02 December Saturday

ഹൃദയദിന ചിന്തകൾ

ഡോ. ജോ ജോസഫ്‌Updated: Thursday Sep 29, 2022

വീണ്ടുമൊരു ലോക ഹൃദയദിനംകൂടി. വേൾഡ് ഹാർട്ട് ഫെഡറേഷൻ സെപ്തംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നു. ലോകത്തിലെ ഒന്നാംനമ്പർ കൊലയാളിയായ ഹൃദ്‌രോഗത്തിന്റെ പ്രതിരോധമായി ബന്ധപ്പെട്ടും ചികിത്സകളുമായി ബന്ധപ്പെട്ടുമുള്ള വിവിധ ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. "Use heart for every heart "എന്നതാണ് ഈവർഷത്തെ സന്ദേശം. ഈ അവസരത്തിൽ ഹൃദ്‌രോഗവുമായി ബന്ധപ്പെട്ട ചില കേരളീയമായ ചിന്തകൾ പങ്കുവയ്ക്കുകയാണ്.

1960 മുതൽ 2022 വരെ  കേരളത്തിൽ 20 വയസ്സിനു മുകളിലുള്ളവരിലെ ഹൃദ്‌രോഗബാധ ഗ്രാമീണമേഖലയിൽ രണ്ട് ഇരട്ടിയായും നഗരമേഖലകളിൽ ആറ് ഇരട്ടിയായും മാറിയതായി പഠനങ്ങൾ കാണിക്കുന്നു. പ്രധാന രോഗം,  പകർച്ചവ്യാധികളിൽനിന്ന്‌ ജീവിതശൈലി രോഗങ്ങളിലേക്ക്  മാറുന്ന പ്രക്രിയയിൽ  മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ് കേരളം. അതിനാൽ  ഇന്ത്യയിലെ  ഹൃദ്‌രോഗത്തിന്റെ തലസ്ഥാനമെന്നു വേണമെങ്കിൽ കേരളത്തെ വിളിക്കാം. 2016ലെ  ഒരു പഠനപ്രകാരം കേരളത്തിൽ ഹൃദ്‌രോഗ വ്യാപനനിരക്ക് 16.6 ശതമാനമാണ്. പ്രായം അനുസരിച്ചു കണക്കാക്കിയാൽ 45 വയസ്സിൽ താഴെയുള്ളവരിൽ 7.8 ശതമാനത്തിനും  45 വയസ്സിനു മുകളിൽ ഉള്ളവരിൽ 18.7 ശതമാനത്തിനും  ഈ രോഗമുള്ളതായി സൂചനകളുണ്ട്.

മറ്റു സംസ്ഥാനങ്ങളെപ്പോലെ, കേരളത്തിലെ നഗര–-ഗ്രാമമേഖലകൾ തമ്മിൽ രോഗ വ്യാപനത്തോതിൽ കാര്യമായ വ്യത്യാസം കാണുന്നില്ലെന്നതും  പ്രത്യേകതയാണ്‌. ഹൃദ്‌രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളായ പ്രമേഹം, രക്താതിസമ്മർദം , ഉയർന്ന കൊളസ്ട്രോൾ നില, കുറഞ്ഞ എച്ച്ഡിഎൽ കൊളസ്ട്രോൾ, പുകവലി, പാരമ്പര്യ ഹൃദ്‌രോഗം, വ്യായാമമില്ലായ്മ തുടങ്ങിയവയും കേരളത്തിൽ വ്യാപകമാണെന്നും ഈ പഠനത്തിൽ കാണുന്നു. ഇവയെല്ലാം  നഗരമേഖലകളിൽ കൂടുതലാണ്.
ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത യുവാക്കളിലെ ഹൃദ്‌രോഗവ്യാപന നിരക്കാണ്. 1993ൽ കേരളത്തിൽ നടത്തിയ പഠനവുമായി തട്ടിച്ചുനോക്കുമ്പോൾ യുവാക്കളിൽ രോഗവ്യാപന നിരക്ക് വേഗത്തിൽ കൂടുന്നു. മാത്രമല്ല, 1990 കളിലേക്കാൾ മൂന്നിരട്ടിയായി.  ജനതയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അനിവാര്യമായ ജീവിതശൈലി മാറ്റത്തെയും ഈ പഠനം ഓർമിപ്പിക്കുന്നു.

ആശങ്കപ്പെടുത്തുന്ന കണക്കുകൾ


കേരളത്തിൽ രോഗം പ്രായം കുറഞ്ഞവരിലും കാണുന്നു.  രോഗം വരുന്നവരിൽ രോഗതീവ്രത കൂടുതലായി കാണുന്നു (malignant  course). 65 വയസ്സിൽ താഴെയുള്ള പുരുഷന്മാരിൽ 60 ശതമാനവും സ്ത്രീകളിൽ 40 ശതമാനവും ഹൃദ്‌രോഗംമൂലമാണ്  മരിക്കുന്നത്. അമേരിക്കയിൽ 65 വയസ്സിൽ താഴെയുള്ളവരിൽ വെറും 12 ശതമാനമാണ്‌ ഈ രോഗം മൂലം മരിക്കുന്നതെന്ന വസ്തുതകൂടി  കണക്കിലെടുക്കണം.

ആദ്യത്തെ ഹൃദയാഘാതത്തിന്റെ (First heart attack) പ്രായം  മുമ്പുള്ളതിനേക്കാൾ  10 വർഷത്തോളം നേരത്തെയാകുകയാണിവിടെ.   ഇപ്പോൾ.  വികസിത രാജ്യങ്ങളിൽ ആദ്യത്തെ അറ്റാക്കിന്റെ പ്രായം കൂടിവരുന്ന സാഹചര്യത്തിലാണ്‌ ഇത്. ഇന്ന് കേരളത്തിൽ  ആകെയുണ്ടാകുന്ന ഹൃദയാഘാതങ്ങളിൽ 20 ശതമാനവും 40 വയസ്സിന് താഴെയുള്ളവരിലും 50 ശതമാനത്തോളം  50 വയസ്സിന് താഴെയുള്ളവരിലുമാണ്. ഹൃദ്‌രോഗം മൂലമുണ്ടാകുന്ന മരണങ്ങൾ മാത്രമല്ല, സാമ്പത്തിക, സാമൂഹ്യ ആഘാതങ്ങൾകൂടി  കണക്കിലെടുക്കേണ്ടതുണ്ട്.

കേരളത്തിലെ ചികിത്സാ മികവ്

ഗുരുതര ഹൃദയാഘാതം ഉണ്ടായാൽ  അടഞ്ഞ രക്തധമനി എത്രയും പെട്ടെന്ന് തുറന്നുകൊടുക്കുക എന്നതാണ് ഏറ്റവും ശാസ്ത്രീയമായ ചികിത്സാ മാർഗം. ഈ ചികിത്സ അനായാസമായി ലഭ്യമാകാനുള്ള അവസരം ഹൃദയരോഗചികിത്സയുടെ മേന്മയുടെ സൂചികയായാണ് കണക്കാക്കുന്നത്. 2016 ൽ കേരളത്തിൽ നടത്തിയ  പഠനം ഇക്കാര്യത്തിൽ വളരെ ശ്രദ്ധേയമാണ്. അതനുസരിച്ച് കേരളത്തിലുടനീളമുള്ള, അത്യാഹിത ശുശ്രൂഷ നൽകുന്ന 423 ആശുപത്രിയിൽ 258 എണ്ണത്തിലും അടിയന്തര ഹൃദ്‌രോഗ ചികിത്സയ്ക്കുള്ള സംവിധാനങ്ങളുണ്ട്. 104 ആശുപത്രിയിൽ ഗുരുതരമായ ഹൃദയാഘാതത്തിനുള്ള പ്രൈമറി ആൻജിയോപ്ലാസ്റ്റി സൗകര്യവുമുണ്ട്.
അഞ്ചു ജില്ലയിലെ 80 ശതമാനം ജനങ്ങൾക്കും  ഗുരുതര ഹൃദയാഘാതമുണ്ടായാൽ അരമണിക്കൂറിനുള്ളിൽ എത്തിച്ചേരാവുന്ന ദൂരത്തിൽ പ്രൈമറി ആൻജിയോപ്ലാസ്റ്റി  സംവിധാനമുള്ള ആശുപത്രികളുണ്ട്. എട്ടു ജില്ലയിലെ 90 ശതമാനം ആളുകൾക്കും  "ഗോൾഡൻ അവർ" എന്നറിയപ്പെടുന്ന ആദ്യ ഒരു മണിക്കൂറിനുള്ളിൽത്തന്നെ ആൻജിയോപ്ലാസ്റ്റി ചികിത്സയോ, അടിയന്തര മരുന്നുചികിത്സയോ ലഭ്യമായ ആശുപത്രിയിൽ എത്താൻ സാധിക്കും.

    കാസർകോട്‌, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ്   അപര്യാപ്തത ഉള്ളതായി കാണുന്നത്.  കേരളത്തിൽ 70 ശതമാനത്തിനും അരമണിക്കൂറിനുള്ളിൽ ആൻജിയോപ്ലാസ്റ്റി സൗകര്യം ലഭ്യമായ ആശുപത്രിയിൽ എത്താൻ സാധിക്കും. മറ്റൊരു 22 ശതമാനം ആളുകൾക്ക് ഒരു മണിക്കൂറിനുള്ളിൽ  എത്താം.  വെറും എട്ടു ശതമാനത്തിനു മാത്രമേ ഈ സൗകര്യങ്ങൾ തേടി ഒരു മണിക്കൂറിൽ കൂടുതൽ യാത്രചേയ്യേണ്ടി വരുന്നുളളൂ.

   ഈ സൂചിക ലോകോത്തര നിലവാരത്തിലുള്ളതാണെന്ന് നിസ്സംശയം പറയാം. 2016നു ശേഷം കേരളത്തിൽ ഈ ചികിത്സാ സംവിധാനങ്ങളിൽ ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചു. കാത്ത്‌ലാബ് സംവിധാനങ്ങളുള്ള 104 ആശുപത്രി  മാത്രമാണ് 2016ൽ കേരളത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നത്  നൂറ്റിനാൽപ്പതോളമാണ്. മറ്റൊരു പ്രത്യേകത ഈ സൗകര്യങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും  പ്രാപ്യമാകുന്നു എന്നതാണ്.  എല്ലാ പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ചില താലൂക്കുതല ആശുപത്രികളിൽപ്പോലും ഈ സൗകര്യങ്ങൾ ലഭ്യമാണ്.

    ഹൃദയാഘാത ചികിത്സാ സംവിധാനങ്ങളിൽ മാത്രമല്ല, ഹൃദയരോഗ ചികിത്സയുടെ മറ്റെല്ലാ മേഖലയിലും ഈ മികവ് പ്രകടമാണ്. ഇന്ന് ഹൃദയരോഗ ചികിത്സയിൽ ലോകമെമ്പാടും വലിയ കുതിച്ചുചാട്ടമാണ് നടക്കുന്നത്. വളരെ ശാസ്ത്രീയവും  അതോടൊപ്പംതന്നെ സാങ്കേതികവുമായ വളർച്ച ഈ ശാസ്ത്രശാഖയിൽ ദൃശ്യമാണ്. വികസിത രാജ്യങ്ങളിൽമാത്രം ലഭ്യമായിരുന്ന പല ചികത്സാ മാർഗങ്ങളും ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ ലഭ്യമാണ്. കുട്ടികളുടെ ഹൃദയചികിത്സാ രംഗത്തും ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട ചികിത്സാരംഗത്തുമെല്ലാം ഈ മികവ് ദൃശ്യമാണ്.

ഹൃദ്‌രോഗ ഗവേഷണം -

ഇന്ത്യയിലെ മറ്റിടങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ ഹൃദ്‌രോഗ ഗവേഷണരംഗം. വലുതും  മികച്ചതുമായ ധാരാളം ഗവേഷണശാലകളാണ്‌ കേരളത്തിൽ ഉണ്ടായിട്ടുള്ളത്.കേരളത്തിലെ ഹൃദ്‌രോഗ   ചികിത്സയുടെ മികവ് അതിന്റെ ലഭ്യതയിലും ഗുണമേന്മയിലും മാത്രമല്ല, ചികിത്സയുടെ ചെലവിനനുസരിച്ചുള്ള ഫലപ്രാപ്തിയിലും (cost effectiveness )കൂടിയാണ്. പ്രൈമറി ആൻജിയോപ്ലാസ്റ്റി ചികിത്സ ഗവ. സ്ഥാപനങ്ങളിൽ  പൂർണമായോ ഭാഗികമായോ സൗജന്യമായി ലഭ്യമാണ്.

 സ്വകാര്യസ്ഥാപനങ്ങളിലാകട്ടെ സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവുമാത്രമാണ്  ഇപ്പോഴുള്ളത്. കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഏകദേശം ഒരു ലക്ഷം രൂപയിൽ താഴെ ഇത്തരം എമർജൻസി ആൻജിയോപ്ലാസ്റ്റി ചെയ്യാൻ പറ്റുമ്പോൾ യുകെയിൽ ഇതിന്‌ ഏകദേശം ഏഴു ലക്ഷം രൂപയും ന്യൂസിലൻഡിൽ  ഏകദേശം 11 ലക്ഷം രൂപയും ഓസ്ട്രേലിയയിൽ  ഏകദേശം 10 ലക്ഷം രൂപയും ചെലവാകും.  

   കേരളം ഹൃദ്‌രോഗത്തിന്റെ  വ്യാപ്തിയിലും  ഹൃദ്‌രോഗികളുടെ എണ്ണത്തിലും കുതിക്കുകയാണെന്ന വസ്തുത ഒരുവശത്ത്. ഏറ്റവും മികച്ചതും ആധുനികവും ശാസ്ത്രീയവുമായ ചികിത്സകളുടെ അനായസമായ ലഭ്യത മറുവശത്ത്.  കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ  ലഭ്യമാക്കാൻ   നിരന്തര ഇടപെടലുകളുമായി സർക്കാർ ഒപ്പമുണ്ടെങ്കിലും പലപ്പോഴും രോഗികൾ ചികിത്സ തേടാൻ മടിക്കുകയും അനാവശ്യ കാലതാമസം വരുത്തുകയും ചികിത്സിക്കാതിരിക്കുകയുമൊക്കെ  ചെയ്യാറുണ്ട്  എന്നതാണ് പ്രശ്‌നം.തന്മൂലം അനേകർക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്. അതുകൊണ്ടുതന്നെ  ശരിയായ ചികിത്സകളെക്കുറിച്ച് ശാസ്ത്രീയമായ അവബോധം എല്ലാവർക്കും എത്തിക്കുകയെന്നത് പരമപ്രധാനമാണ്. ഒരുകാര്യം പകൽ പോലെ വ്യക്തമാണ്. കേരളത്തിലെ ആരോഗ്യരംഗം പ്രത്യേകിച്ച്‌ ഹൃദ്‌രോഗ ചികിത്സാരംഗം  ആരുമായും കിടപിടിക്കാൻ സജ്ജമാണ് എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന വസ്തുതയാണ്.
(എറണാകുളം ലിസ്സി ആശുപത്രിയിലെ *ഹൃദ്‌രോഗ വിദഗ്‌ധനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top