21 May Tuesday

ഐജിഎസ്ടി വിവാദത്തിലെ 
യുക്തിയും യാഥാർഥ്യവും - ഡോ. എൻ ജയരാജ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

കേരളത്തിന് ഐജിഎസ്ടി വിഹിതമായി ലഭിക്കേണ്ട 25,000 കോടി രൂപ നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു; എക്സ്പെൻഡിച്ചർ കമ്മിറ്റി റിപ്പോർട്ടിൽ ഇത് പരാമർശിക്കുന്നുണ്ട്  എന്ന മാധ്യമ വാർത്തയുടെ  അടിസ്ഥാനത്തിൽ  വലിയ ചർച്ചകളാണ് നടക്കുന്നത്. എന്തായാലും ചർച്ചകൾ കേവലം രാഷ്ട്രീയാരോപണമായി ചുരുങ്ങുന്നതിനപ്പുറം വസ്തുതകളെ വരച്ചുകാട്ടാൻ ആരോപണം ഉന്നയിച്ചവർപോലും തയ്യാറാകുന്നില്ല. ജിഎസ്ടിയുടെ സാങ്കേതികത്വം  സങ്കീർണമാണ്, അത് സാധാരണക്കാർക്ക് അത്ര പെട്ടെന്ന് ദഹിക്കുന്നതല്ല. അപ്പോൾ പിന്നെ ഐജിഎസ്ടിയുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്താണ് ഐജിഎസ്ടി, എങ്ങനെയാണ് ഇത്  സംസ്ഥാനങ്ങളുമായി വീതംവയ്ക്കുന്നത്? ആരോപണങ്ങളിൽ എത്ര കഴമ്പുണ്ട്? തുടങ്ങിയ ചോദ്യങ്ങൾക്ക്  ഉത്തരം കണ്ടെത്താനാണ്  ശ്രമിക്കുന്നത്.

രണ്ടു തരത്തിലാണ് ജിഎസ്ടിയിൽനിന്നും  സംസ്ഥാനത്തിന് വരുമാനം ലഭിക്കുക. സംസ്ഥാനത്തിനകത്ത് നടക്കുന്ന സപ്ലൈയുടെ മേൽ  ലഭിക്കുന്ന എസ്ജിഎസ്ടിയും അന്തർ സംസ്ഥാന വ്യാപാരത്തിൻമേൽ  ലഭിക്കുന്ന ഐജിഎസ്ടിയുമാണ് ഇവ. ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂലൈയിൽ അവസാനിച്ചതോടെ മറ്റൊരു വരുമാനസ്രോതസ്സ്‌ ഇല്ലാതായി. കേന്ദ്രത്തിന്  ലഭിക്കുന്ന സിജിഎസ്ടി, ഐജിഎസ്ടി  എന്നിവയിൽനിന്ന് ധന കമീഷന്റെ നിർദേശപ്രകാരമുള്ള  വിഹിതവും  ഇതിനുപുറമെ സംസ്ഥാനത്തിന്‌ ലഭിക്കുമെങ്കിലും അത്  ജിഎസ്ടി സംവിധാനവുമായി കൂട്ടിക്കലർത്തേണ്ടതില്ല.
ഐജിഎസ്ടി  നിയമത്തിലെ 17–-ാം വകുപ്പു പ്രകാരമുള്ള വിഹിതം സംസ്ഥാനങ്ങൾക്ക് അർഹമായ തോതിൽ  ലഭിക്കാത്തതിനാൽ  ഐജിഎസ്ടി പൂളിൽ തീർപ്പാക്കാതെ തുക മിച്ചം വരുന്ന പതിവ് തുടക്കം മുതലുണ്ട്. ഇതിന് കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്‌ എന്നാണ് പ്രതിപക്ഷ ആരോപണം. ഇത്  തികച്ചും അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. ഐജിഎസ്ടി വീതംവയ്‌പിൽ ചില അപാകതകളുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ, ഇത് പരിഹരിച്ച്‌ സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ഉറപ്പുവരുത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം ജിഎസ്ടി കൗൺസിലിനും കേന്ദ്ര സർക്കാരിനുമാണ്. കേന്ദ്രത്തിന്റെ ഈ വീഴ്ചയിൽ കേരളത്തെ പഴിക്കുന്നത് എന്തിന്? നിലവിലെ  രാഷ്ട്രീയ പരിതഃസ്ഥിതിയിൽ, ജിഎസ്ടി കൗൺസിലിൽ  കേരളം പോലുള്ള ബിജെപി ഇതര സംസ്ഥാനങ്ങളുടെ റോൾ നാമമാത്രമാണെന്ന്  ആർക്കാണ് അറിയാത്തത്. മറിച്ചായിരുന്നെങ്കിൽ  ലോട്ടറി നികുതി ഏകീകരണത്തിലും നഷ്ടപരിഹാരം തുടരുന്ന കാര്യത്തിലുമൊക്കെ കൗൺസിലിന്റെ തീരുമാനം കേരളത്തിന് അനുകൂലമാകുമായിരുന്നല്ലോ.

യുക്തിക്കപ്പുറമാണ്  യാഥാർഥ്യം
എന്താണ് ഐജിഎസ്ടി? സംസ്ഥാനങ്ങൾ തമ്മിൽ ചരക്കുകളോ സേവനങ്ങളോ  കൈമാറ്റം ചെയ്യുമ്പോൾ  കേന്ദ്രസർക്കാർ പിരിച്ചെടുക്കുന്ന നികുതിയാണ് ഐജിഎസ്ടി വിദേശ വ്യാപാരങ്ങൾക്കും ഇത് ബാധകമാണ്.  ഇത്തരത്തിൽ ലഭിക്കുന്ന നികുതിയുടെ പകുതി കേന്ദ്രം അപ്പോൾത്തന്നെ കൈക്കലാക്കുകയും ബാക്കി പകുതി നികുതിദായകരുടെ റിട്ടേണുകളുടെ അടിസ്ഥാനത്തിൽ  ഉപഭോക്തൃ സംസ്ഥാനത്തെ കണ്ടെത്തുന്ന മുറയ്ക്ക് അവർക്ക് നൽകുകയുമാണ് പതിവ്. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. അതുകൊണ്ടുതന്നെ  സംസ്ഥാനത്തിനകത്തു നടക്കുന്ന കച്ചവടത്തിൻമേൽ ലഭിക്കുന്ന എസ്ജിഎസ്ടിയുടെ ഇരട്ടിയെങ്കിലും അന്തർ സംസ്ഥാന വ്യാപാരത്തിൻമേലുള്ള ഐജിഎസ്ടിയിൽനിന്ന്  ലഭിക്കേണ്ടതുണ്ട് എന്നതാണ് ആരോപണത്തിന് പിന്നിലുള്ള യുക്തി. എന്നാൽ, ഈ യുക്തിയുമായി പൊരുത്തപ്പെട്ടുപോകുന്നതല്ല യാഥാർഥ്യം. ഇതിന്റെ പ്രധാന കാരണം ക്രോസ് ക്രെഡിറ്റ് യൂട്ടിലൈസേഷൻ, റീഫണ്ട്, ഇൻ എലിജിബിൾ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തുടങ്ങിയ സാങ്കേതികത്വങ്ങളെല്ലാംകൂടി പരിഗണിക്കുമ്പോൾ ഈ യുക്തി യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന്‌ മനസ്സിലാകും. ചുരുക്കത്തിൽ  25,000 കോടി രൂപ കേരളം നഷ്ടപ്പെടുത്തിയെന്ന വാദം വസ്തുതാപരമല്ല, മറിച്ച് കേവലം സാങ്കൽപ്പികം മാത്രമാണ്.

ജിഎസ്ടി നടപ്പായ ആദ്യവർഷം പോർട്ടലിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾമൂലം ഉപഭോക്തൃ സംസ്ഥാനത്തെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ഇതുമൂലം സംസ്ഥാനങ്ങൾക്ക്‌ വീതംവച്ച് നൽകാനാകാതെ 1,76,000 കോടിയാണ് കേന്ദ്രം സഞ്ചിതനിധിയിലേക്ക്‌ വകമാറ്റിയത്. ഇതിൽനിന്നുതന്നെ പിഴവുകളുടെ  ഗുണഭോക്താവ് ആരെന്ന്‌ വ്യക്തമാണ്. 2019ൽ പുറത്തുവന്ന സി ആൻഡ്‌ എജി ഓഡിറ്റ് റിപ്പോർട്ട്  ഈ നടപടിയെ ഭരണഘടനാ വിരുദ്ധമെന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ ഈ തുക ഭാഗികമായി സംസ്ഥാനങ്ങളുമായി  പങ്കുവയ്ക്കാൻ തീരുമാനിച്ചപ്പോൾ  14–-ാം ധന കമീഷന്റെ നികുതി വിഭജന ഫോർമുല ഉപയോഗിച്ചത് യഥാർഥത്തിൽ ജിഎസ്ടി കൗൺസിലിനെയും ഐജിഎസ്ടി നിയമത്തെയും  അപ്രസക്തമാക്കുന്നതായിരുന്നു.  ഇതുമൂലം  50 ശതമാനം ഐജിഎസ്ടി വിഹിതം സംസ്ഥാനങ്ങൾക്ക്‌ ലഭിക്കേണ്ട സ്ഥാനത്ത് 42 ശതമാനം മാത്രമേ ലഭിച്ചുള്ളൂ, എട്ട് ശതമാനത്തിന്റെ നഷ്ടം.  ഇതിനു പുറമെ കേരളത്തിന് രണ്ടു തരത്തിൽക്കൂടി  നഷ്ടമുണ്ടായി എന്നുവേണം കരുതാൻ. ഒന്ന് ‘പ്ലേസ് ഓഫ് സപ്ലൈ' അടിസ്ഥാനമാക്കാത്തതിനാൽ  വിഹിതം ലഭിച്ചില്ല. രണ്ട്,   ധന  കമീഷൻ മാനദണ്ഡം ഉപയോഗിച്ചതുമൂലം ലഭിച്ച വിഹിതം വെറും 2.5 ശതമാനമായി ചുരുങ്ങി. ഇതെല്ലം പരിഗണിച്ചാണ് ഐജിഎസ്ടി  പങ്കുവയ്ക്കലിൽ  കേന്ദ്രത്തിന്‌ വലിയ  വീഴ്ച  ഉണ്ടായെന്ന്‌ ഭരണഘടനാ സ്ഥാപനമായ  സിഎജി അടിവരയിട്ടു പറഞ്ഞത്. ഈ വീഴ്ച  അംഗീകരിക്കാതെ കുറ്റം മുഴുവൻ സംസ്ഥാനത്തിന്റെ തലയിൽ  കെട്ടിവയ്ക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കേന്ദ്രം നടത്തുന്നത്.

കേരളത്തിന് ഐജിഎസ്ടി വിഹിതമായി ആദ്യവർഷം ലഭിച്ചത് 6801 കോടി  മാത്രമാണ്. 2022–-23ൽ ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം ഇത് 14,275 കോടിയാണ്. ഈ സാമ്പത്തികവർഷം പൂർത്തിയാകുമ്പോഴേക്കും  17,500 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത് ഇക്കാലയളവിലെ  എസ്ജിഎസ്ടി വരുമാനത്തേക്കാൾ ഏകദേശം 40 ശതമാനം കൂടുതലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മികച്ച പ്രകടനമാണ്‌ എന്നതിൽ  സംശയമില്ല. ഇനി കേന്ദ്രത്തിന്റെ കണക്കിലേക്ക്‌ ഒന്ന് കണ്ണോടിക്കാം. സിബിഐസി പുറത്തുവിട്ട 2021–-22ലെ  ജൂലൈവരെയുള്ള കണക്കുകൾ  പ്രകാരം രാജ്യത്തെ ആകെ ഐജിഎസ്ടി കലക്ഷൻ 2,29,197 കോടിയാണ്. ഇത്‌  39,405  കോടി റീഫണ്ട് കഴിച്ച് ബാക്കി 1,67,019 കോടിയാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനുള്ളത്. ഇതിൽ  91,572 കോടി  കേന്ദ്രത്തിനും 75,447 കോടി  അർഹരായ സംസ്ഥാനങ്ങൾക്കുമായി  വീതംവച്ചു. തീർപ്പാകാതെ ബാക്കി വന്ന 22,772 കോടി  പിന്നീട് അഡ്‌ഹോക് അടിസ്ഥാനത്തിൽ വീതംവച്ച് നൽകുകയാണ് ഉണ്ടായത്. ഇത്തരത്തിൽ തീർപ്പാകാതെയുള്ള ഐജിഎസ്ടി  വിഹിതം പൂർണമായും ഇല്ലാതായാൽ മാത്രമേ ഈ സംവിധാനം വിജയത്തിൽ എത്തിയെന്നു പറയാനാകൂ.

എന്തുകൊണ്ടാണ് തുക 
മിച്ചം വരുന്നത്  
രണ്ട്‌ കാരണംകൊണ്ടാണ് പ്രധാനമായും തീർപ്പാകാതെ വലിയ തുക ഐജിഎസ്ടി  പൂളിൽ  മിച്ചം വരുന്നത്. ഒന്ന് റിട്ടേൺ സിസ്റ്റത്തിലെ അപാകതമൂലം ‘പ്ലേസ് ഓഫ് സപ്ലൈ' കണ്ടെത്താനാകാതെ സംസ്ഥാനങ്ങൾക്കുള്ള വിഹിതം നൽകാൻ സാധിക്കാത്തതുമൂലവും രണ്ടാമത്തേത്, ഐജിഎസ്ടി  ക്രെഡിറ്റ് പൂർണമായി ഉപയോഗിക്കാത്തതുമൂലവും. കൂടാതെ ചില നികുതിദായകർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാൻ അർഹതയില്ല എന്നത് മറ്റൊരു കാരണവുമാണ്. ഉദാഹരണത്തിന്, പെട്രോളിയം, -പ്രകൃതിവാതകം എന്നിവ  കൈകാര്യം ചെയ്യുന്ന ചില വ്യവസായങ്ങളുടെ ഭാഗമായ കമ്പനികൾക്ക് ഐജിഎസ്ടിയിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ സാധിക്കില്ല. റിട്ടേണുകളിൽ വിതരണസ്ഥലം വ്യക്തമാക്കാനുള്ള അവസരവും ലഭിക്കാറില്ല. ഇതുമൂലം വീതംവയ്‌പ്‌ പൂർത്തിയാക്കാൻ കഴിയാതെവരും. ഇതെല്ലാമാണ് അന്തിമ ഐജിഎസ്ടി  സെറ്റിൽമെന്റിന് തടസ്സമായി നിൽക്കുന്നതും അതുവഴി തുക മിച്ചം വരുന്നതിനുമുള്ള പ്രധാന കാരണങ്ങൾ.

എങ്ങനെ അതിജീവിക്കാം
നിലവിലുള്ള ഐജിഎസ്ടി സംവിധാനത്തിൽ ഘടനാപരമായ മാറ്റം വന്നാൽ മാത്രമേ സംസ്ഥാനത്തിന്റെ ആശങ്കകൾക്ക് പരിഹാരമുണ്ടാകുകയുള്ളൂ. റിട്ടേൺ ഫയലിങ്‌ നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ളവ  ലളിതമാക്കുകയും സാങ്കേതികപ്പിഴവുകൾ പരിഹരിക്കുകയും നിയമത്തിൽ കൂടുതൽ കൃത്യത വരുത്തുകയും വേണം. നികുതിദായകർ  നൽകുന്ന റിട്ടേൺ അടിസ്ഥാനമാക്കിമാത്രം. ‘പ്ലേസ് ഓഫ് സപ്ലൈ'യും അതുവഴി ഉപഭോക്തൃ സംസ്ഥാനത്തെയും  കണ്ടെത്തുന്ന രീതി പരിഷ്കരിക്കണം. അതോടൊപ്പം റിട്ടേൺ ഫയലിങ്ങിൽ  കൃത്യത പാലിക്കേണ്ട ആവശ്യകത നികുതിദായകരെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണം. ഇ വേ ബിൽ, ഇ ഇൻവോയ്സ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഉപഭോക്തൃ സംസ്ഥാനത്തെ കൃത്യമായി അറിയാനുള്ള സാഹചര്യം നിലവിലുണ്ട്. ഇതെല്ലാം പ്രയോജനപ്പെടുത്തി കൃത്യസമയത്ത് സംസ്ഥാനങ്ങളുടെ വിഹിതം പൂർണമായും നൽകാൻ കേന്ദ്രം തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top