20 June Thursday

അദാനിയും മോദിയും മറുപടി പറയേണ്ട 88 ചോദ്യം

ജോർജ് ജോസഫ്Updated: Saturday Jan 28, 2023

അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് എൽഎൽസി എന്ന സ്ഥാപനം  പുറത്തുവിട്ട അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഉന്നയിക്കുന്ന ഗൗരവതരമായ 88 ചോദ്യം കേവലം സാമ്പത്തികമേഖലയിൽമാത്രം ഒതുങ്ങുന്നതല്ല. രാഷ്‌ട്രീയമായ മാനങ്ങൾകൂടി ഉൾക്കൊള്ളുന്നതാണ് എന്നതാണ് അതിനെ കൂടുതൽ പ്രസക്തമാക്കുന്നത്. റിപ്പോർട്ടിനെക്കുറിച്ച് സാമ്പത്തിക, നിക്ഷേപ മേഖലകൾ  പ്രാധാന്യത്തോടെ ചർച്ച ചെയ്തതോടെ, അദാനി ഗ്രൂപ്പിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏഴ് കമ്പനിയുടെ ഓഹരിമൂല്യം ഏതാണ്ട് 90,000 കോടി രൂപ ഇടിഞ്ഞിട്ടുണ്ട്. അദാനി കമ്പനികളെ മാത്രമല്ല, ഇന്ത്യൻ ഓഹരി വിപണിയെത്തന്നെ ഇരുട്ടിൽ നിർത്തുകയാണ് ഈ റിപ്പോർട്ട്. പ്രധാന സൂചികകൾ വൻ ഇടിവിലാണ് വെള്ളിയാഴ്ച ക്ളോസ്  ചെയ്തിരിക്കുന്നത്. തൊണ്ണൂറുകളിൽ സംഭവിച്ച ഹർഷദ് മേത്ത ഓഹരി കുംഭകോണം, കേതൻ പരേഖ് കുംഭകോണം തുടങ്ങിയ സംഭവങ്ങൾക്ക് സമാനമായതോ ഒരുപക്ഷേ അതിനേക്കാൾ ആഴവും പരപ്പും ഉണ്ടാകാവുന്ന വമ്പൻ ഓഹരി തട്ടിപ്പിലേക്ക് വെളിച്ചം വീശുന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

അദാനി ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഏഴു കമ്പനിയുടെ ഓഹരിമൂല്യം 85 ശതമാനത്തോളം പെരുപ്പിച്ച് കാണിച്ചെന്നതാണ് ഹിൻഡൻബർഗ് ഉന്നയിക്കുന്ന ഗൗരവമേറിയ ആരോപണം. ഇത്തരത്തിൽ പെരുപ്പിച്ച് കാണിച്ച ഓഹരികൾ ഈടായി നൽകി വമ്പൻ വായ്പകൾ അദാനി ഗ്രൂപ്പ്  തരപ്പെടുത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രണ്ടു വർഷത്തിലേറെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ അതിസമ്പന്നന്റെ ബിസിനസ് സാമ്രാജ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നിയമപരമായി നേരിടുമെന്ന അദാനി ഗ്രൂപ്പിന്റെ പത്രക്കുറിപ്പ്കൊണ്ട് എല്ലാം അവസാനിക്കുന്നില്ല. നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായതോടെ വായുവേഗത്തിൽ വളർന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചുരുൾ അഴിയുന്നതിന്റെ നാന്ദിയാണ് ഈ റിപ്പോർട്ട്.

12, 000 കോടി ഡോളറിന്റെ സമ്പാദ്യമൂല്യം അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്ക് ഹിൻഡൻബർഗ് കണക്കാക്കുമ്പോൾ അതിൽ 10, 000 കോടിയും സമാഹരിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലാണ്. ഈ മൂന്ന് വർഷത്തിനിടയിൽ ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏഴു കമ്പനിയുടെ ഓഹരി മൂല്യത്തിൽ ഉണ്ടായിരിക്കുന്ന ശരാശരി വളർച്ച 819 ശതമാനമാണ്. ഇത് സ്വാഭാവികമായി വളർച്ചയാണെന്ന് വിശ്വസിക്കാൻ കഴിയില്ല. ഈ കമ്പനികളുടെ ഓഹരിമൂല്യം വിപണി മൂല്യത്തേക്കാൾ 85 ശതമാനം താഴെയാണെന്നാണ് ഹിൻഡൻബർഗ് പറയുന്നത്. ഓഹരികളുടെ വില അത്രമേൽ പെരുപ്പിച്ചാണ് കാണിച്ചിരുന്നതെന്നത് വ്യക്തം.

ഗ്രൂപ്പിന്റെ തലപ്പത്തെല്ലാം അദാനി കുടുംബത്തിൽ നിന്നുള്ളവർ തന്നെയാണ്. അദാനിയുടെ ബിസിനസുകളെല്ലാം കുടുംബ ബിസിനസുകൾ മാത്രമാണ്. ഇന്ത്യൻ നിയമങ്ങൾ നിഷ്കർഷിച്ചിരിക്കുന്ന അനുപാതത്തേക്കാൾ അധികം ഓഹരികളാണ് അദാനിയുടെ സഹോദരന്മാരും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്നത്. ഗൗതം അദാനിയുടെ ഇളയ സഹോദരനായ രാജേഷ് അദാനിയാണ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ.  2004-–-05 കാലഘട്ടത്തിൽ നിയമവിരുദ്ധമായ വജ്രവ്യാപാരത്തിൽ ഏർപ്പെട്ട ഇദ്ദേഹത്തെ വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാനമായ അന്വേഷണം നേരിട്ട അദാനിയുടെ അളിയൻ സമീർ വോറ പിന്നീട് ഗ്രൂപ്പിന്റെ ഓസ്ട്രേലിയൻ ഡിവിഷന്റെ മേധാവിയായി. വിദേശത്തെ അനധികൃത നിക്ഷേപങ്ങൾക്കും ഇടപാടുകൾക്കും നേതൃത്വം നൽകിയിരുന്നത് ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനി.  സൈപ്രസ്, യുഎഇ, സിംഗപ്പുർ, മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി ഷെൽ കമ്പനികൾ രൂപീകരിച്ച് ആയിരക്കണക്കിന് കോടി രൂപ വെളുപ്പിച്ചെടുത്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. മൗറീഷ്യസിൽമാത്രം വിനോദ് അദാനിയും അനുയായികളും ചേർന്ന് ആരംഭിച്ച 38 ഷെൽ കമ്പനിയെ ഹിൻഡൻബർഗ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പലതിനും വ്യക്തമായ മേൽവിലാസമോ ഫോൺ നമ്പറോ ഒന്നുമില്ല.  ഇത്തരം കമ്പനികളിൽ നിന്നുള്ള ലാഭമെന്ന പേരിൽ നൂറുകണക്കിന് കോടി രൂപ അദാനി ഗ്രൂപ്പിന്റെ ഇന്ത്യൻ കമ്പനികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്ത് നികുതി കൊടുത്താൽ ഇന്ത്യയിൽ കോർപറേറ്റ് നികുതി നൽകേണ്ടതില്ലെന്ന ആനുകൂല്യത്തിന്റെ മറവിൽ ആയിരക്കണക്കിന് കോടി രൂപയുടെ നികുതി വെട്ടിപ്പാണ് വെളിവാകുന്നത്. 

കമ്പനിയുടെ പ്രൊമോട്ടർമാരല്ലാത്ത ഓഹരിയുടമകൾക്ക് 25 ശതമാനം ഓഹരികൾ ഉണ്ടായിരിക്കണമെന്നതാണ് ലിസ്റ്റ് ചെയ്ത കമ്പനികളെ സംബന്ധിച്ച ഇന്ത്യയിലെ വ്യവസ്ഥ. എന്നാൽ, ഗ്രൂപ്പിലെ നാല് കമ്പനി ഈ നിബന്ധന പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് അവ ഡി ലിസ്റ്റ് ചെയ്യപ്പെടുന്നതിനുള്ള സാധ്യതകൾ ശക്തമാണെന്ന് ഹിൻഡൻബർഗ് ചൂണ്ടിക്കാണിക്കുന്നു. വിദേശത്തെ അനധികൃത നിക്ഷേപങ്ങളുടെ കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ കത്തിന് സെബിയുടെ മറുപടി. വിദേശത്ത് പ്രവർത്തിക്കുന്ന എലര എന്ന ഫണ്ട് വഴി അദാനിതന്നെയാണ് ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില നിയന്ത്രിക്കുന്നത് എന്നതും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ സിഇഒ ആയി പ്രവർത്തിക്കുന്ന വ്യക്തി കേതൻ പരേഖ് ഓഹരി കുംഭകോണത്തിൽ അദ്ദേഹത്തിന്റെ കൈയാളായി പ്രവർത്തിച്ചിരുന്ന ധർമേഷ് ദോഷി എന്ന വ്യക്തിയുടെ ഏറ്റവും അടുപ്പക്കാരനായ വ്യക്തിയാണ്. ചില ഇ–- മെയിൽ സന്ദേശങ്ങൾ ചോർത്തിയെടുത്താണ് ഹിൻഡൻബർഗ് ഇത് കണ്ടെത്തിയിരിക്കുന്നത്. വ്യക്തമായ രേഖകളുടെ പിൻബലത്തോടെ തന്നെയാണ് ഇത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പ് കമ്പനികളിൽ 360, 000 കോടി രൂപയുടെ ഓഹരികൾ കൈവശം വച്ചിരിക്കുന്ന മോണ്ടിറോസ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്‌സ് എന്ന സ്ഥാപനത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.  ഇന്ത്യയിൽനിന്ന്‌ 8000 കോടി രൂപയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്ര വ്യാപാരിക്ക് ഇതുമായി അടുത്ത ബന്ധമുണ്ടെന്ന് ഇതിൽ പറയുന്നു. ഈ വ്യാപാരിയുടെ മകനാണ്  വിനോദ് അദാനിയുടെ മകളെ വിവാഹം കഴിച്ചിരിക്കുന്നത്. അദാനി ഗ്രീൻ എനർജി എന്ന കമ്പനിയുടെ 95 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത് സൈപ്രസ് ആസ്ഥാനമായ ന്യൂ ലീന ഇൻവെസ്റ്റ്‌മെന്റ്സ് എന്ന സ്ഥാപനമാണ്.  ഷെൽ കമ്പനികൾ സ്ഥാപിക്കുന്നതിനും ഇത്തരം ബിസിനസുകൾ കൈകാര്യം ചെയ്യുന്നതിനും വിനോദ് അദാനിയെ സഹായിക്കുന്ന അമികോർപ് എന്ന സ്ഥാപനമാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നത് എന്നാണ് ഹിൻഡൻബർഗിന്റെ  കണ്ടെത്തൽ.

അദാനി കമ്പനികളുടെ ഓഡിറ്റിങ്ങിനെക്കുറിച്ചാണ്  ഗൗരവതരമായ മറ്റൊരു കണ്ടെത്തൽ. ഇത്രയും വലിയ ഒരു ഗ്രൂപ്പിന്റെ കണക്കുകൾ കൈകാര്യം ചെയ്യുന്നത് ഷാ ധൻധാരിയ എന്ന വളരെ ചെറിയ ഒരു സ്ഥാപനമാണ്. വെറും 11 ജീവനക്കാർ മാത്രമാണ് ഈ സ്ഥാപനത്തിനുള്ളത്. വെബ്സൈറ്റുമില്ല.
ഹിൻഡൻബർഗ് കണക്കാക്കുന്ന ഓഹരികളുടെ മൊത്തം മൂല്യം ഏതാണ്ട് 17 ലക്ഷം കോടി രൂപയാണ്.  ഈ വളർച്ച ബിസിനസ് വിപുലീകരണത്തിന്റെ കാര്യത്തിലെ സാമാന്യ യുക്തികൾക്ക് നിരക്കുന്നതല്ല. ഒരു ചോദ്യത്തിനും അദാനി ഗ്രൂപ്പ് ഇതുവരെ ഉത്തരം നൽകിയിട്ടില്ല. നിയമവഴികൾ തേടുമെന്നു മാത്രമാണ് മറുപടി. അതുകൊണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അദാനിമാത്രം നൽകിയാൽ മതിയാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top