24 September Sunday

ആസ്‌ത്രേലിയയിൽ മോഡി ‘ബോസ്‌’ ആയതിനുപിന്നിൽ

നിഭാഷ്‌ ശ്രീധരൻUpdated: Thursday May 25, 2023

നരേന്ദ്ര മോഡിയും ആന്റണി അൽബനീസും

നിഭാഷ്‌ ശ്രീധരൻ

നിഭാഷ്‌ ശ്രീധരൻ

ജപ്പാൻ,‌ പാപ്പുവ ന്യൂ ഗിനിയ, ആസ്‌ത്രേലിയഎന്നിവിടങ്ങളിലായി   ത്രിരാഷ്‌ട്ര   സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ്‌ച്ച  ഇന്ത്യയിൽ തിരികെയെത്തി.സന്ദർശന വേളയിൽ ആസ്‌ത്രേലിയയിൽ മോഡിക്ക്‌ ലഭിച്ച വരവേൽപ്പ്‌ മോഡി അനുകൂല മാധ്യമങ്ങളിൽ ആവേശച്ചർച്ചയ്‌ക്ക്‌ വിഭവമായി. ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസി  മോഡിയെ ‘ബോസ്‌’ എന്ന്‌ വിശേഷിപ്പിച്ചത്‌ ‘മഹാസംഭവ’മായും വാഴ്‌ത്തപ്പെട്ടു.

പതിവിൽ നിന്ന്‌ വ്യത്യസ്‌തമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക്‌ വമ്പൻ സ്വീകരണം ഒരുക്കാൻ ആസ്‌ത്രേലിയയെ പ്രേരിപ്പിച്ചതെന്തെല്ലാം?...

മെൽബണിൽ നിന്ന്‌
നിഭാഷ്‌ ശ്രീധരൻ എഴുതുന്നു.

ആസ്‌ത്രേലിയയിൽ ആകെ ആറ് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്. ന്യൂ സൗത്ത് വെയിൽസ്‌, ക്യൂൻസ്ലാൻഡ്, വെസ്റ്റേൺ ആസ്‌ത്രേലിയ, സൗത്ത് ആസ്‌ത്രേലിയ, വിക്ടോറിയ, ടാസ്മാനിയ എന്നിങ്ങനെ സംസ്ഥാനങ്ങളും ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററി, നോർത്തേൺ ടെറിറ്ററി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും. ഇതിൽ ഏറ്റവും ചെറിയ സ്റ്റേറ്റ് ആണ് ടാസ്മാനിയ. ഒരു തനിദ്വീപായി നിലകൊള്ളുന്ന ടാസ്മാനിയ വലിപ്പത്തിലും സ്ഥാനത്തിലും ദൂരത്തിലും ഏകദേശം ഇന്ത്യക്ക് ശ്രീലങ്ക പോലെയാണ്.

മറ്റ് സ്റ്റേറ്റുകളിൽ നിന്നും ടാസ്മാനിയക്ക് വേറൊരു രാഷ്ട്രീയ പ്രത്യേകത കൂടിയുണ്ട്. ആസ്‌ത്രേലിയയിൽ നിലവിലെ പ്രതിപക്ഷമായ ലിബറൽ പാർടിക്ക് ഭരണമുള്ള ഏകസംസ്ഥാനം കൂടിയാണ് ടാസ്മാനിയ. ബാക്കി അഞ്ച്സംസ്ഥാനങ്ങളും രണ്ട് ടെറിറ്ററികളും ഭരിക്കുന്നത് ലേബർ പാർടിയാണ്. ലോകമാകമാനം മാറിമാറിവന്ന തീവ്രവലത്- ഇടതുപക്ഷ ഭരണമാറ്റങ്ങൾക്കൊപ്പം ആസ്‌ത്രേലിയയിലും ഇടതു തരംഗമടിക്കുകയായിരുന്നു എന്നും വിലയിരുത്താം.  

കഴിഞ്ഞ ഫെഡറൽ സർക്കാറിനെ നയിച്ച ലിബറൽ പ്രധാനമന്ത്രി സ്കോട്ട്മോറിസൺ ഒരു ജനപ്രിയനെന്ന പോൽ സോഷ്യൽ മീഡിയയിലും മറ്റും സജീവമായി ഉണ്ടായിരുന്നെങ്കിലും നയങ്ങളിൽ പലതും അതിവലതുപക്ഷം ചേർന്നുള്ളതായിരുന്നു. ലിബറൽ സർക്കാറുകൾ പൊതുവെ കൈക്കൊണ്ട് പോന്ന അമേരിക്കൻ അമിതവിധേയത്വ നയങ്ങൾ അതേ പോലെ പിന്തുടർന്ന മോറിസൺ സർക്കാർ കോവിഡ് കാലത്ത് യാതൊരു ആവശ്യവുമില്ലാതെ ചൈന-അമേരിക്ക തർക്കത്തിൽ പക്ഷം ചേരുകയും കോവിഡ് വിഷയത്തിൽ പരസ്യമായി ചൈനക്കെതിരെ കോൺസ്പിറസി സ്റ്റേറ്റുമെന്റുകൾ ഇറക്കുകയും അത് പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ- വാണിജ്യ- നയതന്ത്രബന്ധങ്ങളെ പാടേ ഉലക്കുകയും ചെയ്തിരുന്നു. തത്ഫലമായി ആസ്‌ത്രേലിയൻ മൈനിംഗ് ഉല്പന്നങ്ങളുമായി ചൈനയിലേക്ക് പോയ്ക്കൊണ്ടിരുന്ന കപ്പലുകൾക്ക് ആഴ്ചകളോളം ചരക്കിറക്കാൻ അനുമതി ലഭിക്കാതെ ചൈനീസ് ആഴക്കടലിൽ കാത്തുകിടക്കേണ്ടി വന്നു. അത് രാജ്യത്ത് ചെറുതല്ലാത്ത സാമ്പത്തികാഘാതം സൃഷ്ടിച്ചു. ആ സമയത്താണ് ലോകരാജ്യങ്ങൾ മുഴുവൻ ഒഴിവാക്കിക്കൊണ്ടിരുന്ന ഫോസിൽ ഫ്യുൽ ആസ്‌ത്രേലിയയിൽ നിന്ന് വാങ്ങാൻ ഇന്ത്യ തയ്യാറാവുന്നതും അത് മോദിയുടെ പ്രത്യേകനേട്ടമായി ഇന്ത്യൻ മാധ്യമങ്ങൾ വാഴ്ത്തിയതുമൊക്കെ. സത്യത്തിൽ, ചൈനയോടുള്ള സമീപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആസ്‌ത്രേലിയക്ക് കിട്ടിയ ഒരു പിടിവള്ളിയായിരുന്നു ആ കരാർ.

പിന്നീട് 2022ൽ നടന്ന ഫെഡറൽ  ഇലക്‌ഷനിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ പരാജയമേറ്റു വാങ്ങിയ സ്കോട്ട് മോറിസന്റെ പിൻഗാമിയായി ലേബർ പാർട്ടിനേതാവും സത്യസന്ധനും തൊഴിലാളികളോട് പ്രത്യേക കരുതലുള്ള നേതാവെന്നും പേരെടുത്ത ആന്റണി അൽബനീസി അധികാരത്തിലെത്തി. അൽബനീസിയുടെ ലേബർ സർക്കാർ അധികാരമേറ്റെടുത് അധികം വൈകാതെതന്നെ വിദേശകാര്യ മന്ത്രി പെന്നി വോംഗ് തന്റെ ആദ്യ ചൈനീസ് ഔദ്യോഗികസന്ദർശനം നടത്തിയത് ലോക മാധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. തണുത്തുറഞ്ഞു പോയ ബന്ധങ്ങളിൽ പകരുന്ന ചൂടായാണ് ചൈന ഈ സന്ദർശനത്തെ വിലയിരുത്തിയത്. പിന്നീട് ലേബർ പാർടിയിലെ ശക്തനായ നേതാവും വിക്ടോറിയ പ്രീമിയറുമായ ഡാനിയേൽ ആണ്ട്രൂസും ചൈന സന്ദർശിച്ചു. ഈ രണ്ട് കൂടിക്കാഴ്ചകളുടേയും പ്രത്യേകത എന്തെങ്കിലും തരത്തിലുള്ള പരസ്പരം പുകഴ്ത്തലുകളോ പരിധിക്കപ്പുറമുള്ള സന്ദർശന വിവരങ്ങളോ പുറത്തുവിടാൻ ഇരുരാജ്യങ്ങളും തയ്യാറായില്ല എന്നതാണ്. ഇത് ചൈനീസ് താല്പര്യത്തിന് വിധേയമായിട്ടുള്ള നീക്കമായിരുന്നു. ആസ്‌ത്രേലിയൻ മാധ്യമങ്ങളും പ്രതിപക്ഷവും ചെറിയതോതിൽ ഇതിലൊരു വിവാദസാധ്യതക്ക് ശ്രമിച്ചെങ്കിലും ഡാൻ ആണ്ട്രൂസ് പത്രക്കാരെ കണ്ട് വ്യക്തതയോടെ സംസാരിച്ചതോടെ അതുമവസാനിച്ചു. ഇപ്പോൾ പ്രധാനമന്ത്രി അൽബനീസിയും അധികം വൈകാതെ തന്നെ ചൈന സന്ദർശിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ഇതിന് സമാന്തരമായി തന്നെ ഇന്ത്യയുമായും നല്ല ബന്ധം തുടരുകയാണ് അൽബനീസി. ഇന്തോ-പസഫിക് മേഖലയിലെ ശക്തമായ ഒരു നയതന്ത്ര- വാണിജ്യ സഹകരണത്തിനായി രൂപീകരിച്ച QUAD രാജ്യ കൂട്ടായ്മയിൽ ഉള്ള ആസ്‌ത്രേലിയ, അമേരിക്ക, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ വിദൂരഭാവിയിൽ ഒരു സൈനിക സഹകരണ സഖ്യമായി മാറിയാലും അത്ഭുതപ്പെടേണ്ടതില്ല എന്ന് കരുതുന്നവരുമുണ്ട്. പക്ഷേ, തല്കാലം ഇന്ത്യ-ആസ്‌ത്രേലിയ പ്രധാനമന്ത്രിമാരുടെ രാജ്യസന്ദർശനങ്ങളും സംയുക്തപ്രസ്താവനകളുമൊക്കെ മേഖലയിലെ രാജ്യങ്ങളുമായി ആസ്‌ത്രേലിയ വാണിജ്യബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ട് മാത്രമാണ് കാണേണ്ടത്. പിണങ്ങിയ ചൈനയുമായി ദ്രുതഗതിയിൽ അടുക്കാൻ ശ്രമിക്കുന്നതും അതുകൊണ്ടു തന്നെ. മേഖലയിലെ ശക്തരായ ഇരു രാജ്യങ്ങളുമായും നല്ല ബന്ധമാണെന്ന് കാണിക്കുന്നത് ഈ രാജ്യങ്ങളുമായുള്ള  വിലപേശലിലും ഗുണം ചെയ്യും.

പെന്നി വോംഗ്‌   Photo: r 	Department of Foreign Affairs and Trade

പെന്നി വോംഗ്‌ Photo: r Department of Foreign Affairs and Trade

സുഗമമായ രാജ്യഭരണ നിർവഹണത്തിനും സാമ്പത്തിക സുസ്ഥിരതക്കും സംഘർഷരഹിതമായ അയൽരാജ്യബന്ധങ്ങൾ അത്യാവശ്യമാണെന്നത് സാമാന്യയുക്തിയാണ്. അവിടെ ഓരോ അയൽക്കാരനും അനുയോജ്യമായ നയസമീപനങ്ങളും പുലർത്തേണ്ടതുണ്ട്. അൽബനീസി, ചൈനീസ് ഭരണകൂട കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളിൽ പുലർത്തുന്ന രഹസ്യാത്മക മിതത്വത്തേയും അതേസമയം ഇന്ത്യൻ ഭരണനേതൃത്വത്തിന് സുഖിക്കുന്ന പ്രകടനപരതയുടെ ഭാഗമാകുന്നതിനെയും സാമാന്യ രാഷ്ട്രീയ തന്ത്രമായാണ് കാണേണ്ടത്.

ലോകപ്രശസ്ത സംഗീതജ്ഞനായ ബ്രൂസ് സ്പ്രിങ്‌സ്റ്റീൻ ഇവിടെ വന്നപ്പോൾ പോലും ഇത്രയും ആരാധകരെ കണ്ടില്ലെന്നു പറയുകയും നരേന്ദ്രമോദിയെ, ബ്രൂസിനെ അദ്ദേഹത്തിന്റെ ആരാധകർ വിളിക്കുന്ന 'ദി ബോസ്' ചേർത്ത്  ആലങ്കാരികമായി അൽബനീസി വിശേഷിപ്പിക്കുകയും ചെയ്യുമ്പോൾ (ഒരു ഇവന്റ് എംസിയെ പോലെ എന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ) ഇന്ത്യക്കാർക്കോ നമ്മുടെ പ്രധാനമന്ത്രിക്കോ അഭിമാനിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ല.

മാത്രമല്ല, ഇത്തരം ‘ബോസ്’ വിളികളെ ആഘോഷിക്കുന്നത് വെറും രാഷ്ട്രീയമണ്ടത്തരവും പരിഹാസ്യവുമാണ് എന്ന ജാഗ്രതയോടെയുള്ള തിരിച്ചറിവും കൂടി ഇന്നത്തെ ലോക രാഷ്ട്രീയത്തിൽ നിശ്ചയമായും വേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top