03 December Sunday

പ്രധാനമന്ത്രിയുടെ പൊള്ളയായ പ്രഖ്യാപനങ്ങളും നിലയ്‌ക്കാത്ത ബാങ്ക്‌ തട്ടിപ്പുകളും

എസ് എസ് അനിൽUpdated: Monday Aug 28, 2023

എസ് എസ് അനിൽ

എസ് എസ് അനിൽ

‘2023 ൽ റിസർവ്വ് ബാങ്ക് പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2020 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായി 30965 ഇടപാടുകളിലൂടെ 2,22,460 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൻ്റെ ഭരണകാലത്ത് തട്ടിപ്പുകൾ ഇല്ലാതാക്കി എന്നത് പ്രധാനമന്ത്രിയുടെ പെരുംനുണ എന്നല്ലാതെ എന്തു പറയാൻ’...ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ്‌ എസ്‌ എസ്‌ അനിൽ എഴുതുന്നു.

തൊഴിലില്ലായ്മ ഇല്ലാതാക്കാൻ എന്ന പേരിൽ പ്രധാനമന്ത്രി റോസ്‌ഗാർ യോജന രാജ്യമാകെ നടത്തിക്കൊണ്ടിരിക്കുകയാണ്. യോജന പരമ്പരയുടെ ഏഴാമത് 'എപ്പിസോഡ്' 2023 ജൂലായ് 22 ന് സംഘടിപ്പിക്കപ്പെട്ടു. സർക്കാർ സംവിധാനങ്ങളിലേക്കുള്ള നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നേരിട്ട് നൽകുന്ന ഒരു ഏർപ്പാടായാണ് ഈ യോജനകൾ അറിയപ്പെടുന്നത്.  പ്രതിവർഷം രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നതായിരുന്നു ഭരണത്തിലേറുന്നതിന് മുൻപുള്ള നരേന്ദ്ര മോദിയുടെ വാഗ്ദാനം. എന്നാൽ കേന്ദ്ര സർക്കാർ സർവ്വീസിൽ മാത്രം 9,60,000 തസ്തികകളാണ് നിയമനമില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള സൂത്രപ്പണികളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ നടന്നുവരുന്ന റോസ്ഗാർ മേളകൾ. ഓരോ യോജനക്കും മുന്നോടിയായി എല്ലാ ഇന്ത്യൻ ഭാഷകളിലും ഒരു പരസ്യവാചകം പ്രത്യക്ഷപ്പെടും. ''റോസ്‌ഗർ മേളക്ക് കീഴിൽ ഗവൺമെൻ്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ ............... നിയമന കത്തുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും.'' ഇതായിരിക്കും പരസ്യവാചകങ്ങൾ. സ്പോൺസർ ബാങ്കുകൾക്കും സംസ്ഥാന സർക്കാരുകൾക്കും ഓഹരി പങ്കാളിത്തമുള്ള ഗ്രാമീണ ബാങ്കുകളിലെ നിയമന ഉത്തരവുകൾ ഉൾപ്പടെ ഇപ്പോൾ ഇത്തരം മേളകളിലൂടെയാണ് വിതരണം ചെയ്യുന്നത്. എന്തിന്, സർവ്വീസിൽ ഇരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്കുള്ള നിയമന ഉത്തരവുകൾ പോലും പുതിയ നിയമനക്കണക്കിൽപ്പെടുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രി നേരിട്ട് 'ദാനം' ചെയ്യുകയാണ് എന്നത് റോസ്‌ഗാർ യോജനകളുടെ പൊള്ളത്തരത്തിൻ്റെ തെളിവുകളാണ്.

എഴുപതിനായിരം പേർക്ക് നിയമന ഉത്തരവ് വിതരണം ചെയ്ത ഏഴാം യോജനയിൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ചില പ്രസ്താവനകൾ നടത്തുകയുണ്ടായി. യു.പി.എ. സർക്കാർ തട്ടിപ്പുകൾ നടത്തി നശിപ്പിച്ചിരുന്ന ബാങ്കിംഗ് രംഗം തൻ്റെ സർക്കാർ പുനർ ജീവിപ്പിച്ചു എന്നും വൻകിടക്കാർ കേവലം ഫോൺ വിളികളിലൂടെ സംഘടിപ്പിച്ചിരുന്ന വായ്പകൾക്ക് അറുതി വരുത്തി എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ അവകാശവാദം. തട്ടിപ്പു നടത്തിയവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തതായും, ബാങ്കുകളിലുള്ള സാധാരണക്കാരൻ്റെ 99 ശതമാനം നിക്ഷേപത്തിനും തൻ്റെ സർക്കാർ സുരക്ഷിതത്വം നൽകിയതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. ചെറുകിടക്കാർക്ക് പ്രധാനമന്ത്രി സ്വാനിധി (Prime Minister Street Vendor's Atma Nirbhar Nidhi. PM SVANidhi) പദ്ധതി പ്രകാരം വായ്പ നൽകിയതിലൂടെ 1.5 കോടി തൊഴിൽ സംരക്ഷിക്കാനായതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. അതോടൊപ്പം ബാങ്ക് ജീവനക്കാരുടെ പ്രവർത്തനത്തെ പ്രകീർത്തിക്കാനും പ്രധാനമന്ത്രി മറന്നില്ല. മറ്റ് പല കാര്യങ്ങളിലുമെന്നപോലെ തികച്ചും വാസ്തവ വിരുദ്ധമായ പൊള്ളത്തരങ്ങൾ വിളിച്ച് പറയുകയായിരുന്നു പ്രധാനമന്ത്രി എന്നത് കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.

ബാങ്കിംഗ് രംഗത്തെ വൻകിട തട്ടിപ്പുകൾ


2016 ലാണ് വിജയ് മല്യ ഇന്ത്യ വിട്ടത്.  ബി.ജെ.പി. പ്രതിനിധിയായി കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു നാടു വിടുന്ന വേളയിൽ, വിജയ് മല്യ. നേരത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചും രാജ്യസഭാംഗമായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു വിജയ് മല്യ. 10000 കോടി രൂപയുടെ കിട്ടാക്കടം വരുത്തി വച്ചതിന് ശേഷമാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. ബ്രിട്ടനുമായി ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്ന മോദി സർക്കാർ മല്യയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനോ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിനോ തയ്യാറാകുന്നില്ല.

നീരവ് മോദി, അദ്ദേഹത്തിൻ്റെ ഭാര്യ ആമി മോദി, സഹോദരൻ നിശാൽ മോദി, അമ്മാവൻ മെഹുൽ ഛോക്സി എന്നിവർ ചേർന്ന് നടത്തിയിരുന്ന ഡയമണ്ട് ആർ യുഎസ്, സോളാർ എക്സ്പോർട്ട്സ്, സ്റ്റെല്ലാർ ഡയമണ്ട്സ് കമ്പനികൾ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ബ്രാഡി ഹൗസ്, ഫോർട്ട് മുംബൈ ശാഖയിൽ നിന്നും 11400 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. തട്ടിപ്പിൻ്റെ വാർത്ത വരുന്നതിന് തൊട്ട് മുൻപ്, 2018 ഫെബ്രുവരി മാസത്തിൽ നീരവ് മോദി കുടുംബസമേതം രാജ്യം വിട്ടു. ഇവരെ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ മറ്റ് നിയമ നടപടികൾ എടുക്കുന്നതിനോ ഇനിയും കേന്ദ്ര ഭരണാധികാരികൾ തയ്യാറായിട്ടില്ല. എന്നാൽ മോദി പരാമർശം നടത്തിയെന്ന പേരിൽ രാഹുൽ ഗാന്ധിയുടെ എം.പി.സ്ഥാനം തെറിപ്പിക്കുന്നതിന് ഏറെ വ്യഗ്രത കാണിക്കുകയും ചെയ്തു.

2023 ൽ റിസർവ്വ് ബാങ്ക് പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2020 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായി 30965 ഇടപാടുകളിലൂടെ 2,22,460 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൻ്റെ ഭരണകാലത്ത് തട്ടിപ്പുകൾ ഇല്ലാതാക്കി എന്നത് പ്രധാനമന്ത്രിയുടെ പെരുംനുണ എന്നല്ലാതെ എന്തു പറയാൻ.

പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത ചങ്ങാതിയാണല്ലൊ ഗൗതം അദാനി. ഗൗതം അദാനിയുടെ അടുത്ത സുഹൃത്ത് ജെതിൻ മേഹ്ത്തയുടെ സ്ഥാപനമാണ് വിൻസം ഡയമണ്ട്സ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് പ്രസ്തുത കമ്പനി എടുത്ത 7000 കോടി രൂപ കിട്ടാക്കാമായി നിൽക്കുകയാണ്. ജെതിൻ മേഹ്ത്ത കുടുംബാംഗങ്ങളുമൊത്ത് 2014ൽ രാജ്യത്ത് നിന്നും കടന്നു. ഇപ്പോൾ ഈ കുടുംബം വിദേശത്ത് ആഡംബര ജീവിതം ആസ്വദിക്കുകയാണ്.

2019 ലാണ് ഋഷി കമലേഷ് അഗർവാളിൻ്റെ എ.ബി.ജി.ഷിപ്പ് യാർഡ്  22842 കോടി രൂപ വിവിധ ബാങ്കുകളെ പറ്റിച്ചതായി കണ്ടെത്തിയത്. 2017 ൽ കനീഷ് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് 824 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെർലിംഗ് ബയോടെക് ലിമിറ്റഡ് ആന്ധ്ര ബാങ്ക് ഉൾപ്പടെയുള്ള പൊതുമേഖലാ ബാങ്കുകളിൽ നിന്നും 8100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് 2017 ലാണ്.  ആർ.പി. ഇൻഫോസിസ്റ്റത്തിൻ്റെ 516 കോടിയുടെ തട്ടിപ്പ് 2018 ലാണ് നടന്നത്. എയർ സെൽ കമ്പനി 2018 ൽ ഐ.ഡി.ബി.ഐ. ബാങ്കിൽ നടത്തിയ തടിപ്പ് 600 കോടി രൂപയുടേതാണ്. കമ്പനിയുടെ ഉടമസ്ഥൻ സി.ശിവശങ്കരൻ മറ്റ് പല കുത്തക മുതലാളിമാരെപ്പോലെ വിദേശത്ത് സുഖമായി ജീവിക്കുന്നു. റോട്ട്മെക് പെൻ കമ്പനിയുടെ വിക്രം കോത്താരി 2919 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇതിൽ വിക്രം കോത്താരിയെ മാത്രമാണ് 2018 ൽ അറസ്റ്റ് ചെയ്തത്. ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് ഉടൻ ജാമ്യം അനുവദിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം മരണപ്പെട്ടു.

ഐസിഐസിഐ. യുടെ മുൻ ചെയർ പേ‌ഴ്സ‌ണും രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത വ്യക്തിയുമാണ് ചന്ദാ കൊച്ചാർ. ഐസിഐസിഐ. ബാങ്കിൽ നടന്ന 3250 കോടി രൂപയുടെ വീഡിയോകോൺ തട്ടിപ്പ് പുറത്ത് അറിയുന്നത് വരെ കേന്ദ്ര സർക്കാരിൽ ചന്ദാ കൊച്ചാറിനുണ്ടായിരുന്ന സ്വാധീനം വളരെ വലുതായിരുന്നു. തട്ടിപ്പ് പുറത്ത് അറിയുന്നത് വരെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ വിദേശയാത്രാവേളകളിലും സ്ഥിരം സാന്നിധ്യമായിരുന്നു, ഇപ്പോൾ ജയിലിലും ബെയിലിലുമായി കഴിയുന്ന ശ്രീമതി കൊച്ചാർ.

2023 ൽ റിസർവ്വ് ബാങ്ക് പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2020 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായി 30965 ഇടപാടുകളിലൂടെ 2,22,460 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൻ്റെ ഭരണകാലത്ത് തട്ടിപ്പുകൾ ഇല്ലാതാക്കി എന്നത് പ്രധാനമന്ത്രിയുടെ പെരുംനുണ എന്നല്ലാതെ എന്തു പറയാൻ.

പ്രധാനമന്ത്രിയുടെ ഫോൺ വിളി ബാങ്കിംഗ് പ്രഖ്യാപനം.

ടെലിഫോൺ വിളിയിലൂടെ വൻകിട വായ്പകൾ നൽകിയിരുന്നത് നിറുത്തലാക്കി എന്നായിരുന്നല്ലൊ പ്രധാനമന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. ബാങ്കിംഗ് മേഖലയിൽ മേൽ വിവരിച്ച തട്ടിപ്പുകൾ നടത്തിയ വൻകിട കുത്തകകൾക്ക് ബാങ്കുകളിലൂടെ വായ്പ നൽകിയിരുന്നത് എങ്ങനെ എന്നത് ശരിയായി പരിശോധിച്ചാൽ ഈ പ്രഖ്യാപനത്തിൻ്റെ പൊള്ളത്തരവും ബോധ്യമാകും. മേൽപ്പറഞ്ഞ വായ്പകൾ ഒന്നും തന്നെ ഒരു ശാഖാ മാനേജർക്കോ ഓഫീസർമാർക്കോ നേരിട്ട് നൽകുന്നതിന് അനുവാദമില്ല. എല്ലാം ബാങ്കുകളിലെ ഉന്നത അധികാരികളും കുത്തക മുതലാളിമാരും നേരിട്ടുള്ള ചർച്ചകളിലൂടെ തീരുമാനിക്കപ്പെടുന്നതാണ്. വായ്പയുടെ സംഖ്യയും പലിശയും എല്ലാം ചർച്ചകളിലൂടെ ഉറപ്പിക്കും. രാജ്യത്തെ 599 കുത്തകകൾക്ക് 100 കോടി രൂപക്ക് മുകളിൽ നൽകിയ വായ്പയുടെ പലിശ കേവലം 5 ശതമാനത്തിൽ താഴെയാണ്. 12 ശതമാനം വരെയാണ് വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് എന്നത് മറക്കരുത്.  എം.എസ്.എം.ഇ. (Micro Small and Medium Enterprises MSME) വായ്പകളിൽ 30 ശതമാനവും, ഇപ്പോൾ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളിലൂടെയാണ് (NBFC) ബാങ്കുകൾ വിതരണം നടത്തുന്നത്. ഈ വായ്പകൾക്ക് 10 മുതൽ 11 ശതമാനം വരെ പലിശ ബാങ്കുകൾ ഈടാക്കുമ്പോൾ എൻ.ബി.എഫ്.സി.കൾ ഇടപാടുകാരിൽ നിന്നും 36 ശതമാനം വരെ പലിശയാണ് ചുമത്താറുള്ളത്.

വൻകിട കുത്തകകൾക്ക് വായ്പ നൽകുന്നതിനായി ഫോൺ വിളികൾ ഒഴിവാക്കി എന്ന പ്രഖ്യാപനം യഥാർത്ഥത്തിൽ പ്രധാനമന്ത്രിയുടെ വളരെ വലിയ മറ്റൊരു നുണ എന്നതാണ് വാസ്തവം. 2014 ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനവും  എസ്.ബി.ഐ. ചെയർപേഴ്സൺ അരുൺധതി ഭട്ടാചാര്യയെ വിളിച്ച് വരുത്തിയതും തുടർന്ന് അവിടത്തെ കൽക്കരി ഖനി ഇടപാടുമായി ബന്ധപ്പെട്ട എസ്. ബി.ഐ. ഗൗതം അദാനി കരാറും ഇതോട് ചേർത്ത് വായിച്ചാൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളിലെ കള്ളത്തരം ബോധ്യപ്പെടും.

2017 ൽ മോദി സർക്കാർ നടപ്പിലാക്കിയ മറ്റൊരു പദ്ധതിയായിരുന്നു 59 മിനുട്ട് വായ്പാ പദ്ധതി. 'ക്യാപിറ്റാ വേൾഡ്' എന്ന ഒരു കമ്പനിയെയിരുന്നു ഈ വായ്പകൾക്ക് വേണ്ടി ചുമതലപ്പെടുത്തിയിരുന്നത്. 2015 ൽ സ്ഥാപിതമായ ഈ ഫിൻ ടെക് കമ്പനി 2017 വരെ കാര്യമായ ഒരു പ്രവർത്തനവും നടത്തിയതായി രേഖകളില്ല. ഒരു കോടി രൂപ വരെയുള്ള  വായ്പ, 59 മിനുട്ടുകൾക്കകം നൽകുന്നതിനായി ചുമതലപ്പെടുത്തിയ പ്രസ്തുത കമ്പനിയുടെ പ്രധാന ഡയറക്ടർമാരിൽ ഒരാളായ അഖിൽ ഹണ്ട 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു. കമ്പനിയുടെ മറ്റൊരു ഡയറക്ടായ വിനോദ് മോധയാകട്ടെ അനിൽ അംബാനിയുടെ കമ്പനിയുടെ മുഖ്യ ഉപദേഷ്ടാവുമായിരുന്നു. പ്രഖ്യാപനവും പദ്ധതിയും വന്നുവെങ്കിലും ഏതെങ്കിലും വായ്പകൾ 59 മിനുട്ടുകൾക്കുള്ളിൽ നൽകുന്നതിന് സാധ്യമായോ എന്നത് അറിയില്ല. എന്നാൽ ക്യാപിറ്റാ വേൾഡ് പോലുള്ള സ്ഥാപന മേധാവികളുമായി 'മുതാളിത്ത ചങ്ങാത്തം' കാത്തുസൂക്ഷിക്കുന്ന പ്രധാനമന്ത്രിയാണ് ഫോൺ വിളി വായ്പകൾക്ക് അറുതി വരുത്തി എന്ന് വീമ്പിളക്കുന്നത്.

നിക്ഷേപ പരിരക്ഷാ പ്രഖ്യാപനം

99 ശതമാനം നിക്ഷേപവും സുരക്ഷിതമായി എന്നതാണ് പ്രധാനമന്ത്രിയുടെ മറ്റൊരു പ്രഖ്യാപനം. വാണിജ്യ ബാങ്കുകളിലെ നിക്ഷേപ പരിരക്ഷ പരമാവധി അഞ്ച് ലക്ഷം രൂപയാണ്. ലോകത്തിലെ ഏറ്റവും ചെറിയ പരിരക്ഷയാണ് ഇന്ത്യൻ ബാങ്കിംഗ് നിക്ഷേപങ്ങൾക്ക് ഉള്ളത്. അമേരിക്കയിൽ അടുത്തിടെയുണ്ടായ ബാങ്കിംഗ് പ്രതിസന്ധി വേളയിൽ അവിടത്തെ നിക്ഷേപ പരിരക്ഷയെ സംബന്ധിച്ച് വാർത്തകൾ വരികയുണ്ടായി. അവിടത്തെ നിക്ഷേപ പരിരക്ഷയായ 2 ലക്ഷം ഡോളറിന് (ഏകദേശം ഒന്നരക്കോടി ഇന്ത്യൻ രൂപ) മുകളിലുള്ള സംഖ്യ പൂർണമായും സർക്കാർ നൽകും എന്ന അമേരിക്കൻ പ്രസിഡണ്ടിൻ്റെ പ്രഖ്യാപനമാണ് ഒരളവുവരെ അമേരിക്കൻ ബാങ്കുകളെ പ്രതിസന്ധിയിൽ നിന്നും പിടിച്ചു നിൽക്കാൻ സഹായിച്ചത്.

ഇന്ത്യൻ ബാങ്കുകളിലെ ആകെ നിക്ഷേപത്തിൻ്റെ 46.3 ശതമാനത്തിന് മാത്രമാണ് പരിരക്ഷ ലഭ്യമാകുന്നത് എന്നാണ് 2023ലെ ആർ.ബി.ഐ. റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് 54 ശതമാനം നിക്ഷേപവും അഞ്ചു ലക്ഷത്തിന് മുകളിലായതിനാൽ നിക്ഷേപ പരിരക്ഷ പരിധിക്ക് പുറത്തെന്ന് ചുരുക്കം.

ഇന്ത്യൻ ബാങ്കുകളിലെ ആകെ നിക്ഷേപത്തിൻ്റെ 46.3 ശതമാനത്തിന് മാത്രമാണ് പരിരക്ഷ ലഭ്യമാകുന്നത് എന്നാണ് 2023ലെ ആർ.ബി.ഐ. റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതായത് 54 ശതമാനം നിക്ഷേപവും അഞ്ചു ലക്ഷത്തിന് മുകളിലായതിനാൽ നിക്ഷേപ പരിരക്ഷ പരിധിക്ക് പുറത്തെന്ന് ചുരുക്കം. നിക്ഷേപ സുരക്ഷയുടെ പേരിൽ 2017 ൽ കൊണ്ടുവന്ന മറ്റൊരു ജനവിരുദ്ധ ബില്ലായിരുന്നു എഫ്.ആർ.ഡി.ഐ. ബില്ല്. (Financial Resolution and Deposit Insurance Bill) ജനരോഷത്തെ തുടർന്ന് അത് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായെങ്കിലും ശരിയായ സമയത്ത് വീണ്ടും ബില്ല് നിയമമാക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിലും വിജയിക്കുന്ന പക്ഷം ഈ നിയമവും യാഥാർത്ഥ്യമാകാനാണ് സാധ്യത. ഇത്തരം കാര്യങ്ങൾ നിലനിൽക്കെയാണ് 99 ശതമാനം നിക്ഷേപവും സുരക്ഷിതമാണ് എന്ന പ്രധാനമന്ത്രിയുടെ പ്രസംഗം. നുണകൾ പലവട്ടം ആവർത്തിച്ച് സത്യമെന്ന ധ്വനി ഉയർത്തുക എന്ന ഗീബൽസൻ തന്ത്രത്തിൻ്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ.

ജൻധൻ അക്കൗണ്ടുകളും സ്വാനിധി (PM SVANidhi), മുദ്രാവായ്പകളും

എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന പ്രഖ്യാപനത്തോടെയാണ് ജൻധൻ അക്കൗണ്ടുകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ 10 കോടി ജൻധൻ അക്കൗണ്ടുകൾ തുറന്ന് കഴിഞ്ഞപ്പോൾ തന്നെ 99 ശതമാനം ഇന്ത്യക്കാരും ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി സർക്കാർ പ്രഖ്യാപിച്ചു.തുടർന്ന് വളരെ വേഗം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടിയായി വർദ്ധിച്ചു. മിനിമം ബാലൻസില്ലാത്തതിനാൽ ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് ഇടപാടുകാർ ജൻധൻ അക്കൗണ്ടിലൂടെ ബാങ്ക് ഇടപാടുകാരായി, അഥവാ സർക്കാരിനെ സന്തോഷിപ്പിക്കാൻ അവരെയും അതിന് ബാങ്കുദ്യോഗസ്ഥർ പ്രേരിപ്പിച്ചു എന്നതാണ് വാസ്തവം. ഇതിനെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ റിസർവ്വ് ബാങ്ക് തയ്യാറായാൽ ജൻധൻ അക്കൗണ്ടുകളുടെ പൊള്ളത്തരവും വെളിവാക്കപ്പെടും.


വഴിയോര കച്ചവടക്കാർക്കും (Street Vendors) ബാങ്ക് വായ്പ എന്നതാണ് പ്രധാനമന്ത്രി സ്വാനിധി (PM SVANidhi)  പദ്ധതിയിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ കൃത്യമായ രേഖകൾ ഹാജരാക്കിയാൽ കേവലം 10000 രൂപ മാത്രമാണ് പ്രസ്തുത വായ്പയിലൂടെ ലഭ്യമാവുകയുള്ളൂ. ഇതിൽ ഏറെയും മതിയായ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനായി ചിലവിടേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല ഇതും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഉപയോഗിക്കപ്പെട്ടത്.

ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനായി കൊണ്ടുവന്ന മുദ്രാവായ്പകളെ സംബന്ധിച്ചും ശരിയായ ഒരു പഠനം അനിവാര്യമാണ്. നാളിതുവരെ 43 കോടി മുദ്രാവായ്പകളാണ് രാജ്യത്താകെ വിതരണം ചെയ്തിരിക്കുന്നത്. ഇതിലൂടെ 23 ലക്ഷം കോടി രൂപ ബാങ്കുകൾ നൽകിയിട്ടുണ്ട്. രാജ്യത്ത് ഇത്രയധികം ചെറുകിട സംരംഭകരെ താങ്ങി നിറുത്താനുള്ള സാമ്പത്തിക പശ്ചാത്തലം നിലവിലുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. മുദ്രാവായ്പകളിൽ പലതും രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിതരണം ചെയ്തവയല്ലെ എന്നതും പരിശോധിക്കപ്പെടണം. സമീപ ഭാവിയിൽ കിട്ടാക്കടങ്ങളുടെ പട്ടികയിൽ ഈ  മുദ്രാവായ്പകൾ ഇടം പിടിച്ചാൽ അത് ബാങ്കിംഗ് മേഖലയിൽ വലിയ പ്രതിസന്ധിക്ക് കാരണമായിത്തീരും.

ബാങ്ക് ജീവനക്കാർക്കുള്ള പ്രശംസ

ബാങ്കിംഗ് വിഷയങ്ങളിലും ജീവനക്കാരുടെ വിഷയങ്ങളിലുമുള്ള മോദി സർക്കാരിൻ്റെ സമീപനം, പ്രധാനമന്ത്രിയുടെ പ്രശംസയിലെ ആത്മാർത്ഥതയില്ലായ്മ വിളിച്ചറിയ്ക്കുന്നതാണ്. 28 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ലയനങ്ങളിലൂടെ 12 ആയി ചുരുക്കി. ജീവനക്കാരുടെ ശക്തമായ എതിർപ്പ് നിലനിൽക്കേ, ലോകമാകെ അടച്ചു പൂട്ടപ്പെട്ടിരുന്ന വേളയിലാണ് ഈ ലയന പ്രക്രിയ പൂർത്തീകരിച്ചത്. സമ്പദ്മേഖലയെ ചലിപ്പിക്കുന്നതിന് ബാങ്കിംഗ് മേഖലയിലെ ജീവനക്കാർ കോവിഡ് പശ്ചാത്തലത്തിലും ആത്മാർത്ഥതയോടെ തുടരുമ്പോഴാണ് മെഗാ ലയനം നടപ്പിലാക്കിയത്. ലയനത്തെ തുടർന്ന് ശാഖകളുടെ എണ്ണം വെട്ടിച്ചുരുക്കപ്പെട്ടു. ജീവനക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായതോടെ ഇടപാടുകാർക്ക് ലഭ്യമായിരുന്ന സേവനവും കുറഞ്ഞു. സേവന നിരക്കാകട്ടെ വർദ്ധിക്കുകയും ചെയ്തു. നിലവിലുള്ള 12 പൊതുമേഖലാ ബാങ്കുകളിൽ പലതിനെയും സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. അഥവാ ബാങ്കുകളെ വഞ്ചിച്ച് കോടികൾ തട്ടിപ്പ് നടത്തിയ കുത്തകകൾക്ക് രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ ആകെ വിൽക്കുന്നതിനുള്ള നീക്കമാണ് അണിയറയിൽ ഒരുങ്ങുന്നത്.

കള്ളപ്പണമില്ലാതാക്കാൻ എന്ന വ്യാജേന പ്രഖ്യാപിക്കപ്പെട്ട നോട്ട് നിരോധന വേളയിലും കോവിഡ് മഹാമാരി ലോക് ഡൗൺ വേളയിലും ബാങ്ക് ജീവനക്കാർ നടത്തിയ സേവനം വിസ്മരിക്കാനാകുന്നതല്ല. എന്നാൽ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അനുവദിച്ച് തരുന്നതിൽ മോദി സർക്കാർ ഒരു പരിഗണനയും നൽകുന്നില്ല.

കള്ളപ്പണമില്ലാതാക്കാൻ എന്ന വ്യാജേന പ്രഖ്യാപിക്കപ്പെട്ട നോട്ട് നിരോധന വേളയിലും കോവിഡ് മഹാമാരി ലോക് ഡൗൺ വേളയിലും ബാങ്ക് ജീവനക്കാർ നടത്തിയ സേവനം വിസ്മരിക്കാനാകുന്നതല്ല. എന്നാൽ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അനുവദിച്ച് തരുന്നതിൽ മോദി സർക്കാർ ഒരു പരിഗണനയും നൽകുന്നില്ല. പഞ്ചദിന പ്രവർത്തനം എന്ന ആവശ്യത്തിന് ഇനിയും പരിഹാരമുണ്ടായിട്ടില്ല. പെൻഷൻ അപ്ഡേഷൻ ആവശ്യം ന്യായമാണ് എന്ന് പലവട്ടം ധനകാര്യ മന്ത്രി പ്രസ്താവന നടത്തിയിട്ടുണ്ട് എങ്കിലും നാളിതുവരെ ഒരു നടപടിയും ഭരണാധികാരികൾ കൈക്കൊണ്ടിട്ടില്ല. ബാങ്ക് ജീവനക്കാരുടെ ശംബള ഘടന പോലും മറ്റ് മേഖലകളെ അപേക്ഷിച്ച് ഏറെ പുറകിലാണ്. റോസ്‌ഗാർ യോജന മേളകളിലെ പ്രശംസയല്ല മറിച്ച് ജീവനക്കാരുടെ വിഷയങ്ങളിൽ മാന്യമായ ഇടപെടലാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

നയങ്ങൾ മാറണം, അതിനായി പ്രക്ഷോഭങ്ങൾ ഉയർന്നുവരണം

കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടക്ക് ബാങ്കുകൾ എഴുതി തള്ളിയത് 15,31,453 കോടി രൂപയാണ്. ഇതിൽ 90 ശതമാനവും വൻകിട കുത്തകകളുടേത്. കിട്ടാക്കടം പിടിച്ചെടുക്കുന്നതിന് എന്ന പേരിൽ കൊണ്ടുവന്ന ഐ.ബി.സി. നിയമവും (Insolvency and Bankruptcy Code) നാഷണൽ കമ്പനി ലോട്രിബ്യൂണലും (NCLT) കിട്ടാക്കടങ്ങൾ പിടിച്ചെടുക്കുകയല്ല മറിച്ച് 'ഹെയർ കട്ട്' എന്ന പുതിയ പേരിലൂടെ എഴുതി തള്ളപ്പെടുകയാണ്. എഴുതിതള്ളപ്പെട്ട പതിനഞ്ച് ലക്ഷം കോടി പിടിച്ചെടുക്കാനായിരുന്നുവെങ്കിൽ സാധാരണക്കാരുടെ നിക്ഷേപത്തിന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് പോലെ സുരക്ഷിതത്വം നൽകാമായിരുന്നു. അവരുടെ നിക്ഷേപത്തിന് ന്യായമായ പലിശ നൽകാമായിരുന്നു. ചെറുകിടക്കാർക്കും കൃഷിക്കാർക്കും അഞ്ചു ശതമാനം പലിശക്ക് വായ്പകൾ നൽകാമായിരുന്നു. സാധാരണക്കാരായ ഇടപാടുകാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന കൊള്ള സർവ്വീസ് ചാർജ്ജ് ഒഴിവാക്കാമായിരുന്നു. ബാങ്കിംഗ് മേഖലയിലേക്ക് കൂടുതൽ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകാമായിരുന്നു. കൂടുതൽ ഗ്രാമീണ ശാഖകൾ തുറക്കാമായിരുന്നു. ജീവനക്കാർക്ക് ന്യായമായ ആനുകൂല്യങ്ങൾ നൽകാമായിരുന്നു. അത് സാധ്യമാകണെമെങ്കിൽ കേന്ദ്ര ഭരണാധികാരികളുടെ ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്ക് മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു. അതിന് യോജിച്ച പോരാട്ടങ്ങൾ ബാങ്കിംഗ് മേഖലയിൽ ഉയർന്ന് വരേണ്ടിയിരിക്കുന്നു.

(കടപ്പാട്: ഓൺലൈൻ മാധ്യമം സെൻഫ്രാ. ഓർഗിലെ സ.തോമസ് ഫ്രാങ്കോയുടെ ലേഖനം)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top