21 May Saturday

വിസി നിയമനവും അന്തിച്ചർച്ചയും - ഡോ. ധർമരാജ് അടാട്ട് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

അടുത്ത നാളുകളിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ അപകീർത്തിപ്പെടുത്തുന്നതിനായി സംഘടിതമായ നീക്കം വിവിധ വാർത്താമാധ്യമങ്ങളിലൂടെ നടക്കുകയുണ്ടായി. പ്രത്യേകിച്ചും രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റെടുത്തതുമുതൽ ഏതാനും  മാധ്യമങ്ങളുടെ  ഈ പ്രവണത സജീവമാണ്.

എല്ലാവർക്കും അറിയാവുന്നതുപോലെ,  പിണറായി നേതൃത്വം നൽകിയ ആദ്യത്തെ സർക്കാർ പൊതുവിദ്യാഭ്യാസക്രമത്തെ ശക്തിപ്പെടുത്തുന്നതിലാണ് ഊന്നൽ നൽകിയത്. അത് അത്ഭുതകരമായ മാറ്റമാണ് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടാക്കിയത്. വിദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന നിരവധി സ്കൂളുകൾ കേരളത്തിൽ ഉയർന്നുവന്നു.  സ്വകാര്യമേഖലയിൽനിന്ന്‌ വൻതോതിൽ കുട്ടികൾ  പൊതുവിദ്യാലയങ്ങളിലേക്കെത്തി. രണ്ടാം പിണറായി സർക്കാർ ഊന്നൽ നൽകുമെന്ന് പ്രഖ്യാപിച്ചത് ഉന്നതവിദ്യാഭ്യാസരംഗമാണ്. അതിനനുഗുണമായ നിരവധി പ്രവർത്തനങ്ങളും ആരംഭിച്ചു . ഇത്തരം പ്രവർത്തനങ്ങൾ പൂർണമായി വിജയിച്ചാൽ ഉന്നതവിദ്യാഭ്യാസരംഗം കീഴടക്കിയിരിക്കുന്ന വിദ്യാഭ്യാസമുതലാളിമാർക്ക് അലോസരമുണ്ടാകും. ഉന്നതവിദ്യാഭ്യാസരംഗം അന്തിച്ചർച്ചകൾക്ക് വിഷയമായി തീരുന്നത് അതുകൊണ്ടുകൂടിയാണ്.

കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ അന്തിച്ചർച്ച കൊഴുത്തത്. ഒരു വൈസ് ചാൻസലർ പദവിയിൽ പുനർനിയമനം കേരളത്തിനുപുറത്ത് സാധാരണമാണെങ്കിലും കേരളത്തിൽ അത് ആദ്യത്തെ സംഭവമായിരുന്നു. (ഒരേ സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിൽ തുടർച്ചയായി മൂന്നുതവണ പുനർനിയമനം നേടിയവരും ധാരാളം). പുനർനിയമനം അംഗീകരിച്ച ചാൻസലർതന്നെ അതിനെ തള്ളിപ്പറഞ്ഞതോടെയാണ് അന്തിച്ചർച്ച കൊഴുത്തത്. ആക്ഷേപം ഉന്നയിച്ചവരാരും കണ്ണൂർ സർവകലാശാലയുടെ വിസി നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാലാ നിയമത്തിൽ  എന്തു പറയുന്നുവെന്ന് പരിശോധിച്ചില്ല. കേരളത്തിലെ മറ്റു സർവകലാശാല നിയമങ്ങളിലൊന്നും   വൈസ് ചാൻസലർ പദവിയിൽ പുനർനിയമനം നടത്തുന്നതിന് വ്യവസ്ഥയില്ല. കണ്ണൂർ സർവകലാശാലയുടെ ആക്ടിൽ അതുണ്ടുതാനും. സർവകലാശാലകളുടെ ആക്ടും സ്റ്റാറ്റ്യൂട്ട്സും അരച്ചുകലക്കി കുടിച്ചവരെന്ന്‌ കരുതുന്നവർ അത് വായിക്കാതിരുന്നതുകൊണ്ടാണ് അന്തരീക്ഷം മലീമസമായത്. ചാൻസലർക്ക് തന്റെ നിയമനം സാധുവാണെന്ന് കോടതിയിൽ പറയേണ്ടിവന്നതും കോടതി നിയമനത്തെ അംഗീകരിച്ചതും അതുകൊണ്ടാണ്. പുനർനിയമനം, വിസി നിയമനം

ശ്രീശങ്കരാചാര്യ സംസ് കൃത സർവകലാശാലയിലെ വിസി നിയമനമായിരുന്നു അന്തിച്ചർച്ച ഏറ്റെടുത്ത മറ്റൊരു ദൗത്യം. സംസ് കൃതസർവകലാശാല ആക്ടനുസരിച്ച് സെർച്ച് കമ്മിറ്റിക്കാണ് ഇതര സർവകലാശാലകളിലെപ്പോലെ വിസിയുടെ പേര് നിർദേശിക്കാനുള്ള അധികാരം. യുജിസി, സംസ്ഥാനസർക്കാർ, സർവകലാശാല സിൻഡിക്കറ്റ് എന്നിവയെ പ്രതിനിധാനംചെയ്യുന്ന മൂന്നുപേരടങ്ങുന്നതാണ് സെർച്ച് കമ്മിറ്റി.  കമ്മിറ്റി രൂപീകരിച്ചു വിജ്ഞാപനമിറക്കേണ്ടത് ചാൻസലറാണ്.  സമയപരിധിക്കുള്ളിൽ പേര്‌ നിർദേശിക്കാനുള്ള ഉത്തരവാദിത്വം  കമ്മിറ്റിയുടേതാണ്. കമ്മിറ്റിക്ക് ഏകകണ്ഠമായി ഒരു പേര് നിർദേശിക്കാം, അല്ലെങ്കിൽ  പാനൽ നിർദേശിക്കാം. കമ്മിറ്റി ഒരു പേരാണ് നിർദേശിക്കുന്നതെങ്കിൽ ചാൻസലർക്ക്  അംഗീകരിക്കാം.  പാനലാണ് സമർപ്പിക്കുന്നതെങ്കിൽ ചാൻസലർക്ക് അതിൽനിന്ന് ഒരാളെ തെരഞ്ഞെടുക്കാം.  ഒരു പേരാണ് നിർദേശിക്കുന്നതെങ്കിൽ പാനൽ വേണമെന്ന് ശഠിക്കാനോ ഒരു പാനലാണ് സമർപ്പിക്കുന്നതെങ്കിൽ ഒരു പേര്‌ സമർപ്പിക്കണമെന്ന് ആവശ്യപ്പെടാനോ സർവകലാശാലകളുടെ ആക്ട്‌ ചാൻസലർക്ക് അധികാരം നൽകുന്നില്ല. ചാൻസലറും പ്രവർത്തിക്കേണ്ടത് സർവകലാശാലകളുടെ ആക്ടിനും സ്റ്റാറ്റ്യൂട്ട്സിനും അകത്തുനിന്നാണ്. ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയിലെ വിസി  നിയമന കാര്യത്തിൽ ചാൻസലർ തനിക്കില്ലാത്ത അധികാരം പ്രയോഗിക്കാൻ ശഠിക്കുകയാണ് ചെയ്തത്. അന്തിച്ചർച്ച വിശാരദന്മാർ ഇക്കാര്യം പറഞ്ഞതേയില്ല.  കമ്മിറ്റിയുടെ ദൗത്യം പരാജയപ്പെട്ടാൽ യോഗ്യതയുള്ള ഒരാളെ വിസിയായി നിർദേശിക്കാനുള്ള അധികാരം സർക്കാരിനാണ്.

കേരള സർവകലാശാലയോട്  രാഷ്ട്രപതിക്ക് ഓണററി ഡീ–-ലിറ്റ് നൽകാൻ ചാൻസലർ നിർദേശിച്ചെന്നും അത് സർവകലാശാല നിരസിച്ചെന്നുമുള്ള വാർത്തയാണ് അന്തിച്ചർച്ചയ്‌ക്ക് വിഷയീഭവിച്ച മറ്റൊരു കാര്യം. ചാൻസലർ എന്ന നിലയിൽ ആർക്കെങ്കിലും ഡീ–-ലിറ്റ് നൽകണമെന്ന് ആവശ്യപ്പെടാൻ ആ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് അധികാരമോ അവകാശമോ ഒരു സർവകലാശാലയുടെയും ചട്ടങ്ങൾ നൽകുന്നില്ല. പൗരനെന്ന നിലയിൽ ആർക്കും ഏതു സർവകലാശാലയുടെ മുമ്പിലും യോഗ്യതയുള്ളവരെ ഡീ–-ലിറ്റിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെടാം. അത്തരം നിർദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അത് വൈസ്ചാൻസലർ സിൻഡിക്കറ്റിന്റെ പരിഗണനയ്‌ക്ക് സമർപ്പിക്കുകയും സിൻഡിക്കറ്റ് ചർച്ചചെയ്ത് അർഹതയുള്ളതാണെന്ന് ബോധ്യപ്പെട്ടാൽ അക്കാദമിക് കൗൺസിൽ, സെനറ്റ് തുടങ്ങിയ ബന്ധപ്പെട്ട സമിതികളിൽ സമർപ്പിക്കും. അതിന്റെ തീരുമാനം ചാൻസലർക്ക് സമർപ്പിക്കുക  എന്നതാണ്  നടപടിക്രമം. ഏതെങ്കിലും ചാൻസലർ തനിക്ക് അധികാരമുണ്ടെന്ന ധാരണയിൽ ഏതെങ്കിലും സർവകലാശാലയോട് ഇത്തരം നിർദേശം സമർപ്പിക്കുന്നത് അധികാര ദുർവിനിയോഗമാണ്. ആ അധികാര ദുർവിനിയോഗത്തിന് വഴങ്ങിയില്ലെങ്കിൽ സർവകലാശാലകളോട് ഗുസ്തിക്ക് കോപ്പുകൂട്ടുന്നത് അതിലും വലിയ പാതകവുമാണ്. മാത്രമല്ല, ഗവർണർ പദവിയിൽ ഒരു വ്യക്തിയെ നിയോഗിക്കുന്നത് രാഷ്ട്രപതിയാണ്. അതിലൂടെയാണ് ചാൻസലർ പദവി ലഭിക്കുന്നത്. കീഴ് ജീവനക്കാരനിൽനിന്ന്  രാഷ്ട്രപതി ഇത്തരം ബഹുമതികൾ വാങ്ങുന്നത് അനുചിതവും പ്രോട്ടോകോൾ ലംഘനവുമാണ്.

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡിഗ്രി തോറ്റവർക്ക് പിജിക്ക് അഡ്മിഷൻ കൊടുക്കുന്നു എന്നതാണ് രൂക്ഷമായ അന്തിച്ചർച്ചയ്‌ക്ക് വിഷയീഭവിച്ച മറ്റൊരു അജൻഡ.   വാസ്തവത്തിൽ സംസ്കൃത സർവകലാശാലയുടെ പിജി പ്രവേശനവുമായി ബന്ധപ്പെട്ട ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അറിയാത്തതുകൊണ്ടാണ് ഇത്രയും ചർച്ച ഉണ്ടാകാൻ കാരണം. കേരളത്തിലെ ഇതര സർവകലാശാലകൾ ചിന്തിക്കുന്നതിനുമുമ്പ്‌, ഇരുപതു വർഷത്തിലധികമായി സംസ്കൃത സർവകലാശാലയിൽ അഡ്മിഷൻ നടക്കുന്നത് പ്രവേശന പരീക്ഷയിലൂടെയാണ്. ഏതുവിഷയം പഠിച്ചവർക്കും ഏതുവിഷയത്തിന്റെ പ്രവേശനപരീക്ഷയും എഴുതാം. ഡിഗ്രി മാർക്കും വിഷയവും പ്രവേശനമാനദണ്ഡമല്ല. പ്രവേശനപരീക്ഷയിൽ ലഭിക്കുന്ന മാർക്ക് മാത്രമാണ് റാങ്ക് ലിസ്റ്റിനായി പരിഗണിക്കുന്നത്. അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്ന കുട്ടികൾക്കും പ്രവേശന പരീക്ഷ എഴുതാം. വിദ്യാർഥികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാനാണ്  ഈ സംവിധാനം. പക്ഷേ, അവർ അതുവരെയുള്ള സെമസ്റ്റർ പരീക്ഷ വിജയകരമായി പൂർത്തീകരിച്ചിരിക്കണം. പ്രവേശനസമയത്ത് ഡിഗ്രി മാർക്ക് ലിസ്റ്റും ഡിഗ്രി സർട്ടിഫിക്കറ്റും സമർപ്പിക്കാൻ കഴിയാത്തവരോട്  നിശ്‌ചിത സമയത്തിനുള്ളിൽ  ഹാജരാക്കണമെന്ന് നിർദേശിക്കുകയാണ് പതിവ്. ആ തീയതിക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തവരുടെ അഡ്മിഷൻ സ്വമേധയാ നഷ്ടപ്പെടും. അതിനു സമ്മതമാണെന്ന രേഖ സമർപ്പിച്ചുകൊണ്ടാണ് താൽക്കാലിക പ്രവേശനം നേടുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഡിഗ്രി പാസായ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തവർക്ക് പഠനം തുടരാൻ കഴിയില്ല. അഡ്മിഷൻ നേടിയ കുട്ടികൾക്കായിമാത്രം സപ്ലിമെന്ററി പരീക്ഷ നടത്താറില്ല. എല്ലാ സപ്ലിമെന്ററി പരീക്ഷയും പൊതുപരീക്ഷകളായിട്ടാണ് നടത്താറുള്ളത്.

സർവകലാശാല ഏതുമാകട്ടെ, അവിടത്തെ അധികാരികൾ അതാതിടത്തെ ചട്ടങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അത് ഉറപ്പുവരുത്തേണ്ടത് ചാൻസലറും ചാൻസലറുടെ അഭാവത്തിൽ പ്രോ ചാൻസലറുമാണ്.  അധികാരികളെ നിയന്ത്രിക്കേണ്ട ചാൻസലറും പ്രോ ചാൻസലറും ചട്ടങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ച സംഭവിച്ചാൽ മൊത്തം തകരാറിലാകും. 

ഉന്നതവിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളെ മനസ്സിലാക്കുകയും അത് ലംഘിക്കുന്നതായി ബോധ്യപ്പെടുകയും ചെയ്താൽ വാർത്താമാധ്യമങ്ങൾ പ്രതികരിക്കണം. നിയമങ്ങൾ കൃത്യമായി പഠിച്ചവരെ ചർച്ചകൾക്കായി നിയോഗിക്കണം. ഉന്നതവിദ്യാഭ്യാസരംഗത്തെ ശാക്തീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം, വെറുതെ അപകീർത്തിപ്പെടുത്താനായിരിക്കരുത്. സമയം എല്ലാവരുടെയും വിലപ്പെട്ടതാണ്.

(കാലടി സംസ്‌കൃത സർവകലാശാലയുടെ മുൻ വിസിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top