26 April Friday

ഉന്നതവിദ്യാഭ്യാസമേഖലയും ഗവർണർമാരുടെ ഇടപെടലും - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2022

വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനുമുള്ള പരിശ്രമങ്ങൾ ബിജെപി അധികാരത്തിലെത്തിയ ഇടങ്ങളിലെല്ലാം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കാനുള്ള പരിശ്രമങ്ങൾ ഏറെ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഇടയാക്കുകയും ചെയ്തതാണ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ അഖിലേന്ത്യാ തലത്തിൽത്തന്നെ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുവായ ലിസ്റ്റിൽപ്പെടുന്ന വിദ്യാഭ്യാസത്തെ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങൾ പോലും സ്വീകരിക്കാതെ നടപ്പാക്കുന്ന പ്രവണത ശക്തിപ്പെടുത്തിയിരിക്കുകയാണ്. 

ബിജെപി സർക്കാർ അധികാരത്തിൽ വന്നയുടനെ ഇന്ത്യയിലെ പ്രശസ്തമായ സർവകലാശാലകളെയെല്ലാം കൈപ്പിടിയിലൊതുക്കുന്നതിന് പദ്ധതി ആരംഭിച്ചു. ശക്തമായ ചെറുത്തുനിൽപ്പ് ഉയർന്നുവന്നു. ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ജാമിയ മിലിയ യൂണിവേഴ്സിറ്റി, മദ്രാസ് ഐടിഐ തുടങ്ങിയവയിലെല്ലാം വിദ്യാർഥി പ്രതിരോധങ്ങൾ ഉയർന്നുവന്നു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്ന രോഹിത്ത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ചത് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു.

2020ലെ ദേശീയ വിദ്യാഭ്യാസനയവും ഇത്തരം ഇടപെടലിന്റെ ഭാഗമായിരുന്നു. ആർഎസ്എസിന്റെ ഭാരവാഹികളും അത്തരം സംഘടനകളും ചേർന്ന കമ്മിറ്റിയാണ് ഇതിന്റെ കരടിന് അന്തിമരൂപം നൽകിയത്. ഇതിന്റെ പൊതുലക്ഷ്യം ഹിന്ദുത്വ അജൻഡയെ വിദ്യാർഥികൾക്കിടയിൽ എത്തിക്കുക എന്നതായിരുന്നു. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണവും ഇടപെടലും ഇതിന്റെ തുടർച്ചയായി മുന്നോട്ടുവച്ചു.  സംസ്ഥാന സർക്കാരുകൾക്ക് സ്കൂളുകളും സ്ഥാപനങ്ങളും നടത്തുന്നതിനുള്ള ഭരണഘടനാപരമായ അവകാശങ്ങളിൽപ്പോലും ഇതിലൂടെ ഇടപെടൽ നടത്തി. ചരിത്രപഠനമെന്നത് ഹിന്ദുത്വ രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കുന്ന തരത്തിലുള്ളതാക്കി മാറ്റി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിനെ നേരിട്ട് ഇടപെടുന്നതിന് സംസ്ഥാന സർക്കാരുകളുടെയും സർവകലാശാലകളുടെയും അധികാരം തടസ്സം സൃഷ്ടിക്കുന്നതാണ്. ഇതിനെ മറികടക്കുന്നതിന് സംഘപരിവാർ കണ്ടെത്തിയവഴി ഗവർണർമാരെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസരംഗത്ത് ഇടപെടുകയെന്നതാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സർവകലാശാലകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളെ മറികടന്ന് ഗവർണർമാർ നടത്തുന്ന ഇടപെടലുകളെ ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് നാം കാണേണ്ടത്. കേരളത്തിനു പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവർണർമാർ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടൽ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും.

തമിഴ്നാട്ടിലെ സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിൽ ഗവർണർ തുടർച്ചയായി ഇടപെടൽ നടത്തുന്ന സ്ഥിതിയുണ്ടായി. സർക്കാർ പോലും അറിയാതെ വിസിമാരുടെ യോഗം വിളിച്ചുചേർക്കുകയും ചെയ്തു. ഇത് അവിടെ ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചു. ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ നീറ്റിനെതിരായ ബിൽ രണ്ടു തവണയാണ് തമിഴ്നാട് നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചത്. തുടർന്ന് സംസ്ഥാന സർക്കാർ 13 സർവകലാശാലയിലെ വിസി നിയമനത്തിനുള്ള ഗവർണറുടെ അധികാരം പരിമിതപ്പെടുത്തി. സർക്കാർ നൽകുന്ന മൂന്നംഗ പട്ടികയിൽനിന്നാണ് വിസി നിയമനം നടത്തേണ്ടതെന്നും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്തു. ബിൽ ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽ വിസിമാരെ നിയമിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ മറുപടി നൽകി.

പശ്ചിമബംഗാളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ വഴിവിട്ട ഇടപെടൽ പ്രശ്നങ്ങളിലേക്ക് നയിച്ചു. തുടർന്ന് 17 സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ സംസ്ഥാന സർക്കാർ നീക്കി. കേന്ദ്ര സർവകലാശാലയായ വിശ്വഭാരതിയുടെ ചാൻസലർ പ്രധാനമന്ത്രിയാണെന്നും മുഖ്യമന്ത്രി സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ ആകുന്നതിൽ തെറ്റൊന്നും ഇല്ലെന്നായിരുന്നു ഇക്കാര്യത്തിൽ ബംഗാളിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

രാജസ്ഥാനിൽ ജേർണലിസം ആൻഡ്‌ മാസ് കമ്യൂണിക്കേഷൻ സർവകലാശാലയിൽ നടത്താൻ തീരുമാനിച്ച രണ്ട് യോഗം ബിജെപി എംപിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ തടഞ്ഞു. ഇത് അവിടെയും സംഘർഷങ്ങൾ സൃഷ്ടിച്ചു. സംസ്ഥാന സർക്കാരിനു കീഴിലുള്ള 28 സർവകലാശാലയുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കാൻ സംസ്ഥാന സർക്കാരിന് ആലോചനയുണ്ടെന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.


 

കേരളത്തിലെ ഗവർണറുടെ നിലപാടുകളെയും പ്രഖ്യാപനങ്ങളെയും ഈ സാഹചര്യത്തിൽ നിന്നുകൊണ്ടുവേണം കാണാൻ. കേരളത്തിലെ സർവകലാശാലകളെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന പ്രശ്നമാണ് ഗവർണറെക്കൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കുന്നവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. കേരളത്തിൽ നിലവിലുള്ള എല്ലാ കീഴ്വഴക്കങ്ങളെയും കാറ്റിൽ പറത്തി സംഘപരിവാർ നേതാവിനെ ഗവർണറുടെ ഓഫീസിൽ നിയമിച്ചുകൊണ്ട്‌ അവിടെ രാഷ്ട്രീയ ഇടപെടൽ ഇതിനിടയിൽ നടന്നുകഴിഞ്ഞിരുന്നു. പത്ര പ്രവർത്തനബന്ധംകൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് തുടർന്ന് വാർത്തകളുടെ പരമ്പരതന്നെ മാധ്യമങ്ങളിൽ ഉയർന്നുവരാൻ തുടങ്ങി. പുതിയ നിയമനത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം. 

ഗവർണറെ ഉപദേശിക്കുവാനും സഹായിക്കുവാനും മുഖ്യമന്ത്രി തലവനായ മന്ത്രിസഭയുണ്ട്.    സംസ്ഥാന സർക്കാരും നിയമസഭയും സ്വീകരിക്കുന്ന നയങ്ങളെ പിന്തുണച്ചുകൊണ്ട് പ്രവർത്തിക്കുകയെന്ന രീതിയാണ്‌ ഗവർണർമാർ സാധാരണ സ്വീകരിക്കാറുള്ളത്. എന്നാൽ, അതിൽനിന്ന്‌ വ്യത്യസ്തമായി നിയമസഭ അംഗീകരിച്ച മൂന്ന് ബില്ലാണ് ഗവർണർ ഒപ്പിടാതെ മാറ്റിവച്ച് ഭരണപ്രതിസന്ധി ഉണ്ടാക്കാൻ ശ്രമിക്കുന്നത്. മാത്രമല്ല, ഓർഡിനൻസിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് മന്ത്രിസഭ അംഗീകരിച്ച് ഒപ്പിടാൻവേണ്ടി ഗവർണർക്ക് ഫയലുകൾ അയച്ചിരുന്നു. ഓർഡിനൻസിന്റെ കാലാവധി തീരുന്നതുവരെ ഒപ്പിടാതെ അവ മാറ്റിവച്ചു. കാലാവധി കഴിഞ്ഞശേഷം ഫയൽ മടക്കിയയച്ചു. ഭരണപ്രതിസന്ധി സൃഷ്ടിക്കാനുള്ള ബോധപൂർവമായ ഇടപെടലാണ് ഇതിനു പിന്നിലെന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഇത് തിരിച്ചറിയുമ്പോൾ മനസ്സിലാകുന്ന കാര്യം ഇപ്പോൾ സർവകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു പിന്നിലും ഇത്തരമൊരു അജൻഡയാണ് ഉൾച്ചേർന്നിരിക്കുന്നത് എന്നതാണ്.

നിയമസഭ അംഗീകരിച്ച നിയമങ്ങൾ വീണ്ടും ഗവർണറുടെ അംഗീകാരം തേടുന്നതിന് അയക്കുകയെന്ന രീതി നിലവിലുണ്ട്. ഇത് നിയമസഭയുടെ പരാമാധികാരത്തെ തടസ്സപ്പെടുത്തുന്നതാണെന്ന വിമർശം ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെപ്പോലുള്ളവർ ഉന്നയിച്ചതാണ്. ഈ ആശങ്ക ശരിയായിരുന്നുവെന്ന് തോന്നുന്നവിധത്തിലുള്ള ഇടപെടലുകളാണ് വിവിധ സംസ്ഥാനത്ത്‌ നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെ കോൺഗ്രസ്‌ ഗവർണർമാരെ ഉപയോഗപ്പെടുത്തി രാഷ്ട്രീയരംഗത്ത് ഇടപെടുന്ന സമീപനം സ്വീകരിച്ചത് വലിയ വിമർശങ്ങൾക്ക് ഇടയാക്കിയതാണ്. എന്നാൽ, ബിജെപി സർക്കാരാകട്ടെ രാഷ്ട്രീയ ഇടപെടലുകൾ മഹാരാഷ്ട്ര, അരുണാചൽപ്രദേശ് പോലുള്ള സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ട്. അതിനു പുറമേ വിദ്യാഭ്യാസരംഗത്തും ഇടപെടുന്ന രീതിയാണ് സംഘപരിവാർ നടപ്പാക്കുന്നത്.

ഗവർണറുടെ നിയമനവുമായി ബന്ധപ്പെട്ടുകൊണ്ട് നേരത്തെ സിപിഐ എം ചില ആശങ്കകൾ മുന്നോട്ടുവച്ചിരുന്നു. അവ അർഥപൂർണമാണെന്ന് സംഘപരിവാർ ഇപ്പോൾ നടത്തുന്ന ഇടപെടലുകൾ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര–-സംസ്ഥാന പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി 2008ൽ പാസാക്കിയ രേഖയിൽ ഇങ്ങനെ പറയുന്നുണ്ട്. 

ഗവർണർ സ്ഥാനം നിലനിർത്തണമെന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സർക്കാരിയ കമീഷൻ മുന്നോട്ടുവച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി മുഖ്യമന്ത്രി നിർദേശിക്കുന്ന പ്രമുഖരായ മൂന്ന് അംഗങ്ങളുടെ പട്ടികയിൽനിന്ന്‌ പ്രസിഡന്റിന് ഗവർണറെ നിയമിക്കാവുന്നതാണ്

‘ഫെഡറൽ ജനാധിപത്യവ്യവസ്ഥയ്ക്ക് നിരക്കാത്ത ഒന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് ഗവർണർമാരെ നിയമിച്ചു കൊടുക്കുകയെന്നത്. ഗവർണർ സ്ഥാനം നിലനിർത്തണമെന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സർക്കാരിയ കമീഷൻ മുന്നോട്ടുവച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി മുഖ്യമന്ത്രി നിർദേശിക്കുന്ന പ്രമുഖരായ മൂന്ന് അംഗങ്ങളുടെ പട്ടികയിൽനിന്ന്‌ പ്രസിഡന്റിന് ഗവർണറെ നിയമിക്കാവുന്നതാണ്. ഇതും അന്തർസംസ്ഥാന കൗൺസിലിൽ പലവട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്. ഫെഡറൽ ഭരണഘടന നിലവിലുള്ള പ്രമുഖ രാജ്യങ്ങളിലൊന്നുംതന്നെ കേന്ദ്രം സംസ്ഥാനത്തിൽ ഗവർണറെ നിയമിക്കുന്നതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിട്ടില്ല. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് ഗവർണർ അനുമതി നൽകുന്നതിന്  സമയപരിധി നിശ്ചയിക്കണം. അതിലുപരി സംസ്ഥാന സർക്കാരുകളുമായുള്ള വ്യത്യസ്‌ത അഭിപ്രായങ്ങളോ, വിയോജിപ്പുകളോ പരസ്യമായി പ്രകടിപ്പിക്കുന്നതിന് ഗവർണറെ വിലക്കുന്നതിന് ഉതകുന്ന വ്യക്തമായ മാനദണ്ഡം ഉണ്ടാകുന്നതിനെക്കുറിച്ചും ചർച്ച ചെയ്യേണ്ടതാണ്. ഗവർണർമാർ സംസ്ഥാന സർവകലാശാലയുടെ എക്സ് ഒഫിഷ്യോ ചാൻസലർമാരായി തുടരേണ്ടതുണ്ടോ എന്ന കാര്യവും പരിശോധനാ വിധേയമാക്കേണ്ടതാണ്' (കേന്ദ്ര–- സംസ്ഥാന ബന്ധങ്ങളുടെ പുനഃസംഘടന സംബന്ധിച്ച സമീപനരേഖ).

ഫെഡറൽ സംവിധാനങ്ങളെ തകർക്കാനും സംസ്ഥാനങ്ങളുടെയും സർവകലാശാലകളുടെയുംമേൽ സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡ സ്ഥാപിച്ചെടുക്കാനുള്ള ഇടപെടലാണ് ഗവർണർമാരിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ സർവകലാശാലകളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും ഓട്ടോണമി ഉയർത്തിപ്പിടിച്ചുള്ള ഇടപടലുകളും ബദലുകളും വികസിപ്പിച്ചെടുക്കാൻ കഴിയേണ്ടതുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top