06 July Wednesday

ഹൻസ്‌ഖലി മറ്റൊരു ഹാഥ്‌രസ്‌

ദേബാശീഷ്‌ ചക്രബർത്തിUpdated: Tuesday Apr 19, 2022

യുപിയിലെ ഹാഥ്‌രസിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യം മുഴുവൻ അറിഞ്ഞിരുന്നു. ഒരു ദളിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട്‌ ഗുരുതരാവസ്ഥയിലായ സംഭവം പുറംലോകമറിയാതെ മൂടിവയ്‌ക്കാൻ നിർബന്ധിതരായിരുന്നു. പിന്നീട് വാർത്ത പുറത്തറിഞ്ഞപ്പോൾ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഡൽഹിയിലെ ആശുപത്രിയിൽ കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാസ്‌ത്രീയ അന്വേഷണത്തിനുപോലും മുതിരാതെ പെൺകുട്ടിയുടെ മൃതദേഹം രാത്രിയുടെ മറവിൽ പൊലീസ്‌ സംസ്‌കരിക്കുകയായിരുന്നു. രാജ്യത്തെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു ഇത്‌.

പശ്ചിമ ബംഗാളിലെ ഹൻസ്‌ഖലിയിൽ ഹാഥ്‌രസിനേക്കാൾ ക്രൂരമായ സംഭവം അരങ്ങേറിയിരിക്കുകയാണ്‌. ഈ സംഭവത്തിൽ പുറംലോകത്തിന്റെ ശ്രദ്ധ വേണ്ടവിധം പതിഞ്ഞിട്ടില്ല. ഹാഥ്‌രസ് കുടുംബത്തെപ്പോലെ ദരിദ്രയായ പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ പിച്ചിച്ചീന്തീ അവളുടെ ശരീരം  വലിച്ചെറിഞ്ഞു.  കഠിനമായ വേദനയിലും രക്തസ്രാവത്തിലും അവൾ മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. ബലാത്സംഗം ചെയ്‌തവരും അവരുടെ കുറ്റവാളികളായ സുഹൃത്തുക്കളും പെൺകുട്ടിയുടെ മൃതദേഹം ബലമായി എടുത്തുകൊണ്ടുപോയി മണ്ണെണ്ണയും വിറകും ഉപയോഗിച്ച് ശ്മശാനത്തിൽ കത്തിച്ചു. ഈ രംഗം സത്യജിത് റേയുടെ സദ്ഗതി എന്ന ചിത്രത്തോട് സാമ്യമുള്ളതാണ്.

നാദിയ ജില്ലയിലെ ഹൻസ്ഖാലിയിലെ ശ്യാംനഗർ പുർബ പാര ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. ഏപ്രിൽ നാലിന്, പ്രാദേശിക തൃണമൂൽ നേതാവും പഞ്ചായത്ത് അംഗവുമായ സമീർ ഗയാലിയുടെ മകന്റെ ജന്മദിനാഘോഷത്തിന്‌ കൊല്ലപ്പെട്ട പെൺകുട്ടിയെ ക്ഷണിച്ചിരുന്നു. സമീർ ഗയാലിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ മകൻ ബ്രജ ഗയാലി എന്ന സോഹലും ചില സുഹൃത്തുക്കളും തുടർച്ചയായി ബലാത്സംഗം ചെയ്തു. ഗുരുതരമായി പരിക്കേറ്റ്‌ രക്തസ്രാവമുള്ള പെൺകുട്ടിയെ അവളുടെ കുടിലിലേക്ക്‌ വലിച്ചുതള്ളുമ്പോൾ സംഭവം നാട്ടുകാരോട് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. വേദനകൊണ്ട് കരയുന്ന പെൺകുട്ടി അമ്മയോട് പറഞ്ഞു, "അമ്മേ, ഇത്രയും വേദനയോടെ ഞാൻ ഇനി ജീവിക്കില്ല'. നാട്ടിലെ ഒരു വ്യാജ ഡോക്ടറിൽനിന്ന്‌ മരുന്ന് അന്വേഷിക്കാൻ അച്ഛൻ പോയെങ്കിലും രക്തം വാർന്ന്‌ പെൺകുട്ടി അമ്മയുടെ മുന്നിൽ പിടഞ്ഞു മരിച്ചു. മരണവിവരമറിഞ്ഞയുടൻ കുറ്റവാളികളും കൂട്ടാളികളും ചേർന്ന്‌ മൃതദേഹം പുറത്തുകൊണ്ടുപോയി കത്തിച്ചു. കുടുംബാംഗങ്ങളെപ്പോലും സംസ്‌കാരത്തിൽ പങ്കെടുപ്പിച്ചില്ല. പോസ്റ്റ്‌മോർട്ടമോ നിയമപരമായ മാർഗങ്ങളോ പാലിക്കാതെയാണ്‌ കുറ്റവാളികൾതന്നെ മൃതദേഹം കത്തിച്ച്‌ തെളിവ്‌ നശിപ്പിച്ചത്‌.

സമീർ ഗയാലി പ്രദേശത്തെ സ്വാധീനമുള്ള ടിഎംസി നേതാവാണ്. ഗയാലിയും സംഘവും ഗ്രാമത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തി അടക്കി ഭരിക്കുകയാണ്‌. പെൺകുട്ടിയുടെ അച്ഛനമ്മമാർ പൊലീസിൽ പരാതി നൽകാൻപോലും ഭയക്കുന്ന രീതിയിലാണ്‌ അവർ ഭീഷണിപ്പെടുത്തിയത്‌. ദിവസങ്ങൾക്കുശേഷം അവർ ധൈര്യം സംഭരിച്ച് അയൽക്കാരോടൊപ്പം പൊലീസ്‌ സ്റ്റേഷനിലേക്ക് പോയി. എന്നാൽ, രണ്ടുതവണയും പരാതി സ്വീകരിച്ച്‌ കേസ്‌ രജിസ്‌റ്റർ ചെയ്യാൻ പൊലീസ്‌ വിസമ്മതിച്ചു. ഇതിനിടയിൽ ഒരു വിഭാഗം മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തു. സംസ്ഥാനം ഒന്നടങ്കം നടുങ്ങിയ സംഭവത്തിൽ ഒടുവിൽ പൊലീസ്‌ കേസെടുക്കാൻ നിർബന്ധിതരായി. കേസ്‌ രജിസ്‌റ്റർ ചെയ്‌തശേഷവും രക്ഷിതാക്കളെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി മാറ്റാൻ പൊലീസ്‌ സമ്മർദം ചെലുത്തി. ഗ്രാമവാസികളുടെ പ്രതിഷേധം ശക്തമായപ്പോൾ പൊലീസ് സോഹലിനെയും മറ്റു ചിലരെയും അറസ്റ്റ് ചെയ്തു. എന്നാൽ, സമീർ ഗയാലിയെ അറസ്‌റ്റ്‌ ചെയ്യാൻ തയ്യാറായില്ല.

ക്രൂരമായ ഈ സംഭവത്തെ ന്യായീകരിക്കാനാണ്‌ മുഖ്യമന്ത്രി മമത ബാനർജി മുന്നോട്ടുവന്നത്‌. ‘പ്രണയബന്ധത്തിന്റെ' തുടർച്ചയോ, അല്ലെങ്കിൽ പെൺകുട്ടി ഗർഭിണി' ആയതോ ആയിരിക്കും സംഭവത്തിനു പിന്നിലെന്നാണ്‌ മമത പ്രതികരിച്ചത്‌. ഫലത്തിൽ, മുഖ്യമന്ത്രി ബലാത്സംഗത്തെ പലവിധത്തിൽ ന്യായീകരിക്കുകയായിരുന്നു. ബലാത്സംഗക്കേസിൽ നിയമപരമായ നടപടി സ്വീകരിക്കാനുള്ള സർക്കാരിന്റെ കഴിവില്ലായ്മ പ്രകടിപ്പിക്കുകയായിരുന്നു മമത. വർഷങ്ങളായി ഇത് അവരുടെ ശീലമായി മാറി. ഒന്നുകിൽ മുഖ്യമന്ത്രി അത്തരം സംഭവങ്ങളെ "ഉണ്ടാക്കിയത്' എന്നോ അല്ലെങ്കിൽ "ചെറിയ കാര്യങ്ങൾ' എന്നോ പറഞ്ഞ് നിസ്സാരവൽക്കരിക്കുകയുമാണ്‌ പതിവ്‌. പെൺകുട്ടിയുടെ മരണത്തെപ്പറ്റി അന്വേഷണത്തിന് സംസ്ഥാനസർക്കാർ വിമുഖത കാട്ടിയതോടെ കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി.

ഭീകരതയുടെയും പ്രാകൃതത്വത്തിന്റെയും കഥ ഇവിടെ അവസാനിക്കുന്നില്ല. ഗ്രാമം മുഴുവൻ ടിഎംസി നേതാക്കളുടെ ഭീഷണിയിലായതിനാൽ മരണപ്പെട്ട പെൺകുട്ടിക്ക്‌ മതപരമായ ചടങ്ങുകളോടെ അന്ത്യകർമകൾ ചെയ്യുന്നതുപോലും തടസ്സപ്പെടുത്തി. സിപിഐ എം നേതാക്കളും പ്രവർത്തകരുമാണ് കുടുംബത്തിനൊപ്പം നിന്നതും ചടങ്ങുകൾ നടത്താൻ സഹായിച്ചതും. വാസ്‌തവത്തിൽ, സിപിഐ എം നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഗ്രാമവാസികൾ കുടുംബത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാക്കി.

സംസ്ഥാനത്തെ ടിഎംസി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കിരാത ഭരണത്തെക്കുറിച്ചും നിയമലംഘനത്തെക്കുറിച്ചും ഭീകരതയുടെ അന്തരീക്ഷത്തെക്കുറിച്ചും ഈ സംഭവം വ്യക്തമാക്കുന്നു. യഥാർഥത്തിൽ ഈ വർഷം മാർച്ച്-, ഏപ്രിൽ മാസങ്ങളിൽ ഒന്നിനുപുറകെ ഒന്നായി നടന്ന ബലാത്സംഗങ്ങൾ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്‌. (ഗണശക്‌തി എഡിറ്ററാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top