23 April Tuesday

ആരോഗ്യകേരളം ഒന്നാമത് ; ഇനിയും മുന്നോട്ട്

ടി സുബ്രഹ്മണ്യൻUpdated: Saturday Nov 12, 2022


കേരള ഗവ. നഴ്സസ് അസോസിയേഷൻ 65–--ാം  സംസ്ഥാന സമ്മേളനം നവംബർ 13, 14, 15 തീയതികളിൽ എറണാകുളത്ത് നടക്കുകയാണ്. ഏത് പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയുന്ന വിധത്തിൽ കേരളത്തിന്റെ  പൊതുജനാരോഗ്യ മേഖല ശക്തിപ്പെട്ട കാലഘട്ടത്തിലാണ് ആരോഗ്യമേഖലയുടെ നട്ടെല്ലായി വിശേഷിപ്പിക്കപ്പെടുന്ന നഴ്സുമാർ എറണാകുളത്ത് ഒത്തുചേരുന്നത്. 

ആരോഗ്യമേഖലയ്ക്ക് ഏറ്റവും മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള ആതുരാലയങ്ങളും വ്യത്യസ്ത വിഭാഗങ്ങളിലുള്ള ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കഴിഞ്ഞ ആറുവർഷവും സമാനതകളില്ലാത്ത നടപടികളാണ് സ്വീകരിച്ചത്. ഓഖിയും നിപായും മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയുമെല്ലാം നാടിനെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കിയപ്പോൾ നമ്മുടെ ആരോഗ്യമേഖലയുടെ ഇടപെടൽ ലോകശ്രദ്ധയാകർഷിച്ചു. ലോകാരോഗ്യ സംഘടനയിൽ ഉൾപ്പെടെ കേരള മോഡലിന്റെ സവിശേഷതകൾ ചർച്ച ചെയ്യപ്പെടുകയുണ്ടായി. വികസിത മുതലാളിത്ത രാഷ്ട്രങ്ങൾപോലും ജനങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും ജീവന്  സംരക്ഷണം നൽകാൻ കഴിയാതെ പ്രതിസന്ധിയിലായി. ഓക്സിജൻ സിലിണ്ടറുകളുമായി ജനങ്ങൾ ആശുപത്രികൾതോറും കയറിയിറങ്ങുന്നത് പതിവ് കാഴ്ചയായി.  ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാൻപോലും കഴിയാതെ കൂട്ടത്തോടെ കുഴിച്ചുമൂടുന്നതും നദികളിലേക്ക് വലിച്ചെറിയുന്നതുമായ കരളലിയിപ്പിക്കുന്ന കാഴ്ചകൾക്ക് ലോകം സാക്ഷിയാകേണ്ടി വന്നു.

എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു കേരളത്തിലെ അവസ്ഥ. കൃത്യമായ ആസൂത്രണത്തിലൂടെ രോഗബാധിതരാകുന്ന മുഴുവൻ പേർക്കും ചികിത്സ ഉറപ്പാക്കാൻ നമുക്ക് കഴിഞ്ഞു.  പ്രാണവായുവിനുവേണ്ടി ആർക്കും ഒരിക്കൽപ്പോലും പ്രയാസപ്പെടേണ്ടി വന്നില്ല. ആവശ്യമുള്ളിടത്തെല്ലാം താൽക്കാലിക ചികിത്സാ കേന്ദ്രങ്ങൾ തുറക്കുകയും ജീവനക്കാരെ സജ്ജമാക്കുകയും ചെയ്തു. സമൂഹ വ്യാപനത്തിന്റെ വേഗത കുറയ്ക്കാനും മരണസംഖ്യ പിടിച്ചുനിർത്താനും നിരവധി കർമപദ്ധതികൾ നടപ്പാക്കി.  സമൂഹത്തെയാകെ ഈ പ്രവർത്തനങ്ങളിൽ അണിചേർക്കാൻ സർക്കാരിനായി. 

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള ആരോഗ്യസ്ഥാപനങ്ങളിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.   പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവർത്തനം ചെയ്യുകയും ഒപി സമയം വൈകുന്നേരംവരെയാക്കി മാറ്റുകയും ചെയ്തു.  താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളിൽ കാത്ത്‌ലാബ്  സൗകര്യവും ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് ആശുപത്രികളെ മികവിന്റെ കേന്ദ്രമാക്കാൻ ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.  കോടിക്കണക്കിന് രൂപ ചെലവ് വരുന്ന വികസനപ്രവർത്തനങ്ങളാണ് ഓരോ സ്ഥാപനത്തിലും നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ  വൻ കുതിച്ചുചാട്ടമാണ് ദൃശ്യമാകുന്നത്.

ഇഎസ്ഐ കോർപറേഷനിൽനിന്ന്‌ ഏറ്റെടുത്ത കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. ഇടുക്കി,  കോന്നി മെഡിക്കൽ കോളേജുകൾ യാഥാർഥ്യമാകുകയും ഈവർഷം 100 വീതം എംബിബിഎസ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമീഷന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.   സഹകരണ വകുപ്പിൽനിന്ന്‌ ഏറ്റെടുത്ത കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും  അനുബന്ധ സ്ഥാപനങ്ങളിലും  വലിയ വികസനപ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇവിടെ 508  നഴ്സുമാരുടെ ഇന്റഗ്രേഷൻ നടപടികൾ ഉൾപ്പെടെ  പൂർത്തിയാക്കി കഴിഞ്ഞു.

പ്രതിസന്ധികൾക്കിടയിലും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ഏതാണ്ട് ആറായിരത്തിലധികം തസ്തിക പുതുതായി സൃഷ്ടിച്ചു. കേരളത്തിന്റെ  ചരിത്രത്തിൽ ആദ്യമായാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയധികം തസ്തികകൾ സൃഷ്ടിക്കപ്പെടുന്നത്.  ഇത്തരത്തിൽ വിവിധ തലങ്ങളിലുള്ള ഇടപെടലുകളിലൂടെ ജനങ്ങൾക്കാകെ ആശ്രയിക്കാവുന്ന സ്ഥാപനങ്ങളായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ മാറിയിട്ടുണ്ട്. വൻകിട സ്വകാര്യ ആശുപത്രികളിൽമാത്രം ചെയ്തു വന്നിരുന്നതും ലക്ഷങ്ങൾ ചെലവ് വരുന്നതുമായ ശസ്ത്രക്രിയകൾ ഉൾപ്പെടെ വിജയകരമായി നിർവഹിക്കാൻ കഴിയുന്ന വിധത്തിലേക്ക് കേരളത്തിലെ പല സർക്കാർ ആശുപത്രികളും ശക്തിപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യ മേഖലയെ അപ്രസക്തമാക്കുന്ന കേന്ദ്രസർക്കാർ സമീപനം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലാണ് സംസ്ഥാനത്തെ ഈ മുന്നേറ്റം സാധ്യമാകുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നഴ്സിങ് മേഖലയ്ക്ക് വലിയ പരിഗണനയാണ് സംസ്ഥാന സർക്കാരിന്റെ  ഭാഗത്തുനിന്ന്‌ ലഭിക്കുന്നത്. പുതുതായി സൃഷ്ടിച്ച തസ്തികകളിൽ ബഹുഭൂരിപക്ഷവും നഴ്സുമാരുടേതാണ്. ഒഴിവുള്ള തസ്തികകളിൽ സ്ഥിരം നിയമനം നടത്തുന്നതിൽ സർക്കാർ പുലർത്തുന്ന ജാഗ്രതയുടെ പ്രയോജനം സമൂഹത്തോടൊപ്പം നഴ്സുമാർക്കും ലഭിക്കുന്നു. വിവിധ നഴ്സിങ്‌ തസ്തികകളുടെ ഡെസിഗ്നേഷൻ  പരിഷ്കരണം യാഥാർഥ്യമാക്കിയതും യൂണിഫോം പരിഷ്കരിച്ചതും  നഴ്സുമാരുടെ സാമൂഹ്യ അംഗീകാരത്തിൽ ഗുണപരമായി പ്രതിഫലിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള നഴ്സിങ്‌ കോളേജ് സർക്കാരേറ്റെടുത്തതും മഞ്ചേരി, പാരിപ്പള്ളി നഴ്സിങ്‌  കോളേജുകൾ ആരംഭിച്ചതും നഴ്സിങ്‌ വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തും.

(കേരള ഗവ. നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top