06 July Wednesday

കയറ്റിറക്ക് മേഖല: പ്രശ്നങ്ങൾ‍‍, ബദൽ നിർദേശങ്ങൾ

ടി പി രാമകൃഷ്ണൻUpdated: Wednesday May 18, 2022

കേരള സംസ്ഥാന ഹെഡ്‌ ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ബുധനും വ്യാഴവും കൊല്ലത്ത് ചേരുകയാണ്. നാടിന്റെ പൊതുവായ പ്രശ്നങ്ങളും അതോടൊപ്പം ചുമട്ടുതൊഴിലാളി മേഖലയിലെ സവിശേഷമായ പ്രശ്നങ്ങളും സമ്മേളനത്തിൽ വിശദമായ ചർച്ചയ്ക്ക് വിധേയമാകും. സംസ്ഥാനത്തെ ചുമട്ടുതൊഴിൽമേഖലയിൽ അനാരോഗ്യകരമായ പ്രവണതകൾ ഉണ്ടായിരുന്നു എന്നത് തൊഴിലാളിസംഘടനകൾ ഉൾപ്പെടെ അംഗീകരിച്ച വസ്തുതയാണ്. സർക്കാരും സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകളും ഉറച്ച നിലപാട് ഇത്തരം കാര്യങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും ഒറ്റപ്പെട്ട അനാരോഗ്യപ്രവണതകൾ ഉണ്ടായി എന്നതും വസ്തുതയാണ്. അധ്വാനിച്ച് ജീവിക്കുന്ന തൊഴിലാളികൾക്കുപോലും മോശമായ പേര് സൃഷ്ടിക്കുന്നതിന് ഇത്തരം സംഭവങ്ങൾ പലപ്പോഴും ഇടയാക്കുന്നുണ്ട്.

ഒന്നാം പിണറായി സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളുടെ ഫലമായി തൊഴിൽമേഖലയിൽ പൊതുവിൽ സൗഹൃദാന്തരീക്ഷം വളർന്നു. സ്ഥാപനങ്ങളുടെ നിലനിൽപ്പിനും വളർച്ചയ്‌ക്കും തൊഴിൽസംരക്ഷണത്തിനും ഇത് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ സ്വീകരിച്ച നടപടികൾക്ക് മികച്ച ഫലപ്രാപ്തിയാണ് ഉണ്ടായത്. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച്‌ നിലനിൽക്കുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുകയാണ് ചില മാധ്യമങ്ങൾ.  കോർപറേറ്റ് വൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും വിപത്ത് രാജ്യത്താകെ തൊഴിൽമേഖലകളെ തകർക്കുകയാണ്. കേന്ദ്രസർക്കാർ വിറ്റുതുലയ്ക്കാൻ നിശ്ചയിച്ച സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ഈ സ്ഥാപനങ്ങൾ ഏറ്റെടുത്ത് പൊതുമേഖലയിൽത്തന്നെ നിലനിർത്തുന്നതിൽനിന്ന് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ തടയുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇത്  കണ്ടതാണ്.

ചുമട്ടുതൊഴിലാളിക്ഷേമപദ്ധതിയുടെ പരിധിയിൽ വന്നിട്ടുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ കയറ്റിറക്ക് തൊഴിലാളികൾക്ക്  രജിസ്ട്രേഷൻ വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.  രജിസ്ട്രേഷൻ  ഇല്ലാത്തവരെ  ജോലിക്കായി നിയോഗിക്കാനാകില്ല. അത്തരത്തിൽ തൊഴിലാളികളെ മാറ്റിനിർത്തുമ്പോൾ നിലവിലുള്ള തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നു എന്ന പ്രശ്നം ഗൗരവകരമാണ്‌. ഇത്തരം പ്രശ്നങ്ങൾകൂടി കണക്കിലെടുത്ത്‌ ഒരു സമീപനം വികസിപ്പിക്കാൻ നമുക്ക് കഴിയണം.

കേരളത്തിന്റെ വികസനത്തിന് കൂടുതൽ  നിക്ഷേപം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അതിനുതകുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നത് പ്രധാനവുമാണ്. അതോടൊപ്പം തൊഴിലാളികൾക്ക്  മാന്യമായ വേതനം ഉറപ്പുവരുത്താനും കഴിയണം. ഇതിനുതകുന്ന ചില നിർദേശങ്ങളാണ് സിഐടിയു മുന്നോട്ടുവയ്‌ക്കുന്നത്. ഈ ഭേദഗതികൾ നിയമമാക്കാൻ കഴിഞ്ഞാൽ കയറ്റിറക്ക് മേഖലയിൽ  പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൊഴിലിന്റെ സ്വഭാവം തലച്ചുമട് മാത്രമല്ലാതാകുകയും കാര്യമായ വ്യത്യാസം വരികയും ചെയ്ത സാഹചര്യത്തിൽ ഹെഡ്‌ ലോഡ് (തലച്ചുമട്) എന്ന വാക്കിനുപകരം നിയമത്തിൽ ‘ചുമട് കയറ്റിറക്ക്’  എന്ന് മാറ്റം വരുത്താൻ കരട് ഭേദഗതി നിർദേശിക്കുന്നു. തൊഴിലാളിയുടെ നിർവചനത്തിൽ സൂക്ഷ്മവും നൂതനവുമായ സാങ്കേതിക സാമഗ്രികൾ ഉൾപ്പെടെയുള്ള ചുമട് കയറ്റുന്നതിനോ ഇറക്കുന്നതിനോ നിയോഗിക്കപ്പെടുന്ന വ്യക്തി എന്ന കാതലായ മാറ്റവും  ഭേദഗതിയിലുണ്ട്. ഇതിനായി തൊഴിലാളികൾക്ക് ചുമട്ടുതൊഴിലാളിക്ഷേമനിധി ബോർഡ് മുഖേന ഐഎൽഒ നിർദേശപ്രകാരമുള്ള പരിശീലനം നൽകണമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നുണ്ട്.

“ചട്ടങ്ങൾക്കോ ഏതെങ്കിലും പദ്ധതികൾക്കോ കീഴിൽ സാധുതയുള്ളതും  നിലവിലുള്ളതുമായ രജിസ്ട്രേഷനില്ലാതെ ചുമട് കയറ്റിറക്ക് തൊഴിലാളി എന്ന് അവകാശപ്പെടുന്നത്‌ അർഹതയില്ലാത്ത തൊഴിലിന് അവകാശമുന്നയിക്കുന്നതാണെന്നും നിയമം അനുശാസിക്കുന്നു. അതിന് രണ്ടു വർഷംവരെ തടവിനോ ഒരു ലക്ഷം രൂപവരെ പിഴയ്ക്കോ  രണ്ടിനും കൂടിയോ ഉള്ള ശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കാമെന്നും നിർദേശിക്കുന്നു. ഇതുവഴി ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് നിയമംമൂലം തടയാനാണ് ഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നത്.

നോക്കുകൂലി നിരോധിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് ഭേദഗതിയിലൂടെ നിയമപ്രാബല്യം വരികയാണ്. നിലവിലുള്ള നിയമത്തിലെ 28 എ വകുപ്പ്  അസത്യപ്രസ്താവനയ്‌ക്കുള്ള ശിക്ഷയെന്ന ശീർഷകം ഭേദഗതി ചെയ്ത് പ്രത്യേക പ്രവൃത്തികളുടെ നിരോധനവും ശിക്ഷയും എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കാനാണ് നിർദേശം.

നിർദിഷ്ട വേതനത്തേക്കാൾ തുക ആവശ്യപ്പെടുന്നതും മറ്റാരെങ്കിലുമോ യന്ത്രസഹായത്താലോ ചെയ്ത കയറ്റിറക്കിന് കൂലി ആവശ്യപ്പെടുന്നതും ഭീഷണിപ്പെടുത്തുന്നതും രണ്ടു വർഷം തടവും  പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കുമെന്നും  നിർദേശിക്കുന്നുണ്ട്. ജോലിസമയത്ത് അസഭ്യഭാഷ പ്രയോഗിക്കുന്നതും മദ്യപിക്കുന്നതും കുറ്റമായി കണക്കാക്കും. രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ എല്ലാ തൊഴിലാളികളും പരിധിയിൽ വരുമെന്നും ഭേദഗതി വ്യക്തമാക്കുന്നു. വേതനനിരക്ക് നിയന്ത്രിക്കുന്നതിനും അത് കർശനമായി പിന്തുടരുന്നതിനും ഏകീകൃത വേജ് ബോർഡ് പ്രാബല്യത്തിൽവരണം. 1983ലെ കേരള ചുമട്ടുതൊഴിലാളി (തൊഴിലും ക്ഷേമവും ക്രമീകരണവും)പദ്ധതി ബാധകമായ പ്രദേശത്ത് നിലവിലുള്ള ബോർഡിന്റെ ഉപദേശം പരിഗണിച്ച് സർക്കാർ വേതനനിരക്ക് വിജ്ഞാപനം ചെയ്യുന്ന രീതിയാണുള്ളത്. ഇതിനുപകരം കമ്മിറ്റിയുടെ നിർദേശം പരിഗണിച്ച് ക്ഷേമനിധിബോർഡ്  വേതനനിരക്ക് വിജ്ഞാപനം ചെയ്യണം. പദ്ധതി ബാധകമല്ലാത്ത ഇടങ്ങളിലാകട്ടെ നിരക്ക് സർക്കാർ വിജ്ഞാപനം ചെയ്യണം.

മേഖലകളും അതിർത്തികളും സംബന്ധിച്ച് ഉയരുന്ന തർക്കങ്ങൾ ഒഴിവാക്കാനും കരട് ഭേദഗതി നിർദേശിക്കുന്നു. ലേബർ കാർഡിൽ അതിർത്തി, മേഖല, കൈകാര്യം ചെയ്യുന്ന സാമഗ്രികൾ, തൊഴിലെടുക്കാൻ അർഹതയുള്ള സ്ഥാപനങ്ങൾ എന്നിവ രേഖപ്പെടുത്തണം. രജിസ്റ്ററിങ് സമിതിയുടെ അധികാരപരിധിക്കു പുറത്ത് തൊഴിലെടുക്കുന്നതിന് ഒരു തൊഴിലാളിക്കും ഇതിലൂടെ അർഹതയുണ്ടാകില്ല.

ചുമട് കയറ്റിറക്ക് ജോലിയെ ആശ്രയിക്കാത്തവരെ ചില തൊഴിലുടമകൾ അനുബന്ധതൊഴിലാളികളാക്കി രജിസ്ട്രേഷൻ നേടുന്ന രീതി ഒഴിവാക്കുന്നതിന് രണ്ടു വർഷം കൂടുമ്പോൾ തിരിച്ചറിയൽ കാർഡ് പുതുക്കാൻ നിർദേശമുണ്ട്. രജിസ്ട്രേഷൻ തീയതി മുതൽ രണ്ടു വർഷമായിരിക്കും ലേബർ കാർഡിന്റെ കാലാവധി. നിയമഭേദഗതി പ്രാബല്യത്തിൽ വന്നാൽ ഒരു മാസത്തിനകം  എല്ലാ ചുമട് കയറ്റിറക്ക് തൊഴിലാളികളും നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.  നിർദിഷ്ട വേതനത്തിനപ്പുറം ആവശ്യപ്പെടുന്നതും  ജോലിയിൽ നീതീകരിക്കാനാകാത്ത കാലതാമസം വരുത്തുകയോ വിസമ്മതിക്കുകയോ ചെയ്യുന്നതും അച്ചടക്ക ലംഘനമായി  കണക്കാക്കാവുന്നതാണെന്ന്‌ ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. 

ജോലിചെയ്യാതെ കൂലി വാങ്ങുന്നതടക്കമുള്ള തെറ്റായ കാര്യങ്ങൾ അവസാനിപ്പിക്കുന്നതിനും തൊഴിൽ നിഷേധം തടയുന്നതിനും എല്ലാ തൊഴിലാളികളും ഒരുമിച്ചുനിൽക്കണം. സംസ്ഥാനത്തിന്റെ വികസന താൽപ്പര്യങ്ങൾ പൂർണമായി സംരക്ഷിക്കാനും നവകേരളത്തിലേക്കുള്ള വികസനമുന്നേറ്റത്തിൽ സുപ്രധാന ഉത്തരവാദിത്വം നിർവഹിക്കാനും ചുമട് കയറ്റിറക്ക്  മേഖലയിലെ തൊഴിലാളികൾ ഒന്നടങ്കം അണിനിരക്കുന്നതിന് ഉതകുന്ന നിർദേശങ്ങളാണ് ഇതിലൂടെ മുന്നോട്ട് വച്ചിട്ടുള്ളത്.

(കേരള സംസ്ഥാന ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ _സിഐടിയു സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top