28 March Thursday

മനുഷ്യാവകാശം ജന്മാവകാശം - ഡോ. ടി ഗീനാകുമാരി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 10, 2021

1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തെ പിൻപറ്റിയാണ് ഡിസംബർ 10ന് ലോക മനുഷ്യാവകാശ ദിനം ആചരിച്ചുവരുന്നത്. അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾ കവർന്നെടുക്കുന്ന കാലത്താണ് 2021ലെ മനുഷ്യാവകാശദിനം കടന്നുവരുന്നത്. വംശീയത, വർഗീയത, തീവ്രദേശീയത, അസമത്വം, പൗരത്വനിഷേധം  തുടങ്ങി കാലാവസ്ഥാ വ്യതിയാനവും മഹാമാരിയുമടക്കം എണ്ണമറ്റ പ്രശ്‌നങ്ങൾ മനുഷ്യാവകാശങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തുന്നു. അന്തർദേശീയ മനുഷ്യാവകാശ  പ്രഖ്യാപനത്തിലൂടെ ഐക്യരാഷ്ട്രസംഘടന വിളംബരംചെയ്ത മനുഷ്യാവകാശങ്ങളെല്ലാം ഇന്ത്യയടക്കമുള്ള അംഗരാഷ്ട്രങ്ങളിൽ ഇന്ന്‌  നിലവിലുണ്ടോയെന്ന്‌ പരിശോധിക്കാനുള്ള വേളയാണ്‌ ഇത്. പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട ലോകമെങ്ങുമുള്ള മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സമൂഹനീതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുമുള്ള  സന്ദർഭമായി  മനുഷ്യാവകാശദിന ചിന്തകൾ  മാറണം

ലോകാനുഭവത്തിന്റെ സമകാലിക ചരിത്രം വിലയിരുത്തിയാൽ കാണുന്നതും കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകൾ തന്നെ. സാമ്രാജ്യത്വ കോർപറേറ്റ് ശക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നിർമിക്കപ്പെട്ടിട്ടുള്ള പുതിയ ചില സൈദ്ധാന്തിക പരികൽപ്പനകളും ചരിത്രവ്യാഖ്യാനങ്ങളുംപോലെ മനുഷ്യാവകാശ വിളംബരവും 20–-ാം നൂറ്റാണ്ടിലെ ‘വെളുത്ത മിത്തു’കളിൽ (white mithologies ) ഒന്നായി മാറുന്നു. സാർവദേശീയവൽക്കരണം, ആധുനികവൽക്കരണം എന്നിവയ്‌ക്ക് പാശ്ചാത്യവൽക്കരണമെന്ന പരിമിതാർഥമേ പടിഞ്ഞാറൻ ചിന്തകളിൽ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടുതന്നെ മനുഷ്യാവകാശങ്ങൾ എന്നാൽ  പാശ്ചാത്യരുടെ താൽപ്പര്യങ്ങളെന്നനിലയിൽ മാത്രം വ്യാഖ്യാനിക്കുന്ന സ്ഥിതിയുമുണ്ട്‌. മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആറരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും കൊളോണിയലിസത്തിന്റെ 500 വർഷത്തിന്റെ ദുരിതങ്ങളെ അതിജീവിക്കാനായിട്ടില്ല. കൊളോണിയലിസം വളർന്നത് മനുഷ്യാവകാശ ധ്വംസനങ്ങളിലൂടെയാണ്.

എവിടെയൊക്കെ കോളനിയുണ്ടായിട്ടുണ്ടോ അവിടെയെല്ലാം കൊള്ള, കൊല, അടിമപ്പെടുത്തൽ, തനതു സംസ്കാരങ്ങളുടെ നശീകരണം, സ്വത്വഹത്യ തുടങ്ങിയ മനുഷ്യാവകാശധ്വംസനങ്ങളും പ്രകടമായിരുന്നു. ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അമേരിക്കൻ ഐക്യനാടുകൾ തുടങ്ങി അധിനിവേശ ചിത്രങ്ങളിലെല്ലാം ഇതു വ്യക്തമാണ്. ഇന്നത്തെ സാമ്രാജ്യത്വ അധിനിവേശങ്ങളിലെല്ലാം ഇതിന്റെ മാറിയ രൂപങ്ങളും കാണാം.

ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ചരിത്രത്തിൽ സാമ്രാജ്യത്വ ശക്തികളുടെ മനുഷ്യത്വരാഹിത്യത്തിന്റെ ക്രൂരചരിതങ്ങൾ ഏറെയുണ്ട്. മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ അധിനിവേശവും ആധിപത്യവും ചൂഷണവും മനുഷ്യാവകാശ നിഷേധത്തിലൂടെയല്ലാതെ സാധ്യമല്ല. ഇറാഖിലും താലിബാൻ അധിനിവേശ അഫ്‌ഗാനിസ്ഥാനിലുമെല്ലാം കണ്ടത്‌ അതിന്റെ സമീപകാല അനുഭവങ്ങളാണ്‌.

മുതലാളിത്തത്തിന്റെ ചരിത്രവഴിയിലെല്ലാം അധിനിവേശവും മനുഷ്യാവകാശനിഷേധവും കാണാം. അത് ആസൂത്രിതവും ഹീനവുമായ ഒരു സമഗ്ര ഹിംസവ്യവസ്ഥയായത് കൊളോണിയൽ കാലഘട്ടങ്ങളിലാണ്. രണ്ടാംലോക യുദ്ധത്തിനുശേഷം അപകോളനീകരണ പ്രക്രിയ ശക്തിപ്രാപിച്ചപ്പോൾ കൊളോണിയലിസം സ്വന്തം ചൂഷണോപാധികളെയും സ്ഥാപനങ്ങളെയും സാർവദേശീയവൽക്കരിച്ചു. ദേശീയ പ്രതിരോധങ്ങൾക്ക്‌ അതീതമായി സാർവദേശീയ രൂപങ്ങൾ മെനഞ്ഞ് അധികാരത്തിന്റെയും അധീനപ്പെടുത്തലിന്റയും കൊള്ളയടിക്കലിന്റെയും സാങ്കേതികവിദ്യകൾ വിപ്ലവവൽക്കരിച്ച് കാലത്തിനു ചേരുന്നതാക്കി മാറ്റി. മനുഷ്യാവകാശ ധ്വംസനത്തിന്റെ ദീർഘകാല ചരിത്രത്തെ മനുഷ്യാവകാശ പ്രഖ്യാപനംകൊണ്ട് മൂടിവച്ചു.

വർത്തമാനകാലത്തിലും സാമ്രാജ്യത്വം ഏറ്റവും നാടകീയമായ വൈപരീത്യം മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ പുലർത്തുന്നുവെന്നു മനസ്സിലാക്കാൻ അധികം ബൗദ്ധികവ്യായാമമൊന്നും ആവശ്യമില്ല. നവ കൊളോണിയൽ വികസനപാതകൾ, മാധ്യമങ്ങളിലൂടെ വ്യാജസമ്മതിയുടെ നിർമിതി, വിദ്യാഭ്യാസംവഴി ബൗദ്ധിക ഇടപെടൽ, തനതു സംസ്കാരങ്ങളുടെ മലിനീകരണം, പാരിസ്ഥിതികാവകാശങ്ങളുടെ ലംഘനം, ജനാധിപത്യമൂല്യങ്ങളെയും സ്ഥാപനങ്ങളെയും തകർക്കൽ, ലോക ബാങ്ക്, ഐഎംഎഫ് എന്നിവയിലൂടെയുള്ള  സാമ്പത്തികബന്ധനം, പരമ്പരാഗത ദേശീയ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഉന്മൂലനം,  ഉപഭോഗ സംസ്കാരത്തിന് വിധേയപ്പെടുത്തൽ, മനുഷ്യബന്ധങ്ങളുടെ വിശ്വാസ്യത നശിപ്പിക്കൽ അനുസരിക്കാത്ത രാജ്യങ്ങളെ ഉപരോധിക്കൽ, സൈനിക ഇടപെടൽ, ഒറ്റപ്പെടുത്തൽ തുടങ്ങി ഭീകരമായ മനുഷ്യാവകാശലംഘനങ്ങളാണ് നവകൊളോണിയലിസ്റ്റുകൾ വികസിപ്പിച്ചെടുക്കുന്നത്. മനുഷ്യാവകാശ വിളംബരത്തിന്റെ പ്രഘോഷകരായി നടിക്കുന്ന ലോക മുതലാളിത്തം മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അവരുടെ ചൂഷണ സാധൂകരണത്തിനുള്ള സംഹിതയായും സാമ്പത്തികതാൽപ്പര്യ സംരക്ഷണത്തിനുള്ള മറയായും മാറ്റുന്നു. ഈ ദുരന്തത്തിനെതിരെ ജാഗ്രത്താകുകയെന്ന  ഉത്തരവാദിത്വം ഏറ്റെടുക്കാൻ എല്ലാ മനുഷ്യാവകാശപ്രവർത്തകരും സംഘടനകളും തയ്യാറാകേണ്ടതുണ്ട്

ഐക്യരാഷ്ട്രസഭയുടെ ഈവർഷത്തെ  മനുഷ്യാവകാശദിന സന്ദേശം തുല്യത: അസമത്വങ്ങൾ കുറയ്ക്കുക, മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുക എന്നതാണ്. അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ  ആർട്ടിക്കിൾ ഒന്നിൽ പ്രഖ്യാപിക്കുന്ന ‘എല്ലാ മനുഷ്യരും സ്വതന്ത്രരും അന്തസ്സിലും അവകാശങ്ങളിലും തുല്യരാണ്' എന്നതിനെ സാർഥകമാക്കുക  തന്നെയാകാം ഇത്തരമൊരു സന്ദേശത്തിന്‌ ആധാരം. സമത്വത്തിന്റെയും വിവേചനമില്ലായ്മയുടെയും തത്വങ്ങളാണ് മനുഷ്യാവകാശങ്ങളുടെ കാതൽ. തുല്യതയും വിവേചനരഹിതവും സുസ്ഥിര വികസനത്തിന്റെ ഹൃദയഭാഗത്ത് നിലനിർത്തേണ്ടത് പ്രധാനമാണ്. അതോടൊപ്പം  സ്ത്രീകളും പെൺകുട്ടികളും  ഭിന്നലിംഗക്കാരും  പൗരത്വം നിഷേധിക്കപ്പെട്ടവരും പലായനം ചെയ്യപ്പെടാൻ നിർബന്ധിക്കപ്പെട്ടവരും ഉൾപ്പെടെ  സമൂഹത്തിലെ ഏറ്റവും ദുർബലരെ ബാധിച്ച വിവേചനങ്ങളെ അഭിസംബോധന ചെയ്യുന്നതും പരിഹാരങ്ങൾ കണ്ടെത്തുന്നതും  ഉൾപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ വ്യാപകമായ ദാരിദ്ര്യം, അസമത്വങ്ങൾ, ഘടനാപരമായ വിവേചനം തുടങ്ങിയ  മനുഷ്യാവകാശലംഘനങ്ങൾ  വർത്തമാനകാലത്തെ ഏറ്റവും വലിയ ആഗോള വെല്ലുവിളിയാണ്. അധികാരവും വിഭവങ്ങളും അവസരങ്ങളും ന്യായമായി പങ്കിടുകയും സുസ്ഥിരമായ മനുഷ്യാവകാശത്തിൽ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ സ്ഥാപനവും അത്യന്താപേക്ഷിതമാണ്.

ഇന്ത്യയിൽ  അടിസ്ഥാനപരമായി മനുഷ്യാവകാശം സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ബാധ്യതയാണ്.  എങ്ങനെയും ജീവിക്കലല്ല എല്ലാവിധ പൗരാവകാശങ്ങളോടുംകൂടി ജീവിക്കുകയാണ് വേണ്ടതെന്ന്,  ഭരണഘടനയിലെ  ജീവിക്കാനുള്ള  സ്വാതന്ത്ര്യമെന്ന 21–-ാം ഖണ്ഡിക വ്യാഖ്യാനിച്ചുള്ള നിരവധി വിധികളിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.  സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കുകയെന്നത് ഏതൊരു മനുഷ്യന്റെയും ജന്മാവകാശമാണ്. എതിരഭിപ്രായങ്ങളെ തല്ലിക്കെടുത്തുന്ന നരേന്ദ്ര മോദിയും മുഖംമൂടിയായി കപടദേശീയതയെ  ഉപയോഗിക്കുന്നതും ഇന്നത്തെ മനുഷ്യാവകാശ ചിന്തകളിൽ ഉൾപ്പെടുത്തി വിശകലനം ചെയ്യേണ്ടതുണ്ട്.  ഭരണഘടനാ മൂല്യങ്ങളിൽ ഒന്നായ സോഷ്യലിസമെന്നത് ആമുഖത്തിൽനിന്ന് ഒഴിവാക്കുന്നതിന്‌  ഭരണകക്ഷിയുടെ പ്രതിനിധിതന്നെ സ്വകാര്യ ബിൽ അവതരിപ്പിച്ച വാർത്തകളാണ് ഉയർന്നുകേൾക്കുന്നത്. സ്ഥിതി സമത്വമെന്നത് പ്രവൃത്തിയിൽനിന്ന് മാത്രമല്ല, വാക്കുകളിൽ പോലും ഉണ്ടാകരുതെന്ന്‌ ശഠിക്കുന്ന ബിജെപിക്കെന്ത്‌ മനുഷ്യാവകാശം? സമത്വമെന്ന മനുഷ്യാവകാശദിന സന്ദേശത്തെയെന്നല്ല, ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും ഭരണഘടനാമൂല്യങ്ങളും തട്ടിത്തെറിപ്പിക്കുന്ന ഏകാധിപത്യത്തിലേക്കുള്ള വഴിയിലൂടെ മുന്നേറുന്ന  ഹിംസാത്മക ഫാസിസ്റ്റുരാഷ്ട്രീയം പാതയാക്കിയ മോദി സർക്കാരിനെതിരെയുള്ള  പ്രതിഷേധമുയർത്താനുള്ള അവസരമായി ഇന്ത്യയിൽ മനുഷ്യാവകാശദിനം മാറണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top