07 February Tuesday

ഗവർണറുടെ ‘സാമ്പത്തികജ്ഞാനം’

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Friday Nov 11, 2022


കേരള ഗവർണർ സാമ്പത്തികവിദഗ്‌ധനല്ല; സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി  പഠിച്ച ആളുമല്ല. അദ്ദേഹത്തിന്റെ വിമർശങ്ങൾ കേട്ടുകേൾവിയെ അടിസ്ഥാനപ്പെടുത്തിയാകാനേ തരമുള്ളൂ. കേരളത്തിന്റെ മുഖ്യവരുമാന സ്രോതസ്സുകൾ മദ്യവും ഭാഗ്യക്കുറിയുമാണെന്ന വാദം ശുദ്ധ അസംബന്ധമാണ്‌, അറിവില്ലായ്‌മയുമാണ്‌.

വാസ്‌തവത്തിൽ ചരക്കുസേവന നികുതിയിൽനിന്നാണ്‌ സംസ്ഥാനത്തിന്റെ തനത്‌ റവന്യൂ വരുമാനത്തിന്റെ 42 ശതമാനവും ലഭിക്കുന്നത്‌. മറ്റൊരു 39 ശതമാനം വിൽപ്പന നികുതി, വാറ്റ്‌ എന്നിവയിൽനിന്നും. ചരക്കുൽപ്പാദനവും വിൽപ്പനയും കുറവുള്ള സംസ്ഥാനങ്ങളിൽ ചരക്ക്‌–-സേവന നികുതി വരുമാനം കുറയുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ല. നികുതി പരിഷ്‌കാരം ഏർപ്പെടുത്തുമ്പോഴുണ്ടാക്കിയ നിയമവ്യവസ്ഥ പ്രകാരം വരുമാന നഷ്ടം കേന്ദ്രം പരിഹരിക്കണം. നഷ്ടപരിഹാരം നൽകുന്നതിലെ ഗുരുതരമായ വീഴ്‌ചയും കേന്ദ്രസഹായത്തിലെ വെട്ടിക്കിഴിവും ചേർന്ന്‌ സംസ്ഥാനത്തിന്റെ ധനസ്ഥിതി ദുർബലമാക്കി.

പരോക്ഷനികുതി പരിഷ്‌കരണം ഏർപ്പെടുത്തുന്നതിന്‌ (2017 ജൂലൈ) മുമ്പ്‌ നികുതി നിരക്കുകൾ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കായിരുന്നു. പരിഷ്‌കാരത്തോടെ ജിഎസ്‌ടി കൗൺസിലിന്റെ അനുമതിയോടെ മാത്രമേ ഏതുതരം നിരക്കുമാറ്റവും സാധ്യമാകൂവെന്ന നില വന്നു. സംസ്ഥാനങ്ങളുടെ അവകാശത്തിനുമേൽ കൂച്ചുവിലങ്ങ്‌ വീണുവെന്നർഥം. ആ പരിതഃസ്ഥിതിയിൽ ജിഎസ്‌ടി ബാധകമാക്കാത്ത ഉൽപ്പന്നങ്ങളെ ആശ്രയിക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതമായി. മദ്യവും ലോട്ടറിയും വരുമാനസ്രോതസ്സുകളായി വികസിക്കാൻ തുടങ്ങിയത്‌ അങ്ങനെയാണ്‌. മദ്യം, പുകയിലയും പുകയില ഉൽപ്പന്നങ്ങളും, പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, പ്രകൃതിവാതകം എന്നിവയ്‌ക്ക്‌ ജിഎസ്‌ടി ബാധകമാക്കിയിട്ടില്ല. സ്വാഭാവികമായും സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകളിലൊന്നായി മദ്യം മാറി. മദ്യനിരോധനം നിലവിലുള്ള ബിഹാറും ഗുജറാത്തും ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും മദ്യത്തിന്മേൽ നികുതി ചുമത്തുന്നുണ്ട്‌. നിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിൽത്തന്നെയും പ്രത്യേക പെർമിറ്റിൽ മദ്യം ലഭ്യമാക്കുന്നുണ്ട്‌.

മദ്യത്തിൽനിന്നുള്ള സംസ്ഥാന നികുതിവരുമാനം വളരെ കുറവാണ്‌. 2021–-22ലെ പുതുക്കിയ കണക്കുപ്രകാരം 2330 കോടി രൂപയാണ്‌ ആ വഴി ലഭിച്ചത്‌. തനത്‌ റവന്യൂ വരുമാനത്തിന്റെ 3.95 ശതമാനം. ആകെ റവന്യൂ വരുമാനം കണക്കാക്കിയാൽ 1.98 ശതമാനം. ഇക്കാലയളവിൽ ഉത്തർപ്രദേശ്‌ സമാഹരിച്ചതാകട്ടെ 41,500 കോടി രൂപയാണ്‌. അതായത്‌ തനതുനികുതി വരുമാനത്തിന്റെ 22 ശതമാനം. കേരളത്തിന്റെ മദ്യനികുതി വരുമാനത്തേക്കാൾ 15 ഇരട്ടിയിലേറെ. കർണാടക സമാഹരിച്ചത്‌ 24,580 കോടി രൂപ. തനതുനികുതി വരുമാനത്തിന്റെ 22 ശതമാനം. ഉത്തർപ്രദേശിന്റെ അത്രതന്നെ. തെലുങ്കാന 18 ശതമാനം, രാജസ്ഥാൻ 15 ശതമാനം, ആന്ധ്ര 18 ശതമാനം, മഹാരാഷ്‌ട്ര എട്ടു ശതമാനം അങ്ങനെ നീളുന്നു മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി. കേരളത്തിന്റെ പ്രധാന വരുമാനമാർഗമാണ്‌ മദ്യ നികുതിയെന്ന്‌ ഗവർണർക്ക്‌ എങ്ങനെ പറയാൻ കഴിയും. വിമർശിക്കാനുള്ള വ്യഗ്രതയിൽ മോട്ടോർ വാഹന നികുതിയിനത്തിൽ 3942 കോടി രൂപയും സ്റ്റാമ്പുകളും രജിസ്‌ട്രേഷനും ഇനത്തിൽ 4524 കോടി രൂപയും സംസ്ഥാനം 2021–-22ൽ സമാഹരിച്ചുവെന്ന വസ്‌തുത ഗവർണർ മനഃപൂർവം മറച്ചുപിടിച്ചു.

ലോട്ടറി വിൽപ്പനയിലൂടെ സമാഹരിക്കപ്പെടുന്ന റവന്യൂ വരുമാനം മുഴുവൻ സർക്കാരിനല്ല. 60 ശതമാനം തുക സമ്മാനങ്ങൾക്കായി ചെലവഴിക്കുന്നു. വിൽപ്പനക്കാരുടെ കമീഷനാണ്‌ 24 ശതമാനം

സംസ്ഥാനത്ത്‌ ലോട്ടറി വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നത്‌ 55,414 പേരാണ്‌. ചില്ലറവിൽപ്പനക്കാർ ഒന്നരലക്ഷത്തിലേറെ വരും. അതായത്‌ ലോട്ടറി സർക്കാരിന്റെ പല വരുമാന മാർഗങ്ങളിലൊന്ന്‌ എന്നതിലുപരി രണ്ടുലക്ഷത്തിലധികം പേരുടെ തൊഴിലും വരുമാനവുമാണ്‌. വാസ്‌തവത്തിൽ ലോട്ടറി ഒരു വരുമാന സ്രോതസ്സ്‌ എന്ന നിലയ്‌ക്കല്ല 1967ൽ ആരംഭിച്ചത്‌. സ്വകാര്യ ലാഭക്കാരുടെ വഞ്ചനയ്‌ക്കും കൊള്ളയ്‌ക്കും വിരാമമിടുകയായിരുന്നു ലക്ഷ്യം. ആദ്യവർഷങ്ങളിൽ നാമമാത്ര വിൽപ്പനയേ നടന്നിരുന്നുള്ളൂ. 25 ലക്ഷം രൂപയുടെ വിൽപ്പനയിൽ തുടങ്ങി നൂറുകോടി വരുമാനമുണ്ടാക്കാൻ 28 വർഷമെടുത്തു. കോവിഡ്‌ മൂർച്ഛിച്ച 2020–-21ൽ 4911.52 കോടി രൂപയുടെ ടിക്കറ്റുകളാണ്‌ വിറ്റത്‌. തലേവർഷം 9973 കോടി രൂപയുടെയും. വിൽപ്പനമാന്ദ്യം അഗതികളായ പതിനായിരക്കണക്കിന്‌ ചില്ലറ വിൽപ്പനക്കാരുടെ കുടുംബജീവിതം താറുമാറാക്കി. സർക്കാരിന്റെ വരുമാനം 1763.69 കോടിയിൽനിന്ന്‌ 472.70 കോടിയിലേക്ക്‌ കൂപ്പുകുത്തി. ലോട്ടറി വിൽപ്പന എത്രത്തോളം സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ വിശദമാക്കാനാണ്‌ ഇത്രയും പ്രതിപാദിച്ചത്‌.

ലോട്ടറി വിൽപ്പനയിലൂടെ സമാഹരിക്കപ്പെടുന്ന റവന്യൂ വരുമാനം മുഴുവൻ സർക്കാരിനല്ല. 60 ശതമാനം തുക സമ്മാനങ്ങൾക്കായി ചെലവഴിക്കുന്നു. വിൽപ്പനക്കാരുടെ കമീഷനാണ്‌ 24 ശതമാനം. ഏജന്റുമാരുടെ വിഹിതം 7.5 ശതമാനം. പരസ്യച്ചെലവുകളും നടത്തിപ്പുചെലവുകളും കുറച്ചാൽ സർക്കാരിന്റെ ലാഭം പരിമിതമാണ്‌. ഉദാഹരണമായി ഏറ്റവും ഉയർന്ന വിൽപ്പന നടന്ന 2019–-20ൽ ആകെ റവന്യൂ വരുമാനം 9973 കോടി രൂപയായിരുന്നു. അക്കൊല്ലം സർക്കാർ ഖജനാവിലേക്ക്‌ ചെന്നുചേർന്ന ലാഭം 1764 കോടി മാത്രവും.

ലോട്ടറിയെ അപഹസിക്കുന്ന ഗവർണർ വാസ്‌തവത്തിൽ രണ്ടുലക്ഷത്തിലധികം വരുന്ന കേരളീയരുടെ ജീവനോപാധികളിൽ ഒന്നിനെയാണ്‌ ആക്ഷേപിക്കുന്നത്‌. ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ്‌ വിമർശം. സംസ്ഥാനത്തിന്റെ ധനമേഖല തകർന്നുകാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു. സംസ്ഥാന ലോട്ടറിയെ നിരുത്സാഹപ്പെടുത്തി അന്യസംസ്ഥാന ലോട്ടറി മാഫിയയെ രക്ഷിച്ചെടുക്കുകയെന്ന  ഗൂഢലക്ഷ്യവുമുണ്ട്‌. വിദ്യാഭ്യാസമേഖലയെ തകർക്കാൻ ശ്രമിക്കുന്നതുപോലെ ധനമേഖലയെയും ഉന്നംവയ്‌ക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top