27 April Saturday

നുണക്കോട്ടകൾ 
പൊളിഞ്ഞുതന്നെ വീഴും

ഇ പി ജയരാജന്‍/ എല്‍ഡിഎഫ് കണ്‍വീനര്‍Updated: Sunday Jun 12, 2022

സ്വർണക്കടത്ത്, റിവേഴ്സ് ഹവാല, ഈന്തപ്പഴ വിതരണം എന്നിങ്ങനെ ചില കേസുകളുടെ ചർച്ചകളാണ് 2020 ജൂലൈമുതൽ ഇവിടെ സജീവമായിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഈ പ്രചാരണത്തെ പുച്ഛിച്ചു തള്ളിയതോടെ രംഗത്തുനിന്ന് അപ്രത്യക്ഷമായ ഈ കഥകൾ വീണ്ടും രംഗത്തുവന്നിരിക്കുകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ 2020 ജൂണിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കപ്പെട്ട പാഴ്സൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഏകദേശം 30 കിലോ സ്വർണം കണ്ടെത്തിയതിനെത്തുടർന്നാണ് ഈ കേസുകളുടെ തുടക്കം. ഈ കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ കത്തെഴുതുകയും ചെയ്തു. ഇതിനെതുടർന്ന് വിവിധ ഏജൻസി അന്വേഷണം നടത്തി. എൻഐഎ തങ്ങൾക്ക് ബാധകമല്ലെന്നു പറഞ്ഞ് പിന്മാറി. കസ്റ്റംസ് ആകട്ടെ കുറ്റപത്രം നൽകുകയും ചെയ്തു. ഇഡിയെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നീക്കങ്ങൾ രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കഥകൾ രംഗപ്രവേശം ചെയ്യുന്നത്.
സ്വർണക്കള്ളക്കടത്ത് പ്രശ്നം കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച പ്രശ്നമായതുകൊണ്ട് ഇത് പൂർണമായും കേന്ദ്ര ഏജൻസികളുടെ പരിധിയിൽ വരുന്നതാണ്. അതുകൊണ്ടാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചത്. കേസന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ, കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോൺ ചെയ്‌തെന്ന പ്രചാരണം നടന്നത്. ഇപ്പോൾ കസ്റ്റംസിന്റെ കുറ്റപത്രത്തിൽ ‘ഫോൺവിളി'യെക്കുറിച്ച് ഒരു പരാമർശവും ഇല്ല. അങ്ങനെ കത്തിനിന്ന ആരോപണം ആവിയായി പോയത് മാധ്യമങ്ങൾ അറിഞ്ഞില്ല.

കസ്റ്റംസ് അന്വേഷണം മുന്നോട്ടുപോകവെ ബിജെപിയോടു ചേർന്നുനിൽക്കുന്ന മാധ്യമ പ്രവർത്തകനിലേക്ക് എത്തുകയും അവരെ ചോദ്യംചെയ്യുകയും ചെയ്തതോടെ പുതിയ തിരക്കഥകൾ രൂപംകൊള്ളുകയുമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലംമാറ്റി. പുതിയ കഥകൾ പ്രചരിപ്പിക്കാനും മാധ്യമങ്ങളുമായി ബന്ധപ്പെട്ട് സംവിധാനങ്ങൾ ഉയർന്നുവന്നു. ഇതിനിടയിൽ നിർണയകമായ വിവരങ്ങൾ ആരിൽനിന്നും ശേഖരിക്കേണ്ടിയിരുന്നോ, അവർ രാജ്യം വിട്ടുപോകുകയും ചെയ്തു. ഈ സാഹചര്യത്തിൽ അന്വേഷണം വേണ്ട രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് സൂചിപ്പിച്ച് സംസ്ഥാന സർക്കാർ  2020 ഡിസംബർ 15ന്‌ കേന്ദ്ര സർക്കാരിനു വീണ്ടും കത്തയക്കുകയുണ്ടായി. ഇപ്പോഴും ‘സ്വർണം ആര്‌ അയച്ചു, ആരിലെത്തി ’എന്നതിന് ഉത്തരമായില്ല. അതു കണ്ടെത്താൻ മാധ്യമങ്ങൾക്കുപോലും താൽപ്പര്യമില്ല.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ്, അവരുടെ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സംസ്ഥാനത്തെ അനാഥാലയങ്ങളിലും മറ്റും വിതരണം ചെയ്‌തെന്ന പുതിയ വിവാദവും ഉയർന്നുവന്നു. ഇതിന് കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കണമെന്നാണ് ചട്ടം. കസ്റ്റംസിന് നോട്ടീസ് നൽകി നികുതി പിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഒരിടപെടലിന്റെയും ആവശ്യമില്ല. ഇത് ചെയ്യാൻ അവർക്ക് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ കേന്ദ്ര വിദേശമന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. ‘ഈന്തപ്പഴത്തിൽ സ്വർണക്കുരു’ എന്നിങ്ങനെ പ്രചാരണം തുടർന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദം അതിന്റെ തുടർച്ചയായി ഉയർത്തി.

ഇതിനിടയിലാണ് മൂന്നു ലക്ഷത്തോളം കുടുംബത്തിന്‌ വീട് നൽകിയ ലൈഫ് മിഷനെ അഴിമതിയുടെ കരിനിഴലിലാക്കാനുള്ള തന്ത്രവുമായി വിവാദക്കാർ എത്തുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ ‌ഫ്ലാറ്റ് സമുച്ചയം യുഎഇ റെഡ്ക്രസന്റ് സൗജന്യമായി വച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് മുന്നോട്ടുവന്നു. ഇതിനായി അവർതന്നെ കരാർ നൽകി പണം ചെലവഴിച്ചു. ഈ പണമിടപാടുകളിൽ ചില കോൺസുലേറ്റ് ഉദ്യോഗസ്ഥർ കമീഷൻ വാങ്ങിയെന്ന ആരോപണം വന്നു. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയോ എന്ന കാര്യം അന്വേഷിക്കാൻ വിജിലൻസ് അന്വേഷണവും സംസ്ഥാന സർക്കാർ നടത്തി.

വിദേശത്തേക്ക് ഒരു കോൺസുലേറ്റ് ഉദ്യോഗസ്ഥൻ കറൻസി കടത്തിയെന്ന ആരോപണം കസ്റ്റംസും ഇഡിയും അന്വേഷിച്ചു. ഇതിലും സംസ്ഥാന സർക്കാരിനെ ബന്ധിപ്പിക്കുന്ന ഒന്നുമില്ലായിരുന്നു. അത്‌ അറിയാമായിരുന്നിട്ടും ഒരു യുഡിഎഫ് എംഎൽഎ  (വടക്കാഞ്ചേരിയുടെ അന്നത്തെ ജനപ്രതിനിധി) സിബിഐക്ക് പരാതി നൽകി. കേട്ടപാതി കേൾക്കാത്തപാതി സിബിഐ ഇതിൽ എഫ്ഐആർ ഇട്ടു. എഫ്ഐആറിന്‌ എതിരെ ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു, സ്റ്റേയും ലഭിച്ചു. ഒടുവിൽ ഹൈക്കോടതി കേസിൽ രാഷ്ട്രീയ നേതൃത്വത്തെ ഒരുതരത്തിലും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് വിധിയിൽ പറഞ്ഞു.

ഇതിനിടയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ പേരുകൾ പറയാൻ തന്റെമേൽ സമ്മർദമുണ്ടെന്ന് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവർ പിന്നീടു സമ്മതിച്ച വോയിസ് ക്ലിപ് പുറത്തുവന്നത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഇഡി  ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി പിഎംഎൽഎ‌ കോടതിക്ക് സിആർപി സി  195 (30) വകുപ്പുപ്രകാരം വിഷയം പരിശോധിക്കാമെന്ന് ഉത്തരവിട്ടു, അതിനും ഇഡി തയ്യാറല്ല. അവർ സുപ്രീംകോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ വാങ്ങി. എഫ്ഐആർ റദ്ദാക്കിയതിന്‌ എതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചിട്ടുണ്ട്. ഇഡിക്ക് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെടാൻ തടസ്സമില്ലെന്നിരിക്കെ എന്തുകൊണ്ട് അന്വേഷണം പാടില്ലെന്ന നിലപാട് സ്വീകരിക്കുന്നു. ഇത് വിവാദക്കാർ ചർച്ച ചെയ്യുന്നില്ല.
2020 ഡിസംബർ ആദ്യവാരം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നടക്കവെ കസ്റ്റംസ് സ്വപ്ന സുരേഷിന്റെ 164 സിആർപിസി പ്രകാരമുള്ള മൊഴി രേഖപ്പെടുത്താൻ മുൻകൈയെടുത്തു. അതിൽ അവർ പറഞ്ഞതായുള്ള ചില കാര്യം അന്നത്തെ കസ്റ്റംസ് കമീഷണർ താൻ കക്ഷിയല്ലാത്ത കേസിൽ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ പറഞ്ഞു. എന്നാൽ, ഇതിൽ ഒരു തെളിവും കണ്ടെത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് കഴിഞ്ഞില്ല. ഇവ വീണ്ടും പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
164 പ്രകാരം രഹസ്യമായി നൽകിയതെന്നു പറയുന്ന മൊഴി മാധ്യമങ്ങളോട് വിളിച്ചുപറയുന്നു. തുടർന്ന് പുതിയ കഥകളും കഥാപാത്രങ്ങളും ഉയർന്നുവരുന്നു. വീണ്ടും പഴയ നാടകങ്ങൾ ആവർത്തിക്കുന്നു. ഇവ ഏറ്റുപിടിച്ച് കോൺഗ്രസും  ബിജെപിയും കലാപവുമായി വീണ്ടും ഇറങ്ങിയിരിക്കുന്നു.

തങ്ങളുടെ സമുന്നത നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ഇഡി നോട്ടീസ് അയച്ചിട്ടും അതിന്റെ പേരിൽ ഒരു പ്രകടനവും കേരളത്തിൽ കോൺഗ്രസ്‌ നടത്തിയില്ല. അവരാണ്‌ ഇപ്പോൾ ബിജെപിക്കൊപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ ഇറങ്ങിയിരിക്കുന്നത്. തുടർച്ചയായി മൊഴികൾ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്ന സ്വർണക്കള്ളക്കടത്ത് പ്രതിയാണ് പ്രധാന താരം. സഹായിയാകട്ടെ മറ്റൊരു സ്വർണക്കള്ളക്കടത്ത് പ്രതി. ഇവർക്ക് അഭയംനൽകിയതും തിരക്കഥ ഒരുക്കുന്നതും സംഘപരിവാറിന്റെ എൻജിഒ. ചിത്രം വ്യക്തമായിട്ടും പുകമറ സൃഷ്ടിക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നത്.  

രാജ്യദ്രോഹക്കുറ്റമെന്ന് തങ്ങൾ തന്നെ പലവട്ടം വിശേഷിപ്പിച്ച കേസിലെ പ്രതികൾക്ക് താവളവും സൗകര്യവും നൽകി നുണക്കൃഷി നടത്താൻ സംഘപരിവാർ തുനിയുന്നത്‌ എന്തിനാണ്. പ്രതികൾക്ക് സഹായം നൽകുകയും കൂടെനിൽക്കുകയും ചെയ്യുന്ന പുതിയ അവതാരങ്ങൾ യുഡിഎഫിന് പ്രിയപ്പെട്ടവരാകുന്നത്‌ എന്തുകൊണ്ടാണ്. മാധ്യമങ്ങൾ ഉത്തരം  നൽകിയില്ലെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായ ഉത്തരം മനസ്സിലാക്കാനുള്ള പ്രാപ്തിയുണ്ട്. നേരത്തെയും നാം അത് കണ്ടതാണല്ലോ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top