25 April Thursday

ഇ ഡി എന്തേ മിണ്ടിയില്ല

അഡ്വ. കെ എസ് ആരുണ്‍കുമാര്‍Updated: Monday Jun 13, 2022

സ്വർണക്കള്ളക്കടത്തുകേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ്  തനിക്ക് കൂടുതൽ കാര്യം വെളിപ്പെടുത്താനുണ്ടെന്ന് അവകാശപ്പെട്ട് വിചാരണക്കോടതിയെ സമീപിക്കുകയും തുടർന്ന് ക്രിമിനൽ നടപടിക്രമത്തിന്റെ 164–-ാം വകുപ്പുപ്രകാരം എറണാകുളം ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആ രഹസ്യമൊഴി പ്രതി തന്നെ മാധ്യമങ്ങളോട് പറഞ്ഞ് പരസ്യമാക്കുകയും ചെയ്തു. ഒരു ക്രിമിനൽ കേസിന്റെ വിചാരണഘട്ടത്തിൽ പ്രതി നടത്തുന്ന വെളിപ്പെടുത്തലുകളുടെ നിയമസാധുതയെക്കുറിച്ച് ഇന്ന് സജീവ ചർച്ചയാണ്. രാജ്യത്തെ ക്രിമിനൽ നടപടി നിയമങ്ങൾ അനുസരിച്ച് ഒരു ക്രിമിനൽ കേസിന്റെ അന്വേഷണം ഏതൊക്കെ രീതിയിൽ നടത്തണമെന്ന് നിർദേശിക്കാനോ തീരുമാനിക്കാനോ ഉള്ള അവകാശം പ്രതികൾക്ക്‌ ഇല്ല.

കസ്റ്റംസ്, ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്), എൻഐഎ കേസുകളുടെ അന്വേഷണസമയത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകിയിരുന്നെന്നും പ്രതി പറഞ്ഞ മൊഴിപ്രകാരം വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്നും പറഞ്ഞാണ് സ്വപ്ന സുരേഷ് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയത്. ഈ അപേക്ഷ പ്രധാനമായും ഈ കേസിലെ അന്വേഷണ ഏജൻസിയായ ഇഡിക്ക് എതിരായിരുന്നു. ഇഡിക്കെതിരെ പ്രതി നൽകിയ പരാതിയിൽ വിചാരണക്കോടതി ഇടപെടുന്നതിൽ ഒരു എതിർപ്പും ഇഡി കോടതിയിൽ രേഖപ്പെടുത്തിയില്ല. പ്രതി വിചാരണക്കോടതിയിൽ ഫയൽ ചെയ്ത അഫിഡവിറ്റിൽ പറഞ്ഞ ആരോപണങ്ങൾ നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞതാണ്. പുതുതായി ഒന്നുംതന്നെയില്ല. പ്രതിയെ 11 തവണ ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ  ചോദ്യം ചെയ്തിട്ടുള്ളതാണ്. പ്രതി പറഞ്ഞ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തി പ്രതിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് പൂർണമായി ബോധ്യപ്പെട്ട ശേഷമാണ് ഇഡി കേസന്വേഷണം അവസാനിപ്പിച്ച്  കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഈ വിവരങ്ങൾ പ്രതിയുടെ പുതിയ വെളിപ്പെടുത്തൽ അപേക്ഷ പരിഗണിക്കുന്ന അവസരത്തിൽ ഇഡി പ്രോസിക്യൂട്ടർ വിചാരണക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതായിരുന്നു.

  പ്രതിയുടെ അപേക്ഷ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട്  ഇഡി പ്രോസിക്യൂട്ടർ തടസ്സവാദങ്ങൾ ഉന്നയിക്കാത്തത് അവരുടെതന്നെ വീഴ്ച സമ്മതിക്കുന്നതിനു തുല്യമാണ്. ഇപ്പോൾ ഫയൽ ചെയ്ത അപേക്ഷ,  കേസ് അന്വേഷിച്ച് അന്തിമ റിപ്പോർട്ട് നൽകിയ ഇഡിയും പ്രതികളും തമ്മിലുള്ള ഗൂഢാലോചനയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.  പ്രതി ഫയൽചെയ്ത അപേക്ഷയെ ഇഡി എതിർക്കാത്ത സാഹചര്യത്തിലാണ് വിചാരണക്കോടതി  പ്രതിയുടെ 164 മൊഴി രേഖപ്പെടുത്തുന്നതിനായി മജിസ്ട്രേട്ട്‌ കോടതിയെ ചുമതലപ്പെടുത്തിയത്.
ക്രിമിനൽ നിയമ നടപടിക്രമം അനുസരിച്ച് ഒരു പ്രതിക്ക് കോടതിയിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുമ്പോഴും വകുപ്പ് 313 പ്രകാരം പ്രതിയെ വിസ്തരിക്കുമ്പോഴും മാത്രമേ കുറ്റകൃത്യത്തിൽ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം കിട്ടുകയുള്ളൂ. സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന ഇഡി കേസിലെ പ്രതിക്ക് കുറ്റസമ്മതമൊഴി കൊടുക്കാൻ നേരിട്ട് വിചാരണക്കോടതിയെ സമീപിക്കാൻ അനുവാദമില്ല. ഏതെങ്കിലുംതരത്തിൽ കുറ്റം ഏറ്റുപറയണമെങ്കിലോ മറ്റ് വെളിപ്പെടുത്തലുകൾ നടത്തണമെങ്കിലോ അത്  "മാപ്പുസാക്ഷിയായി പ്രഖ്യാപിക്കൽ’ നടപടിക്രമങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

ക്രിമിനൽ നിയമ നടപടിക്രമം 307–-ാം വകുപ്പുപ്രകാരം മാപ്പുസാക്ഷിയായി പ്രഖ്യാപിക്കാൻ വേണ്ടിയുള്ള അപേക്ഷ പ്രോസിക്യൂഷൻ വഴി മാത്രമേ വിചാരണക്കോടതിയിൽ സമർപ്പിക്കാൻ കഴിയുകയുള്ളൂ. അല്ലാതെ ഒരു ക്രിമിനൽ പ്രതിക്ക് മറ്റൊരു രീതിയിലും  വിചാരണക്കോടതിയെ സ്വന്തം കേസുമായി ബന്ധപ്പെട്ട കുറ്റസമ്മതമൊഴിക്കായി സമീപിക്കാൻ കഴിയില്ല. സ്വർണക്കള്ളക്കടത്തുകേസിലെ പ്രതിതന്നെ ഒരു അഫിഡവിറ്റും പെറ്റീഷനുമായി കുറ്റസമ്മതമൊഴിക്കായി കോടതിയെ നേരിട്ട് സമീപിച്ചതും തങ്ങൾക്കെതിരെ വന്ന പരാതിയെ ഇഡി പ്രോസിക്യൂട്ടർ എതിർക്കാത്തതും കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്.

ഈ കേസിൽ പ്രധാന പ്രതിയാണ് ക്രിമിനൽ നിയമ നടപടിക്രമം 164–-ാം വകുപ്പ് മൊഴി നൽകിയിരിക്കുന്നത്. 164 മൊഴി ഒരു "ഒറ്റയ്‌ക്കു നിൽക്കുന്ന കാതലായ തെളിവല്ല’ (Substantive Evidence).  164–-ാം വകുപ്പുപ്രകാരം മൊഴി നൽകുന്ന വ്യക്തിയെ സാക്ഷിയായി കോടതിയിൽ വിസ്തരിക്കുമ്പോൾ വൈരുധ്യം ചൂണ്ടിക്കാണിക്കാനോ (Contradite) സ്ഥിരീകരിക്കാനോ (Corrobroate)  വേണ്ടി മാത്രമേ ഈ മൊഴി ഉപയോഗിക്കാൻ കഴിയൂ. ഇഡി കേസിൽ സ്വപ്ന സുരേഷ് പ്രതിയാണ്. അതുകൊണ്ടുതന്നെ സാക്ഷിയായി സ്വപ്ന സുരേഷിനെ ഈ കേസിൽ വിസ്തരിക്കുന്നില്ല. അതുകൊണ്ട് സ്വപ്ന നൽകിയ വകുപ്പ് 164 മൊഴി ഈ കേസിന്റെ ഒരു ഘട്ടത്തിലും മറ്റുള്ളവർക്കെതിരെ ഉപയോഗിക്കാൻ കഴിയില്ല.

കേസിന്റെ വിചാരണഘട്ടത്തിൽ എങ്ങനെ ഇത്തരമൊരു മൊഴി വീണ്ടും നൽകാൻ പ്രതി തയ്യാറായിയെന്നത് ഗൗരവമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതാണ്. പ്രതിയായ സ്വപ്ന സുരേഷും സരിത്തും മുൻ എംഎൽഎ പി സി ജോർജും തട്ടിപ്പുകേസ് പ്രതി സരിതയും നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതും ഫെബ്രുവരിമുതൽ നിരവധി തവണ കൂടിക്കാഴ്ച നടത്തിയതും ഈ വെളിപ്പെടുത്തലുകളുടെ പിന്നിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഡോ. കെ ടി ജലീൽ നൽകിയ പരാതിയെത്തുടർന്ന് പൊലീസ്, പി സി ജോർജിനും സ്വപ്ന സുരേഷിനും എതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സ്‌റ്റേഷനിൽനിന്നുതന്നെ ജാമ്യം ലഭിക്കുന്ന കേസിൽ സ്വപ്നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതും നിലനിൽക്കാത്ത മുൻകൂർ ജാമ്യാപേക്ഷയിൽ പുതിയ കെട്ടുകഥകൾ ഉൾപ്പെടുത്തിയതും ജാമ്യാപേക്ഷയുടെ കോപ്പി അതിരാവിലെതന്നെ മാധ്യമങ്ങൾക്ക് നൽകിയതും ഈ ഗൂഢാലോചനയുടെ ഗൗരവം വർധിപ്പിക്കുന്നു. തട്ടിപ്പും വഞ്ചനയും തൊഴിലാക്കി മാറ്റിയവർ പരസ്പരം സൗഹൃദസംഭാഷണത്തിൽ പറഞ്ഞ വാക്കുകളും വാചകങ്ങളും ജനപ്രതിനിധികളേയും രാഷ്ട്രീയ നേതാക്കളേയും മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നവരേയും മനഃപൂർവം  അപകീർത്തിപ്പെടുത്താൻവേണ്ടി മാധ്യമങ്ങളും പ്രതിപക്ഷവും ഉപയോഗിക്കുകയാണ്. സത്യവുമായി പുലബന്ധമില്ലാത്ത ഇത്തരത്തിലുള്ള ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞ പാരമ്പര്യമാണ് കേരള ജനതയ്‌ക്ക്‌ ഉള്ളത്.

കേരള രാഷ്ടീയത്തിൽ ബിജെപിയുടെ തുടർ തോൽവികളും നേതാക്കന്മാർ നിരവധി കേസിൽ ഉൾപ്പെട്ടതും കോൺഗ്രസിലെയും ബിജെപിയിലെയും പടലപ്പിണക്കങ്ങളുമെല്ലാം ഈ വിവിധ വെളിപ്പെടുത്തലുകളുടെ പിന്നിലുണ്ട്. ബിജെപി നേതാക്കൾ നടത്തിയ പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധങ്ങളെയും ചർച്ചകളെയും മുഖ്യധാരയിൽനിന്നും മാറ്റുകയെന്ന ലക്ഷ്യവും ഈ വെളിപ്പെടുത്തലുകളുടെയും തുടർന്നുള്ള വിവാദങ്ങളുടെയും പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ സ്വർണക്കള്ളക്കടത്തുകേസിൽ തുടർഅന്വേഷണ സാധ്യതയുണ്ടാക്കാനും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനും അന്വേഷണത്തിന്റെ പേരിൽ പലരെയും പീഡിപ്പിക്കാനുംവേണ്ടിയുള്ള കേന്ദ്ര സർക്കാർ, ഇഡി, പ്രതികൾ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമാണ് സ്വപ്ന സുരേഷിന്റെ കുറ്റസമ്മതമൊഴിക്കായുള്ള അപേക്ഷയും 164 മൊഴിയും തുടർ സാഹചര്യങ്ങളുമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
വിചാരണയിൽ ഇരിക്കുന്ന കേസിൽ പ്രതികൾ ആവശ്യപ്പെട്ടാൽ, പുനരന്വേഷണം ആരംഭിക്കുന്ന സാഹചര്യമുണ്ടായാൽ രാജ്യത്ത് വിചാരണയിൽ ഇരിക്കുന്ന എല്ലാ ക്രിമിനൽ കേസിലും സമാനസ്ഥിതിയുണ്ടാകുകയും  നീതിനിർവഹണ സംവിധാനംതന്നെ അപകടത്തിലാകുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top