09 December Saturday

ഗ്രന്ഥശാലകളുടെ കാവലാളാകുക

വി കെ മധുUpdated: Thursday Sep 14, 2023

കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനമായ സെപ്തംബർ 14 ഗ്രന്ഥശാലാ ദിനമായി ആചരിച്ചു വരികയാണ്.1945ൽ ആണ്‌ അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽവച്ച് അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം ചേർന്നത്. ഇത്തവണ സംസ്ഥാന ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ  ഗ്രന്ഥശാലാ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. സമകാലിക ഭരണകേന്ദ്ര വെല്ലുവിളികൾ അക്ഷരത്തെയും വായനയെയും ഗ്രന്ഥശാലകളെയും തേടിവരുന്ന സന്ദർഭത്തിലാണ് ഗ്രന്ഥശാലാ സംരക്ഷണദിനം ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാലകളിലും താലൂക്ക് കേന്ദ്രങ്ങളിലും ഗ്രന്ഥശാലാ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കുകയും അക്ഷരജ്വാല തെളിയിക്കുകയും ചെയ്യുന്നു.

ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽപ്പെടുത്താനും ഒരു രാജ്യം ഒരു ഡിജിറ്റൽ ലൈബ്രറി എന്ന ആശയം അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ അക്ഷരകേരളത്തിന്റെ ആദ്യത്തെ ജനകീയ പ്രതിരോധമാണീ പരിപാടി. ജാതിഭേദങ്ങളും മതവിദ്വേഷങ്ങളും നിറഞ്ഞാടിയ കാലത്തിന്റെ ഇരുണ്ട ഇടനാഴികളിൽ സാഹോദര്യത്തിന്റെയും സമഭാവനയുടെയും സ്‌നേഹമന്ത്രങ്ങൾ മുഴക്കി മാനവികതയുടെ ആശയലോകം തീർത്ത അക്ഷര കേന്ദ്രങ്ങളാണ് ഗ്രന്ഥശാലകൾ. ആർഎസ്എസിന് ഇന്ത്യയുടെ വൈജ്ഞാനിക മണ്ഡലത്തെ സമ്പൂർണമായും നിയന്ത്രിക്കാൻ കൃത്യമായൊരു പദ്ധതിയുണ്ട്. അവർ  മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ദേശീയത എന്ന ആശയം തന്നെയാണ് അതിന്റെ ദൃഷ്ടാന്തം. സാംസ്‌കാരിക ദേശീയത എന്നതുകൊണ്ട് ആർഎസ്എസ് ലക്ഷ്യംവയ്ക്കുന്നത് ആർഷഭാരത സംസ്‌കാരത്തിന്റെ പുനരുജ്ജീവനമാണ്. ആർഷഭാരത സംസ്‌കാരം എന്നാൽ ഋഷിപ്രോക്തമായ സംസ്‌കാരം. അതാകട്ടെ ജീർണിച്ച ചാതുർവർണ്യ വ്യവസ്ഥയും അതിന്റെ മുഖമുദ്രയായ ബ്രാഹ്മണ്യ മേധാവിത്വവുമാണ് ഉയർത്തിപ്പിടിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ ആശയങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ തീവ്രമായിരിക്കുകയാണ്. അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഗ്രന്ഥാലയങ്ങളെയും അതിലൂടെ ആശയങ്ങളെയും സ്വന്തം ഇംഗിതത്തിനു കീഴ്‌പ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണ് ഇതിനുള്ളത്. കൊളോണിയൽ ഭരണവും വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവൽക്കരണവുമാണ് ലോകരാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വിജ്ഞാനത്തിന്റെ കുത്തൊഴുക്കിന് അവസരം സൃഷ്ടിച്ചത്. ഡിജിറ്റൽ മീഡിയയുടെ കടന്നുവരവോടുകൂടി വൈജ്ഞാനികലോകത്ത് വൻ വിസ്‌ഫോടനമാണ് സംഭവിച്ചത്. ഈ സ്രോതസ്സുകളെ തങ്ങൾക്കനുകൂലമായി വഴിതിരിച്ചുവിടാനുള്ള പദ്ധതിയാണ് കേന്ദ്ര ഗവൺമെന്റ് ആവിഷ്‌കരിക്കുന്നത്.

‘ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് ’ എന്ന് രാജ്യസ്‌നേഹം തുളുമ്പുന്ന വാക്കുകളാണ് നാം കുട്ടികളെ ചൊല്ലിപ്പഠിപ്പിച്ചത്. എന്നാൽ ഇന്ത്യ എന്ന വാക്കിനോടുള്ള വിപ്രതിപത്തി പരസ്യമാക്കപ്പെട്ടിരിക്കുകയാണല്ലോ. ‘ഒരു രാജ്യം ഒരു ഭാഷ ഒരു സംസ്‌കാരം, ഒരു രാജ്യം ഒരു ലൈബ്രറി , ഒരു നിയമം, ഒരു തെരഞ്ഞെടുപ്പ്’ എന്നിങ്ങനെ എല്ലാം ഒന്നിലേക്ക് കേന്ദ്രീകരിക്കുകയാണ്. വൈവിധ്യങ്ങളെ തമസ്‌കരിക്കുകയും ഭരണഘടനാമൂല്യങ്ങളാൽ സുഭദ്രമാക്കപ്പെട്ട വിദ്യാഭ്യാസ അവകാശവും എഴുതാനും വായിക്കുവാനും ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യവും തകർത്ത് ഏകശിലാത്മകമായ ആശയങ്ങളുടെ നിലവറകളായി ഗ്രന്ഥശാലകളെ മാറ്റാനുള്ള നീക്കം ഫാസിസത്തിലേക്കുള്ള ചുവടുവയ്‌പാണ്.

നവോത്ഥാനത്തിന്റെ സൂര്യകിരണങ്ങൾ പ്രഭാപൂരിതമാക്കിയ മലയാള മണ്ണിൽ ജനകീയതയിലും ജനാധിപത്യത്തിലും വേരുറപ്പിച്ച് വളർന്നുവന്ന ഗ്രന്ഥശാലകൾക്ക് സംരക്ഷണവലയമൊരുക്കേണ്ടത് അക്ഷരസ്‌നേഹികളുടെയാകെ അനിവാര്യതയായി മാറിയിരിക്കുന്നു. സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും വായനാസമൂഹവും പരസ്പരം കൈകോർ-ത്ത് അക്ഷരപ്പുരകൾക്ക് കാവൽനിൽക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top