29 March Friday

ഹിമാചലിൽ ബിജെപി വിയർക്കും

വി ബി പരമേശ്വരൻUpdated: Monday Oct 31, 2022

ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പ്‌ ഒന്നിച്ച്‌ പ്രഖ്യാപിക്കുകയെന്ന പതിവ്‌ രീതി തെറ്റിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഹിമാചൽപ്രദേശിലെമാത്രം തെരഞ്ഞെടുപ്പ്‌ നവംബർ 12ന്‌ നടത്താൻ തീരുമാനിച്ചത്‌. പ്രധാനമന്ത്രി മോദി ഹിമാചലിൽ എത്തി മൂന്ന്‌ പ്രധാന പദ്ധതിക്ക്‌ തുടക്കം കുറിച്ചതിന്‌ തൊട്ടടുത്ത ദിവസമാണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനമുണ്ടായത്‌. ന്യൂഡൽഹിയിൽനിന്ന്‌ ഉനയിലേക്ക്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസും ഉനയിൽത്തന്നെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫർമേഷൻ ടെക്‌നോളജിയും ഉദ്‌ഘാടനംചെയ്‌ത പ്രധാനമന്ത്രി ചമ്പയിൽ രണ്ട്‌ ജലവൈദ്യുത പദ്ധതിക്ക്‌ തറക്കല്ലിടുകയും ചെയ്‌തു. ഇതിനുശേഷമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ തീയതി പ്രഖ്യാപിച്ചത്‌.

പതിവുപോലെ ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിലാണ്‌ പ്രധാനമൽസരം. ആം ആദ്‌മി പാർടി രംഗത്തുണ്ടെങ്കിലും സജീവ സാന്നിധ്യമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ്‌മാത്രം ലഭിച്ച സിപിഐ എം 11 സീറ്റിൽ മൽസരിക്കുന്നു. 1990കൾക്കുശേഷം ഭരണം മാറിമാറി വരുന്നതുകൊണ്ട്‌ ഇക്കുറി ഭരണം ലഭിക്കുമെന്നാണ്‌ കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ, വീരഭദ്രസിങ്ങിന്റെ മരണത്തോടെ ശക്തമായ നേതൃത്വം കോൺഗ്രസിനില്ല. വീരഭദ്രസിങ്ങിന്റെ ഭാര്യയും മണ്ഡി ലോക്‌സഭാംഗവുമായ പ്രതിഭാസിങ്ങാണ്‌ കോൺഗ്രസ്‌ അധ്യക്ഷ. പ്രതിപക്ഷ നേതാവ്‌ മുകേഷ്‌ അഗ്‌നിഹോത്രിക്കും ജനകീയമുഖം അവകാശപ്പെടാനാകില്ല. പ്രധാന നേതാക്കളെല്ലാം ഇപ്പോഴും ബിജെപിയിലേക്ക്‌ ഒഴുകുന്നുവെന്നതാണ്‌ കോൺഗ്രസ്‌ നേരിടുന്ന പ്രതിസന്ധി. കഴിഞ്ഞ മാസമാണ്‌ കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ഹർഷ്‌ മഹാജൻ, എംഎൽഎ പവൻ കാജൽ, ലഖ്‌വീന്ദർസിങ് റാണ എന്നിവർ ബിജെപിയിൽ ചേർന്നത്‌. പത്രികാസമർപ്പണത്തിന്റെ അവസാന ദിവസമാണ്‌ എഐസിസി സെക്രട്ടറിയും മുൻ എംഎൽഎയുമായ രാകേഷ്‌ കാലിയയും മുൻ മന്ത്രി വിജയ്‌സിങ്‌ മങ്കോടിയയും ബിജെപിയിൽ ചേർന്നത്‌.

കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്കുള്ള ഒഴുക്ക്‌ ഭരണകക്ഷിക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്‌. കാലുമാറി വന്നവർക്ക്‌ സീറ്റ്‌ നൽകാനായി ബിജെപി നേതാക്കളെ മാറ്റിനിർത്താൻ നേതൃത്വം നിർബന്ധിതമായി. 11 സിറ്റിങ് എംഎൽഎമാർക്കാണ്‌ ബിജെപി സീറ്റ്‌ നിഷേധിച്ചത്‌. ഇതിൽ പകുതിപേരെങ്കിലും വിമത സ്ഥാനാർഥികളായി രംഗത്തുണ്ട്‌. വിജയ്‌സിങ്‌ താക്കൂർ മന്ത്രിസഭയിലെ രണ്ടാമനായി എണ്ണപ്പെടുന്ന സുരേഷ്‌ ഭരദ്വാജിനെ, നാല്‌ തവണ ജയിച്ച സിംല അർബൻ മണ്ഡലത്തിൽനിന്ന്‌ കസുംപ്‌ടിയിലേക്ക്‌ മാറ്റിയത്‌ ബിജെപിക്ക്‌ തിരിച്ചടിയാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു. മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലിനും മകന്റെ (കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ) ഭാര്യാപിതാവ്‌ ഗുലാബ്‌ സിങ് താക്കൂറിനും സീറ്റ്‌ നൽകാത്തതും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്‌. ‘മിഷൻ റിപ്പീറ്റ്‌’ എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന്‌ വിമതശല്യം കാരണമാകുമോയെന്ന ഭീതിയിലാണ്‌ ബിജെപിയിപ്പോൾ.

ഹിമാചലിലൂടെയുള്ള യാത്ര ബോധ്യപ്പെടുത്തിയത്‌, ഭരണവിരുദ്ധവികാരം പ്രകടമാണ്‌ എന്നതാണ്‌.  പ്രധാനമായും മൂന്ന്‌ വിഷയമാണ്‌ ബിജെപിയെ അലട്ടുന്നത്‌. അതിൽ പ്രധാനം പുതിയ പെൻഷൻ പദ്ധതിക്കെതിരെയുള്ള ജനവികാരമാണ്‌. പഴയ പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നതാണ്‌ പ്രധാന ആവശ്യം. കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികളെല്ലാം, അധികാരം ലഭിച്ചാൽ പഴയ പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കുമെന്നാണ്‌ വാഗ്‌ദാനം നൽകുന്നത്‌. ഹിമാലയൻ മലനിരകളിലുള്ള സംസ്ഥാനമായതുകൊണ്ടുതന്നെ ജനങ്ങൾ ജോലിക്ക്‌ പ്രധാനമായും ആശ്രയിക്കുന്നത്‌ സർക്കാരിനെത്തന്നെയാണ്‌.  55 ലക്ഷംമാത്രം വോട്ടർമാരുള്ള സംസ്ഥാനത്ത്‌ 2.5 ലക്ഷം സർക്കാർ ഉ ദ്യോഗസ്ഥരാണുള്ളത്‌. 1.9 ലക്ഷം പേർ പെൻഷൻകാരും. 2004ൽ കോൺഗ്രസ്‌ സർക്കാരാണ്‌ വാജ്‌പേയി സർക്കാർ (2003ൽ) കൊണ്ടുവന്ന പുതിയ പെൻഷൻ സമ്പ്രദായം ആരംഭിച്ചത്‌. തുടർന്നും കോൺഗ്രസ്‌ സർക്കാരുകൾ സംസ്ഥാനം ഭരിച്ചപ്പോഴും പുതിയ പെൻഷൻ പദ്ധതി തുടർന്നു.  തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ കോൺഗ്രസ്‌ പറയുന്നത്‌ അധികാരം ലഭിച്ചാൽ 10 ദിവസത്തിനകം പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നാണ്‌. എന്നാൽ, ബിജെപി പുതിയ പെൻഷൻ പദ്ധതിക്കൊപ്പമാണ്‌. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാർ ബിജെപിക്തെിരെ തിരിയാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. എന്നാൽ, കേന്ദ്രം ഇടപെട്ടാലേ പഴയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കഴിയൂവെന്നും അതിനാൽ ബിജെപിയെ ജയിപ്പിച്ചാലേ ഭാവിയിൽ പഴയ പെൻഷൻ തിരിച്ചുകൊണ്ടുവരാൻ കഴിയൂവെന്ന പ്രചാരണമാണ്‌ ബിജെപി നടത്തുന്നത്‌.

രണ്ടാമത്തെ പ്രധാന വിഷയം തൊഴിലില്ലായ്‌മയാണ്‌. രാജ്യത്ത്‌ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കുള്ള നാലാമത്തെ സംസ്ഥാനമാണ്‌ ഹിമാചൽപ്രദേശ്‌. സെന്റർ ഫോർ മോണിട്ടറിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച്‌ സംസ്ഥാനത്തെ തൊഴിലില്ലായ്‌മ 9.2 ശതമാനമാണ്‌. ദേശീയ ശരാശരിയേക്കാൾ ഒന്നര ശതമാനം അധികമാണിത്‌. ബിജെപി ഭരണകാലത്ത്‌ റിക്രൂട്ട്‌മെന്റിൽ പരക്കെ അഴിമതി നടന്നതും തെരഞ്ഞെടുപ്പ്‌ വിഷയമായിട്ടുണ്ട്‌. മേയിൽ പൊലീസ്‌ കോൺസ്‌റ്റബിൾ, ജൂനിയർ എൻജിനിയറിങ് പോസ്‌റ്റുകളിലേക്ക്‌ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ആറുമുതൽ എട്ട്‌ ലക്ഷം രൂപയ്‌ക്കാണ്‌ ചോദ്യപേപ്പർ ചോർത്തിനൽകിയത്‌. കുറ്റവാളികൾ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടുമില്ല.  

ബിജെപിയെ അലട്ടുന്ന മറ്റൊരു പ്രശ്‌നം ആപ്പിൾ കർഷകരുടെ രോഷമാണ്‌. രാസവളത്തിന്‌ ഉൾപ്പെടെ വില ഉയർന്നത്‌ ഉൽപ്പാദനച്ചെലവ്‌ വർധിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളും കൃഷിയെ ബാധിക്കുന്നുണ്ട്‌. എന്നാൽ, ഇതനുസരിച്ചുള്ള വില കർഷകർക്ക്‌ ലഭിക്കുന്നില്ല. വൻകിട ആഗ്രോ– -ഇൻഡസ്‌ട്രീസിന്‌ അനുകൂലമായി സർക്കാർ സ്വീകരിക്കുന്ന നയങ്ങളാണ്‌ കർഷകരെ വെട്ടിലാക്കുന്നത്‌. ഉയർന്ന ഗുണനിലവാരമുള്ള ആപ്പിൾ മാത്രമാണ്‌ ഇവർ വാങ്ങുന്നത്‌. ഗുണനിലവാരം നിശ്‌ചയിക്കുന്നതും ഇവർതന്നെ. 30 ശതമാനം ആപ്പിൾ മാത്രമാണ്‌ ഇങ്ങനെ ശേഖരിക്കപ്പെടുന്നത്‌. ബാക്കിയുള്ള 70 ശതമാനവും ചുളുവിലയ്‌ക്ക്‌ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു. കശ്‌മീരിലേതുപോലെ ആപ്പിളിന്‌ ഹിമാചലിൽ താങ്ങുവില നിശ്‌ചയിക്കാത്തതും കർഷകരുടെ വരുമാനത്തിൽ വൻ കുറവാണ്‌ വരുത്തുന്നത്‌. മാത്രമല്ല, ഒരു കാർട്ടൺ ആപ്പിളിന്‌ 12 ശതമാനമായിരുന്ന ജിഎസ്‌ടി 18 ശതമാനമാക്കി ഉയർത്തിയതും കർഷകരുടെ കീശ ചോർത്തി.

ആപ്പിൾ കർഷകരുടെ ഉൾപ്പെടെയുള്ള വിഷയങ്ങളെടുത്ത്‌ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നത്‌ സിപിഐ എമ്മും അഖിലേന്ത്യാ കിസാൻസഭയും എസ്‌എഫ്ഐയുമാണ്‌. സിപിഐ എമ്മിനുള്ള ഏക സീറ്റ്‌ ആപ്പിൾ കൃഷിക്ക്‌ തുടക്കം കുറിച്ച തിയോഗിലാണ്‌. ആപ്പിൾ കർഷകരുടെ സമരത്തിന്റെ കേന്ദ്ര ഭൂമിയും  ഇതുതന്നെയാണ്‌. ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യമാണ്‌ ബിജെപിക്കും കോൺഗ്രസിനുമെതിരെയുള്ള ബദൽ രാഷ്ട്രീയശക്തിയായി സിപിഐ എം വളരാനുള്ള കാരണം.  നിലവിൽ ഒരു സീറ്റ്‌ മാത്രമേയുള്ളൂവെങ്കിലും വളരുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ന്‌ സിപിഐ എമ്മാണ്‌. സീറ്റ്‌ വർധിക്കുമെന്ന പ്രതീക്ഷയാണ്‌ ഏക എംഎൽഎ രാകേഷ്‌ സിംഗ പങ്കുവച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top