23 April Tuesday

ബിജെപി മാർച്ച് നടത്തേണ്ടത് മോദിയുടെ വസതിയിലേക്ക്‌

ഡോ. ഹുസെെൻ മടവൂർUpdated: Thursday Dec 2, 2021

മുഖ്യമന്ത്രി പിണറായി വിജയൻ ഹലാൽ ഭക്ഷണവിഷയത്തിൽ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചും കേരളത്തിൽ ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടും  മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാർച്ച് നടത്തുമെന്ന വാർത്ത കണ്ടു. ഇന്ത്യൻ പാർലമെന്റിൽ ഹലാൽ ഭക്ഷണം ലഭ്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്‌ അവരെ ചൊടിപ്പിച്ചത്. പ്രസ്‌താവനയിൽ  പറഞ്ഞ കാര്യം ശരിയാണെങ്കിൽ ബിജെപി മാർച്ച് നടത്തേണ്ടത് പ്രധാനമന്ത്രിയുടെ വസതിയിലേക്കല്ലേ.

കേന്ദ്ര ഉടമസ്ഥതയിലുള്ള എയർ ഇന്ത്യാ വിമാനങ്ങളിൽ  ആവശ്യപ്പെട്ടാൽ മുസ്ലിങ്ങളുടെ ഹലാൽ ഭക്ഷണവും യഹൂദന്മാരുടെ കോഷർ ഭക്ഷണവും ജൈനർക്ക് അവരുടെ ഭക്ഷണവും സസ്യാഹാരികൾക്ക് സസ്യാഹാരവും ലഭിക്കുന്നുണ്ട്. ഇതൊന്നും പിണറായി വിജയൻ കൊടുക്കുന്നതല്ല.

ഡൽഹിയിൽനിന്ന് നാട്ടിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഹലാൽ ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് ചിക്കൻ ബിരിയാണി. കഴിക്കുന്നതിനുമുമ്പ് പാക്കറ്റിലെ  എഴുത്തുകളും ചിഹ്നങ്ങളും സൂക്ഷ്മമായി വായിച്ചുനോക്കി. ആറ് സർട്ടിഫൈഡ് എംബ്ലം കണ്ടു. ഒന്നാമത്തേത് ഹലാൽതന്നെ. കുടിക്കാൻ തന്നത് നോൺ ആൾക്കഹോളിക്‌ എന്ന് പ്രിന്റ് ചെയ്തിട്ടുള്ള പാനീയവും. ആഗോള  ഇസ്ലാമിക തീവ്രവാദത്തിന്റെ അജൻഡയാണ് ഹലാൽ ഭക്ഷണമെന്നും സിറിയയിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നവരാണ്‌ ഇവിടെ ഹലാൽ ഭക്ഷണം കൊണ്ടുവന്നത് എന്നുമാണല്ലോ ബിജെപി പ്രചരിപ്പിക്കുന്നത്. ഈ ലേഖകൻ പങ്കെടുത്ത  ചാനൽ ചർച്ചകളിലും അവർ അങ്ങനെ പറഞ്ഞിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും ഹലാൽ ഭക്ഷണത്തിൽ ഉസ്താദുമാർ തുപ്പിയിട്ടുണ്ടെന്നും അതിനാൽ അത് നിരോധിക്കണമെന്നും പലതവണ ആവശ്യപ്പെടുകയുണ്ടായി. ഇത് തികച്ചും വാസ്തവ വിരുദ്ധമായ ആരോപണമാണെന്ന് എല്ലാവർക്കുമറിയാം. മുസ്ലിം ഹോട്ടലുകളിലും വീടുകളിലും ഭക്ഷണമുണ്ടാക്കുന്ന ആയിരക്കണക്കിന്‌  ഇതരസമുദായക്കാരോട് ചോദിച്ചാൽ ഒരാൾ പോലും ഹലാൽ ഭക്ഷണം മോശമാണെന്നോ മുസ്ലിങ്ങൾ ഭക്ഷണത്തിൽ തുപ്പുന്നവരാണെന്നോ പറയില്ല. ആ  സത്യം അറിയാവുന്നതുകൊണ്ടാണ് ബിജെപിക്കാർ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ മുസ്ലിം രാജ്യങ്ങളിൽ ഒരു മനഃക്ലേശവുമില്ലാതെ ഹലാൽ ഭക്ഷണം കഴിച്ചുജീവിക്കുന്നതും സമ്പാദിക്കുന്നതും. 

പ്രധാനമന്ത്രിയും മറ്റ് ബിജെപി നേതാക്കളും മുസ്ലിം ഭക്ഷണം കഴിക്കാറുണ്ട്. അത് കഴിക്കുന്നതിൽ ഒരുവിരോധവും പറഞ്ഞിട്ടില്ല. ബിജെപി വക്താവ് സന്ദീപ് വാര്യർ,  പിൻവലിച്ച എഫ്‌ബി പോസ്റ്റിൽ പറഞ്ഞതുപോലെ ഇത് സമുദായങ്ങൾ തമ്മിൽ അകൽച്ചയുണ്ടാക്കാനും സാമ്പത്തിക ഉപരോധം സൃഷ്ടിക്കാനും കാരണമാകും. വിമാനത്തിൽ ഹലാൽ ഭക്ഷണം ഏർപ്പാട് ചെയ്യുന്ന ഇന്ത്യൻ വിമാനക്കമ്പനികൾ  ഏതായാലും ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ റിക്രൂട്ടിങ്‌ ഏജന്റുമാരാകാൻ  വഴിയില്ലല്ലോ.  ഏതാണ്ട്‌ എല്ലാ എയർലൈൻസിലും അങ്ങനെതന്നെയാണ്.   രണ്ടു വർഷംമുമ്പ് ശബരിമലയിൽ അരവണപ്പായസം തയ്യാറാക്കാൻ ദേവസ്വം ബോർഡ് വാങ്ങിയ ശർക്കര ഹലാൽ ശർക്കരയാണെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയവർ മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് ചെയർമാനും മറുപടി പറയണമെന്നും രാജിവയ്‌ക്കണമെന്നുമൊക്കെ ആവശ്യപ്പെട്ടു.  പ്രശ്‌നം കോടതിയിൽ എത്തിയപ്പോൾ,  കോടതി പരാതിക്കാരനോട് എന്താണ് ഹലാൽ എന്നുചോദിച്ചപ്പോൾ അത് അറിയില്ലെന്ന് പറയേണ്ടിവന്നത് ശർക്കര ഫാക്ടറി മുതലാളി ശിവസേനക്കാരനാണെന്ന് അറിഞ്ഞതോടെയാണ്‌.

അതുപോലെ തന്നെയാണ് എല്ലാ ഉൽപ്പന്നത്തിന്റെയും അവസ്ഥ. യോഗ ഗുരു രാംദേവിന്റെ പഥഞ്ജലി ആയുർവേദ ഉൽപ്പന്നങ്ങളിൽ പലതിന്റെ പാക്കിലും ഹലാൽ മുദ്രയുണ്ട്. അതുനൽകിയത്‌ മൗലാനാ മഹമ്മൂദ് മദനിയുടെ ജംഇയ്യത്തുൽ ഉലമ എ ഹിന്ദിന്റെ ഹലാൽ സർട്ടിഫിക്കേഷൻ കമ്മിറ്റിയാണ്.  മുംബൈയിലും യുപിയിലും ഹൈദരാബാദിലും മറ്റുമുള്ള ഹൈന്ദവ സഹോദരന്മാരുടെ മാംസക്കയറ്റുമതി സ്ഥാപനങ്ങളുടെ പാക്കിലും ഹലാൽ മുദ്ര കാണാം. മലബാർ പ്രദേശത്തെവിടെയും ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും മാംസക്കടകളിലും ഹലാൽ ബോർഡ് ഇല്ല. എവിടെ ഏതുതരം ഭക്ഷണം കിട്ടുമെന്ന് നാട്ടുകാർക്ക്‌ അറിയാം. പരസ്പര ബഹുമാനവും വിശ്വാസവുമുള്ളതിനാൽ ഭക്ഷണക്കാര്യത്തിൽ ആരും ആരെയും ചതിക്കുന്നില്ലെന്ന്‌ അർഥം. എന്നാൽ, ധാരാളം വിദേശികൾ എത്തുന്ന ദേശീയപാതയോരത്തും പട്ടണങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമുള്ള ചില ഭക്ഷണശാലകളിലാണ് ഇപ്പോൾ ഹലാൽ ഭക്ഷണമാണെന്ന സ്റ്റിക്കർ പതിച്ചിട്ടുള്ളത്. അതിലേറെയും ഹൈന്ദവ–-ക്രൈസ്തവ സമുദായത്തിൽപ്പെട്ടവരുടേതാണു താനും. ഇത്‌ അവരുടെ ആതിഥ്യമര്യാദയോ കച്ചവടതാൽപ്പര്യമോ ആണെന്നു വേണം കരുതാൻ.

ഹലാൽ ഹോട്ടലുകളിൽ മറ്റുള്ളവർക്ക് ഭക്ഷണം കഴിക്കുന്നതിനോ അവിടങ്ങളിൽ തൊഴിൽ ചെയ്യുന്നതിനോ  ഒരു വിലക്കുമില്ലെന്ന്‌ എല്ലാവർക്കുമറിയാം. കശുവണ്ടി കയറ്റിയയക്കുന്ന കൊല്ലത്തെ ഒരു കശുവണ്ടി ഫാക്ടറി ഉടമയായ മുസ്ലിം സുഹൃത്ത് അദ്ദേഹത്തിന്റെ കമ്പനിക്കുള്ള കോഷർ സർട്ടിഫിക്കേഷൻ കാണിച്ചുതന്നു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റിയയക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് കോഷർ സർട്ടിഫിക്കറ്റ് വേണമെന്നാണ് നിയമം. അവിടെയുള്ള രണ്ടു ശതമാനത്തിൽ താഴെയുള്ള യഹൂദ സമുദായത്തെ പരിഗണിച്ചാണ്  അത്തരമൊരു നിയമമുള്ളത്‌. അപ്പോൾ, 26 ശതമാനം വരുന്ന മുസ്ലിങ്ങൾക്ക് കഴിക്കാവുന്ന ഹലാൽ ഭക്ഷണം ഇവിടെ കിട്ടുമെന്ന്‌ അറിയിക്കുന്ന ഹലാൽ സ്റ്റിക്കർ എവിടെയോ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ  കലാപത്തിന്‌ ഒരുങ്ങിയത് മറ്റൊരു അജൻഡ മനസ്സിലുള്ളതു കൊണ്ടാണെന്നു വ്യക്തം.

(കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ഭാരവാഹിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top