26 April Friday

ഗ്രീസിലും കമ്യൂണിസ്റ്റ്‌ മുന്നേറ്റം

വി ബി പരമേശ്വരൻUpdated: Saturday May 27, 2023

തെക്കു കിഴക്കൻ യൂറോപ്പിലെ ഒരു കൊച്ചു രാജ്യമായ ഗ്രീസിൽ മെയ്‌ 21ന്‌ നടന്ന തെരഞ്ഞെടുപ്പിൽ വലതുപക്ഷ കക്ഷിയായ ന്യൂഡെമോക്രസി മുന്നിലെത്തിയെങ്കിലും വിജയിക്കാനായില്ല. സോഷ്യൽ ഡെമോക്രസിയുടെ പുതിയ രൂപമായ സിറിസ പ്രസ്ഥാനത്തിന്‌ കനത്ത തിരിച്ചടിയുണ്ടായപ്പോൾ പഴയ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനമായ പസോക്ക്‌ (പാൻ ഹെല്ലനിക്ക്‌ സോഷ്യലിസ്റ്റ്‌ പാർടി) നില മെച്ചപ്പെടുത്തി. (22ൽ നിന്ന്‌ സീറ്റ്‌ 41 ആയി വർധിപ്പിച്ചു.)  എന്നാൽ, തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും വർധിപ്പിച്ച്‌ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്‌ ഗ്രീക്ക്‌ കമ്യൂണിസ്റ്റ്‌ പാർടിയായിരുന്നു. ആർക്കും പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ജൂൺ 25ന്‌ രണ്ടാമതും തെരഞ്ഞെടുപ്പ്‌ നടക്കും.

പുതിയ തെരഞ്ഞെടുപ്പ്‌ പരിഷ്കാരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇക്കുറി വോട്ടെടുപ്പ്‌ നടന്നത്‌. പ്രവാസികൾക്ക്‌ വോട്ട്‌ ചെയ്യാൻ അവസരമൊരുക്കിയെന്നതു മാത്രമല്ല, 17 വയസ്സുള്ളവർക്ക്‌ വോട്ടവകാശം നൽകുകയും ചെയ്‌തു. പ്രധാന പരിഷ്‌കാരം ആനുപാതിക പ്രാതിനിധ്യ അടിസ്ഥാനത്തിലാണ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ എന്നതാണ്‌. ഏറ്റവും വലിയ കക്ഷിക്ക്‌ 46 ശതമാനം വോട്ട്‌  ലഭിച്ചാൽ 300 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനുള്ള 151 സീറ്റ്‌ ലഭിക്കും. എന്നാൽ, നിലവിൽ ഭരണം നടത്തുന്ന പ്രധാനമന്ത്രി കിരിയാകോസ്‌ മിത്‌സോതാകിസിന്റെ ന്യൂഡെമോക്രസിക്ക്‌ 40.79 ശതമാനം മാത്രമാണ്‌ ലഭിച്ചത്‌. അതായത്‌ 146 സീറ്റ്‌ മാത്രമേ ലഭിക്കൂ. കേവലഭൂരിപക്ഷത്തിന്‌ അഞ്ചു സീറ്റ്‌ കൂടി വേണം. മറ്റ്‌ രാഷ്ട്രീയ കക്ഷികളുമായി മൂന്നു ദിവസത്തിനകം സഖ്യമുണ്ടാക്കി പ്രസിഡന്റിനെ കണ്ടാൽ പുതിയ സർക്കാർ രൂപീകരിക്കാം. എന്നാൽ, കടുത്ത സാമ്പത്തികപ്രതിസന്ധിയാൽ ഉഴലുന്ന ഗ്രീസിനെ രക്ഷിക്കാൻ ത്രിമൂർത്തികൾ (യൂറോപ്യൻ കമീഷൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക്‌, ഐഎംഎഫ്)അടിച്ചേൽപ്പിച്ച ചെലവുചുരുക്കൽ നയങ്ങൾ തുടർന്നും നടപ്പാക്കുന്നതിന്‌ സഖ്യകക്ഷി ഭരണം വിലങ്ങുതടിയാകുമെന്നതിനാൽ വീണ്ടും തെരഞ്ഞെടുപ്പ്‌ എന്ന ആശയമാണ്‌ മിത്‌സോതാകിസ്‌ മുന്നോട്ടുവച്ചത്‌. 

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ന്യൂഡെമോക്രസിക്ക്‌ ഒരു ശതമാനത്തിലധികം വോട്ട്‌ കൂടിയെങ്കിലും 12 സീറ്റ്‌ കുറയുകയാണുണ്ടായത്‌. ജനക്ഷേമ പ്രവർത്തനങ്ങൾക്ക്‌ വൻതോതിൽ ഫണ്ട്‌ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ കർഷകരും തൊഴിലാളികളും കഴിഞ്ഞ നാലു വർഷവും വൻ പ്രക്ഷോഭങ്ങളാണ്‌ നടത്തിയത്‌. ഫെബ്രുവരിയിൽ ട്രെമ്പേയിലുണ്ടായ ട്രെയിൻ ദുരന്തവും മിത്‌സോതാകിസ്‌ സർക്കാരിന്റെ പ്രതിച്ഛായ തകർത്തിരുന്നു. അതിവേഗത്തിൽ സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനും ഗുഡ്‌സ്‌ ട്രെയിനും കൂട്ടിയിടിച്ച്‌ 57 പേരാണ്‌ മരിച്ചത്‌. മരിച്ചവരിൽ ഭൂരിപക്ഷവും സർവകലാശാല വിദ്യാർഥികളായിരുന്നു. നവഉദാരവാദ നയത്തിന്റെ ഭാഗമായി റെയിൽവേ സർവീസ്‌ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറിയിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങളിൽ ഉൾപ്പെടെ സ്റ്റാഫിനെ വെട്ടിക്കുറച്ചതും ദുരന്തത്തിനു കാരണമായി. പ്രതിപക്ഷ പാർടികളുടെ ഫോൺ ചോർത്തിയതും വിവാദമായി. ഈ സാഹചര്യത്തിലാണ്‌ ന്യൂഡെമോക്രസിക്ക്‌ ആദ്യഘട്ടത്തിൽ ഭൂരിപക്ഷം ലഭിക്കാതെ പോയത്‌. എങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ്‌ ന്യൂഡെമോക്രസി കാഴ്‌ചവച്ചത്‌. അതിനാലാണ്‌ രണ്ടാമതും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ മിത്‌സോതാകിസ്‌ തീരുമാനിച്ചത്‌.

ഇടതുപക്ഷ മുദ്രാവാക്യങ്ങൾ ഉയർത്തുകയും അവസാനം മുതലാളിത്ത ഉദാരവാദ നയത്തെ പൂർണമായും അംഗീകരിക്കുകയും ചെയ്യുന്ന സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന്റെ മറ്റൊരു രൂപമായി സിറിസ മാറിയതാണ്‌ അവരുടെ തകർച്ചയ്‌ക്ക്‌ കാരണം.

തെരഞ്ഞെടുപ്പിൽ ഏറ്റവും മോശം പ്രകടനം സിറിസ പ്രസ്ഥാനത്തിന്റേതായിരുന്നു. സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത്‌ അത്‌ മറികടക്കാൻ ഇടതുപക്ഷ മുദ്രാവാക്യങ്ങളുയർത്തി ഗ്രീക്ക്‌ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന പ്രസ്ഥാനമായിരുന്നു സിറിസ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന അലക്‌സി സിപ്രാസിന്റെ നേതൃത്വത്തിൽ 2015ൽ സിറിസ പ്രസ്ഥാനം സർക്കാർ രൂപീകരിക്കുകയും ചെയ്‌തു. എന്നാൽ, അധികാരമേറിയ ഉടൻതന്നെ ത്രിമൂർത്തികൾ മുന്നോട്ടുവച്ച നവഉദാരവാദത്തിൽ അധിഷ്ഠിതമായ ചെലവുചുരുക്കൽ നയവുമായി സഹകരിക്കാൻ സിറിസ തയ്യാറായി. ഇതോടെ ജനങ്ങൾ സിറിസയെ കൈവിട്ടു. 2019ലെ തെരഞ്ഞെടുപ്പിൽ തോറ്റു. ഇപ്പോഴാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 11 ശതമാനം വോട്ടും 15 സീറ്റും സിറിസയ്‌ക്ക്‌ കുറഞ്ഞു. ഇടതുപക്ഷ മുദ്രാവാക്യങ്ങൾ ഉയർത്തുകയും അവസാനം മുതലാളിത്ത ഉദാരവാദ നയത്തെ പൂർണമായും അംഗീകരിക്കുകയും ചെയ്യുന്ന സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന്റെ മറ്റൊരു രൂപമായി സിറിസ മാറിയതാണ്‌ അവരുടെ തകർച്ചയ്‌ക്ക്‌ കാരണം.

എന്നാൽ, നവഉദാരവാദ നയവുമായി ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാതിരുന്ന കമ്യൂണിസ്റ്റ്‌ പാർടി കൂടുതൽ ജനവിശ്വാസം ആർജിച്ച്‌ മുന്നേറി. 7.23 ശതമാനം വോട്ടും 26 സീറ്റുമാണ്‌ ഗ്രീക്ക്‌ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ ലഭിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ രണ്ടു ശതമാനം വോട്ടും 11 സീറ്റും അധികമായി ലഭിച്ചു. ട്രെമ്പേ ദുരന്തത്തിന്റെ പശ്ചാ‌ത്തലത്തിൽ സ്വകാര്യവൽക്കരണത്തിനും ചെലവുചുരുക്കൽ നയത്തിനുമെതിരെ ശക്തമായ പ്രക്ഷോഭമാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ നടന്നത്‌. അടുത്തിടെ ഗ്രീസിലെ 266 സർവകലാശാലയിലെ സ്റ്റുഡന്റ്‌സ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ 35.04 ശതമാനം വോട്ട്‌ നേടി കമ്യൂണിസ്റ്റ്‌ പാർടിയുടെ വിദ്യാർഥി വിഭാഗമായ പാൻസ്പൗദസ്‌തികി മുന്നിലെത്തി. തുടർച്ചയായി രണ്ടാം വർഷമാണ്‌ ഈ സംഘടന മുന്നിലെത്തുന്നത്‌. ഗ്രീസിൽ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ വർധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവായി സർവകലാശാലകളിലെ ഈ മുന്നേറ്റവും പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top