01 October Sunday

ഗുജറാത്ത്‌ വംശഹത്യ : കനലുകൾ അണയുന്നില്ല

എം അഖിൽUpdated: Tuesday Jun 28, 2022

‘‘നിസ്സഹായരായ സ്‌ത്രീകളും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും ചുട്ടെരിക്കപ്പെട്ടപ്പോൾ പുതിയ കാലത്തെ നീറോ ചക്രവർത്തിമാർ മറ്റെവിടേക്കോ നോട്ടമുറപ്പിച്ച്‌ ഇരുന്നു. കുറ്റവാളികളെ എങ്ങനെ നിയമത്തിന്റെ പിടിയിൽനിന്ന്‌ രക്ഷിക്കാമെന്ന്‌ കണക്കുകൂട്ടുകായിരുന്നു അവർ. നിയമവും നീതിയും അവരുടെ കൈപ്പിടിക്കുള്ളിൽ ഞെരിഞ്ഞമർന്നു. വേലിതന്നെ വിളവ്‌ തിന്നുമ്പോൾ നീതിയും നിയമവും നിലനിൽക്കാനുള്ള ചെറിയ സാധ്യതപോലും ഇല്ലാതായി’’–- സുപ്രീംകോടതി 2004 ഏപ്രിൽ 12ന്‌ പുറപ്പെടുവിച്ച ഒരു വിധിന്യായത്തിൽ നിരീക്ഷിച്ചു.

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട നിഷ്‌ഠുരമായ ബെസ്‌റ്റ്‌ബേക്കറി സംഭവത്തിൽ പുനർവിചാരണയ്‌ക്കു ഉത്തരവിട്ട്‌ ജസ്‌റ്റിസുമാരായ അരിജിത്‌ പസായത്ത്‌, ദൊരൈസ്വാമി രാജു എന്നിവർ അംഗങ്ങളായ ബെഞ്ച്‌ പുറപ്പെടുവിച്ച വിധിന്യായത്തിലായിരുന്നു ഈ നിരീക്ഷണം.

18 വർഷത്തിനുശേഷം സുപ്രീംകോടതിയുടെ ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ ഗുജറാത്ത്‌ വംശഹത്യക്കു പിന്നിൽ ഉന്നതതല ഗൂഢാലോചനയോ ആസൂത്രണമോ ഉണ്ടായിട്ടില്ലെന്ന്‌ നിരീക്ഷിച്ചു. 2002 ഫെബ്രുവരി 28ന്‌ ഗുൽബെർഗ്‌ സൊസൈറ്റിയിൽ അക്രമികൾ ചുട്ടുകൊന്ന കോൺഗ്രസ്‌ എംപി എഹ്‌സാൻ ജാഫ്രിയുടെ വിധവ സാകിയ നൽകിയ ഹർജി തള്ളിയായിരുന്നു സുപ്രീംകോടതി  നിരീക്ഷണം. ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെക്കുറിച്ച്‌ അന്വേഷിച്ച എസ്‌ഐടി റിപ്പോർട്ട്‌ കോടതി പൂർണമായും അംഗീകരിച്ചു. 

മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്‌ഐടി റിപ്പോർട്ടിന്‌ എതിരെയായിരുന്നു സാകിയയുടെ ഹർജി. ഉന്നതതല ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന നിരീക്ഷണത്തിന്‌ പുറമേ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ചില വിമർശങ്ങൾ സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടായി. 19 വർഷം നീണ്ട നിയമപോരാട്ടത്തെ ‘ഗൂഢലക്ഷ്യത്തോടെ ഈ വിഷയം ചൂടാക്കിനിർത്താനുള്ള നീക്കം’ എന്നും സാകിയയുടെ നിയമപോരാട്ടത്തിന്‌ മകളെപ്പോലെ കൂടെനിന്ന മനുഷ്യാവകാശപ്രവർത്തക ടീസ്‌താ സെതൽവാദ്‌, ‘സാകിയയുടെ വികാരങ്ങളെ ചൂഷണം ചെയ്‌തു’ എന്നും ‘എസി മുറികളിൽ സുഖമായി ഇരുന്ന്‌ നീതിക്കുവേണ്ടി പോരാടുന്നവർക്ക്‌ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള യാഥാർഥ്യങ്ങൾ എന്തെന്ന്‌ അറിയില്ല’ എന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. സഞ്‌ജീവ്‌ഭട്ടിനെയും ആർ ബി ശ്രീകുമാറിനെയുംപോലുള്ള അസംതൃപ്‌തരായ ചില ഉദ്യോഗസ്ഥരും മറ്റുള്ളവരും വ്യാജവെളിപ്പെടുത്തലുകൾ നടത്തി രാഷ്ട്രീയമുതലെടുപ്പിന്‌ ശ്രമിച്ചെന്ന എസ്‌ഐടിയുടെ വാദം സുപ്രീംകോടതിയും ശരിവച്ചു. ഇവർക്കെതിരെ വിചാരണ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും  നിർദേശിച്ചു.
സുപ്രീംകോടതി ഉത്തരവിനു പിന്നാലെ വാർത്താഏജൻസിക്ക്‌ അഭിമുഖം നൽകിയ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ടീസ്‌താ സെതൽവാദിനെ രൂക്ഷമായി വിമർശിച്ചു. ‘ഞാൻ കോടതി ഉത്തരവ്‌ വായിച്ചു. അതിൽ ടീസ്‌താസെതൽവാദിന്റെയും അവരുടെ എൻജിഒയുടെയും പേര്‌ കൃത്യമായി പറഞ്ഞിട്ടുണ്ട്‌. അവർ കലാപത്തെക്കുറിച്ച്‌ പൊലീസിന്‌ അടിസ്ഥാനരഹിതമായ വിവരങ്ങൾ നൽകിയെന്നാണ്‌ കോടതി പറയുന്നത്‌’–- അമിത്‌ ഷാ പറഞ്ഞു.

സുപ്രീംകോടതി വിധി
ഉയർത്തുന്ന ആശങ്കകൾ
അഭിമുഖം സംപ്രേഷണം ചെയ്‌ത്‌ മണിക്കൂറുകൾക്കുള്ളിൽ ടീസ്‌തയുടെ മുംബൈയിലെ വസതിയിൽ പൊലീസെത്തി. അഭിഭാഷകരെ കാണാതെ പൊലീസിനെ കാണില്ലെന്ന്‌ പറഞ്ഞ ടീസ്‌തയെ കുളിമുറിക്കുള്ളിലേക്ക്‌ അതിക്രമിച്ച്‌ കയറി പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തെന്ന്‌ ഭർത്താവ്‌ ജാവേദ്‌ആനന്ദ്‌ ആരോപിച്ചു. അതേസമയം, ഗാന്ധിനഗറിലെ വീട്ടിൽനിന്ന്‌ ആർ ബി ശ്രീകുമാറിനെ അഹമ്മദാബാദ്‌ ക്രൈംബ്രാഞ്ചും കസ്‌റ്റഡിയിൽ എടുത്തു.

സാകിയ ജാഫ്രിയുടെ ഹർജി തള്ളിയ സുപ്രീംകോടതി ഉത്തരവ്‌ മുഖ്യമായും രണ്ട്‌ തരത്തിലുള്ള ആശങ്കയാണ്‌ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ ഡൽഹി സർവകലാശാലയിലെ പ്രൊഫ. അപൂർവാനന്ദ്‌ ചൂണ്ടിക്കാണിച്ചു. ഗുജറാത്ത്‌ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട ആയിരക്കണക്കിന്‌ മനുഷ്യർക്കും തീരാവേദനയുടെ സ്‌മാരകങ്ങൾപോലെ ജീവിക്കുന്ന അവരുടെ ബന്ധുക്കൾക്കും എന്നന്നേക്കുമായി നീതി നിഷേധിക്കപ്പെടുമോയെന്നതാണ്‌ ഒന്നാമത്തെ ആശങ്ക.

അതോടൊപ്പം, ഇരകൾക്കും കുടുംബത്തിനും നീതി ഉറപ്പാക്കാൻ പോരാടിയ മനുഷ്യാവകാശപ്രവർത്തകർക്കും മനഃസാക്ഷിയുള്ള ചില ഉദ്യോഗസ്ഥർക്കും എതിരായ നടപടികൾ ഉയർത്തുന്നതാണ്‌ രണ്ടാമത്തെ ആശങ്ക. സുപ്രീംകോടതി നിയോഗിച്ച എസ്‌ഐടി നൽകിയ റിപ്പോർട്ട്‌ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത രേഖയാണോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. എസ്‌ഐടി തലവനെക്കുറിച്ചും അംഗങ്ങളായ ഉദ്യോഗസ്ഥരെക്കുറിച്ചും ടീസ്‌ത ഉൾപ്പെടെയുള്ളവർ നേരത്തേ ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നതും വസ്‌തുതയാണ്‌. ഈ സാഹചര്യത്തിൽ, എസ്‌ഐടി റിപ്പോർട്ട്‌ അംഗീകരിച്ച ഹൈക്കോടതി ഉത്തരവിന്‌ എതിരായ ഹർജി തള്ളി ഹർജിക്കാരുടെ ഉദ്ദേശ്യശുദ്ധിയെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയത്‌ ഉചിതമായോയെന്ന സംശയവും നിയമവൃത്തങ്ങൾ ഉയർത്തുന്നുണ്ട്‌. 1984ൽ നടന്ന സിഖ്‌വംശഹത്യയുടെ ഇരകൾക്കുവേണ്ടി പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്‌. 34 വർഷത്തിനുശേഷമാണ്‌ കോൺഗ്രസ്‌ നേതാവായ സജ്ജൻകുമാറിനെ കലാപവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചത്‌. അഡ്വ. എച്ച്‌ എസ്‌ ഫൂൽക്കയെപ്പോലുള്ളവർ വർഷങ്ങൾ കോടതി കയറിയിറങ്ങിയാണ്‌ കലാപത്തിന്റെ ഇരകൾക്ക്‌ നീതി ലഭിച്ചത്‌. ഗൂഢലക്ഷ്യത്തോടെ വിഷയം ചൂടാക്കിനിൽക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌  ആ നിയമപോരാട്ടമെന്ന്‌ ഒരു കോടതിയും വിമർശിച്ചില്ലെന്നതും ശ്രദ്ധേയം.

കോൺഗ്രസിന്റെ നിസ്സംഗത
സാകിയ നൽകിയ ഹർജി തള്ളിയ സുപ്രീംകോടതി നടപടിയെക്കുറിച്ചും പ്രതികാരനടപടിയുടെ ഭാഗമായി ടീസ്‌ത ഉൾപ്പെടെയുള്ളവരെ അറസ്‌റ്റ്‌ ചെയ്‌ത സംഭവത്തെക്കുറിച്ചുമുള്ള കോൺഗ്രസിന്റെ പ്രതികരണം നിരാശാജനകമായിരുന്നു. ടീസ്‌തയെയും മറ്റും അറസ്‌റ്റ്‌ ചെയ്‌തതായി അറിയുന്നുവെന്നും നിയമപ്രകാരം നടപടികൾ മുന്നോട്ടുപോകുമെന്നാണ്‌ പ്രതീക്ഷയെന്നും കോൺഗ്രസ്‌ വക്താവ്‌ മനു അഭിഷേക്‌സിങ്‌വി പ്രതികരിച്ചു. ഗുജറാത്ത്‌ വംശഹത്യയുടെ ഇരകൾക്ക്‌ യുപിഎ സർക്കാരും കോൺഗ്രസും നീതി നിഷേധിച്ചതായി ആർ ബി ശ്രീകുമാർ ‘ഗുജറാത്ത്‌: ബിഹൈൻഡ്‌ ദ കർട്ടൻ’ എന്ന പുസ്‌തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്‌. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ഗുജറാത്തിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും യുപിഎ സർക്കാർ അതിന്‌ തയ്യാറായില്ല. സാകിയ ജാഫ്രിയെ സോണിയ ഗാന്ധി സന്ദർശിക്കുന്നതിനെപ്പോലും കോൺഗ്രസ്‌ വിലക്കി. ഹിന്ദുവോട്ടുകൾ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്‌ കോൺഗ്രസിന്റെ പ്രാദേശിക ഘടകം അവരെ വിലക്കിയത്‌’–- എന്നും ശ്രീകുമാർ പറയുന്നു. കോൺഗ്രസിന്റെ നിസ്സംഗതയും വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയവുമാണ്‌ വംശഹത്യയുടെ ഉത്തരവാദികളെ നിയമത്തിന്റെ പിടിയിൽനിന്ന്‌ രക്ഷിച്ചതെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ വെളിപ്പെടുത്തൽ. മഹാത്മാഗാന്ധിയുടെ നാട്ടിൽ അരങ്ങേറിയ നിഷ്‌ഠുരമായ വംശഹത്യ മുഴുവൻ സമൂഹത്തിനും രാജ്യത്തിനും തീരാകളങ്കമാണെന്ന്‌ ബെസ്‌റ്റ്‌ ബേക്കറി കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കലാപത്തിന്റെ ഇരകൾക്ക്‌ നീതി ഉറപ്പായാൽ മാത്രമേ ആ കളങ്കം മായുകയുള്ളൂ. അതുവരെ ജനാധിപത്യവിശ്വാസികളായ എല്ലാ പൗരൻമാരുടെയും ഹൃദയങ്ങളിൽ ഗുജറാത്ത്‌ വംശഹത്യയെന്ന കനൽ അണയുകയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top