29 March Friday

വിദ്യാഭ്യാസമേഖലയ്‌ക്ക്‌ മിന്നും തിളക്കം

ഡോ. ജെ പ്രസാദ്Updated: Tuesday Jan 11, 2022

2021ൽ കേരളത്തിന്റെ വിദ്യാഭ്യാസമേഖല, പൊതുവിദ്യാഭ്യാസവും  ഉന്നതവിദ്യാഭ്യാസവും എല്ലാ അർഥത്തിലും ലോകശ്രദ്ധ പിടിച്ചുപറ്റി. രാജ്യത്തിനകത്തും പുറത്തും നടന്ന മിക്കവാറും എല്ലാ സർവേയിലും കേരളീയ വിദ്യാഭ്യാസം ചർച്ചാവിഷയമായി. മഹാമാരിയുടെ കാലം ഗവേഷണ കാലഘട്ടംകൂടി ആയിരുന്നല്ലോ.  സമീപകാലങ്ങളിൽ ഉണ്ടായ എല്ലാ ദുരന്തവും ദീർഘവീക്ഷണത്തോടെ ജനങ്ങളെ അണിനിരത്തി നാം അതിജീവിച്ചു. ദുരന്തകാലഘട്ടത്തിൽ ജനങ്ങളെ ചേർത്തുപിടിക്കാനും അവർക്ക്‌ ആവശ്യമായ ഭക്ഷണം, ഭവനം, തൊഴിൽസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യരക്ഷ എന്നിവയെല്ലാം  നൽകുന്നതിൽ കേരളം പ്രത്യേകം ശ്രദ്ധിച്ചു.

കോവിഡുകാല വിദ്യാഭ്യാസപ്രവർത്തനങ്ങളെക്കുറിച്ച്  വിവിധ ഏജൻസി നടത്തിയ ഗവേഷണ റിപ്പോർട്ടിലെല്ലാം കേരളം ലോകശ്രദ്ധ  ആകർഷിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ  ലഭ്യമായ ഭൗതിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി. പഠനോപകരണങ്ങൾ ജനകീയ ഇടപെടലിലൂടെ എത്തിച്ചു. മോഡൽ പരീക്ഷകളും പൊതുപരീക്ഷകളും ഫലപ്രഖ്യാപനങ്ങളുമെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ കൃത്യമായി നടത്താൻ കേരളത്തിനു മാത്രമാണ് സാധിച്ചത്. സ്വാഭാവികമായും വിദ്യാഭ്യാസ/ആരോഗ്യ/പൊതുവിതരണ രംഗങ്ങളിൽ കേരള സർക്കർ നടത്തിയ ഇടപെടലുകൾ ലോകശ്രദ്ധ ആകർഷിക്കപ്പെട്ടു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2021 നവംബർ, ഡിസംബർ മാസങ്ങളിലായി പുറത്തുവന്ന എഡ്യൂക്കേഷൻ വേൾഡ് മാഗസിന്റെയും പ്രഥമ ഫൗണ്ടേഷന്റെയും (അസർ റിപ്പോർട്ട്‌ 2021) സർവേ റിപ്പോർട്ടുകളിൽ നാം കണ്ടത്.

എഡ്യൂക്കേഷൻ വേൾഡ് സർവേ
വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട 10 ലക്ഷത്തിൽപ്പരം വായനക്കാർ തങ്ങളുടെ മാഗസിന് ഉണ്ടെന്നവകാശപ്പെടുന്ന ‘എഡ്യൂക്കേഷൻ വേൾഡ്’ മാഗസിൻ നടത്തിയ ‘ഇന്ത്യ സ്കൂൾ സർവേ 2021–-22’ന്റെ ആദ്യ റിപ്പോർട്ട്‌ നവംബർ 15നു പ്രസിദ്ധീകരിക്കുകയുണ്ടായി. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സി ഫോർ എന്ന ഗവേഷണസ്ഥാപനവുമായി ചേർന്ന് 28 സംസ്ഥാനത്ത്‌ നടത്തിയ, 15–-ാമത് എഡ്യൂക്കേഷണൽ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്‌ സർവേയുടെ ആദ്യ റിപ്പോർട്ട്‌ നവംബർ 15നും അവസാനത്തെ റിപ്പോർട്ട്‌ ഡിസംബർ 16നും  പ്രസിദ്ധീകരിക്കപ്പെട്ടു. ഡേ സ്‌കൂൾ, ബോർഡിങ്‌ സ്‌കൂൾ, സ്പെഷ്യൽ സ്‌കൂൾ എന്നീ മൂന്ന്‌ വിഭാഗത്തിലും ഏഴ് ഉപവിഭാഗത്തിലുമായി ഏറ്റവും ഉന്നതനിലവാരം പുലർത്തുന്ന 3000 സ്‌കൂളിനെ കണ്ടെത്തുകയെന്ന സുപ്രധാന പ്രവർത്തനമാണ് സർവേയിലൂടെ ലക്ഷ്യമിട്ടത്. അധ്യാപകക്ഷേമവും വികാസവും, കാര്യക്ഷമത/ജനപ്രീതി, വിദ്യാർഥികളോടുള്ള വ്യക്തിഗതശ്രദ്ധ, നേതൃപാടവം, ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി, രക്ഷാകർതൃ ഇടപെടൽ, സാമൂഹ്യസേവനം, സവിശേഷ വിദ്യാലയങ്ങളിലെ ഇടപെടൽ തുടങ്ങി 14 മാനദണ്ഡത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ അഖിലേന്ത്യാ സർവേയിൽ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാഭ്യാസപ്രവർത്തകർ എന്നിങ്ങനെ വ്യത്യസ്തമേഖലയിലുള്ള 11,458 പേർ പങ്കെടുത്തു. ഇത്തവണ അധ്യാപകരുടെ കഴിവും നൈപുണിയും കാര്യക്ഷമതയും മറ്റും പരിശോധിക്കുന്നതിന് പ്രത്യേക പരീക്ഷയും നടത്തുകയുണ്ടായി.


 

ഈ സർവേയിലൂടെ കണ്ടെത്തിയ 3000 സ്‌കൂളിൽ ആദ്യത്തെ നൂറെണ്ണത്തിൽ കേരളത്തിന്റെ നിരവധി സ്‌കൂൾ സ്ഥാനംപിടിച്ചു. നടക്കാവ് ഗവ. സ്‌കൂൾ (നാല്‌) ഉൾപ്പെടെ കേന്ദ്ര–-സംസ്ഥാന സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന രണ്ട് ഡസനോളം സ്‌കൂൾ  മുൻനിരപ്പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് കേരളം അനതിവിദൂരഭാവിയിൽ ഒരു വിദ്യാഭ്യാസ ഹബ്ബായി മാറുമെന്നുതന്നെയാണ്. മൂന്നാറിലെ സൃഷ്ടി  വെൽഫെയർ സെന്റർ നടത്തുന്ന യർ സ്‌പെഷ്യൽ സ്‌കൂൾ, ദേശീയതലത്തിൽ 22–-ാം സ്ഥാനത്തെത്തി.

2021 ഡിസംബർ 16നു പുറത്തുവന്ന അന്തിമ റിപ്പോർട്ട് 2021–-22ലെ ഏറ്റവും ശ്രദ്ധേയമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചാണ്. അധ്യാപകരുടെ കഴിവ്,  അധ്യാപക ശാക്തീകരണം, ഭൗതിക സൗകര്യങ്ങൾ, പാഠ്യപദ്ധതിയും ബോധനരീതിയും ഉദ്യോഗലബ്ധി, ഭരണമികവ് എന്നിങ്ങനെ ആറ് മാനദണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തെ ഏറ്റവും നല്ല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തിയത്. കൊച്ചിയിലെ മഹാരാജാസ് കോളേജാണ് സർക്കാർ മേഖലയിലുള്ള സ്വയംഭരണ കോളേജുകളിൽ രണ്ടാം സ്ഥാനത്തുള്ളത്. സ്വകാര്യ ഓട്ടോണമസ് കോളേജുകളിൽ കേരളത്തിലെ ഇരുപതോളം കോളേജ്‌ ആദ്യത്തെ 90 റാങ്കിനുള്ളിൽ ഉൾപ്പെടുന്നുണ്ട്.

ഏറ്റവും മുന്നിൽ നിൽക്കുന്ന സർവകലാശാലകളിൽ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്‌ ടെക്നോളജി (12), എം ജി സർവകലാശാല (33), കുസാറ്റ് (49), കേരള സർവകലാശാല (52), കേന്ദ്ര സർവകലാശാല, കാസർകോട്‌ (84) എന്നിങ്ങനെയാണ്. 2021ൽ നടത്തപ്പെട്ട മറ്റ് സർവേകളിലും കേരളത്തിലെ നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ആദ്യത്തെ നൂറെണ്ണത്തിനുളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രമേണ ഉന്നതനിലവാരത്തിലേക്ക്  കുതിക്കുന്നു എന്നതാണ്.

അസർ റിപ്പോർട്ടിലും ഒന്നാമത്
ഒരു ചെറിയ ഇടവേള ഒഴിച്ചാൽ 2005 മുതൽ വർഷംതോറും ഏറെക്കുറെ കൃത്യമായി നടന്നുവരുന്ന ഒരു സ്കൂൾപഠന നിലവാര സർവേയാണ് അസർ റിപ്പോർട്ട്‌. കഴിഞ്ഞ നവംബർ 17നു പ്രസിദ്ധീകരിച്ച 2021ലെ റിപ്പോർട്ടിൽ മഹാമാരിക്കാലത്ത് കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. കോവിഡ് പ്രതിസന്ധികാലത്ത് മറ്റെല്ലാ സംസ്ഥാനവും പകച്ചുനിന്നപ്പോൾ കേരളത്തിൽ 91 ശതമാനം കുട്ടികൾക്ക് ഗ്രാമ/നഗര വ്യത്യാസമില്ലാതെ പഠന സൗകര്യമൊരുക്കുന്നതിൽ കേരളം വിജയിക്കുകയുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ ഡിവൈഡ് പൂർണമായും ഇല്ലാതാക്കുന്നതിന് കേരളം നടത്തിയ ജനകീയ ഇടപെടലിലൂടെ 97.5 ശതമാനം കുട്ടികൾക്കും പഠനോപകരണങ്ങൾ ലഭ്യമാക്കി. 81.4 ശതമാനം കുട്ടികൾക്ക് വീടുകളിൽ രക്ഷിതാക്കളുടെ പഠനപിന്തുണ ലഭിക്കുന്നുണ്ട്. 97.1 ശതമാനം കുട്ടികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കി. കോവിഡ് കാലത്ത് 91 ശതമാനം കുട്ടികൾക്കും വീടുകളിൽ പഠനാനുബന്ധ പ്രവർത്തനങ്ങൾക്കുള്ള സംവിധാനം ഏർപ്പെടുത്തി. സർവേയുടെ രീതിശാസ്ത്രം സംബന്ധിച്ച് വ്യത്യസ്താഭിപ്രായം ഉണ്ടെങ്കിലും അതിന്റെ കണ്ടെത്തൽ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്ലാഘനീയമാണ്.

മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഇവിടെ പരാമർശിക്കപ്പെട്ട രണ്ട് സർവേയും കേരളത്തിന് അഭിമാനിക്കാൻ വക നൽകുന്നതാണ്.  പുത്തൻ വിജ്ഞാനസമൂഹത്തെ സൃഷ്ടിച്ചുകൊണ്ട് നമ്മുടെ കേരളത്തെ പുനർനിർമിക്കാനുള്ള കേരള സർക്കാരിന്റെ യജ്ഞത്തിൽ നമുക്ക് സ്വയംസമർപ്പിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top