20 April Saturday

ഗുജറാത്തിൽ സംഭവിക്കുന്നത്‌ - സിപിഐ എം ഗുജറാത്ത്‌ സംസ്ഥാന സെക്രട്ടറി ഹിതേന്ദ്ര ഭട്ട്‌ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായി 182 സീറ്റിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ രാഷ്‌ട്രീയ, സാമൂഹ്യ സാഹചര്യം അത്യന്തം സങ്കീർണമാണ്‌. 27 വർഷത്തോളമായി തുടരുന്ന ബിജെപി ഭരണത്തിൽ ജനങ്ങൾ അതൃപ്‌തിയിലാണ്‌. അഴിമതിയും കെടുകാര്യസ്ഥതയും സർവരംഗത്തും പ്രകടം. എന്നാൽ, തെരഞ്ഞെടുപ്പ്‌ ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമാകുമോ. സിപിഐ എം ഗുജറാത്ത്‌ സംസ്ഥാന സെക്രട്ടറി ഹിതേന്ദ്ര ഭട്ട്‌ ഇക്കാര്യത്തെക്കുറിച്ച്‌ ദേശാഭിമാനി പ്രത്യേക ലേഖകൻ സാജൻ എവുജിനോട്‌ സംസാരിക്കുന്നു

ഗുജറാത്തിലെ പൊതുരാഷ്‌ട്രീയ അന്തരീക്ഷത്തെ എങ്ങനെ കാണുന്നു
സ്വന്തമായ വോട്ടുബാങ്ക്‌ സൃഷ്ടിച്ചെടുക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുണ്ട്‌. ഗണ്യമായ വിഭാഗത്തെ ഏതു സാഹചര്യത്തിലും ബിജെപിക്കു മാത്രം വോട്ട്‌ ചെയ്യുന്നവരാക്കി രൂപപ്പെടുത്തി. അതേസമയം 4.90 കോടിയോളം വോട്ടർമാരിൽ ഭൂരിപക്ഷം ബിജെപിക്ക്‌ എതിരാണ്‌. ഈ വോട്ടുകൾ ഭിന്നിച്ചുപോകുന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു പുറമെ ഇപ്പോൾ ആംആദ്‌മി പാർടിയും സജീവമായി രംഗത്തുണ്ട്‌. സൗരാഷ്‌ട്ര, ദക്ഷിണ ഗുജറാത്ത്‌ മേഖലകളിൽ അവരുടെ അനിഷേധ്യ സാന്നിധ്യമുണ്ട്‌. ഇക്കുറി ഒമ്പതു സീറ്റിൽ മത്സരിക്കുന്ന സിപിഐ എം  വോട്ടു വിഹിതം ഗണ്യമായി വർധിപ്പിക്കും. പാർടി കേന്ദ്ര കമ്മിറ്റിയംഗം അരുൺ മെഹ്‌ത ഭാവ്‌നഗർ ഈസ്റ്റ്‌ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്‌ച വയ്‌ക്കുന്നു.

ബിജെപിയുടെ വർഗീയധ്രുവീകരണ തന്ത്രം ഇത്തവണയും വിജയിക്കുമോ
മുൻകാലത്തെപ്പോലെ അവരുടെ ഈ ദിശയിലുള്ള നീക്കങ്ങൾ ഫലിക്കുന്നില്ല. ബിൽക്കീസ്‌ ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചതിനെത്തുടർന്ന്‌ ബിജെപി വർഗീയ കാർഡ്‌ ഇറക്കാൻ ശ്രമിച്ചു. കാര്യമായ പ്രതികരണം ഉണ്ടായില്ല. ഏകീകൃത സിവിൽ കോഡിന്റെ പേരിലും ചേരിതിരിവ്‌ വളർത്താൻ നോക്കിയെങ്കിലും ചർച്ചയായില്ല.


സമൂഹ മാധ്യമങ്ങളാണല്ലോ ബിജെപിയുടെ മുഖ്യ പ്രചാരണ ആയുധം
സമൂഹ മാധ്യമങ്ങൾക്കൊപ്പം പ്രാദേശിക മാധ്യമങ്ങളും ബിജെപിയുടെ നിയന്ത്രണത്തിലാണ്‌. ഒരു പത്രം ഒഴികെ മറ്റെല്ലാവരും ബിജെപിയെ അനുകൂലിച്ചു നിൽക്കുന്നു. ഗുജറാത്ത്‌ സമാചാർ മാത്രമാണ്‌ സന്തുലിത സമീപനം കൈക്കൊള്ളുന്നത്‌.

കോൺഗ്രസിന്റെ സ്ഥിതി എന്താണ്‌
ആവേശത്തോടെ പൊരുതാനും പൊതുവേദിയിൽ ഐക്യത്തോടെ നിലകൊള്ളാനും കോൺഗ്രസ്‌ നേതാക്കൾക്ക്‌ കഴിയുന്നില്ല. അവരുടെ വോട്ട്‌ വിഹിതം ഓരോ തെരഞ്ഞെടുപ്പിലും കുറഞ്ഞുവരുന്നു.

ഗുജറാത്തിൽ സർക്കാർ ജീവനക്കാർ പ്രതിഷേധത്തിലാണല്ലോ
സർക്കാർ ജീവനക്കാർ മാത്രമല്ല, സ്വകാര്യമേഖലയിൽ പണിയെടുക്കുന്നവരും രോഷത്തിലാണ്‌.  തൊഴിൽസമയം 12 മണിക്കൂറാക്കി.  മിനിമം കൂലി  270 രൂപ മാത്രമാണ്‌.  കേരളത്തിലെ കൂലിയുടെ മൂന്നിലൊന്നു മാത്രം. തൊഴിലാളികൾക്കു നൽകിയ വാഗ്‌ദാനങ്ങൾ സർക്കാർ നടപ്പാക്കുന്നില്ല. തൊഴിൽശാലകൾ വൻതോതിൽ പൂട്ടി.

സമരമില്ലാത്ത നാടാണ്‌ ഗുജറാത്ത്‌ എന്നാണല്ലോ ബിജെപിയുടെ അവകാശവാദം
ലക്ഷത്തോളം അങ്കണവാടി ജീവനക്കാർ സെപ്‌തംബറിൽ തുടർച്ചയായ അഞ്ചു ദിവസം പണിമുടക്കി. ഇതേത്തുടർന്ന്‌ വേതനത്തിൽ 30 ശതമാനം വർധന വരുത്താൻ സർക്കാർ നിർബന്ധിതമായി. സിഐടിയു നേതൃത്വത്തിൽ ഒട്ടേറെ പണിമുടക്കുകൾ നടക്കുന്നു. ബാങ്ക്‌, ഇൻഷുറൻസ്‌ ജീവനക്കാരുടെ പണിമുടക്കുകളും ഇവിടെ പൂർണമായി. ഗതാഗതത്തൊഴിലാളികളും പണിമുടക്കിൽ പങ്കുചേർന്നു.

ഈ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങൾ ഏതൊക്കെയാണ്‌
വിലക്കയറ്റം, തൊഴിലില്ലായ്‌മ, അഴിമതി, ചോദ്യപേപ്പർ ചോർച്ചകൾ. സർക്കാർ റിക്രൂട്ട്‌മെന്റ്‌ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്ന 11 സംഭവം അടുത്തകാലത്ത്‌ നടന്നു. അഴിമതി നിത്യജീവിതത്തിന്റെ ഭാഗമായി.

തെരഞ്ഞെടുപ്പിന്റെ ഗതി എങ്ങോട്ടാണ്‌
നഗരമേഖലകളിൽ കോൺഗ്രസ്‌ വോട്ടുകളിൽനിന്ന്‌ എഎപിയിലേക്ക്‌ ചോർച്ചയുണ്ടാകും. ഗ്രാമങ്ങളിൽ പരമ്പരാഗത ബിജെപി വോട്ടർമാരിൽ ഗണ്യമായ വിഭാഗം എഎപിയെ പരീക്ഷിച്ചേക്കും. അതേസമയം, സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസും എഎപിയും അശ്രദ്ധ കാണിച്ചിട്ടുണ്ട്‌. കാര്യമായ ആലോചന നടത്താതെയാണ്‌ ഇരുകൂട്ടരും സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കിയത്. അടിക്കടി മുഖ്യമന്ത്രിമാരെ മാറ്റി ഭരണവിരുദ്ധവികാരം മറികടക്കാനാണ്‌ ബിജെപി ശ്രമം.

ഗുജറാത്തിൽ ഇടതുപക്ഷത്തിന്റെ 
ഭാവിയെന്താണ്
അതിരൂക്ഷമായ അസമത്വം നിലനിൽക്കുന്ന ഗുജറാത്തിൽ സാമൂഹ്യഘടന സങ്കീർണമാണ്‌. ജനങ്ങളുടെ ചിന്താഗതി മാറ്റിയെടുക്കാൻ നിരന്തരമായ പരിശ്രമം വേണം. അവകാശ പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ അന്തരീക്ഷം ഒരുക്കണം. ദീർഘകാല  ലക്ഷ്യത്തോടെ  പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരികയാണ്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top