10 December Sunday

ഉണർവോടെ ഉന്നതവിദ്യാഭ്യാസം - ഡോ. ജെ പ്രസാദ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2023

കേരളത്തിന്റെ, പ്രത്യേകിച്ച് വിദ്യാഭ്യാസ-–- ആരോഗ്യമേഖലകളിലെ നേട്ടങ്ങളെ  എല്ലാ അർഥത്തിലും തമസ്കരിക്കാൻ ആഗ്രഹിക്കുന്ന കേന്ദ്രസർക്കാർ ഏജൻസികൾ നടത്തുന്ന പഠനങ്ങളിലെല്ലാം കേരളം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ  മുന്നിലാണ്. ഗത്യന്തരമില്ലാതെ, ഈ വസ്തുത അംഗീകരിക്കാൻ കേന്ദ്രഭരണകൂടം തയ്യാറായിട്ടും നമ്മുടെ നാട്ടിലെ ചില വികസനവിരോധികൾക്ക് അത്‌ അംഗീകരിക്കാൻ കഴിയുന്നില്ല. ഈ അടുത്തദിവസം  പുറത്തുവിട്ട പതിനൊന്നാം ദേശീയ ഉന്നതവിദ്യാഭ്യാസ സർവേ (2020-–-21)യുടെ റിപ്പോർട്ടിലും കേരളം ഏറെ മുന്നിലാണ്. ഇൻസ്റ്റിറ്റ്യൂഷൻ ഡെൻസിറ്റി, ഗ്രോസ് എൻറോൾമെന്റ്‌ റേഷ്യോ, അധ്യാപക- വിദ്യാർഥി അനുപാതം, ലിംഗസമത്വസൂചിക എന്നീ അഞ്ച് സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്‌ തയ്യാറാക്കപ്പെട്ടത്. 2020ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

രണ്ടാം പിണറായി സർക്കാരിന്റെ 2021-–-22ലെ ബജറ്റിൽ പൊതുവിദ്യാഭ്യാസത്തെ അപേക്ഷിച്ച് ഉന്നതവിദ്യാഭ്യാസത്തിനാണ് കൂടുതൽ ഊന്നൽ നൽകിയിട്ടുള്ളത്. അതിന്റെ പ്രതിഫലനം പന്ത്രണ്ടാം ദേശീയ സർവേ റിപ്പോർട്ടിൽ വരാനിരിക്കുന്നതേ  ഉള്ളൂ. ഈ വർഷത്തെ ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവിനായി 816.79 കോടിയുടെ പ്രത്യേക കർമപദ്ധതിക്ക്‌ കേരളം രൂപം നൽകിക്കഴിഞ്ഞു. യൂണിവേഴ്സിറ്റികളിലെ ഗവേഷണഫലങ്ങളും കണ്ടുപിടിത്തങ്ങളും പ്രായോഗികജീവിതത്തിന് ഉതകുംവിധം പ്രക്രിയാബന്ധിതമാക്കുന്നതിന്റെ റിസ്ക് കവറേജ് എന്ന നിലയിൽ, ട്രാൻസ്ലേഷൻ റിസർച്ചിന് തുടക്കമെന്ന നിലയിൽ പത്തുകോടിയാണ് കേരളം ബജറ്റീകരിച്ചത്. കൂടാതെ വിവിധ വൈജ്ഞാനിക മേഖലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനായി 14 കോടിയും നീക്കിവച്ചിരിക്കുന്നു. വിജ്ഞാന സമൂഹനിർമിതിയുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസത്തിന്‌ അർഹരായ നമ്മുടെ യുവജനങ്ങളിൽ അന്തർലീനമായി കിടക്കുന്ന സമസ്ത സർഗസാധ്യതകളെയും അന്വേഷണ തൃഷ്ണകളെയും കണ്ടെത്തി, തട്ടിയുണർത്തി വളർത്തി വികസിപ്പിക്കുന്ന ഇടമായി നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിത്തീർക്കുക എന്നതാണ് സർക്കാർ നയം.

പണമുള്ളവന് മാത്രം ഉന്നതവിദ്യാഭ്യാസം എന്ന കേന്ദ്രനയം മാറ്റിക്കൊണ്ട്, അറിവിനെ സാർവത്രികമാക്കാനും  ജനകീയവൽക്കരിക്കാനും ജനാധിപത്യവൽക്കരിക്കാനും അതുവഴി ചൂഷണമുക്തവും ഉൽപ്പാദന-വിനിമയ പ്രക്രിയാധിഷ്ഠിതവുമാക്കാനാണ് കേരളം ശ്രമിക്കുന്നത്. അതിന് ഉന്നതവിദ്യാഭ്യാസത്തിന് അർഹരായ (18-–-23)എല്ലാവരെയും ഉന്നതവിദ്യാ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടിയിരിക്കുന്നു. ഗ്രോസ് എൻറോൾമെന്റ്‌ റേഷ്യോ  ദേശീയ ശരാശരിയായ 27.3 നേക്കാൾ ബഹുദൂരം മുന്നിലാണ് (43.2%) നമ്മൾ. അതിൽത്തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്  പട്ടികജാതി/വർഗ/ന്യൂനപക്ഷ വിദ്യാർഥികളുടെ സാന്നിധ്യം അത്യന്തം ആശാവഹവുമാണ്.  23 സർവകലാശാല/സമാന സ്ഥാപനങ്ങളും 1448 കോളേജും ഉള്ള കേരളം, ഏറ്റവും കൂടുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ആദ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ  സ്ഥാനം പിടിച്ചുകഴിഞ്ഞു.

ദേശീയതലത്തിൽ ഒരു ലക്ഷം വിദ്യാർഥികൾക്ക് കേവലം 30 കോളേജ്‌ ഉള്ളപ്പോൾ കേരളത്തിന്റെ കോളേജ് ഡെൻസിറ്റി 50 ആയി. കേരളത്തെ, ഉന്നതവിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബാക്കുക എന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ പ്രഖ്യാപിത നയം. 2016ൽ യുഡിഎഫ് സർക്കാർ, ഗ്ലോബൽ എഡ്യൂക്കേഷൻ മീറ്റിന്റെ  ഭാഗമായി ഇത്തരം ഒരു പ്രഖ്യാപനം കോവളത്ത് ,നടത്തിയത് മറക്കാറായിട്ടില്ല. അവർക്ക് കഴിയാത്തത് ഇടതുപക്ഷ സർക്കാർ നടത്തുന്നതിലൂടെ ചരിത്രം തിരുത്തി എഴുതപ്പെടുകയാണ്.

ഗുണമേന്മയുടെ മാനദണ്ഡം വിദേശപഠനമോ
കേരളത്തിൽനിന്ന്‌ വിദ്യാർഥികൾ  വിദേശത്തേക്കു പോകുന്നത്, കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന് ഗുണമേന്മയില്ലാത്തതുകൊണ്ടാണ് എന്ന വ്യാജപ്രചാരണം, സർവേ റിപ്പോട്ട്  പുറത്തുവന്നതോടെ വ്യാപകമായിട്ടുണ്ട്. റിപ്പോർട്ടിൽ കേരളം നേടിയ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും നമ്മുടേതല്ലാത്ത കാരണത്താൽ ഉണ്ടായ ‘കോട്ടങ്ങളെ’ പർവതീകരിക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യമാകെ, വിദേശപഠനത്തിനു പോയ വിദ്യാർഥികളുടെ എണ്ണത്തിൽ പൊതുവേ ഗണ്യമായ കുറവ് സംഭവിച്ചു എന്നത് ഇവർ ബോധപൂർവം വിസ്മരിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത്  വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നപ്പോൾ ജനങ്ങളുടെ സഹകരണത്തോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കിയ സംസ്ഥാനമാണ് കേരളം. അത് യുനെസ്കോ ഉൾപ്പെടെ അംഗീകരിച്ച  കാര്യമാണ്. 2016നെ അപേക്ഷിച്ച് (32.4%) 2020–--21ൽ കേരളത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് ചേർന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന (43.2%) ഉണ്ടായി . നൂതനങ്ങളായ ഒട്ടേറെ കോഴ്സുകൾക്ക് കേരളം തുടക്കം  കുറിച്ചു എന്നത് ചെറിയ കാര്യമല്ല.

ഒഴിഞ്ഞുകിടന്ന അധ്യാപക തസ്തികകൾ നികത്തി. പൊതുവിദ്യാഭ്യാസ മേഖലയിലും വർധമാനമായ തോതിൽ വിദ്യാർഥികളുടെ കടന്നുവരവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. വിദേശസർവകലാശാലകളിൽ ഉന്നതപഠനത്തിന് പോകുക എന്നത് ശക്തമായ സാമ്പത്തിക അടിത്തറയുള്ളവർക്കു മാത്രം സാധിക്കുന്ന കാര്യമാണ്. ലോക റാങ്കിങ്ങിൽ നിശ്ചിത നിലവാരമുള്ള സർവകലാശാലകളിൽ പ്രവേശനം കിട്ടുന്നവർക്കു മാത്രമേ കർശനമായ  വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ബാങ്കുകൾ വിദ്യാഭ്യാസ ലോൺ നൽകുകയുള്ളൂ എന്ന യാഥാർഥ്യം നിലനിൽക്കെ, കേരളസർക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടാണ് നമ്മുടെ കുട്ടികൾ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചേരാതെ വിദേശത്തേക്ക് പോകുന്നത് എന്ന വാദം നിരർഥകവും വസ്തുതാവിരുദ്ധവുമാണ്. എന്തായാലും ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്താൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായി  സമിതിക്ക് സർക്കാർ രൂപം നൽകിക്കഴിഞ്ഞു.


 

വിദേശ സർവകലാശാലകളിൽ ഉന്നതപഠനത്തിനായി 7.5 ലക്ഷം വിദ്യാർഥികളാണ് കഴിഞ്ഞ വർഷം പോയത് എന്ന് ജോസ് കെ മാണിയുടെ ചോദ്യത്തിന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെന്റിൽ മറുപടി പറയുകയുണ്ടായി. സർവേ റിപ്പോർട്ട് പ്രകാരം 2022 നവംബർ വരെ 6,46,206 വിദ്യാർഥികൾ ആണ് ഉപരിപഠനത്തിനായി വിദേശത്ത് പോയത്.  168 രാഷ്ട്രങ്ങളിൽനിന്നായി അരലക്ഷത്തിൽ താഴെ (49,348) കുട്ടികളാണ് ഇന്ത്യയിൽ ഉപരിപഠനത്തിനെത്തിയത്. പഠനത്തോടൊപ്പം ജോലി ചെയ്യാൻ വിദേശരാജ്യങ്ങളിൽ യഥേഷ്ടം അവസരം ലഭിക്കുന്നു എന്നതും ആവശ്യമെങ്കിൽ അവിടങ്ങളിലെ സ്ഥിരപൗരത്വം ലഭ്യമാക്കാൻ അനായാസേന സാധിക്കും എന്നതുമാണ് കുട്ടികളെ വിദേശങ്ങളിലേക്ക് ആകർഷിക്കാനുള്ള സുപ്രധാന കാരണം. 1994ൽ സ്ഥാപിതമായ നാഷണൽ അസസ്‌മെന്റ്‌ ആൻഡ്‌ അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ആണ് രാജ്യത്തെ കോളേജുകളും സർവകലാശാലകളും അക്രഡിറ്റ് ചെയ്യാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക ഏജൻസി.  നാക്കിന്റെ അക്രഡിറ്റേഷനിൽ നമ്മുടെ മിക്ക സർവകലാശാലകൾക്കും ഉയർന്ന ഗ്രേഡായ എ+/എ++ ആണ് ലഭിച്ചിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എൻഐആർഎഫ് റാങ്കിങ്ങിലും കേരളം എടുത്തുപറയത്തക്ക  നേട്ടം കൈവരിച്ചിട്ടുണ്ട്.

ഈ നേട്ടങ്ങൾ ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. സി എം @ക്യാമ്പസ് എന്ന പരിപാടിയിലൂടെ കൃത്യമായ ലക്ഷ്യബോധത്തോടെയും ആസൂത്രണത്തോടെയും ക്യാമ്പസുകൾ സന്ദർശിച്ച്  നേടിയ അനുഭവങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ നടപ്പാക്കിവരുന്ന ‘ഉന്നതവിദ്യാഭ്യാസയജ്ഞ’ ത്തിന്റെ പ്രതിഫലനമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലകളിൽ നാം ഇന്ന് കാണുന്ന ഉണർവ്. അതിന്റെ തുടർച്ചയായിട്ടാണ് ‘അസാപി’ന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം അങ്കമാലിയിൽ സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർഥി ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി  പിണറായി വിജയൻ നടത്തിയ പ്രഖ്യാപനങ്ങളും സംവാദങ്ങളും. സർവകലാശാലാ രംഗത്തെ അക്കാദമികമികവ് മാറ്റുരയ്‌ക്കുന്നതിന് അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനും സർക്കാർ  തീരുമാനിച്ചു. വരാൻ പോകുന്നത് അവസരങ്ങളുടെ ആകാശമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അർഥവത്താകും എന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്റെ  ഗതകാല പ്രഖ്യാപനങ്ങളെല്ലാം സമയബന്ധിതമായി  അർഥപൂർണമാക്കിയത് കേരളം കണ്ടതാണ്.

കേന്ദ്രം പിന്നോട്ട് , 
കേരളം മുന്നോട്ട്
വിദ്യാഭ്യാസരംഗത്ത് വർധിപ്പിച്ച ബജറ്റ് വിഹിതം നൽകുന്ന കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിരിക്കുന്നു. നാം പൊതുവിദ്യാഭ്യാസരംഗത്ത് നടത്തിയ നൂതനപരിഷ്കാരങ്ങൾ കണ്ടുപഠിക്കാനും അത് തങ്ങളുടെ രാജ്യത്ത് നടപ്പാക്കാനും വിദ്യാഭ്യാസകാര്യത്തിൽ ലോകമാതൃകയായ ഫിൻലൻഡ് പോലുള്ള രാജ്യങ്ങൾ കേരളത്തിൽ വന്നുപോയത് നമ്മുടെ മാധ്യമങ്ങൾ കണ്ടില്ലെങ്കിലും ലോകരാഷ്ട്രങ്ങൾ അറിഞ്ഞുകഴിഞ്ഞു. അതേസമയം കേന്ദ്രസർക്കാർ വിദ്യാഭ്യാസത്തിന് നീക്കിവച്ച ഈ വർഷത്തെ ബജറ്റ് വിഹിതമാകട്ടെ  ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തുകയാണ്. 2022ലെ മൊത്തം അടങ്കലായ 5020 കോടിയിൽനിന്നും 3097.6 കോടിയായി ബജറ്റ് വിഹിതം കുറച്ചു. രാജ്യത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകിവന്നിരുന്ന ആനുകൂല്യങ്ങളിൽ  ഗണ്യമായ കുറവ് വരുത്തി. ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്‌ നിർത്തലാക്കി. ബജറ്റ് പ്രഖ്യാപനത്തിനു മുമ്പ് തന്നെ മൗലാനാ ആസാദ് ഫെലോഷിപ്‌ നിർത്തലാക്കിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ബജറ്റിൽ വെട്ടിക്കുറവോടെ പുനഃസ്ഥാപിച്ചു. മദ്രസ സഹായം 160 കോടിയിൽനിന്ന്‌ 10 കോടിയായി  (93%) വെട്ടിക്കുറച്ചു. ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പിനുള്ള തുക 1425 കോടിയിൽനിന്ന്‌ 992 കോടിയായി കുറച്ചു. കേന്ദ്രാവിഷ്കൃതപദ്ധതിയായ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനുള്ള വിഹിതം 87ശതമാനം വെട്ടിക്കുറച്ചുകൊണ്ട് 365 കോടി 44 കോടിയാക്കി. ഫെലോഷിപ്പുകളുടെയും  സ്കോളർഷിപ്പുകളുടെയും എണ്ണവും തുകയും ഗണ്യമായി വെട്ടിക്കുറച്ചു. കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽപോലും 700 കോടിയുടെ വെട്ടിനിരത്തൽ നടത്തി. സ്വതന്ത്രഭാരതത്തിൽ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപുരോഗതിക്ക് മുൻ സർക്കാരുകൾ നൽകിവന്ന എല്ലാ ആനുകൂല്യങ്ങളും ഇതോടെ മോദി സർക്കാർ അവസാനിപ്പിക്കും. കോളേജ്- സർവകലാശാല അധ്യാപകർക്ക് ഏഴാം ശമ്പള പരിഷ്കാരം നടപ്പാക്കിയതിന്റെ ഭാഗമായി കേരളത്തിനു നൽകേണ്ട 750 കോടി രൂപ നിഷേധിച്ചു. ഇവിടങ്ങളിലൊക്കെ വെട്ടിക്കുറച്ച തുക വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ പുതുതായി തുടങ്ങിയ ഭാരതീയ വിജ്ഞാനവികസനത്തിനും ഗവേഷണത്തിനുമായുള്ള പദ്ധതികൾക്കായി ചെലവഴിക്കും എന്നകാര്യം നിസ്തർക്കമാണ്.  കേന്ദ്രസർക്കാർ ഇല്ലാതാക്കിയ എല്ലാ ന്യൂനപക്ഷ പദ്ധതികളും കേരളം തുടർന്നും നൽകുമെന്ന  മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് വലിയ ആശ്വാസമാണ് പ്രദാനം ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top