, എന്താണ് സംസ്കാരത്തിൽ ഉൾപ്പെടുന്നതെന്നും ഒഴിച്ചുനിർത്തുന്നതെന്നും തീരുമാനിക്കുന്നത്. പുറന്തള്ളപ്പെടുന്ന സംസ്കാരങ്ങളാണ് പലപ്പോഴും മുറിയിലെ ആനയെന്ന യാഥാർഥ്യം നാം മനസ്സിലാക്കാറില്ല. പ്രാതിനിധ്യ സ്വഭാവമില്ലെന്ന് വിധിയെഴുതി ചില സംസ്കാരങ്ങളെ ബോധപൂർവം ഒഴിച്ചുനിർത്തുകയാണ്. വർത്തമാന രാഷ്ട്രീയ ആവശ്യങ്ങൾക്കുവേണ്ടി ഹിന്ദുത്വവാദികൾ അവർക്കുവേണ്ട സംസ്കാരത്തെ വളച്ചൊടിച്ച് ചരിത്രസന്ദർഭത്തിൽ നിന്നടർത്തി ഉരുത്തിരിച്ചെടുക്കുകയാണ്’.

വൈദികകാലം മുതൽ ജനാധിപത്യമാണ് ഇന്ത്യയിൽ പുലരുന്ന’തെന്നുള്ള പൊള്ളയായ ഈ വാദഗതി ഉൾക്കൊള്ളുന്ന കൺസെപ്റ്റ് നോട്ട് കഴിഞ്ഞ മാസം  മന്ത്രിസഭാംഗങ്ങൾക്കിടയിൽ വിതരണം ചെയ്തിരുന്നു.

ഇതോടൊപ്പം ചേർത്തുപറയേണ്ട ഒരു അപഹാസ്യ ചരിത്രനിർമിതിയാണ് ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്’ (ഭാരത് ലോക്‌തന്ത്ര കീ ജനനി) ആണെന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അവകാശവാദം.  ‘വൈദികകാലം മുതൽ ജനാധിപത്യമാണ് ഇന്ത്യയിൽ പുലരുന്ന’തെന്നുള്ള പൊള്ളയായ ഈ വാദഗതി ഉൾക്കൊള്ളുന്ന കൺസെപ്റ്റ് നോട്ട് കഴിഞ്ഞ മാസം  മന്ത്രിസഭാംഗങ്ങൾക്കിടയിൽ വിതരണം ചെയ്തിരുന്നു. ഈ കൺസെപ്റ്റ് നോട്ട് ഉൾപ്പെടുത്തി ഹിന്ദുത്വ യജമാനൻമാരുടെ പ്രിയഭാജനമായ യുജിസി ചെയർമാൻ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഒരു ഉത്തരവുമിറക്കി.  ഭരണഘടനാദിനമായ നവംബർ 26 ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്’ എന്ന വിഷയം ആസ്പദമാക്കി ആഘോഷിക്കണമെന്നായിരുന്നു ജെഎൻയുവിന്റെ അടി മാന്താൻ ശ്രമിച്ച എം ജഗദീഷ് കുമാറിന്റെ തീട്ടൂരം.

ഐസിഎച്ച്ആറിന്റെ ഈ ഭാവനാസൃഷ്ടമായ കുറിപ്പ് തുടങ്ങുന്നത് ഇന്ത്യക്കാർ അനാദികാലം തൊട്ടേ ഈ ഭൂഗോളത്തിൽ ഉടനീളമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ്. അതുകൊണ്ട് ഭാരതമെന്ന ആശയത്തെ നാം മനസ്സിൽ താലോലിക്കണം! (അനാദിയായ ഒരു ഇന്ത്യൻ അസ്തിത്വമെന്ന അസംബന്ധം അവിടെ നിൽക്കട്ടെ. അതിപ്രാചീനകാലം തൊട്ട് ഇന്ത്യക്കാർ ചന്ദ്രനിലും ഉണ്ടായിരുന്നു എന്നുകൂടി പറയാമായിരുന്നു. കാരണം, 2015ൽ മുംബൈയിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ ഹിന്ദുത്വവാദിയായ വിരമിച്ച ഒരു വൈമാനിക പരിശീലകൻ അവതരിപ്പിച്ച ‘പ്രബന്ധ’ത്തിൽ 7000 കൊല്ലം മുമ്പ് ഭരദ്വജൻ എന്ന ഋഷി ഗോളാന്തരയാത്രകൾ നടത്താൻ സാധിക്കുന്ന സ്പേസ്ഷിപ് ഉണ്ടാക്കിയിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നു.)

കുറിപ്പ് തുടരുന്നു. വൈദികകാലം തൊട്ടുതന്നെ (അത് തുടങ്ങുന്നത് 1500 ബിസിയിൽ ഒന്നുമല്ല, 5000 ബിസിയിലാണ് !) ഇന്ത്യയിൽ രണ്ട് തരത്തിലുള്ള ഭരണവ്യവസ്ഥകളുണ്ടായിരുന്നു. ജനപദവും രാജ്യവും. ഗ്രാമതലത്തിലും കേന്ദ്രതലത്തിലും നിലനിന്ന ഭരണനിർവഹണ സംവിധാനത്തിന്റെ സവിശേഷതകൾ (1) കേന്ദ്ര ഭരണവ്യവസ്ഥയ്ക്ക് ഗ്രാമസമുദായങ്ങളുടെ ഭരണപദ്ധതിയുമായി ബന്ധം ഉണ്ടായിരുന്നില്ല. (2) തൽഫലമായി ഗ്രാമസമുദായങ്ങൾ സ്വയംഭരണ നിർവഹണം നടത്തുന്ന സ്വയംഭരണാധികാര ഏകകങ്ങളായി മാറി. (3) ഇങ്ങനെ കാപ്പ് പഞ്ചായത്ത് പോലുള്ള സ്വയംഭരണാധികാര ‘ജനാധിപത്യ സ്ഥാപനങ്ങൾ’ വികസിക്കുകയും ഇവ സാമ്രാജ്യങ്ങളുടെയോ രാജഭരണത്തിന്റെയോ മാറ്റങ്ങൾ ഏശാതെ നിലനിൽക്കുകയും ചെയ്തു. പ്രത്യേകിച്ച് മുസ്ലിം അധിനിവേശകരുടെ കാലത്ത്.

സ്വയംഭരണാധികാരമുള്ളതും സ്വയം പുലരുന്നതും  ബാഹ്യസ്വാധീനങ്ങൾക്ക് വഴങ്ങാത്തതുമായ ഇത്തരം പ്രാചീന (ആര്യ) ഗ്രാമങ്ങളെക്കുറിച്ചുള്ള ചിത്രം 19–-ാം നൂറ്റാണ്ടിലെ യൂറോപ്യൻ കൊളോണിയൽ വ്യവഹാരത്തിലാണ് ആദ്യമായി കടന്നുവരുന്നത്. മാക്സ് മുള്ളറും ചാൾസ് മെറ്റ്കാഫും മൗണ്ട്സ്റ്റ്യുവർട്ട് എൽഫിൻസ്റ്റണും ഹെൻറി മെയ്നുമൊക്കെയായിരുന്നു ഇത്തരം ഗ്രാമസമുദായങ്ങളുടെ ഉദ്ഘോഷകർ. ഐസിഎച്ച്ആറിലെ ‘ചരിത്രപടു’ക്കൾ റൊണാൾഡ് ഇൻഡൻ എഴുതിയ ‘ഇമാജിനിങ് ഇന്ത്യ’ (1990) എന്ന പ്രൗഢഗ്രന്ഥമോ ‘ഓറിയന്റലിസ്റ്റ് കൺസ്ട്രക്‌ഷൻസ് ഓഫ് ഇന്ത്യ’ (1986) എന്ന അദ്ദേഹത്തിന്റെ പ്രബന്ധമോ കണ്ടിട്ടുണ്ടാകാനിടയില്ല. ഇൻഡൻ എഴുതുന്നു: ‘ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ചുള്ള കാൽപ്പനിക പ്രസ്താവങ്ങൾ ഇന്ത്യയെക്കുറിച്ചുള്ള സാമ്രാജ്യത്വ നിർമിതിയുടെ അടിസ്ഥാനസ്തംഭങ്ങളിൽ ഒന്നാണ്. കൊളോണിയൽവിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ ശൂന്യമായ പങ്കുവഹിച്ച ഹിന്ദുത്വശൂരൻമാർ പൗരസ്ത്യവാദികൾ കെട്ടിച്ചമച്ച പവിത്രവും പ്രാക്തനവുമായ ഭൂതകാല ആര്യഗ്രാമങ്ങളിൽ അഭയം തേടുകയാണ്.’

തെളിവുകളെല്ലാം കൂരമ്പുപോലെ എതിരായിട്ടും ഹിന്ദുത്വം ഈ അബദ്ധ കൊളോണിയൽ പഞ്ചാംഗത്തിൽ തലപൂഴ്ത്തി ഇരിക്കുകയാണ്. ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള ജയിംസ് മില്ലിന്റെ കാലക്രമ വിഭജനം–-ഹിന്ദു ഇന്ത്യ, മുസ്ലിം ഇന്ത്യ, ബ്രിട്ടീഷ് ഇന്ത്യ തന്നെയാണ് ഇവർക്ക് പ്രിയങ്കരം.

കൊളോണിയൽ ചരിത്രത്തെ പൊളിച്ചെഴുതുകയാണെന്ന് അവകാശപ്പെടുമ്പോൾത്തന്നെ കൊളോണിയൽ ചരിത്രദാസ്യം പേറുന്നവരാണ് ഹിന്ദുത്വ ഫാസിസ്റ്റുകൾ എന്നതിന് വേറെയും നിരവധി ഉദാഹരണങ്ങളുണ്ട്. ഭാഷാശാസ്ത്രപരമായും പുരാവിജ്ഞാനീയപരമായും പ്രാചീന ജനിതക വിജ്ഞാനീയപരമായും ശരശയ്യയിലായ, ആര്യഭാഷകൾ സംസാരിച്ചിരുന്ന ജനവിഭാഗമായ ആര്യന്മാർ തനത് ഇന്ത്യക്കാരായിരുന്നുവെന്ന വാദം ആദ്യം ഉയർത്തിയത് തിയോസഫിസ്റ്റുകളായ കേണൽ ഓൽക്കോട്ടും മാഡം ബ്ലാവത്സ്കിയുമാണ്. തെളിവുകളെല്ലാം കൂരമ്പുപോലെ എതിരായിട്ടും ഹിന്ദുത്വം ഈ അബദ്ധ കൊളോണിയൽ പഞ്ചാംഗത്തിൽ തലപൂഴ്ത്തി ഇരിക്കുകയാണ്. ഇന്ത്യാ ചരിത്രത്തെക്കുറിച്ചുള്ള ജയിംസ് മില്ലിന്റെ കാലക്രമ വിഭജനം–-ഹിന്ദു ഇന്ത്യ, മുസ്ലിം ഇന്ത്യ, ബ്രിട്ടീഷ് ഇന്ത്യ തന്നെയാണ് ഇവർക്ക് പ്രിയങ്കരം. വൈദിക സംസ്കാരത്തിൽനിന്ന് സകല മാനങ്ങളിലും വിഭിന്നവും വ്യതിരിക്തവുമായ സിന്ധു നാഗരികതയെ കൈയടക്കാൻ ‘സിന്ധു സരസ്വതി നാഗരികത’ എന്ന് പുനർ നാമകരണവും ചെയ്തിരിക്കുന്നു !

ശതാബ്‌ദങ്ങളായി അവാച്യമായ പീഡനവും അടിച്ചമർത്തലും നേരിട്ട ദളിതരെയും മറ്റ് പിന്നാക്ക പ്രാന്തസ്ഥ വിഭാഗങ്ങളെയും കൊഞ്ഞനംകുത്തുന്ന ഭാഗവും ഐസിഎച്ച്ആറിന്റെ കുറിപ്പിലുണ്ട്. ഇന്ത്യൻ സമൂഹം സാമാന്യേന സമത്വാധിഷ്ഠിതമായിരുന്നു എന്നു പറയുന്ന കാര്യമാണത്. ജൻമം കൊണ്ടുള്ള പ്രതാപവും വിശേഷാധികാരവും ഇവിടെ ആർക്കുമില്ലായിരുന്നു ! സമ്പത്തിന്റെ സ്വാധീനമോ അധികാരത്തിന്റെ സാമിപ്യമോ കാരണം ആരും ഇവിടെ വിശേഷാവകാശമുള്ളവരായിരുന്നില്ല ! അതുകൊണ്ട് ഇവിടെയൊരിക്കലും സാമൂഹ്യവ്യവസ്ഥിതി ഏകാധിപത്യ സ്വഭാവമുള്ളതോ ആഭിജാത്യപ്രകൃതമുള്ളതോ ആയിരുന്നില്ല ! വർണാശ്രമധർമവും ജാതിയിലധിഷ്ഠിതമായ ശ്രേണീഘടനയും വൈദികകാലം തൊട്ടുള്ള ജനാധിപത്യസ്ഥാപനങ്ങളും തമ്മിൽ അസാധാരണമായ സഹവർത്തിത്വം നിലനിന്നിരുന്നുവെന്ന് ഈ കുറിപ്പ് വായിക്കുന്നവർ ധരിച്ചുകൊള്ളണം.

ഈ വർഷം പ്രഖ്യാപിച്ച ഐസിഎച്ച്ആറിന്റെ പ്രോജക്ടുകൾ ഇവയാണ്. ഐഎസ്‌ആർഒയുമായി സഹകരിച്ച് തുടങ്ങുന്ന ‘ഇന്ത്യ ആസ് വിശ്വഗുരു ഇൻ സയൻസ് ആൻഡ് ടെക്നോളജി’, ‘കോംപ്രിഹെൻസീവ് ഹിസ്റ്ററി ഓഫ് ഭാരത്’, ‘റീറൈറ്റിങ് ഇന്ത്യൻ ഹിസ്റ്ററി യൂസിങ് വെർണാക്യുലർ സോഴ്സസ്.’ ഇർഫാൻ ഹബീബ് ഏതാനും വർഷം മുമ്പ് പറഞ്ഞതുപോലെ ചരിത്രത്തിന്റെ കാവിവൽക്കരണമല്ല, ചരിത്രത്തെ ശുദ്ധഭോഷ്കായ കൽപ്പിതകഥയാക്കുകയാണ് ഐസിഎച്ച്ആർ ഇപ്പോൾ ചെയ്യുന്നത്.

(എറണാകുളം മഹാരാജാസ് കോളേജിൽ ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top