08 December Friday

വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന്റെ ‘മോഡി മാർഗം’

രാജീവ് കൻവാർ /വിവ : രാജീവ് മഹാദേവൻUpdated: Thursday Sep 7, 2023

2014 ൽ നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ  ആർ എസ് എസ് - ബി ജെ പി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റതോടെ ദേശീയ തലത്തിൽ വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണം പൂർവ്വാധികം ഗൗരവപൂർവ്വം, വർദ്ധിതവീര്യത്തോടെ ആരംഭിച്ചു. 2019 ൽ ഭീമമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരാൻ ഈ ശക്തികൾക്ക് അവസരം ലഭിച്ചതോടെ, കാവിവൽക്കരണ യജ്‌ഞം അതിൻറെ പരമകാഷ്ഠയിലെത്തി. ഈ ഘട്ടത്തിലാണ് ദേശീയ വിദ്യാഭ്യാസ നയം  (National Education Policy-2020, NEP), രാജ്യത്തുടനീളം നടപ്പിലാക്കുന്നത്. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ അടച്ചുപൂട്ടലുകൾക്കിടയിൽ പാർലമെൻറ്റിനെത്തന്നെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഇതു ചെയ്തത്.

ഈ നയത്തിൻറെ അടിസ്ഥാന ഉദ്ദേശമെന്നത്, കേന്ദ്രീകൃതാധിപത്യം, കച്ചവടവൽക്കരണം, വർഗീയവൽക്കരണം എന്നിവയാണ്. ഇതിൽ ആദ്യ രണ്ടുനയങ്ങൾ രണ്ടാം യു പി എ  (United Progressive Alliance, UPA) സർക്കാരിൻറെ കാലത്തു തന്നെ നടപ്പിൽ വരുത്തിത്തുടങ്ങിയിരുന്നു എന്നതാണ് വസ്തുത. എന്നാൽ  ഇതുമായി ബന്ധപ്പെട്ട അഞ്ചു നിയമങ്ങളും പാസാക്കിയെടുക്കുന്നതിൽ പൂർണമായും വിജയിക്കാൻ, പാർലമെൻറ്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷമില്ലാതിരുന്ന മൻമോഹൻ സിംഗ് സർക്കാരിന് കഴിഞ്ഞില്ല. എന്നിരുന്നാലും, യൂ ജീ സി (University Grants Commision, UGC) മുഖേന രാജ്യമെമ്പാടും വിദ്യാഭ്യാസ പരിഷ്‌ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള യത്നങ്ങൾ അന്നു തന്നെ ആരംഭിച്ചിരുന്നു. ആദ്യ പരീക്ഷണമെന്ന നിലയിൽ ദൽഹി യൂണിവേഴ്സിറ്റിയെ (DU) ആണ് തെരഞ്ഞെടുത്തിരുന്നത്. സെമസ്റ്റർ സംവിധാനം, നാലു വർഷ ബിരുദ പദ്ധതി, Choice Based Credit System (CBCS), കേന്ദ്രീകൃത മൂല്യനിർണയം എന്നിവ രാജ്യമൊട്ടാകെ അവതരിപ്പിച്ചു. ദേശീയ സമ്മതി നിർണ്ണയാധികാര സമിതി  (National Assessment and Accreditation Council, NAAC), ഉന്നതകലാലയങ്ങള്‍ക്കും സർവ്വകലാശാലകള്‍ക്കും റാങ്കിടാനും ഗ്രേഡ്  ചെയ്യാനും ആരംഭിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പൊതുജന സംഘടനകളും മറ്റുമായി ഇതിനെതിരെ ശക്തമായി പ്രതിഷേധമുയർത്തുകയുണ്ടായി. കോൺഗ്രസ്സോഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പ്രക്ഷോഭങ്ങളെ  പിന്തുണയ്ക്കുകയും, തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളിൽ ഈ നയത്തോടുള്ള വിയോജനം സൂചിപ്പിക്കുകയും ചെയ്തിരുന്നു. മോഡി പ്രധാനമന്ത്രി ആയതിനു ശേഷം, ഡൽഹി യൂണിവേഴ്സിറ്റിയിലെ നാലു വർഷ ബിരുദം പിൻവലിച്ചുവെങ്കിലും, ആർ എസ് എസ് - ബി ജെ പി സഖ്യത്തിൻറെ തനി നിറം പതിയെ പുറത്തു വരാന്‍ തുടങ്ങി. ആദ്യം ഇആഇട, പിന്നീട് ചഋജ, ഇങ്ങനെ തുടക്കത്തിൽ  പിൻവലിക്കപ്പെട്ട പദ്ധതികൾ ഓരോന്നോയി രാജ്യമൊട്ടാകെ നടപ്പിൽ വരുത്താൻ തുടങ്ങി.

കേന്ദ്രീകൃതാധിപത്യം, കാവിവൽക്കരണത്തിൻറെ അടിത്തറ

ബിജെപിയെ മുന്നോട്ടു നയിക്കുന്ന ശക്തി ആർ എസ് എസ് ആണെന്ന കാര്യം ഇവിടെ പ്രത്യകം പ്രസ്താവിക്കേണ്ടതുണ്ട്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇതിൻറെ ഭാഗമായി അവർ വിദ്യാലയങ്ങളുടെ ഒരു ശൃഖല തന്നെ ആരംഭിച്ചിട്ടുണ്ട്. സരസ്വതി ശിശു മന്ദിർ അതിലൊന്നാണ്. ഇവരുടെ രാജ്യമൊട്ടാകെയുള്ള ശാഖകളിൽ വർഷങ്ങളായി ഹിന്ദുത്വ അവബോധം വിദ്യാഭ്യാസത്തിലൂടെ ഒളിച്ചു കടത്തപ്പെടുകയാണ്. കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചതിനു ശേഷം, ഇക്കഴിഞ്ഞ ദശകത്തിൽ, അത്തരത്തിലുള്ള അവബോധം വളരെ തീവ്രമായി പ്രചരിപ്പിക്കാൻ ആർ എസ് എസ്സിന് അവസരം കിട്ടി. ഇത് മനസ്സിൽക്കണ്ടുകൊണ്ടാണ് എല്ലാ സംസ്ഥാനങ്ങളിലും ദേശീയ വിദ്യാഭ്യാസം നയം നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കൈകടത്തൽ ആരംഭിച്ചത്.

മുൻപ് വിദ്യാഭ്യാസം, ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെട്ട വിഷയമായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് അത് മാറ്റി സമാവർത്തിപ്പട്ടികയിലാക്കി.  NEP 2020 നടപ്പിൽ വരുത്താനുള്ള നടപടികളോടെ സംസ്ഥാനങ്ങളുടെ അധികാരപരിധി തുലോം തുച്ഛമായിരിക്കുകയാണ്. NEP 2020, NCF 2023(National Curriculum Framework 2023) എന്നീ നയങ്ങളുടെ അടിസ്ഥാനത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിൻറെ ഘടന തന്നെ മാറിയിരിക്കുകയാണ്. നിലവിലിരുന്ന 5+3+2+2 എന്നതിനു പകരമായി 5+3+3+4 എന്ന നിലയിലേക്കു മാറിയിട്ടുണ്ട്. ഇതേ ഉദ്ദേശത്തോടു കൂടിത്തന്നെ ഇപ്പോൾ ഏകീകൃത NCF 2023 മുന്നോട്ടു വച്ചിട്ടുണ്ട്.

ഇന്ത്യക്കാർ ചരിത്രപരമായിത്തന്നെ വൈവിധ്യങ്ങളിലെ ഏകത്വം ആസ്വദിക്കുന്ന ജനതയാണ്. സ്വാതന്ത്ര്യ സമര സേനാനികൾ മുതൽ സ്വതന്ത്ര ഇന്ത്യയിലെ നിയമനിർമ്മാതാക്കൾ വരെ ഈ മന്ത്രത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്നവരാണ്. ഇന്ന് ഈ വൈവിധ്യത്തെ ഞെരിച്ചുകൊല്ലാനാണ് ഹിന്ദുത്വ രാഷ്‌ട്രീയത്തിൻറെ വക്താക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  NCF-2005 ലെ നിർദേശങ്ങൾ പ്രകാരം വിശാലമായ ചട്ടക്കൂടിൽ; പാഠ്യപദ്ധതി, സിലബസ്, പാഠപുസ്‌തകങ്ങൾ എന്നിവ ഓരോ സംസ്ഥാനത്തിനും അവയുടെ സവിശേഷതകൾക്കനുസൃതമായി തയ്യാറാക്കാമായിരുന്നു. ഇതിന് ഘടകവിരുദ്ധമായിട്ടാണ് 625 പേജുകൾ വരുന്ന NCF – 2023 നയരേഖയില്‍ പല കാര്യങ്ങളും വിശദീകരിച്ചിട്ടുള്ളത്.

ഈ പുതിയ പാഠ്യപദ്ധതിയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഒരു പുതിയ  സംയോജിത വിഷയം പഠിക്കണമെന്നൊരു വ്യവസ്ഥയുണ്ട്. ഭാരതീയമായ അറിവുകൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽപ്പെടുന്ന വിഷയങ്ങളാണ് ഇതിൽ തെരഞ്ഞെടുക്കാൻ കൊടുത്തിരിക്കുന്നത്. യൂ ജീ സി അടുത്തിടെ പുറത്തിറക്കിയ National Credit Framework ൽ അക്ഷരാര്‍ത്ഥത്തില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഭാരതീയ ജ്ഞാന വ്യവസ്ഥകൾ തന്നെയാണ്.  ഇതിനോടൊപ്പം, നാടോടിക്കഥകളും, കലകളും, കൈത്തൊഴിലുകളും, പ്രായോഗിക ശാസ്ത്ര വിഷയങ്ങളുമൊക്കെയാണ് ക്രെഡിറ്റ് നേടാൻ വേണ്ടിയുള്ള ഉപാധികളായി പാഠ്യപദ്ധതിയിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.

സൂക്ഷമമായി നിരീക്ഷിച്ചാല്‍ മനസിലാക്കാവുന്നത്, എല്ലാ പാഠപുസ്തകങ്ങളും പുതുതായി തയ്യാറാക്കപ്പെടുമെന്നു തന്നെയാണ്. NCERT അതിനുള്ള തയ്യാറെടുപ്പുകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. രാജ്യവ്യാപകമായി വിദ്യാലയങ്ങളിൽ കാവിവൽക്കരണം കടന്നു വരുന്ന വഴിയാണിത്. കഴിഞ്ഞ ഒരു വർഷമായി, കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിനു വേണ്ടി എന്ന പേരിൽ, വലിയ തോതിൽ പാഠഭാഗങ്ങൾ നീക്കം ചെയ്യുകയുണ്ടായി. മുഗളന്മാരുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ചരിത്ര പുസ്തകത്തിൽ നിന്നും, ഗാന്ധിവധവും ആർ എസ് എസ്സിൻറെ നിരോധനവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ പൊളിറ്റിക്കൽ സയൻസിൽ നിന്നും, ഗുജറാത്ത് വംശഹത്യയുടെ പരാമർശങ്ങൾ സോഷ്യോളജി പുസ്തകത്തിൽ നിന്നും, ജനാധിപത്യത്തെക്കുറിച്ചുള്ള അധ്യായം പത്താം ക്ലാസ് സാമൂഹ്യപാഠത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഡാർവിൻറെ പരിണാമവും, നക്സലൈറ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കിയവയുടെ കൂട്ടത്തിൽ പെടും. ഇവയോരോന്നും സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു പ്രത്യേക ക്രമം തെളിഞ്ഞു കിട്ടും. യുക്തിഭദ്രവും, ബൗദ്ധികവും, ശാസ്ത്രീയവുമായ ചിന്താ പ്രക്രിയയെ അട്ടിമറിക്കുക. പകരം സ്വാതത്ര്യം-സമത്വം- സാഹോദര്യം, പിന്നെ പരമ്പരാഗതമായ ഇന്ത്യൻ ഫ്യുഡൽ മൂല്യങ്ങൾ ഇവയെല്ലാം കുത്തിനിറച്ച് കാവിവൽക്കരണത്തിന് കളമൊരുക്കുക.

ഉന്നത വിദ്യാഭ്യാസത്തിന്മേലുള്ള കടന്നാക്രമണം

2014 ൽ മോഡി സർക്കാർ, രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ആർ എസ് എസ് കേഡർമാരെ നിയമിച്ചു. UGC, NAAC, ICHR, NCERT തുടങ്ങി എല്ലായിടത്തും ആർ എസ് എസ്സുകാർ നിയമിതരായതോടെ, ഈ സ്ഥാപനങ്ങൾ വഴിയുള്ള NEP 2020 ൻറെ നിർവഹണം ത്വരിതഗതിയിലായി.

യൂ ജീ സി യുടെ നിലവിലുണ്ടായിരുന്ന 3+2 രീതി അട്ടിമറിച്ച് 4+1 നിലവിൽ വന്നു. അതിൽത്തന്നെ, കാതലായ പാഠ്യഭാഗങ്ങൾ ചുരുക്കപ്പെടുകയും, നൈപുണി വികസനം, മൂല്യ ബോധനം തുടങ്ങിയവ ആ സ്ഥാനം കയ്യടക്കുകയും ചെയ്തു. ആർ എസ് എസ് പ്രചാരകന്മാർ കാര്യങ്ങൾ തീരുമാനിക്കുന്ന ഈ അവസ്ഥയെ, കാവിവൽക്കരണം എന്നല്ലാതെ എന്താണ് വിളിക്കുക. എല്ലാ സിലബസും തയ്യാറാക്കുന്നത് യുജിസി ആണ്. 20-30 ശതമാനം മാറ്റങ്ങൾ മാത്രമാണ് അനുവദനീയമായിട്ടുള്ളത്. കേന്ദ്ര സർവ്വകലാശാലകളിൽ മാത്രമല്ല, സംസ്ഥാന നിയന്ത്രണത്തിലുള്ള സർവ്വകലാശാലകളിലും ഇത് അടിയന്തിരമായി നടപ്പിലാക്കേണ്ടി വരും. ആരാണ് ഈ സിലബസൊക്കെ തയ്യാറാക്കുന്നതെന്ന് പുറത്തറിയില്ല, പക്ഷെ എല്ലാം ആർ എസ് എസ്സിലൂടെയാണ് കടന്നു വരുന്നതെന്ന കാര്യം സ്പഷ്ടമാണ്.

സ്‌കൂൾ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെ ഇല്ലായ്മ ചെയ്ത ശേഷം, കോച്ചിങ്ങിനെ ആശ്രയിച്ചു നിൽക്കുന്ന ഒരു സമവാക്യമാണ് NEP മുന്നോട്ടു വയ്ക്കുന്നത്. ബി എ യോ, എം എ യോ, NET പരീക്ഷയോ ആകട്ടെ, എല്ലാം തീരുമാനിക്കുന്നത് കേന്ദ്ര മൂല്യ നിർണ്ണയ സംവിധാനമാണ്. വിശകലനം ചെയ്തു വിശദീകരിച്ചുള്ള ഉത്തരങ്ങൾക്കു പകരമായി, നൽകപ്പെട്ട പല ഉത്തരങ്ങളിൽ നിന്നും ഒന്നു തെരഞ്ഞെടുക്കുന്ന (Multiple Choice Questions) തരത്തിലായിരിക്കും ഇത്തരം പരീക്ഷകളുടെ ക്രമീകരണം. ആർ എസ് എസ് ചുമതലപ്പെടുത്തിയവർ ധാരാളമായി ഇത്തരം സ്ഥാപനങ്ങളിൽ ഉണ്ടാകുമെന്നതിനാൽ ഹിന്ദുത്വ രാഷ്ട്രീയം കൃത്യമായി തെളിഞ്ഞു നിൽക്കുന്ന ചോദ്യങ്ങളായിരിക്കും കുട്ടികളുടെ മുന്നിലെത്തുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുമ്പോൾ അവർക്ക് ഇത്തരം ചോദ്യങ്ങൾ മുന്നിൽക്കാണേണ്ടി വരും, അതിനനുസരിച്ച് പഠിക്കേണ്ടി വരും, സ്വാഭാവികമായും അവരുടെ ചിന്തയും അതിനനുസരിച്ച് രൂപപ്പെടും

ഇന്ന്, JNU(Jawaharlal Nehru University)  ആകട്ടെ, DU (Delhi University) ആകട്ടെ അല്ലെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലുമുള്ള കേന്ദ്ര സർവകലാശാലകളാകട്ടെ, ആർ എസ് എസ്സിൻറെ വിശ്വസ്തർ ആദ്യം വൈസ് ചാൻസലർമാർ ആയി നിയമിതരാകുന്നു. പിന്നീട് ആർ എസ് എസ് സഘടനാ സംവിധാനം വഴി തന്നെ അധ്യാപകരെയും നിയമിക്കുന്നു. ബി ജെ പി ഇതര സർക്കാരുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ, ഗവർണർമാർ വഴി നിരന്തരമായി ആർ എസ് എസ് - ബി ജെ പി സഖ്യം വൈസ് ചാൻസലർ നിയമനത്തിലും തുടർന്ന് അദ്ധ്യാപക നിയമനങ്ങളിലും ഇടപെടുന്നു.

മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുണ്ടായ മറ്റൊരു പ്രവണത ഇതാണ്. ആർ എസ് എസ് പ്രചാരകന്മാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്ന അതിഥികളായി പങ്കെടുപ്പിക്കുന്നു. അമൃത് മഹോത്സവ് എന്ന പേരിലും, G-20 യുടെ പേരിലുമൊക്കെ പരിപാടികൾ സംഘടിപ്പിച്ച് ഹിന്ദുത്വ രാഷ്ട്രീയം കടത്തിവിട്ടുകൊണ്ടിരിക്കുകയാണ്. മൻ കി ബാത്ത് ആകട്ടെ, ഇത്തരത്തിലുള്ള മറ്റു പരിപാടികളാവട്ടെ, എല്ലാം ക്രമീകരിച്ചിരിക്കുന്നത് പൂർണമായും കാവി മേലങ്കിയുടുപ്പിച്ചുകൊണ്ടാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സരസ്വതി പൂജ ഇപ്പോൾ സർവ്വസാധാരണമായിക്കഴിഞ്ഞിട്ടുണ്ട്.

ചരിത്രത്തിന്മേലുള്ള ആക്രമണം

2014 ൽ മോഡി സർക്കാർ അധികാരമേറ്റെടുത്തയുടൻ, ചരിത്രത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിൻറെ വീക്ഷണകോണിലൂടെ മാറ്റിയെഴുതാൻ ആർ എസ് എസ് സംഘടനകൾ നിർബന്ധബുദ്ധി കാട്ടി. അതിലൊരു സംഘടനായ അഖിലേന്ത്യാ ചരിത്ര ശേഖരണ പദ്ധതി (All India History Collection Scheme, ABISY) യുടെ ഉദ്ദേശം, ഭാരതീയ കാഴ്ചപ്പാടിലൂടെ ചരിത്രത്തെ പുനരാഖ്യാനം ചെയ്യുക എന്നതായിരുന്നു. 2024 ൽ പൂർത്തിയാകുന്ന തരത്തിൽ, ഹിന്ദുത്വ കാഴ്ചപാടിലുള്ള, നാലു വാല്യങ്ങളുള്ള ഇന്ത്യാ ചരിത്രം തയ്യാറാക്കുക എന്ന ലക്ഷ്യത്തിലേക്ക് അവർ അടുത്തുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലുള്ള പലരും ഇന്ത്യൻ ചരിത്ര ഗവേഷണ സമിതിയിലും നിയമിതരായി. ആർ എസ് എസ് അവരുടെ സങ്കൽപ്പത്തിലും വിശ്വാസത്തിലുമുള്ള, ആര്യൻ സരസ്വതി നദീതട സംസ്ക്കാരം, മധ്യകാല ചരിത്രം, സ്വാതന്ത്ര്യ സമര ചരിത്രം മുതലായവ  അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ സങ്കൽപ്പങ്ങൾ ഭരണകൂടത്തിൻറെ ആശീർവാദത്തോടെ അംഗീകരിക്കപ്പെട്ട്, അതുവഴി സ്‌കൂൾ - കോളേജ് സിലബസുകളിൽ കടത്തിയെടുക്കുക എന്നതാണ് ഇവരുടെ പദ്ധതി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, കോടിക്കണക്കിനു രൂപയാണ് ഈ പദ്ധതികൾക്കായി ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. പല സർവകലാശാലകളിലും നിയമനങ്ങളിലും, ഗവേഷണപ്രവർത്തനങ്ങളിലും വിഷയ വിദഗ്ദ്ധരെന്ന നിലയിൽ കടന്നു വരുന്നത് മേൽപ്പറഞ്ഞ “ചരിത്രകാര”ന്മാരാണ്.

അലഹബാദ്, ഗോരഖ്‌പൂർ സർവ്വകലാശാലകൾ ഉൾപ്പടെ പല കേന്ദ്ര സർവകലാശാലകളിലും ജ്യോതിഷം, വാസ്തു, ആചാരങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക വിഭാഗങ്ങൾ തന്നെ ആരംഭിച്ചിട്ടുണ്ട്. മൂല്യ ബോധനം എന്ന പേരിൽ അന്ധവിശ്വാസമാണ് സർവ്വകലാശാലകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉതകുന്നവയാണ് എന്നു ഘോഷിച്ചാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത് എന്നതാണ് വലിയ തമാശ.

വിദ്യഭ്യാസത്തെ കാവിവൽക്കരിച്ചു കൊണ്ടു കഴിഞ്ഞ ഒരു ദശകമായി ഇവർ  നടത്തിക്കൊണ്ടിരിക്കുന്ന വിക്രിയകൾ വരുത്തിയ വിനാശം സങ്കല്പിക്കാവുന്നതിനുമപ്പുറമാണ്. ആർ എസ് എസ് - ബി ജെ പി സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കുന്നതിലൂടെ മാത്രം ഇത് പഴയ പടിയാക്കാനാവില്ല. കോൺഗ്രസ് ആകട്ടെ, ആം ആദ്മി പാർട്ടിയാകട്ടെ, ഭൂരിപക്ഷ പ്രീണനവും, പൊതു രാഷ്ട്രീയ മണ്ഡലത്തിൽ പിന്തുടരുന്ന മതപരമായ പ്രകടനങ്ങളും സർവസാധാരണമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വർഗീയതയ്‌ക്കെതിരേയുള്ള നിരന്തരവും, ബോധപൂർവുമായ ഇടപെടൽ അനിവാര്യമാണ്. പൊതുജനങ്ങളിൽ യുക്തിബോധവും ശാസ്ത്രബോധവും വളർത്തിക്കൊണ്ടു മാത്രമേ ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാൻ സാധിക്കുകയുള്ളൂ.

(പീപ്പിൾസ് ഡെമോക്രസിയിൽ 2023 സെപ്തംബർ 3 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻറെ സ്വതന്ത്ര പരിഭാഷ.)

    
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top