18 April Thursday

നിരാശിതരുടെ അധമരാഷ്ട്രീയം

പി രാജീവ്‌Updated: Thursday Jul 16, 2020

സത്യാനന്തരകാലത്തെ രാഷ്‌ട്രീയവും മാധ്യമപ്രവർത്തനവും ഏതു രീതിയിലാണെന്ന് പ്രതീതിനിർമാണവുമായി ബന്ധപ്പെട്ട ലേഖനത്തിൽ മാസങ്ങൾക്കുമുമ്പ് എഴുതിയത് പൂർണമായും ശരിവയ്ക്കുന്ന കാഴ്‌ചകൾക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. വസ്തുതകളേക്കാൾ വ്യക്തിപരമായ വിശ്വാസവും വൈകാരിതയും പൊതുബോധനിർമാണം നടത്തുന്ന കാലമാണ് സത്യാനന്തരകാലമെന്ന് നിഘണ്ടു നിർവചനം. വസ്‌തുതയും അതുവഴി യാഥാർഥ്യവും വായനക്കാരനെയും കേൾവിക്കാരനെയും കാഴ്ചക്കാരനെയും അറിയിക്കാതിരിക്കുകയാണ് ഈ കാലത്തെ മാധ്യമങ്ങളുടെ പ്രാഥമികദൗത്യം. അതിനുപകരം പ്രതീതികൾ നിർമിക്കും. വൈകാരികമായി കാര്യങ്ങൾ അവതരിപ്പിക്കും. ഇക്കിളിപ്പെടുത്താൻ ശ്രമിക്കും. അതുവഴി അവരുടെ സങ്കുചിത താൽപ്പര്യങ്ങൾക്ക് ആവശ്യമായ പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ കഠിനപ്രവർത്തനം നടത്തും.

സ്വർണക്കടത്ത് സംബന്ധിച്ച എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്താനായി ഒരേ അടുക്കളയിൽനിന്ന്‌ ചുട്ടെടുക്കുന്ന വാർത്തകളുടെ പൊള്ളത്തരം കഴിഞ്ഞ ലേഖനങ്ങളിൽ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ചാനലുകളിലും മാധ്യമങ്ങളിലും പ്രധാനവാർത്തകളിൽ ഒന്ന് പ്രതിയായ സ്വപ്‌ന മന്ത്രി കെ ടി ജലീലിനെയും സ്റ്റാഫിനെയും വിളിച്ചിരുന്നുവെന്നാണ്. യുഎഇ കോൺസുൽ ജനറൽ തനിക്ക് അയച്ച വാട്‌സാപ് സന്ദേശം ഉൾപ്പെടെ മന്ത്രി മാധ്യമങ്ങൾക്ക് നൽകി അതിന്റെ വസ്‌തുത വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്‌റ്റാഫ് നടത്തിയ ടെലിഫോൺ സന്ദേശം കൈരളിചാനൽ  അതേപോലെ സംപ്രേഷണം ചെയ്തു. അതോടെ ഒരുവാർത്ത സാധ്യത ഇല്ലാതായെങ്കിലും മലയാളമനോരമ അത് ലീഡായിത്തന്നെ നൽകി. ‘ഇന്ത്യയിലെ പത്ര വിപ്‌ളവം’എന്ന പുസ്തകത്തിൽ റോബിൻ ജെഫ്രി, കോഴിക്കോട് എഡിഷൻ തുടങ്ങിയ മനോരമ, മാതൃഭൂമിയെ പിന്നിലാക്കുന്നതിനായി പുൽപ്പള്ളി കേസിനെയും അജിതയുടെ ചിത്രത്തെയും എങ്ങനെയൊക്കെയാണ് അവതരിപ്പിച്ചതെന്ന് വിശദീകരിക്കുന്നു. ഫോട്ടോഗ്രാഫർ നാരായണൻ എടുത്ത അജിതയുടെ ചിത്രം മനോരമ എങ്ങനെയാണ് ഉപയോഗിച്ചതെന്നും ജെഫ്രി ഈ പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട്. സത്യാനന്തരകാലത്ത് അന്നത്തെ രീതിയുടെ പാരമ്യത്തിലാണ് ആ പത്രം നിൽക്കുന്നത്.

എന്നാൽ, മന്ത്രി ജലീലിന്റെ വാട്‌സാപ്‌ സന്ദേശത്തിൽ ഗൗരവമായി കാണേണ്ട ഒരു പ്രശ്നമുണ്ട്. അത് മെയ് 27ന് കോൺസുൽ ജനറൽ മന്ത്രിയോട് റമദാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സ്വപ്‌ന വിളിക്കുമെന്ന് അറിയിക്കുന്നു. ക്രമക്കേടിന്റെ പേരിൽ കോൺസുലേറ്റ് പിരിച്ചുവിട്ടെന്ന് മാധ്യമങ്ങൾ പറയുന്ന അതേ വ്യക്തിയെ സംസ്ഥാനത്തെ മന്ത്രിയുമായി ബന്ധപ്പെടുത്തുന്നതിന് കോൺസുലേറ്റ് ജനറൽതന്നെ ചുമതലപ്പെടുത്തുന്നു. ഇതിനെ മറ്റൊന്നുമായി ചേർത്തുവച്ച് വായിക്കാം. കള്ളക്കടത്ത് സ്വർണ്ണം നയതന്ത്ര പരിരക്ഷയിൽ കടത്തിയതിനും മറ്റും പുറകിൽ ആഗോള ബന്ധങ്ങളുണ്ടോ?. നയതന്ത്ര ബാഗേജല്ലെന്ന തന്റെ പ്രഖ്യാപനത്തിന് പിൻബലം കിട്ടാനായി വിദേശകാര്യമന്ത്രാലയത്തെയല്ല കേന്ദ്രസഹമന്ത്രി ആശ്രയിക്കുന്നത്, യുഎഇ കോൺസുലേറ്റിനെയാണ്. അയച്ചവരും വാങ്ങേണ്ടവരും അവരെ ചുമതലപ്പെടുത്തിയവരും എല്ലാം ഉൾക്കൊള്ളുന്ന വൻറാക്കറ്റിലേക്ക് സാധാരണഗതിയിൽ വെളിച്ചം വീശേണ്ട ഈ വിവരങ്ങൾ കണ്ണിൽപ്പെടാതെ എങ്ങനെ പോകുന്നു. ഇത്രമാത്രം പ്രാധാന്യമുള്ള, സ്വർണക്കടത്തുമായി ബന്ധപ്പെട്ട രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച രാജ്യദ്രോഹ കേസിന്റെ അന്വേഷണഉത്തരവിൽ അതീവഗൗരവമായ തെറ്റ് എങ്ങനെ സംഭവിച്ചു. ആരെ രക്ഷപ്പെടുത്തുന്നതിനാണ് പതിനാലു യാത്രക്കാർ എന്ന നുണ ഉൾപ്പെടുത്തിയത്. ഇതൊന്നും അന്വേഷിക്കുന്നതു പോയിട്ട് റിപ്പോർട്ട് ചെയ്യാൻപോലും തയ്യാറാകാത്ത മാധ്യമങ്ങളുടെ അജൻഡ വ്യക്തം. ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കരൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും മാധ്യമങ്ങളും പ്രതിപക്ഷവും ആക്രമണദിശ മാറ്റാത്തതെന്തുകൊണ്ടാണ്?

ഉത്തരം ഒന്നേയുള്ളു. അവരുടെ ലക്ഷ്യം പിണറായി വിജയൻ എന്ന തങ്ങൾക്ക് വിധേയനാകാത്ത മുഖ്യമന്ത്രിയും ഇടതുപക്ഷവുമാണ്. കോൺഗ്രസിന് രാജ്യത്തെ ഭരണാധികാരം നഷ്ടപ്പെട്ടിട്ട് ആറുവർഷവും സംസ്ഥാനഭരണം നഷ്ടപ്പെട്ടിട്ട് നാലുവർഷവും പൂർത്തീകരിച്ചിരിക്കുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളിൽ ഭൂരിപക്ഷത്തും പ്രതിപക്ഷത്താണ്. ഒരിടത്തും അധികാരമില്ലാതെ തുടരാൻ പറ്റാത്തതും അധികാരത്തിനായി ഏതറ്റംവരെയും പോകാൻ മടിയില്ലാത്തതുമായ പാർടിയാണ് ഇന്നത്തെ കോൺഗ്രസ്. പുതുജീവൻ നൽകാൻ രൂപീകരിച്ച രാഹുൽ ബ്രിഗേഡ് ഒന്നിനുപുറകെ ഒന്നായി ബിജെപിയിലേക്ക് ഒഴുകുകയാണ്. സംസ്ഥാനത്തെ അധികാര പ്രതീക്ഷ മാത്രമാണ് കേരള ബ്രിഗേഡിനെ തൽക്കാലത്തേക്കെങ്കിലും പിടിച്ചുനിർത്തുന്നത്. 

ഓരോ ദിവസവും ജനപിന്തുണ വർധിച്ചുകൊണ്ടിരുന്ന, ലോകത്തിന്റെ അംഗീകാരംതന്നെ നേടിയെടുത്ത എൽഡിഎഫ് സർക്കാർ ഇവരുടെ ഉറക്കം കെടുത്തുന്നു.  സർക്കാരിനെതിരെ നടത്തിയ പ്രയോഗങ്ങളും പ്രതിഷേധങ്ങളും ജനങ്ങളുടെ മുമ്പിൽ അവരെ അപഹാസ്യരാക്കി. മനുഷ്യർക്ക് കോവിഡ് പകർത്തിയിട്ടായാലും സർക്കാരിന് അവമതിപ്പുണ്ടാക്കാൻ കഴിയുമോ എന്നതായിരുന്നു ശ്രമം. ആരോഗ്യപ്രവർത്തകരെവരെ അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് നേതാക്കൾവരെ നേതൃത്വം നൽകി. എന്നാൽ, ഇക്കൂട്ടരെ ജനങ്ങൾ ഒറ്റപ്പെടുത്തി. ഇപ്പോൾ ഹൈക്കോടതിയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സമരങ്ങൾ  നിരോധിച്ചിരിക്കുന്നു. അപ്പോഴാണ് സ്വർണക്കടത്ത് വിവാദത്തെ ഉപയോഗിച്ച് ഒരു വെടിക്ക് മൂന്നുപക്ഷിക്കായി ശ്രമിച്ചത്. ഒന്ന്, അപവാദപ്രചാരവേല വഴി സർക്കാരിന്റെ ജനപിന്തുണ ദുർബലപ്പെടുത്തുക. രണ്ട്, ഇതുസംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിനെ കുരുക്കിയിട്ട് കോവിഡ് പ്രതിരോധത്തെ തകർത്ത് രോഗനിരക്കും മരണനിരക്കും നിയന്ത്രണാതീതമാക്കുക. അതോടൊപ്പം യഥാർഥപ്രതികളെ രക്ഷപ്പെടുത്തുക. ഇതുവഴി നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതുവിധേനയും ജയിച്ച് കേരളത്തിലെ കോൺഗ്രസെങ്കിലുമായി തുടരാനായി മനുഷ്യന്റെ ജീവൻവച്ചുള്ള കളിയാണ് കോൺഗ്രസിന്റേത്.

ബിജെപിക്കാണെങ്കിൽ കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ്‌ നേടാമെന്ന ആഗ്രഹംപോലും കഠിനമാണെന്ന് അറിയാം. അവരുടെ പ്രധാനലക്ഷ്യം സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും പരാജയപ്പെടുത്തലാണ്. ചെറിയ സംസ്ഥാനമായ ത്രിപുരയിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞ ആഹ്ലാദത്തിൽ പ്രധാനമന്ത്രി മോഡി പ്രത്യയശാസ്ത്രപരമായ വിജയമാണെന്നാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ അവരുടെ വളർച്ചയ്‌ക്ക് തടസ്സം ഇടതുപക്ഷമാണ്. മതനിരപേക്ഷ അവബോധമുള്ള സംസ്ഥാനമായി കേരളം തുടരുന്നതിൽ ഇടതുപക്ഷം വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എൽഡിഎഫ് സർക്കാർ സൃഷ്ടിക്കുന്ന ബദൽ മാതൃക മോഡി സർക്കാരിന്റെ ജനവിരുദ്ധതയെ തുറന്നുകാണിക്കുന്നുണ്ട്. കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനംവഴി ഇടതുപക്ഷത്തിന് ലോക അംഗീകാരംകൂടി ലഭിക്കുന്നത് ഇക്കൂട്ടരുടെയും സമനില തെറ്റിച്ചു. കേരളത്തിൽ സിപിഐ എമ്മിനെ പരാജയപ്പെടുത്താനായി കോൺഗ്രസിനെ സഹായിക്കാനും ബിജെപി തയ്യാറാണ്. അവരെ അധികാരത്തിലേറ്റിയാൽ അത് ബിജെപി ഭാവിയിൽ അധികാരത്തിൽ വരുന്നതിനു തുല്യമാണെന്ന് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരീക്ഷണ വിജയ അനുഭവാടിസ്ഥാനത്തിൽ അവർക്ക് അറിയാം.

ഇരുകൂട്ടർക്കുമായി അജൻഡ നിർമാണം നടത്തുന്ന മാധ്യമങ്ങൾക്ക് തങ്ങളുടേതായ താൽപ്പര്യങ്ങളുമുണ്ട്. ഇത്രയും ദൈർഘ്യമേറിയ മാധ്യമവേട്ടയ്‌ക്ക് ഇരയായിട്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയ പിണറായിയോടുള്ള അടങ്ങാത്ത പകയും ഇടതുപക്ഷ വിരുദ്ധതയുമാണത്. ഇതിനായി എല്ലാം കണക്കാണെന്ന് സ്ഥാപിക്കാനായി ശ്രമിക്കുന്നു. അന്ന് സരിതയെങ്കിൽ ഇന്ന് സ്വപ്ന എന്ന പൊതുബോധം നിർമിക്കുന്നു. അന്നത്തേത് ഒരു സ്ത്രീ തനിക്ക് നേരിട്ട പീഡനവും അതിന്റെ ഭാഗമായ അധികാര ദുർവിനിയോഗവും സംബന്ധിച്ച് നൽകിയ പരാതിയായിരുന്നു. ഇപ്പോൾ ഒരു ഐഎഎസുകാരനുമായിമാത്രം ബന്ധപ്പെടുന്ന ഒരു കേസിൽ ഭാവനയും മോർഫിങ്‌ ചിത്രങ്ങളും ഉപയോഗിച്ച് നടത്തുന്ന ഗൂഢാലോചനയുടെ പ്രയോഗമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ തങ്ങൾക്ക് ആവശ്യമായ പൊതുബോധ നിർമാണത്തിനായി ചർച്ചകളിൽ തങ്ങൾക്ക് ഇഷ്ടമുള്ള വിവരങ്ങളും തങ്ങൾ നിർമിക്കുന്ന നുണകളും ഈ മൂവർ സംഘം വിളമ്പുന്നു.

ഇതിനെയാണ് ഇപ്പോൾ പലരും ഇന്റർനെറ്റിൽ പരതുന്ന സോഹനറിസം എന്നുവിളിക്കുന്നത്. എല്ലാവരും ഉപയോഗിക്കുന്ന വെള്ളത്തെ ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന പേരിൽ ഒരുകുട്ടി അവതരിപ്പിച്ചു. അത് ഇരുമ്പിൽ  വീണാൽ തുരുമ്പ് പിടിക്കുമെന്നുകൂടി പറഞ്ഞു. രണ്ടും നുണയാണെന്ന് പറയാനാകില്ല. യഥാർഥത്തിൽ രണ്ടു ഹൈഡ്രജനും ഒരു ഓക്‌സിജനുമുള്ള വെള്ളത്തെ അങ്ങനെ വിളിക്കുന്നതിൽ തെറ്റു പറയാനാകില്ല. വെള്ളം തുരുമ്പു പിടിപ്പിക്കുന്നതുമാണ്. ഈ ചെറിയ പ്രശ്നത്തെ പർവതീകരിച്ച് ഒരുഭാഗംമാത്രം സഹപാഠികളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ അതിനെ നിരോധിക്കണമെന്ന് മഹാഭൂരിപക്ഷവും ആവശ്യപ്പെട്ടു. പിന്നീട് പലമാധ്യമങ്ങളും ഈ രീതി പ്രയോഗിക്കുന്നതിന്റെ ചരിത്രം ഗൂഗിളിൽ  തെരഞ്ഞാൽ കിട്ടും. എല്ലാം കഴിയുമ്പോഴാണ് തങ്ങൾ ജീവൻ നിലനിർത്തുന്ന കുടിവെള്ളം നിരോധിക്കാനാണല്ലോ ആവശ്യപ്പെട്ടതെന്ന് അവർ തിരിച്ചറിയുന്നത്.

വിശ്രമരഹിതമായി പ്രവർത്തിച്ച് മലയാളിയുടെ ജീവൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരായ ഇപ്പോഴത്തെ പ്രചാരവേല സോഹനറിസവും മോർഫിങ്ങിസവും കള്ളക്കഥകളും ഇഴുകിച്ചേരുന്ന കേരളപതിപ്പാണ്. ഒരുതെറ്റിനെയും സംരക്ഷിക്കാത്ത, മലയാളിക്ക് അഭിമാനമായി മാറിയ ഒരു സർക്കാരിനെ ഒരു ഉദ്യോഗസ്ഥന് കള്ളക്കടത്ത് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നവരുടെ സങ്കുചിതവും മനുഷ്യത്വരഹിതവുമായ താൽപ്പര്യം തുറന്നുകാണിക്കാൻ പൊതുസമൂഹം നിർബന്ധിതമാകും.

അധികാരമോഹത്തിന്റെ വഴികൾ അടയുമെന്നറിയുന്ന നിരാശ ബാധിതരുടെ അധമവേലയെ മലയാളിസമൂഹം തള്ളിക്കളയുകതന്നെ ചെയ്യും. മതനിരപേക്ഷ ജനാധിപത്യ കേരളത്തെ അരാജകത്വത്തിലേക്കും വർഗീയതയിലേക്കും തള്ളിയിടാനുള്ള ശ്രമത്തിന് ആയുധം മൂർച്ചകൂട്ടലാണിത്. സോഹനറിസവും നുണക്കഥയുംവഴി ജീവൻപോലും കവർന്നെടുക്കാൻ ശ്രമിക്കുന്നവരെയല്ല മറിച്ച്,  ജീവനും ജീവിതവും സംരക്ഷിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളെയാണ് മലയാളി സമൂഹം നെഞ്ചോടുചേർക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top