24 April Wednesday

കർഷകപ്രക്ഷോഭത്തിന്റെ രാഷ്ട്രീയപ്രത്യാഘാതം

സാജൻ എവുജിൻUpdated: Saturday Sep 19, 2020


മോഡിസർക്കാരിന്റെ കർഷകദ്രോഹ നിയമനിർമാണങ്ങൾക്കെതിരായി ഹരിതവിപ്ലവഭൂമിയിൽ രോഷം അലയടിക്കുകയാണ്‌. ഇതിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ്‌ ശിരോമണി അകാലിദൾ (എസ്‌എഡി) പ്രതിനിധി ഹർസിമ്രത്‌ കൗർ ബാദൽ കേന്ദ്രമന്ത്രിസഭയിൽനിന്ന്‌ രാജിവച്ചത്‌. ഹരിയാനയിലെ ബിജെപി– -ജെജെപി സർക്കാരും പ്രതിസന്ധിയിലാണ്‌. പശ്ചിമ യുപിയിൽ  കർഷകപ്രതിഷേധം തനിച്ച്‌ നേരിടേണ്ട സ്ഥിതിയിലാണ്‌ ബിജെപി.

കോവിഡിന്റെയും ലോക്‌ഡൗണിന്റെയും മറവിൽ രാജ്യത്തെ കാർഷികമേഖല കോർപറേറ്റുകൾക്കും പൂഴ്‌ത്തിവയ്‌പുകാർക്കും തീറെഴുതാൻ മോഡിസർക്കാർ ശ്രമിക്കുന്നതാണ്‌ കർഷകരോഷം ക്ഷണിച്ചുവരുത്തിയത്‌. ആത്മനിർഭർ പാക്കേജ്‌ എന്ന പേരിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായാണ്‌ കാർഷികമേഖലയും വൻകിട മൂലധനശക്തികൾക്ക്‌‌ കൈമാറുന്നത്‌. ഇതിനായി കൊണ്ടുവന്ന കാർഷികോൽപ്പന്ന വ്യാപാര–-വാണിജ്യ ഓർഡിനൻസ്‌, അവശ്യവസ്‌തുനിയമ ഭേദഗതി ഓർഡിനൻസ്‌, വില ഉറപ്പിനും കാർഷികസേവനങ്ങൾക്കും വേണ്ടിയുള്ള ഓർഡിനൻസ്‌ എന്നിവയ്‌ക്കു പകരമുള്ള ബില്ലുകൾ പാർലമെന്റിൽ പാസാക്കാനാണ്‌ ശ്രമം. ലോക്‌സഭയിൽ ഭൂരിപക്ഷം ഉപയോഗിച്ച്‌ മൂന്നുബില്ലും തിരക്കിട്ട്‌ പാസാക്കിയെടുത്തു.


 

വിളകൾക്ക്‌ ‌ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത്‌ മിനിമം സംഭരണവില വാഗ്‌ദാനം ചെയ്‌ത ബിജെപി അധികാരത്തിൽ വന്നശേഷം അതെല്ലാം വിസ്‌മരിച്ചു. പകരം, ഉൽപ്പന്നങ്ങൾക്ക്‌ മെച്ചപ്പെട്ട വില ഉറപ്പാക്കാനെന്ന പേരിൽ കൊണ്ടുവന്ന നിയമഭേദഗതികൾ ഫലത്തിൽ കോർപറേറ്റുകളുടെ ചൂഷണത്തിന്‌ വഴിയൊരുക്കുമെന്ന്‌ കർഷകസംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ഗ്രാമങ്ങളിലെ കാർഷികോൽപ്പന്ന വിപണനചന്തകളുടെ നിലനിൽപ്പ്‌ അപകടത്തിലാകും.

പരിഷ്‌കാരംവഴി കർഷകർക്ക്‌ തുടക്കത്തിൽ മെച്ചപ്പെട്ട വില കിട്ടിയാലും കോർപറേറ്റുകൾ പിടിമുറുക്കുന്നതോടെ ചന്തകൾ അപ്രസക്തമാകും. സംഭരണത്തിന്‌ കോർപറേറ്റുകൾ മാത്രമാകുന്നതോടെ കർഷകർ തുച്ഛമായ വിലയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ടിവരും. അവശ്യവസ്‌തുനിയമം ഭേദഗതി ചെയ്‌ത് ആർക്കും‌ പരിധിയില്ലാതെ സംഭരിക്കാൻ അനുമതിയും നൽകിയിട്ടുണ്ട്‌. സംസ്ഥാനങ്ങൾക്കിടയിൽ ഉൽപ്പന്നങ്ങൾ കടത്തുന്നതിനുള്ള പരിധിയും എടുത്തുകളഞ്ഞു. വൻതോതിൽ പൂഴ്‌ത്തിവയ്‌പിന്‌ ഇത്‌ ഇടയാക്കും.

ഈ സാഹചര്യത്തിലാണ്‌ രാഷ്ട്രീയഭിന്നതകൾ മറികടന്ന്‌ കർഷകസംഘടനകൾ ഒന്നിച്ചിരിക്കുന്നത്‌. കാർഷികബില്ലുകളെ അനുകൂലിക്കുന്ന നേതാക്കൾ ഗ്രാമങ്ങളിലേക്ക്‌ കടക്കരുതെന്നാണ്‌ പഞ്ചാബിലെ മാൾവമേഖലയിൽ കർഷകർ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഓർഡിനൻസുകൾ വന്നതുമുതൽ പഞ്ചാബിലെ കർഷകർ നിരന്തരപ്രക്ഷോഭത്തിലാണ്‌. പദയാത്രകൾ, ലോങ്‌മാർച്ചുകൾ, വഴിതടയൽ എന്നിങ്ങനെ വിവിധ സമരരൂപങ്ങൾ നടക്കുന്നു. സ്‌ത്രീകളും വൻതോതിൽ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നു. സെപ്‌തംബർ 24 മുതൽ മൂന്ന്‌ ദിവസം സംസ്ഥാനത്ത്‌ ട്രെയിനുകൾ തടയുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

സംഭരണം ഇല്ലാതാകും
അകാലിദളിന്റെ വോട്ട്‌ബാങ്ക്‌ കർഷകരാണ്‌. സംസ്ഥാനത്ത്‌ 2017ൽ ഭരണം നഷ്ടപ്പെട്ട അകാലിദൾ കേന്ദ്രത്തിലെ അധികാരത്തിന്റെ പങ്ക്‌ വിട്ടൊഴിയാൻ ഒട്ടും ആഗ്രഹിക്കുന്നവരല്ല. എന്നാൽ, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കർഷകരുടെ ആശങ്ക കണ്ടില്ലെന്ന്‌ നടിക്കാൻ അകാലിദളിനു കഴിയില്ല. 12 ലക്ഷം കർഷകരുള്ള പഞ്ചാബിന്റെ സമ്പദ്‌ഘടനയിൽ എഫ്‌സിഐ സംഭരണം നിർണായക പങ്ക്‌ വഹിക്കുന്നു. സംസ്ഥാനത്ത്‌ വിളയുന്ന ഗോതമ്പിന്റെയും നെല്ലിന്റെയും സിംഹഭാഗവും എഫ്‌സിഐ നേരിട്ട്‌ സംഭരിക്കുകയോ എഫ്‌സിഐയ്‌ക്കു വേണ്ടി സംഭരിക്കപ്പെടുകയോ ചെയ്യുന്നു. പ്രാഥമിക കാർഷികവിപണികളിലെ കമീഷൻ ഏജന്റുമാർവഴിയാണ്‌ സംഭരണം. സംസ്ഥാനത്ത്‌ ഏകദേശം 28,000 രജിസ്‌റ്റേർഡ്‌ ഏജന്റുമാരുണ്ട്‌. ഭൂരഹിതരായ തൊഴിലാളികളാണ്‌ ഏജന്റുമാരായി പ്രവർത്തിക്കുന്നവരിൽ ഭൂരിപക്ഷവും.  ഇവർക്ക് സംഭരണവിലയുടെ ‌2.5 ശതമാനം കമീഷൻ ലഭിക്കും. 2019–-20 റാബി സീസണിൽ കേന്ദ്രപൂളിലേക്ക്‌ സംഭരിച്ച 34.13 കോടി ടൺ  ഗോതമ്പിൽ 12.91 കോടി ടണ്ണും പഞ്ചാബിൽനിന്നായിരുന്നു. 2018–-19ൽ പഞ്ചാബിന്റെ വിഹിതം 11.33 കോടി ടണ്ണായിരുന്നു.

നിയമഭേദഗതി വരുന്നതോടെ എഫ്‌സിഐ വഴിയുള്ള സംഭരണം ഇല്ലാതാകുമെന്ന്‌ കർഷകർ ഭയക്കുന്നു. ചന്തകൾക്കു പുറത്ത്‌ വ്യാപാരമേഖല അനുവദിക്കുന്നതോടെ കോർപറേറ്റുകൾ രംഗം കൈയടക്കും. സംഭരണഏജൻസിയിൽനിന്ന്‌ സംസ്ഥാനത്തിനു ലഭിച്ചുവന്ന ആറ്‌ ശതമാനം കമീഷനും നഷ്ടപ്പെടും. സംസ്ഥാനത്തെ രാഷ്ട്രീയ പാർടികളിലും ഇത്‌ അസ്വസ്ഥത വിതച്ചു. ഇതേത്തുടർന്നാണ്‌ ‌ കേന്ദ്രമന്ത്രിസ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക്‌ അകാലിദൾ എത്തിയത്‌. ‘‘ഓരോ കർഷകനും അകാലിയാണ്‌; ഓരോ അകാലിയും കർഷകനാണ്‌’’ എന്ന്‌ അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിങ്‌ ബാദൽ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചു. ‘‘കർഷകന്റെ മകളും സഹോദരിയും ആയിരിക്കുന്നതിൽ അഭിമാനമുണ്ട്‌’’ എന്നാണ്‌ രാജി പ്രഖ്യാപിച്ച്‌ ഹർസിമ്രത്‌ പറഞ്ഞത്‌.


 

ബിജെപിക്കെതിരെ കർഷകരോഷം
ഹരിയാനയിലും സമാനസ്ഥിതിയാണ്‌. സംസ്ഥാനത്തെ രണ്ട്‌ ജില്ലയൊഴികെയുള്ള പ്രദേശങ്ങൾ കാർഷികപ്രധാനമാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നഷ്ടമായ ബിജെപി ദുഷ്യന്ത്‌ ചൗതാലയുടെ ജെജെപി (ജനനായക്‌ ജനത പാർടി)യുമായി ചേർന്നാണ്‌ സർക്കാർ രൂപീകരിച്ചത്‌. ജാട്ട്‌ കർഷകരുടെ പാർടിയായ ജെജെപിക്ക്‌ കേന്ദ്രസർക്കാർ നീക്കം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. കുരുക്ഷേത്രയിൽ റോഡ്‌ ഉപരോധിച്ച കർഷകരെ പൊലീസ്‌ ലാത്തിച്ചാർജ്‌ ചെയ്‌തതോടെ സംസ്ഥാനസർക്കാരും ഉലഞ്ഞു. മന്ത്രിസഭ വിട്ടുവരാൻ ദുഷ്യന്തിനോട്‌ പാർടി എംഎൽഎമാർ ആവശ്യപ്പെടുന്നു. ബിജെപിയുടെ മൂന്ന്‌ എംപിമാർ കർഷകരോഷം കണ്ട്‌ കേന്ദ്രകൃഷിമന്ത്രിയോട്‌ നിലപാട്‌ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മോഡി സർക്കാരിന്റെ കോർപറേറ്റ്‌ വിധേയത്വത്തിനുമുന്നിൽ അത്‌ വിലപ്പോയില്ല.

സംസ്ഥാനത്ത്‌ കർഷകസംഘടനകൾ പ്രക്ഷോഭം തുടരുകയാണ്‌. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിനുമുന്നിൽ ധർണ നടത്തി. റോഡ്‌ ഉപരോധസമരം തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഉത്തർപ്രദേശ്‌, തെലങ്കാന എന്നിവിടങ്ങളിലും ആയിരക്കണക്കിനു കർഷകർ പ്രക്ഷോഭത്തിലാണ്‌. അഖിലേന്ത്യാ കിസാൻസഭ മുൻകൈ എടുത്ത്‌ രൂപീകരിച്ച 200ൽപരം കർഷകസംഘടനകളുടെ പൊതുവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി ഈ പ്രക്ഷോഭങ്ങൾക്ക്‌ പിന്തുണ നൽകുന്നു. ആർഎസ്‌എസിന്റെ ഭാരതീയ കിസാൻ സംഘും ഈ നിയമനിർമാണത്തിൽ അതൃപ്‌തിയിലാണ്‌.

ബിഹാർ തെരഞ്ഞെടുപ്പിലും ബിജെപിക്ക്‌ കർഷകരോഷം ബുദ്ധിമുട്ട്‌ സൃഷ്ടിക്കും. ഒന്നാം മോഡി സർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ഓർഡിനൻസ്‌ 2015ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ബിഹാറിൽ തിരിച്ചടിയായി. ഇതേത്തുടർന്ന്‌ ഓർഡിനൻസ്‌ റദ്ദാക്കുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top