27 April Saturday

അനിവാര്യമായ തോല്‍വി : അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021

കർഷക പ്രക്ഷോഭം ഐതിഹാസിക വിജയം നേടിയ പശ്ചാത്തലത്തിൽ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയുമായി ദേശാഭിമാനി ഡൽഹി ചീഫ്‌ റിപ്പോർട്ടർ എം പ്രശാന്ത്‌ നടത്തിയ അഭിമുഖം


● താങ്കളടക്കം നേതൃത്വം നൽകിയ ഐതിഹാസിക സമരം വിജയം കണ്ടിരിക്കുന്നു. എന്താണ്‌ പ്രതികരണം?
ഒരു വർഷമായി 90 കോടി കർഷകർ ന്യായമായ ആവശ്യത്തിനായി പോരാടുന്നു. നവംബർ 26ന്‌ ഒരു വർഷമാകും. സമരം സർക്കാരിനുമേൽ വലിയ സമ്മർദം സൃഷ്ടിച്ചു. എങ്ങനെ തലയൂരാമെന്ന ചിന്തയിലായി സർക്കാർ. നിയമം പിൻവലിക്കാമെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കർഷകപ്രസ്ഥാനത്തിന്റെ വലിയ വിജയമാണ്. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും ദീർഘനാൾ നീണ്ടുനിന്ന ജനാധിപത്യ മുന്നേറ്റമായി കർഷകസമരം മാറി. നിയമങ്ങൾ പിൻവലിച്ചുള്ള ബിൽ കൊണ്ടുവരണം. അതിനായി കാക്കേണ്ടതുണ്ട്‌. 2014ൽ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ്‌ സർക്കാർ കൊണ്ടുവന്നിരുന്നു. കർഷകർ അതിനെതിരായി മൂന്നു വർഷം പോരാടി. ഓർഡിനൻസ്‌ പിൻവലിക്കുമെന്ന്‌ ‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, ഇപ്പോഴും അത്‌ നിയമപരമായി പിൻവലിക്കപ്പെട്ടില്ല. മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കേണ്ടതുണ്ട്. നാലു ലക്ഷം കർഷകർ ആത്മഹത്യ ചെയ്‌തു. വിലയിടിവാണ്‌ കാരണം. പ്രതിദിനം 52 കർഷകർ ആത്മഹത്യ ചെയ്യുന്നു. ഇത്‌ തടയണമെങ്കിൽ മിനിമം താങ്ങുവില ഉറപ്പാക്കണം. അതുകൊണ്ട്‌ പ്രക്ഷോഭം തുടരും.

● കർഷക സമരത്തിൽ കിസാൻസഭയുടെ പങ്ക്‌ ?

വിവിധ സംഘടനകളുടെ കൂട്ടായ്‌മ ഉറപ്പാക്കി സമരം ശക്തിപ്പെടുത്തുന്നതിലും ഐക്യം ഉറപ്പാക്കുന്നതിലും കിസാൻസഭ നിർണായക പങ്ക്‌ വഹിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമത്തിനെതിരായി വിവിധ സംഘടനകളെ യോജിപ്പിച്ച്‌ ഭൂമി അധികാർ ആന്ദോളന് കിസാൻസഭ രൂപം നൽകി. പിന്നീട്‌ ഓൾ ഇന്ത്യാ കിസാൻ സംഘർഷ്‌ സമന്വയ്‌ സമിതി രൂപീകരിച്ചു.

250 കർഷകസംഘന ഉൾപ്പെട്ട കൂട്ടായ്‌മ. പിന്നീടിപ്പോൾ കാർഷിക നിയമങ്ങൾക്കെതിരായി 500 സംഘടന ഉൾപ്പെട്ട സംയുക്ത കിസാൻ മോർച്ച നിലവിൽ വന്നു. ഈ പ്രക്രിയയിലെല്ലാം നേതൃപരമായ പങ്ക്‌ കിസാൻസഭ വഹിച്ചു. കാരണം രാജ്യമാകെ വേരുകളുള്ള സംഘടനയാണ്‌ കിസാൻസഭ. കിസാൻമോർച്ചയിൽ ഉൾപ്പെട്ട 500 സംഘടനയിൽ ചിലത്‌ ഗ്രാമതലത്തിലോ ബ്ലോക്ക്‌ തലത്തിലോ മാത്രമായി പ്രവർത്തിക്കുന്നവയാണ്‌. ഒരു സംസ്ഥാനത്തോ അതല്ലെങ്കിൽ രണ്ട്‌ സംസ്ഥാനത്തോ മാത്രമായി സ്വാധീനമുള്ള സംഘടനകളുമുണ്ട്‌. എന്നാൽ, കിസാൻസഭയ്‌ക്ക്‌ എല്ലാ സംസ്ഥാനത്തും സാന്നിധ്യമുണ്ട്‌.

● പഞ്ചാബ്‌ കേന്ദ്രീകൃത സമരം മാത്രമെന്ന്‌ ചിത്രീകരിക്കാൻ കേന്ദ്രം ശ്രമിച്ചു. എന്തായിരുന്നു യാഥാർഥ്യം?
അത്‌ ശരിയല്ല. പഞ്ചാബിൽ മാത്രമെങ്കിൽ ഭാരത്‌ ബന്ദും മറ്റും എങ്ങനെ സാധ്യമാകും. മൂന്ന്‌ ഭാരത്‌ ബന്ദുണ്ടായി. 50 കോടിയോളം കർഷകർ പങ്കാളികളായി. ബംഗാൾ, തമിഴ്‌നാട്‌, കേരളം, ആന്ധ്ര, ബിഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ബന്ദിന്‌ വലിയ പിന്തുണ കിട്ടി.




● തൊഴിലാളി–- കർഷക ഐക്യത്തിന്റെ ഭാവി?
തൊഴിലാളി–- കർഷക ഐക്യം തന്നെയാണ്‌ ഇപ്പോൾ പ്രകടമായ ജനകീയ മുന്നേറ്റത്തിന്റെ പ്രത്യേകത. സാധാരണ തൊഴിലാളികൾ സമരം ചെയ്യുമ്പോൾ കർഷകർ നോക്കിനിൽക്കും. കർഷകർ സമരം ചെയ്യുമ്പോൾ തൊഴിലാളികൾ കാഴ്‌ചക്കാരാകും. എന്നാൽ, ഇപ്പോഴത്തെ കർഷക സമരത്തിൽ ആദ്യ ദിനംമുതൽ 10 കേന്ദ്ര ട്രേഡ്‌യൂണിയനും ഉപാധികളില്ലാതെ പിന്തുണച്ചു. ജീവനക്കാരുടെ സംഘടനകൾ പിന്തുണച്ചു. ഈ പിന്തുണ വലിയ ഊർജമായി. കർഷകരും തൊഴിലാളികളും ഉൽപ്പാദകരാണ്‌. മറ്റുള്ളവരെല്ലാം ഉപയോക്താക്കൾമാത്രം. ഈ രണ്ട്‌ ഉൽപ്പാദകവിഭാഗമാണ്‌ കാർഷിക നിയമങ്ങളാലും തൊഴിൽ ചട്ടങ്ങളാലും ആക്രമിക്കപ്പെട്ടത്‌. ഭൂമി തട്ടിയെടുത്ത്‌ വൻകിടക്കാർക്ക്‌ കൈമാറുകയായിരുന്നു കാർഷിക നിയമങ്ങളുടെ ലക്ഷ്യം. തൊഴിലാളികളുടെ എല്ലാ അവകാശവും കവർന്നെടുക്കുന്നതാണ്‌ നാല്‌ തൊഴിൽ ചട്ടം. രണ്ടിടത്തും നേട്ടം കോർപറേറ്റുകൾക്കാണ്‌.

● കർഷക സമരത്തിലെ ഇടതുപക്ഷത്തിന്റെ പങ്ക് എങ്ങനെ വിലയിരുത്താം?
ഇടതുപക്ഷ പാർടികൾ തുടക്കംമുതൽ സമരത്തിനൊപ്പം നിലകൊണ്ടു. മോദി കൊണ്ടുവന്ന കാർഷിക നിയമങ്ങളിലെ പല കാര്യങ്ങളും കോൺഗ്രസ്‌ അടക്കമുള്ള രാഷ്ട്രീയ പാർടികൾ അവരുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നതാണ്‌. മറ്റ്‌ പ്രതിപക്ഷ പാർടികളുടെ കാര്യമായ പിന്തുണ തുടക്കത്തിൽ സമരത്തിനുണ്ടായില്ല. ആറേഴു മാസം പിന്നിട്ട്‌ സമരം അതിന്റെ മൂർധന്യത്തിൽ എത്തിയപ്പോഴാണ്‌ മറ്റ്‌ പാർടികൾ സഹകരിച്ചു തുടങ്ങിയത്‌.

● വിദൂര സംസ്ഥാനങ്ങളിൽനിന്നുപോലും കർഷകർ പിന്തുണയുമായി ഡൽഹിയിലെത്തി. ഇത്‌ പകർന്ന ആവേശം?
ഇതൊരു രാജ്യവ്യാപക സമരമായിരുന്നു. സമര കാലയളവിൽ പല പ്രതിസന്ധികളും നേരിട്ടു. കോവിഡ്‌ മഹാമാരിയുടെ കാലമായിരുന്നു. ട്രെയിനുകളും മറ്റുമുണ്ടായില്ല. അതുകൊണ്ട്‌ വിദൂര സ്ഥലങ്ങളിൽനിന്ന്‌ കൂടുതലായി കർഷകർക്ക്‌ എത്താനായില്ല. എങ്കിൽക്കൂടി കേരളം, തമിഴ്‌നാട്‌ തുടങ്ങി സംസ്ഥാനങ്ങളിൽനിന്ന്‌ വലിയ തോതിൽ കർഷകരെത്തി.

● പിന്നിൽ തീവ്രവാദികളും ഖലിസ്ഥാനികളും നക്‌സലുകളും മറ്റുമാണെന്ന വ്യാപക പ്രചാരണമുണ്ടായി.എങ്ങനെ അതിജീവിക്കാനായി?

കർഷകർ ശരിയായ വിവരശേഖരണം നടത്തി. ജനങ്ങളെ ബോധവൽക്കരിച്ചു. മാധ്യമങ്ങൾ കർഷകരെ അപകീർത്തിപ്പെടുത്തുകയാണെന്ന്‌ ബോധ്യപ്പെടുത്തി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ സർക്കാർ വലിയ ഗൂഢാലോചന നടത്തി. മോദിയുടെ ഏജന്റായ ഒരു വ്യക്തി കുഴപ്പങ്ങൾ സൃഷ്ടിച്ചു. പിന്നീട്‌ നിഹങ്കുകളിൽ ചിലരെ ഉപയോഗിച്ച്‌ സമരത്തെ മോശപ്പെടുത്താൻ ശ്രമിച്ചു. ഒരു വ്യക്തി കൊല്ലപ്പെട്ടു. അതിന്‌ ഉത്തരവാദിയായ നിഹങ്ക്‌ നേതാവ്‌ പിന്നീട്‌ കൃഷി മന്ത്രിക്കൊപ്പം വിരുന്നിൽ പങ്കെടുത്തു. ഇതെല്ലാം കർഷകർ തുറന്നുകാട്ടി.

● സർക്കാരിന്‌ പൊതുജന പിന്തുണയും നഷ്ടമായി തുടങ്ങിയോ?
നിശ്‌ചയമായും. സർക്കാരിന്‌ ആശങ്ക വോട്ടിന്റെ കാര്യത്തിൽ മാത്രമാണ്‌. മറ്റൊരു ആശങ്കയുമില്ല. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയായുധമാക്കാൻ കർഷകസംഘടനകൾ തീരുമാനിച്ചു. ബിജെപിയെ തോൽപ്പിക്കാൻ ആഹ്വാനം നൽകി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഇതേ ആഹ്വാനമുണ്ട്‌. യുപിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലുമെല്ലാം ബിജെപിയെ തോൽപ്പിക്കാനാണ്‌ തീരുമാനം.  

● എംഎസ്‌പി വിഷയത്തിലടക്കം സമരം തുടരാനാണോ കർഷകരുടെ നീക്കം ?
കർഷകരുടെ സമരം തുടരും. സമരരീതിയിൽ മാറ്റം വന്നേക്കാം. സംയുക്ത കിസാൻ മോർച്ച അന്തിമ തീരുമാനമെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top