24 April Wednesday

സഹനത്തിന്റെ ദുഃഖവെള്ളി : റവ. ജോർജ് മാത്യു 
പുതുപ്പള്ളി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 15, 2022

കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരുന്ന കാലം പതുക്കെ മായുകയാണ്‌. എവിടെയും മനുഷ്യ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹകരണത്തിന്റെയും അനിവാര്യത എല്ലാവരെയും പഠിപ്പിച്ച ഒരു കാലമാണ് കോവിഡ് കാലം. മാനുഷികതയിലൂടെ മാത്രമേ മാനവരാശിക്ക് അതിജീവിക്കാനാവൂ എന്ന്‌ എല്ലാവരും തിരിച്ചറിഞ്ഞ കാലം.  മനുഷ്യസ്നേഹം തന്നെയാണ് ഈ കാലത്തിന്റെ അതിജീവനമന്ത്രം. ആ സ്നേഹത്തിന്റെ മഹാസന്ദേശം ലോകത്തിന് പകർന്നു നൽകിയ യേശുക്രിസ്തുവിന്റെ കുരിശുമരണം ക്രിസ്തീയ വിശ്വാസത്തിന്റെ ജീവനാഡിയും കേന്ദ്രബിന്ദുവുമാണ്. 

ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെയാണ്‌ ഞങ്ങൾ പ്രസംഗിക്കുന്നതെന്ന്‌ അഭിമാനിക്കുന്ന സെന്റ്‌ പോൾ ‘ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവരായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം’ എന്ന് ഞാൻ നിർണയിക്കുന്നതായും എഴുതി. അഖിലാണ്ഡത്തിന്റെ അച്ചുതണ്ടായിട്ടാണ് ക്രിസ്തുവിന്റെ കുരിശിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ലോക ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമായ ഒന്നായി കുരിശിനെ വിശേഷിപ്പിക്കാൻ ശ്രമിക്കുന്ന അദ്ദേഹം മാസ്മരികശക്തി തുളുമ്പിനിൽക്കുന്ന കുരിശിന്റെ മഹത്വം വിളിച്ചറിയിക്കാൻ ശ്രമിക്കുന്നത്‌ ആവേശത്തോടും  ആത്മാർഥതയോടെയുമാണ്‌.

കുരിശ്‌ എന്താണെന്ന്‌ വിശദീകരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ  അത്‌ എന്താണെന്ന് കാണിക്കാൻ തത്രപ്പെടുകയാണ്‌ സെന്റ്‌ പോൾ. പാപക്കോട്ടകളെ ഇടിച്ചുതകർത്ത ക്രൂശിക്കപ്പെട്ടവനെ വാഴ്ത്തുമ്പോൾ അദ്ദേഹം ആവേശഭരിതനാകുന്നു. മനുഷ്യന്റെ സ്ഥാനത്ത്‌ ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനേക്കാൾ മനുഷ്യനുവേണ്ടി കുരിശിൽ തകർന്ന ക്രിസ്‌തുവിനെ വാഴ്‌ത്താനാണ്‌ അദ്ദേഹത്തിന്‌ താൽപ്പര്യം. ബലഹീനർക്കുവേണ്ടി കുരിശിൽ തൂങ്ങിയ ക്രിസ്‌തുവിനെയും സഭയെ സ്നേഹിച്ച ക്രിസ്തുവിനെയും വെവ്വേറെ വർണിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.

ക്രിസ്‌തീയദൈവ വിശ്വാസത്തെയും മനുഷ്യരെയും തമ്മിൽ അനുരഞ്‌ജിപ്പിക്കാൻ ഏറ്റവും സ്വാധീനം ചെലുത്തിയ  ഘടകം ക്രിസ്‌തുവിന്റെ കുരിശുമരണമാണ് . കുരിശിലൂടെയും കുരിശാലുമാണ് ആ ബന്ധം പുനഃസ്ഥാപിതമായത്‌.  അകൽച്ചകൾ അടുക്കപ്പെടാനും വ്രണങ്ങൾ കരിഞ്ഞുണങ്ങാനും ശത്രുത മായ്‌ക്കപ്പെടാനുമാണ്‌ കുരിശുമരണം കാരണമായത്‌. ദൈവവും മനുഷ്യനുമായുള്ള അകൽച്ച അകറ്റാൻ കുരിശുമരണം വഹിച്ച  പങ്കിനെക്കുറിച്ചാണ് ബൈബിളിന് പറയുവാനുള്ളത്.  ഹൃദയങ്ങളെ കീറിമുറിക്കുന്ന ദൈവസ്നേഹത്തിന്റെ ശക്തിയും വ്യാപ്തിയും അതിൽ  ദർശിക്കാൻ കഴിയും.

കലഹിച്ചകന്ന കുടുംബത്തിൽനിന്ന് പുത്രത്വത്തിന്റെ അവകാശത്തോടെ മനുഷ്യരെ ദത്തെടുക്കാൻ ഇടയാക്കിയ മഹാസംഭവംകൂടിയായിരുന്നു ദുഃഖവെള്ളിയാഴ്‌ച അരങ്ങേറിയ കുരിശുമരണം.  ഏറ്റവും വലിയ ത്യാഗത്തിന്റെ  ഒരുനാട മുറിച്ച ഒരു കത്രികയായിരുന്നു അത്. യഹൂദൻമാരുടെ ഓരോ പാപ പരിഹാരത്തിലും പാപിയായ മനുഷ്യനുവേണ്ടി  യാഗം കഴിക്കാൻ ഒരു യാഗ മൃഗത്തെ ഒരുക്കിനിർത്തുമായിരുന്നു. പാപിയായ മനുഷ്യന്റെ തലയിൽ കൈവച്ച് പ്രാർഥിക്കുന്ന പുരോഹിതൻ അയാളുടെ പാപം മൃഗത്തിന് ശരീരത്തിലേക്ക് ആവാഹിച്ചുകയറ്റും. അങ്ങനെ മനുഷ്യൻ പാപത്തിൽനിന്ന് മോചിതനാകുന്നു.  മൃഗം പാപിയായി മാറുകയും ചെയ്യും.  ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടാണ് മാനവരാശിക്കുവേണ്ടി ത്യാഗമായിത്തീർന്ന പെസഹാ കുഞ്ഞാടായി ക്രിസ്തുവിനെ സെന്റ്‌ പോൾ മനോഹാരിതയോടെ വിശേഷിപ്പിച്ചത്.

ക്രിസ്തു ഏതെങ്കിലും മതം സ്ഥാപിച്ചതായോ ഏതെങ്കിലുമൊരു വിഭാഗത്തിന്റെമാത്രം രക്ഷയ്ക്കുവേണ്ടി ഭൂമിയിൽ അവതരിച്ചെന്നോ  ബൈബിൾ പഠിപ്പിക്കുന്നില്ല

ക്രിസ്തുവിന്റെ ജീവിതാന്ത്യവേളയിൽ സുപ്രധാന സംഭവങ്ങളുടെ അനുസ്മരണമാണ് പീഡാനുഭവ ആഴ്ചയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  കഷ്ടപ്പാടും തള്ളിപ്പറയലും വേദനയും നിരാശയും മഹത്വവും പ്രത്യാശയുമൊക്കെ ഇടകലർന്നുവരുന്ന മനുഷ്യജീവിതത്തിന്റെ മുഴുവൻ വികാരങ്ങളും ഭാവങ്ങളും ഇവയിൽ സ്‌പർശിപ്പിക്കപ്പെടുന്നു.  ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ അനുസ്മരണദിനമായ  ദുഃഖവെള്ളിയാഴ്ച ഉപവസിക്കുകയും വിലപയാത്രയിൽ പങ്കെടുക്കുകയും ചെയ്തുകൊണ്ട് വിശ്വാസികൾ സഹനത്തിൽ പങ്കുചേരുന്നു.

ക്രിസ്തു ഏതെങ്കിലും മതം സ്ഥാപിച്ചതായോ ഏതെങ്കിലുമൊരു വിഭാഗത്തിന്റെമാത്രം രക്ഷയ്ക്കുവേണ്ടി ഭൂമിയിൽ അവതരിച്ചെന്നോ  ബൈബിൾ പഠിപ്പിക്കുന്നില്ല. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും ധാർമികതയുടെയും മാർഗത്തിലൂടെ മാത്രമേ മനുഷ്യഹൃദയത്തിൽ സമാധാനം നിലനിൽക്കുകയുള്ളൂവെന്ന് ക്രിസ്തു പറഞ്ഞു. മുഴുവൻ ലോകജനതയുടെയും രക്ഷയ്ക്കുവേണ്ടി ക്രിസ്തു കുരിശിൽ മരിച്ചതിനാൽ യേശുവിനെ ബൈബിൾ ‘ലോകരക്ഷകൻ' എന്നു വിശേഷിപ്പിക്കുന്നു. ക്രിസ്തുവിന്റെ ജനനത്തിന്‌ നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന യെശയ്യാവ്‌ പ്രവാചകൻ യേശുവിനെപ്പറ്റി ഇങ്ങനെ എഴുതി: ‘അവന്‌ അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നിങ്ങനെ പേരാകും' (യെശയ്യാവ്‌ 9:6).

(എഴുത്തുകാരനും പത്രപ്രവർത്തകനും സുവിശേഷപ്രസംഗകനും ഗ്രന്ഥകാരനുമാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top