04 December Monday

പടരുന്നു, സമരാഗ്നി

വിബി പരമേശ്വരന്‍Updated: Saturday Sep 9, 2023

ആറു ദശാബ്ദത്തിനുശേഷം ആദ്യമായി ജപ്പാനിൽ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോർ സമരത്തിന്റെ ഭാഗമായി അടച്ചിട്ടു. സെവൻ ആൻഡ്‌ ഐ ഹോൾഡിങ് കമ്പനിയുടെ റീട്ടെയിൽ ചെയിനായ സോഗോ ആൻഡ്‌ സൈബു കമ്പനിയുടെ ടോക്യോവിലുള്ള സ്റ്റോറാണ് 900 വരുന്ന തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് അടച്ചിട്ടത്. അമേരിക്കൻ നിക്ഷേപ കമ്പനിയായ ഫോർ ട്രസിന് 150 കോടി ഡോളറിനാണ് സോഗോ ആൻഡ്‌ സൈബിയ വിൽക്കാൻ ധാരണയായത്. ഇതോടെ തൊഴിൽ നഷ്ടപ്പെടുമെന്ന് ഉറപ്പായ തൊഴിലാളികളാണ് സമരത്തിന്റെ മാർഗം തെരഞ്ഞെടുത്തത്. തൊഴിൽസമരങ്ങളെ ഒരിക്കലും സർക്കാർ പിന്തുണച്ച ചരിത്രം ജപ്പാനിലില്ല. സർക്കാർ എപ്പോഴും തൊഴിലുടമകൾക്കൊപ്പംമാത്രമാണ് നിലകൊള്ളാറുള്ളത്. ഇതറിഞ്ഞിട്ടും തൊഴിലാളികൾ സമരമാർഗം സ്വീകരിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ജീവൻ നിലനിർത്താൻ. ചൂഷണത്തിനെതിരെ തൊഴിലാളികളുടെ കൈവശമുള്ള ഏക ആയുധം പണിമുടക്ക് മാത്രമാണ്. മുതലാളിത്തത്തിന്റെ പറുദീസയായി എണ്ണപ്പെടുന്ന ജപ്പാനിൽ കണ്ടതും അതാണ്.

ഇതിപ്പോൾ ജപ്പാനിലെമാത്രം അവസ്ഥയല്ല. വികസിത മുതലാളിത്ത രാജ്യങ്ങളിലെല്ലാംതന്നെ പണിമുടക്കുകളും സമരങ്ങളും വർധിക്കുകയാണ്. മുതലാളിത്തത്തിന്റെ ലാഭം കുന്നുകൂട്ടാൻ ലക്ഷ്യമിട്ടുള്ള നവ ഉദാരവാദനയം നടപ്പാക്കിയ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതാവസ്ഥ വളരെ ശോചനീയമാണ്. കൂലി ക്രമാനുഗതമായി വർധിക്കുന്നില്ലെന്നു മാത്രമല്ല, ജോലി സമയം കൂടിവരികയും ചെയ്യുന്നു. തൊഴിലാളികളുടെ കാര്യം പറയാനുമില്ല. പണിമുടക്കുകളും സമരങ്ങളും പ്രതിഷേധങ്ങളും ട്രേഡ് യൂണിയനിസവും സാമ്പത്തികവളർച്ചയ്‌ക്ക് വിഘാതമാകുമെന്ന് നവഉദാരവാദക്കാർ പ്രചരിപ്പിച്ചു. സമരങ്ങൾ ക്രൂരമായി അടിച്ചമർത്തി. താച്ചറിസവും റെയ്ഗനിസവും അരങ്ങുവാണു. എന്നാൽ, നവഉദാരവാദനയം ചരിത്രത്തിൽ ഇന്നുവരെയില്ലാത്തവിധം സാമ്പത്തിക അസമത്വം വർധിപ്പിച്ചു. സമ്പത്ത് ഏതാനും ചിലരുടെ കൈവശം കേന്ദ്രീകരിച്ചു. വൻകിട കമ്പനികളുടെ ലാഭം കുന്നുകൂടി: എന്നാൽ, തൊഴിലാളികളുടെ കൂലി അതനുസരിച്ച് വർധിച്ചില്ലെന്നു മാത്രമല്ല, വിലക്കയറ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവ് അനുഭവപ്പെടുകയും ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽനിന്ന് സർക്കാർ പിന്മാറിയത് തൊഴിലാളികൾക്ക് ഇരുട്ടടിയായി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സ്ഥിതി. ഇതോടെ കൂലികൂടുതലിനും തൊഴിൽ സുരക്ഷിതത്വത്തിനും മെച്ചപ്പെട്ട തൊഴിൽ അവസ്ഥയ്‌ക്കുംവേണ്ടി അവർ സമരത്തിനിറങ്ങാൻ ആരംഭിച്ചു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും തൊഴിലാളികൾ വൻ പണിമുടക്കുകൾ നടത്തി. ഇതുസംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ അവഗണിക്കുന്നുവെന്നുമാത്രം.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയെത്തന്നെ എടുക്കാം. പണിമുടക്കുകളും സമരങ്ങളും വർധിക്കുന്നുവെന്നു മാത്രമല്ല, ട്രേഡ് യൂണിയനുകളിൽ ചെറുപ്പക്കാർ വൻതോതിൽ അംഗങ്ങളാകുകയും ചെയ്യുന്നു. ന്യൂ ഇക്കോണമിയിൽ പിടിച്ചുനിൽക്കാൻ ട്രേഡ് യൂണിയനുകളും കൂട്ടായ വിലപേശലും ആവശ്യമാണെന്ന് അവർ തിരിച്ചറിയാൻ തുടങ്ങി. യുഎസ് ലേബർ സ്റ്റാൻഡേർഡിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം അമേരിക്കയിൽ മുന്നൂറിലധികം പണിമുടക്കുകളും തൊഴിൽ നിർത്തിവയ്‌ക്കലും ഉണ്ടായി. ഈവർഷം ഇതുവരെയായി 177 സമരം കടന്നുവെന്നാണ് കണക്ക്. സെപ്തംബർ നാലിന് തൊഴിൽദിനത്തിൽ അമേരിക്കയിൽമാത്രം മൂന്നരലക്ഷം തൊഴിലാളികൾ പങ്കെടുത്തു. ഈ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിച്ച ഡെമോക്രാറ്റിക് പാർടി സെനറ്ററും പാർടിയിലെ സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ അമരക്കാരനുമായ ബെർണി സാൻഡേഴ്സ് ആഹ്വാനംചെയ്തത് കോർപറേറ്റുകൾ കൊടിയ ലാഭം നേടാനായി ആർത്തിപിടിച്ചു നടക്കുന്ന ഇക്കാലത്ത് തൊഴിലാളികളുടെ ഭാഗത്തുനിന്ന്‌ തക്കതായ പ്രതികരണം ഉണ്ടാകണമെന്നാണ്. തൊഴിലാളികളുടെ യഥാർഥ പ്രശ്നങ്ങൾ മാധ്യമങ്ങൾ മറച്ചുപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏതായാലും അമേരിക്കയിൽ വിവിധ മേഖലകളിലെ തൊഴിലാളികൾ പ്രക്ഷോഭരംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്.

ഇതിൽ എടുത്തു പറയേണ്ട സമരമാണ് ലോക സിനിമാ കേന്ദ്രമായ ഹോളിവുഡിലെ എഴുത്തുകാരും നടന്മാരും നാലു മാസമായി നടത്തിവരുന്ന സമരം. ചെലവ് കുറയ്‌ക്കാനും തൊഴിലാളികളെ ഒഴിവാക്കാനുമായി നിർമിതബുദ്ധി വർധിച്ചതോതിൽ ഉപയോഗിക്കാൻ സിനിമാ നിർമാതാക്കൾ തയ്യാറായതാണ് സമരത്തിന് കാരണം. 11,500 എഴുത്തുകാരും 1,60,000 നടന്മാരുമാണ് സമരം നടത്തുന്നത്. സമരം ചെയ്യുന്നവർക്ക് തൊഴിലില്ലായ്മ ഇൻഷുറൻസ് നൽകണമെന്ന ആവശ്യവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. രണ്ടാഴ്ചയിലധികം തുടർച്ചയായി സമരത്തിലേർപ്പെടുന്ന തൊഴിലാളികൾക്ക് ന്യൂയോർക്ക്, ന്യൂജഴ്സി സംസ്ഥാനങ്ങളിൽ 26 ആഴ്ചവരെ തൊഴിലില്ലായ്മ ഇൻഷുറൻസിന് അർഹതയുണ്ട്. സമാന നിയമം ഹോളിവുഡിലെ സമരം ചെയ്യുന്ന എഴുത്തുകാർക്കും നടന്മാർക്കും ലഭ്യമാക്കാൻ കലിഫോർണിയ സംസ്ഥാനം തയ്യാറാകണമെന്നാണ് ആവശ്യം, കഴിഞ്ഞ ദിവസമാണ് യുനൈറ്റഡ് പാർസൽ സർവീസ് ജീവനക്കാർ പണിമുടക്ക് നോട്ടീസ് നൽകിയതും കൂലിവർധന അനുവദിക്കപ്പെട്ടതും. ഡെട്രോയിറ്റ് സംസ്ഥാനത്തെ മൂന്നു പ്രമുഖ കാർ കമ്പനികളായ ഫോർഡ്, ജനറൽ മോട്ടേഴ്സ്, സ്‌റ്റെല്ലാന്റിസ് എന്നിവയിലെ തൊഴിലാളികൾ യുനൈറ്റഡ് ഓട്ടോ വർക്കേഴ്സിന്റെ നേതൃത്വത്തിൽ പണിമുടക്കിനുള്ള തയ്യാറെടുപ്പിലാണ്. ന്യൂ ഇക്കോണമിയുടെ ഭാഗമായ സ്റ്റാർബക്ക്, ആമസോൺ, വാൾമാർട്ട്‌ എന്നിവിടങ്ങളിലൊക്കെ ട്രേഡ് യൂണിയനുകൾക്ക് രൂപം കൊടുത്തുവരികയാണ്. ഇത്തരം സ്ഥാപന ഉടമകൾ വൻതുക മുടക്കി ട്രേഡ് യൂണിയനുകൾ രൂപീകരിക്കുന്നത് തടയാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷംമാത്രം വൻകിട കോർപറേറ്റുകൾ 40 കോടി ഡോളറാണത്രെ യൂണിയനുകളെ തകർക്കാനായി ചെലവഴിച്ചത്. എന്നിട്ടും അമേരിക്കയിൽ ട്രേഡ് യൂണിയനുകളിൽ അംഗമാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ വർഷംമാത്രം അമേരിക്കയിൽ 2,73,000 പേർ പുതുതായി ട്രേഡ് യൂണിയനുകളിൽ അംഗമായി.
അമേരിക്കയിൽ മാത്രമല്ല, യൂറോപ്പിലും സമരങ്ങളും പ്രക്ഷോഭങ്ങളും വ്യാപിക്കുകയാണ്. ബ്രിട്ടനിൽ നാഷണൽ ഹെൽത്ത് സർവീസും റെയിൽവേയും പൊതുമേഖലയിൽ നിലനിർത്തുന്നതിനുള്ള പ്രക്ഷോഭ പരമ്പരയാണ് സമീപ കാലങ്ങളിൽ കണ്ടത്. ഫ്രാൻസിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ നടന്ന സമരം മാക്രോൺ സർക്കാരിനെ പിടിച്ചു കുലുക്കുകയുണ്ടായി. ഗ്രീസിലെ കർഷകർ നടത്തിയ സമരവും ശ്രദ്ധേയമാണ്. സ്ളോവാക്യ തുടങ്ങിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും തൊഴിലാളികൾ തെരുവിലാണ്. അധ്യാപകരും നഴ്സുമാരും  ഡോക്ടർമാരും ലോകമെങ്ങും സമരപതാകയേന്തിയിരിക്കുകയാണ്. ജീവിതം നിലനിർത്താൻ സമരമല്ലാതെ മറ്റു മാർഗമില്ലെന്ന തിരിച്ചറിവാണ് ഇതിന് അടിസ്ഥാനം. അതെ, പണിമുടക്കുകൾ, സമരങ്ങൾ വൻതോതിൽ തിരിച്ചുവരികയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top