22 January Saturday

ഹലാൽ വിവാദം മതസൗഹാർദം തകർക്കാൻ - എസ് പി നമ്പൂതിരി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

ഹലാൽ എന്ന വാക്ക് നമ്മുടെ രാഷ്ട്രീയവ്യവഹാരങ്ങളിലും മാധ്യമചർച്ചകളിലും ഇപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. കേന്ദ്രഭരണകക്ഷിയുടെ സംസ്ഥാനഘടകത്തിൽ അതൊരു ഭിന്നതയ്ക്കും വഴിതെളിച്ചിരിക്കുന്നു. പുതിയ പുതിയ പദങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ഏതൊരു ഭാഷയും വളരുന്നത്. ആദ്യകാലങ്ങളിൽ സ്വീകരിച്ച തമിഴ്പദങ്ങളാണ് മലയാളമായി വികസിച്ചത്. പിന്നീട് സംസ്കൃതപദങ്ങൾ സ്വീകരിച്ചപ്പോഴാണ് മണിപ്രവാളമലയാളം ഉണ്ടായത്. പിന്നീട് ഇംഗ്ലീഷ്, ഫ്രഞ്ച് മുതലായ പാശ്ചാത്യഭാഷകളിൽനിന്നും ഇതുപോലെ കടമെടുത്തതുകൊണ്ടാണ് ഇന്നത്തെ മലയാളം ആകൃതിപ്പെട്ടുവന്നത്. ഹലാൽ എന്ന വാക്ക് അറബിഭാഷയിൽ നിന്നാണ് നാം സ്വീകരിച്ചത്. സംശയമുള്ളവർക്ക് മലയാളത്തിലെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലി നോക്കാം. ശ്രീകണ്ഠേശ്വരം പത്ഭനാഭപിള്ള അതിന്റെ അർഥവും കൊടുത്തിട്ടുണ്ട്.

ഇത്തരം വാക്കുകൾ ഒഴിവാക്കി തനിമയാർന്ന ഒരു പച്ചമലയാള നിഘണ്ടു വേണമെന്ന വാദവുമുണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല. പ്രശ്നം ലളിതമാണ്. ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കാൻ സംഘപരിവാർശക്തികൾ തയ്യാറല്ല. എന്നാൽ, നാനാത്വത്തിലെ ഏകത്വമെന്ന രാഷ്ട്രസങ്കൽപ്പത്തെ പരസ്യമായി എതിർക്കാൻ കഴിയില്ലെന്നതാണ് അവരുടെ ധർമസങ്കടം. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഈ വൈവിധ്യത്തെ എങ്ങനെ തമസ്കരിച്ച് ദീൻദയാൽ ഉപാധ്യായയുടെ ഏകാത്മകമാനവദർശനം നടപ്പാക്കാൻ കഴിയും? ഹൈന്ദവയാഥാസ്ഥിതികത്വം ഈ വിഷയത്തിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സംഘ പരിവാർ ഹലാലിനെതിരെ പ്രശ്നമുണ്ടാക്കുന്നത് ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനും കേരളത്തിന്റെ മത സൗഹാർദം തകർക്കാനുമാണ്. ഭക്ഷണരീതികൾ, വസ്ത്രധാരണസമ്പ്രദായങ്ങൾ ഇവയിലൊക്കെ ഏതെങ്കിലുമൊരു രീതി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് ശരിയാണോ? മാംസാഹാരപ്രിയരുടെ നാടായ ഇംഗ്ലണ്ടിൽ ഇരുപത്തഞ്ചാമത്തെ വയസ്സിൽ സസ്യാഹാരിയെന്ന് മാത്രമല്ല, മാംസാഹാരശീലമുള്ളവരെ അതിരൂക്ഷമായും മനോഹരമായും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തയാളാണ് ബർണാഡ്ഷാ. മാംസാഹാരപ്രിയരെ ശവംതീനികളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടിൽ സസ്യാഹാരികളുടെ ഒരു സംഘടനയും അദ്ദേഹം രൂപീകരിച്ചു. പക്ഷേ, ഇംഗ്ലണ്ടിൽ ആരും അദ്ദേഹത്തെ ആക്രമിക്കാൻ പോയിട്ടില്ല. അതാണ് സഹിഷ്ണുത സംസ്കാരം. ഉത്തരേന്ത്യയിൽ മാംസവ്യാപാരശാലകൾ തല്ലിത്തകർക്കുന്നു. മാംസാഹാരം കൈവശംവച്ചെന്ന കിംവദന്തിയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ തല്ലിക്കൊല്ലുന്നു. കേരളത്തിലേക്കും ഈ വിദ്വേഷത്തിന്റെ വിഷവാതകം പ്രസരിപ്പിക്കാനുള്ള സംഘടിതശ്രമമാണ് നടക്കുന്നത്. രാമക്ഷേത്രവും സീതാരാമൻമാരുമൊക്കെ സാംസ്കാരിക ദേശീയതയുടെ ബിംബങ്ങളായിട്ടാണല്ലോ യാഥാസ്ഥിതികവലതുപക്ഷം പ്രചരിപ്പിക്കുന്നത്. അവരോടെനിക്കൊരു അപേക്ഷയുണ്ട്   “രാമായണമൊന്ന് വായിച്ചുനോക്കണം. ”

വനവാസവേളയിൽ വാൽമീകിയുടെ ആശ്രമത്തിൽ താമസിക്കുന്ന സീത മാംസം വെയിലത്തുവച്ചുണക്കുന്ന രംഗം വർണിക്കപ്പെടുന്നുണ്ട് (പലലമതുവച്ചുണക്കിയും). വാൽമീകിയുടെ ആശ്രമത്തിൽ മാത്രമല്ല, എല്ലാ ആശ്രമത്തിലും മാംസാഹാരം നിഷിദ്ധമായിരുന്നില്ല. ഹലാലും  ജിഹാദുമൊക്കെ വിവാദവിഷയമാക്കുന്നതിന്റെ പിന്നിൽ നിഗൂഢമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. ഒരു വിഭാഗം ഹിന്ദുക്കളുടെ മതവികാരം ആളിക്കത്തിക്കുകയും ന്യൂനപക്ഷവിരോധജ്വരം വളർത്തിയെടുക്കുകയും ചെയ്യുകയെന്നത് സുസംഘടിതമായ ഒരു രഹസ്യപദ്ധതിയുടെ ഭാഗമാണ്. നല്ലൊരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണ അവർക്ക് ലഭിക്കുന്നുവെന്നതാണ് ഇന്നീ നാടനുഭവിക്കുന്ന ദുഃഖം. ഗാന്ധിജിയുടെ നിർദേശപ്രകാരമാണ് സവർക്കർ മാപ്പെഴുതിക്കൊടുത്തതെന്ന നുണക്കഥ വിശ്വാസ്യത തോന്നുംവിധമല്ലേ വൻകിടമാധ്യമങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്? വർഗീയതയ്ക്ക് വേരോട്ടമില്ലാത്ത ഒരു മേഖലയാണീ കേരളം. ഇവിടെ ആഹാരശീലത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് സംഘപരിവാർ.  ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പഴയ സാമ്രാജ്യത്വതന്ത്രം. പൗരബോധമുള്ള ജനാധിപത്യവിശ്വാസികൾ  സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവർ  ജാഗരൂകരാകേണ്ട അവസ്ഥയാണ് വന്നുചേർന്നിരിക്കുന്നത്. 

യാഥാസ്ഥിതികശക്തികളെ ഒരു കാര്യംകൂടി ഓർമിപ്പിച്ചുകൊള്ളട്ടെ. നമ്മുടെ ദേശീയ ചികിത്സാസമ്പ്രദായമായ ആയുർവേദത്തിന്റെ ആചാര്യൻമാരെല്ലാം ബുദ്ധസന്യാസിമാരായിരുന്നു. അഹിംസാപരമോ ധർമഃ എന്ന് വിശ്വസിച്ചവർ. മാംസാഹാരം ഹറാമാണെന്ന്‌  ആയുർവേദം പറഞ്ഞിട്ടില്ല. മാത്രമല്ല, ശരീരപുഷ്ടിക്ക് മാംസവും മാംസരസവും ഉപയോഗിക്കാനും നിർദേശിക്കപ്പെട്ടിട്ടുണ്ട് . (ഹലാലെന്ന വാക്കിന് നിഷിദ്ധമല്ലാത്തത്‌ എന്നാണ് ശബ്ദതാരാവലിയിൽ അർഥം കൊടുത്തിരിക്കുന്നത്. എന്നുവച്ചാൽ അനുവദിക്കപ്പെട്ടത്  എന്നർഥം. നിരോധിക്കപ്പെട്ടതെന്നോ  പാപികളുടെ ഭക്ഷണമെന്നോ പറഞ്ഞിട്ടില്ല).

(കവിയും ഗ്രന്ഥകർത്താവുമായ ലേഖകൻ കുറിച്ചിത്താനം ശ്രീധരി ആയുർവേദ സ്ഥാപനങ്ങളുടെ ഡയറക്ടറുമാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top