26 April Friday

‘അമൃതകാല’ത്തെ പേരുമാറ്റ അമൃതേത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

കഴിഞ്ഞ മാസം ഒടുവിലാണ് രാഷ്‌ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്‌ ‘അമൃത് ഉദ്യാൻ’ എന്ന് പുനർ നാമകരണം നടത്തിയത്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലും സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സാമ്രാജ്യത്വപൂർവ കാലത്തിന്റെയും വടുക്കളും പാടുകളും പൂർണമായി പരിച്ഛേദിക്കുന്നതിന്റെയും ഭാഗമായാണ്‌  ഈ പേരുമാറ്റം എന്നാണ് രാഷ്ട്രപതി ഭവൻ അറിയിച്ചത്. ‘ആസാദി’ക്ക് വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ ദേശീയ വിമോചനസമരത്തോട് അയിത്തം പുലർത്തുകയും തരാതരംപോലെ അതിനെ  ഒറ്റുകൊടുക്കുകയും ചെയ്തവരാണ് ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന മഹാമഹത്തിന് കാർമികത്വം വഹിക്കുന്നതെന്ന കാര്യം മഹാതമാശയായി അപ്പുറത്തുണ്ട്.

ഇന്ത്യയിലെ മധ്യകാല മുസ്ലിംഭരണകാലത്തെ (മധ്യകാലത്ത് ഇന്ത്യയിലെ പല ഭാഗങ്ങളിലും മുസ്ലിങ്ങളല്ലാത്തവർ ഭരിച്ച രാജവംശങ്ങളും കുറെയുണ്ടായിരുന്നു) സമന്വയാത്മക സാംസ്കാരിക പാരമ്പര്യത്തിന്റെ അവശേഷിപ്പുകൾ ഒന്നൊന്നായി ചെത്തിമാറ്റുക എന്നതാണ് ഹിന്ദുത്വവാദികളുടെ ലക്ഷ്യം. കൽപ്പിതകഥകളും പ്രാചീനേന്ത്യാ മാഹാത്മ്യവും വൈദിക പാരമ്പര്യ പ്രഘോഷണവും സമാസമം ചാലിച്ച് പ്രചരിപ്പിക്കപ്പെടുന്ന ഹിന്ദുത്വ ചരിത്രഭാഷ്യത്തെ വിമർശരഹിതമായി പുണർന്നവരെ ഒന്നുകൂടി വികാരവിജൃംഭിതരാക്കുകയും ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലുള്ള കേവലാസ്തിത്വത്തിന്റെ യഥാസ്ഥാനം എന്താണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുന്ന നാനാവിധമായ ഹിന്ദുത്വ രാഷ്ട്രീയകാര്യ പരിപാടിയുടെ തുടർച്ചയാണ് ഈ പുനർനാമകരണ ഘോഷയാത്ര.

വർഗീയലക്ഷ്യം മുൻനിർത്തിയുള്ള പേരുമാറ്റത്തിന്റെ ‘അമൃതേത്ത്’ തുടങ്ങിയത് 2014 മുതലാണ്. 2015ലാണ് ഡൽഹിയിലെ ഔറംഗസേബ് റോഡിന്റെ പേര് എ പി ജെ അബ്ദുൾ കലാം റോഡ് എന്നാക്കി മാറ്റിയത്. മുഗൾ ഭരണകാലത്ത് അതത് സന്ദർഭങ്ങളിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ഔറംഗസേബ് മാത്രമല്ല, അക്ബറും ‘ലിബറൽ’ നിലപാടും ‘ഓർത്തഡോക്സ്’ കാഴ്ചപ്പാടും  സ്വീകരിച്ചിരുന്നതായി ചരിത്രത്തെ ഉത്സവനോട്ടീസ് പോലെയല്ലാതെ വായിക്കുന്നവർക്കറിയാം. രാഷ്ട്രീയകാരണങ്ങളാൽ ഏതാനും ക്ഷേത്രങ്ങൾ തകർത്ത ഔറംഗസേബ്തന്നെ കാശിയിലുള്ളതടക്കമുള്ള ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കും ബ്രാഹ്മണർക്കും ഭൂമിയും പണവും കൊടുത്തതിന്റെ രേഖകൾ ധാരാളമുണ്ട്. ‘ലിബറൽ’ ആയ ദാരാ ഷൂക്കോയും ‘ഡോഗ്മാറ്റിക്’ ആയ ഔറംഗസേബും മുഗൾ സിംഹാസനത്തിനുവേണ്ടി പടവെട്ടിയപ്പോൾ 24 ഹിന്ദു പ്രഭുക്കൻമാർ ദാരയോടൊപ്പവും 21 പേർ ഔറംഗസേബിനൊപ്പവുമായിരുന്നു.

ഔറംഗസേബിനൊപ്പം നിന്നവരിൽ ഏറ്റവും ഉന്നതസ്ഥാനീയരും ശക്തരുമായ രജ്പുത്ത് പ്രഭുക്കളായ അംബറിലെ രാജ ജയ്സിങ്ങും ജോധ്പുരിലെ രാജ ജസ്വന്ത് സിങ്‌ രത്തോഡും ഉണ്ടായിരുന്നു. രാജ ജയ്സിങ്ങാണ് ശിവജിയെ പരാജയപ്പെടുത്തി ഔറംഗസേബിന്റെ രാജസദസ്സിലേക്ക് കൊണ്ടുവന്നത്. ചരിത്രം സങ്കീർണമാണ്. വർത്തമാനത്തിന്റെ വർഗീയക്കണ്ണാടിയിലൂടെ നോക്കുമ്പോൾ ജയിംസ് മില്ലിന്റെ കൊളോണിയൽ ചരിത്രാഖ്യാനത്തിന്റെ  പഥസഞ്ചലനം അതിൽ  തെളിഞ്ഞുവരും. ഹിന്ദുത്വവാദികളുടെ ചരിത്രവീക്ഷണം  കൊളോണിയൽ ദാസ്യത്തിന്റെ ഉത്തമനിദർശനമാണ്. ആദ്യം ഹിന്ദുത്വവാദികൾ കൊളോണിയൽ ചരിത്രത്തോടുള്ള  അടിമത്തമാണ് കുടഞ്ഞെറിയേണ്ടത്. എന്നിട്ടാകാം കൊളോണിയൽ കളങ്കങ്ങളെ കളയുന്നത്.

1912ൽ നിർമാണമാരംഭിച്ച് 1929ൽ പൂർത്തിയായ രാഷ്ട്രപതി ഭവൻ, ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ‘വൈസ്രോയ്സ് ഹൗസ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. എഡ്വേഡ് ല്യൂട്ടൻസും ഹെർബർട്ട് ബോക്കറുമായിരുന്നു അതിന്റെ ശിൽപ്പികൾ. ബാബറിന്റെ കാലംമുതൽ പേർഷ്യൻ ‘ചാർബാഗ്’ മാതൃകയിൽ ആഗ്രയും ലാഹോറും ശ്രീനഗറും ഉൾപ്പെടെ പല മധ്യകാല നഗരങ്ങളിലും മുഗളൻമാർ മനോഹരമായ ഉദ്യാനങ്ങൾ നിർമിച്ചിരുന്നു. ഏതെങ്കിലും മുഗൾ ചക്രവർത്തിയല്ല, ല്യൂട്ടൻസ് രൂപകൽപ്പന ചെയ്തതാണ് പേരുമാറ്റ ശുദ്ധിക്രിയക്ക് വിധേയമായ മുഗൾ ഗാർഡൻ. ജഹാംഗീറിന്റെ ഭരണകാലത്ത് ശ്രീനഗറിൽ ഉണ്ടാക്കിയ ഷാലിമാർ ബാഗ് ഉദ്യാനത്തിൽനിന്നാണ് ല്യൂട്ടൻസിന്റെ പ്രചോദനമെന്നുമാത്രം. കൂടാതെ, ഇംഗ്ലീഷ് ലാൻഡ്സ്കേപ്പിങ്ങിന്റെ ഘടകങ്ങളും ഉദ്യാനപാലനരീതികളും അദ്ദേഹം മുഗൾ ഗാർഡനിൽ  സന്നിവേശിപ്പിച്ചു.

ഗുജറാത്തിലും കാന്ധമലിലും ഹിന്ദുത്വ മതോൻമാദികൾ നടത്തിയ വംശഹത്യകളോ ഡൽഹി ഉൾപ്പെടെ മറ്റിടങ്ങളിൽ അഴിച്ചുവിട്ട വർഗീയകലാപങ്ങളോ ഇല്ലാതെതന്നെ സ്ഥലങ്ങളുടെയും റോഡുകളുടെയും കെട്ടിടങ്ങളുടെയും അതിരടയാളങ്ങളുടെയും പഴയ (‘മുസ്ലിം’) പേര് മാറ്റി ‘ഹിന്ദു’ പേരുകൾ നൽകിയാൽ ഹിന്ദുത്വത്തിന്റെ വോട്ട് ബാങ്ക് വിപുലീകരിക്കാമെന്നും ന്യൂനപക്ഷത്തെ പൂർവാധികം അപരവൽക്കരിക്കാമെന്നും കേന്ദ്രഭരണകൂടവും ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ ഭരണാധികാരികളും കരുതുന്നു. ‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന് ഷേക്സ്പിയറിന്റെ ‘ജൂലിയറ്റ് ആൻഡ് റോമിയോ’ എന്ന നാടകത്തിൽ  ജൂലിയറ്റ് ചോദിക്കുന്നുണ്ട്. റോസാപുഷ്പത്തിന്റെ പേര് മാറ്റിയാലും അതിന്റെ സുഗന്ധം അതുപോലെ സുരഭിലമായിരിക്കുമെന്നും ജൂലിയറ്റ് പറയുന്നുണ്ട്. ഇതേ ചോദ്യം പുനർനാമകരണ ശുദ്ധിസ്നാനത്തിൽ വ്യാപൃതരായ ഹിന്ദുത്വ ഉദ്ഘോഷകരോട് ചോദിച്ചാൽ പേരിൽ മതമുണ്ട് എന്നായിരിക്കും ഉത്തരം.

സ്ഥലപ്പേരുകൾക്കും വ്യക്തിനാമങ്ങൾക്കും മതമില്ല. ഭൂമിശാസ്ത്രപരമായ വിശേഷലക്ഷണങ്ങളും അതത് വാസസ്ഥാനത്തെ ആളുകളുടെ ജീവനാനുഭവങ്ങളുമെല്ലാം ചേർന്ന സാംസ്കാരികോൽപ്പന്നമാണ് സ്ഥലപ്പേരുകൾ. യോഗി ആദിത്യനാഥ് അലഹബാദിനെ പ്രയാഗാരാജായും ഫൈസാബാദ് ജില്ലയെ അയോധ്യയായും ലഖ്‌നൗവിലെ മുഗൾ സറായ്  റെയിൽവേ സ്റ്റേഷനെ ദീൻദയാൽ ഉപാധ്യായ സ്റ്റേഷനായും പുനർനാമകരണം ചെയ്തപ്പോൾ മതവും ഹിന്ദുത്വ രാഷ്ട്രീയവുമാണ് മാനദണ്ഡമാക്കിയത്. അഹമ്മദാബാദിനെ കർണാവതി എന്നാക്കുമെന്നും  ഹൈദരാബാദിനെ ഭാഗ്യനഗർ എന്നാക്കുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മോദി പ്രഖ്യാപിച്ചിരുന്നു. വൈദിക ജ്യോതിഷത്തിൽ പരാമർശിക്കുന്ന ‘അമൃത് കാൽ ’ ആണ് അടുത്ത 25 വർഷംകൊണ്ട് സമാഗതമാകാൻ പോകുന്നതെന്ന് സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിൽ  മോദിയും ഈവർഷം അവതരിപ്പിച്ച ബജറ്റ് അമൃതകാല ബജറ്റാണെന്ന് നിർമല സീതാരാമനും പറഞ്ഞിരുന്നു. അലഹബാദിനെ അമൃതാബാദ് എന്നും  ഹൈദരാബാദിനെ ദക്ഷിണ അമൃതാബാദ് എന്നുമാക്കി മാറ്റുന്നതല്ലേ ഉചിതം ! അല്ലെങ്കിൽ  അമൃതാബാദ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ഹിന്ദുത്വത്തിന് അതത് നഗരത്തിലുള്ള സ്വാധീനവും കൈയൂക്കും അനുസരിച്ച് പേര് നൽകാം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ മാറ്റാനുള്ള ഈ വർഗീയവിക്രിയ അങ്ങനെ വിലപ്പോകില്ല.

മുസ്ലിം വ്യക്തിനാമങ്ങൾ വാസ്തവത്തിൽ  അറബ് നാമങ്ങളാണ്. അബ്ദുല്ലയും റസാഖും മുസ്തഫയും അബൂബക്കറും മുഹമ്മദും അക്ബറുമെല്ലാം ഇസ്ലാം മതം ആവിർഭവിക്കുന്നതിനു മുമ്പുതന്നെയുള്ള അറബ് നാമങ്ങളാണ്. അതുപോലെ ഹിന്ദുനാമങ്ങളുമില്ല. ഇർഫാൻ ഹബീബ് ചൂണ്ടിക്കാണിച്ചപോലെ അമിത് ഷാ എന്ന പേരിലെ ‘ഷാ’ പേർഷ്യൻ കുടുംബപ്പേരാണ്. ഗോദ്റെജ്, മിസ്ത്രി, ടാറ്റ, പൂനാവാല, വാഡിയ പോലുള്ളവ പേർഷ്യൻ കുടുംബപ്പേരുകളാണ്. മജുംദാർപോലുള്ളവ പേർഷ്യനും അറബിക്കും കൂടിക്കലർന്നതാണ്. ഇന്ത്യ എന്ന പേര് തന്നെ ഇന്ത്യക്കാർ നൽകിയതല്ല. ഗ്രീക്കുകാർ ‘ഇൻഡോസ്’ എന്നും  പേർഷ്യക്കാർ ‘സപ്ത– -സിന്ധു’ പ്രദേശത്തെ ‘ഹപ്ത–-ഹിന്ദു’ എന്നുമാണ് വിളിച്ചിരുന്നത്.

പിന്നെ സ്വതന്ത്ര ഇന്ത്യയിൽ പല സ്ഥലങ്ങളുടെയും  റോഡുകളുടെയും പേര് മാറ്റിയില്ലേയെന്ന് ചോദിച്ചാൽ  ഉണ്ട് എന്നാണ് ഉത്തരം. കിങ്സ് വേ രാജ്പഥ് ആയി. ക്വീൻസ് വേ ജൻപഥും. രാജ്പഥ് ബ്രിട്ടീഷ് രാജിനെയല്ല സൂചിപ്പിക്കുന്നത്. ഇവിടെ രാജിന് അർഥം ഭരണനിർവഹണം (ഗവേണൻസ്‌) എന്നാണ്. ജൻപഥ്, ജനങ്ങളുടെ പഥം. രാജ്പഥിനെയാണ് ഇപ്പോൾ കർത്തവ്യപഥ് ആക്കിയത്. കർത്തവ്യ നിർവഹണം നിർബാധം നടക്കുന്നുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ന്യൂനപക്ഷങ്ങളെ നാസി ജർമനിയിലെപ്പോലെ വേട്ടയാടുന്നതുമാണ് പ്രധാന കർത്തവ്യം. കൊണാട്ട് പ്ലേസിന്റെ പേര് രാജീവ് ചൗക്ക് എന്നാക്കി മാറ്റിയിട്ട് എന്തായി ? ഇപ്പോഴും ആളുകൾ കൊണാട്ട് പ്ലേസ് എന്നുതന്നെ പറയുന്നു. ബോംബെ മുംബൈ ആയതും മദ്രാസ് ചെന്നൈ ആയതും കൽക്കത്ത കൊൽക്കത്ത ആയതുമൊക്കെ  അതത് നാട്ടുകാർ ഉപയോഗിച്ച് വാമൊഴി നാട്ടുപേരുകളിലേക്കുള്ള മടക്കമായിരുന്നു. ടെലിച്ചറി തലശേരി ആയതും കലിക്കറ്റ് കോഴിക്കോട് ആയതും ക്വയ്‌ലോൺ കൊല്ലം ആയതും ട്രിവാൻഡ്രം തിരുവനന്തപുരം ആയതും ആംഗലേയവൽക്കരിക്കപ്പെട്ട പേരുകളിൽനിന്ന് നാട്ടുഭാഷയിലേക്കുള്ള മടക്കവും. ഇതിലൊന്നും വർഗീയതയില്ല. ഇപ്പോൾ നടത്തുന്ന പേരുമാറ്റങ്ങളിൽ അടിമുടി വർഗീയതയാണുള്ളത്. ഇന്ത്യയുടെ അവിച്ഛിന്ന ഭാഗമായ ഒരു ചരിത്രകാലഘട്ടത്തെ, സാംസ്കാരിക പൈതൃകത്തെ വെട്ടിമാറ്റാനുള്ള ഹീനമായ തീവ്രയത്ന പരിപാടിയാണ് നടക്കുന്നത്.

(എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top