27 April Saturday

സ്‌റ്റോക്‌ഹോംമുതൽ ഗ്ലാസ്ഗോവരെ

ടി കെ എ നായർUpdated: Tuesday Oct 26, 2021


കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, പേമാരി, പ്രളയം, വരൾച്ച, ഉഷ്ണതരംഗം, കാട്ടുതീ, അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡിന്റെ അതിപ്രസരം തുടങ്ങിയവ വർധിക്കുകയാണ്‌. ഇത് മനുഷ്യജീവനെയും ഉപജീവനത്തെയും വിനാശകരമാംവിധം ബാധിക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ്‌  ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഹരിതഗൃഹ വാതകത്തിന്റെ പ്രസരണം നിയന്ത്രിച്ച് ശൂന്യ കാർബൺ ഉദ്വമനം എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര കാലാവസ്ഥ ഉപഘടനാ സമ്മേളനത്തിനായി (COP 26) 197 രാഷ്ട്രം നവംബറിൽ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ ഒത്തുചേരുന്നു. മനുഷ്യന് സ്വാതന്ത്ര്യത്തിനും സമത്വത്തിനും പുറമെ അനുയോജ്യമായ പരിസ്ഥിതിയിൽ ജീവിക്കാൻ മതിയായ വ്യവസ്ഥയ്ക്കുമുള്ള മൗലികാവകാശവുമുണ്ടെന്ന പ്രഖ്യാപനത്തോടെ സ്റ്റോക്ഹോം ഐക്യരാഷ്ട്ര പരിസ്ഥിതി സമ്മേളനം-  (1972) പരിസ്ഥിതികാര്യത്തിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കുകയും സുസ്ഥിരവികസനം എന്ന ആശയത്തിന്റെ ആവിർഭാവത്തിനും ഐക്യരാഷ്ട്ര പരിസ്ഥിതി കാര്യക്രമം (UNEP) സൃഷ്ടിക്കുന്നതിനും വഴിയൊരുക്കുകയും ചെയ്തു.

സ്റ്റോക്‌ഹോം സമ്മേളനം അന്താരാഷ്ട്ര ശ്രദ്ധ നേടിയശേഷം അടുത്ത ഇരുപതു വർഷത്തോളമുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥയെ സംബന്ധിച്ച് ആദ്യ അന്താരാഷ്ട്ര കൂട്ടായ്മയായ 1979ലെ ജനീവ കാലാവസ്ഥാ സമ്മേളനത്തിൽ ദീർഘദൂര അതിർത്തികടന്നുള്ള വായുമലിനീകരണ നിയന്ത്രണ ഉടമ്പടി അംഗീകരിച്ചു. തുടർന്ന്, ഓസോൺ പാളിയുടെ സംരക്ഷണത്തിനുള്ള വിയന്ന സമ്മേളനം ചേർന്നു. ആഗോളതാപനവും ഓസോൺ പാളിയുടെ ശോഷണവും സംബന്ധിച്ച ചർച്ചകളുടെ സാഹചര്യത്തിൽ യുഎൻഇപിയും ലോക കാലാവസ്ഥ സംഘടനയും ചേർന്ന് അന്തർസർക്കാർ സമിതി (IPCC) രൂപീകരിക്കുകയും അത് 1988ൽ ഐക്യരാഷ്ട്ര സംഘടന അംഗീകരിക്കുകയും ചെയ്തു. ഹരിതഗൃഹതാപനവും ആഗോളകാലാവസ്ഥാ വ്യതിയാനവും പരിശോധിക്കാനുള്ള ചട്ടക്കൂടായ ഐപിസിസി ശാസ്ത്രീയ പഠനഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ സാധ്യമായ ശാസ്ത്ര-സാങ്കേതിക സാമൂഹ്യ സാമ്പത്തിക പ്രതികരണ തന്ത്രങ്ങളെക്കുറിച്ച് കാലാനുസൃതമായി സമഗ്രമായ വിലയിരുത്തൽ റിപ്പോർട്ടുകൾക്ക്‌ രൂപം നൽകുന്നു. ഇവ പാരിസ്ഥിതിക ഉൽക്കണ്ഠകളെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും അന്താരാഷ്ട്ര സംഭവവികാസങ്ങളുടെ ഗതിയെ സ്വാധീനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് 1990ലെ ലോക കാലാവസ്ഥാ സമ്മേളനം സൃഷ്ടിച്ച കൂടുതൽ അവബോധവും ലോകവ്യാപകമായ പ്രതികരണം ആവശ്യമുള്ള ആഗോളപ്രശ്നമാണ് കാലാവസ്ഥാവ്യതിയാനം എന്ന തിരിച്ചറിവും മുൻനിർത്തി1992-ൽ ഐക്യരാഷ്ട്ര പൊതുസഭ റിയോ ഡി ജനീറോയിൽ പരിസ്ഥിതി വികസന ഭൗമ ഉച്ചകോടി വിളിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുപുറമെ ശാസ്ത്രവും സുസ്ഥിര വികസനവും തമ്മിലുള്ള ബന്ധവും ചർച്ച ചെയ്തു. റിയോ പ്രഖ്യാപനവും അതിന്റെ അജൻഡ- 21 ഉം ആഗോള കാലാവസ്ഥാചർച്ചകളിൽ സുപ്രധാന നാഴികക്കല്ലായിരുന്നു. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് അടിസ്ഥാന അന്താരാഷ്ട്ര ഉപഘടന ഉടമ്പടിയായി മാറിയ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിനായി (യുഎൻഎഫ്‌സിസി) 197 കക്ഷികളുടെ സമ്മതത്തിന് അവസരമായതാണ് റിയോ ഭൗമ ഉച്ചകോടിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. കാലാവസ്ഥാ സംവിധാനത്തിൻമേൽ അപകടകരമായ മനുഷ്യ ഇടപെടലിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ യുഎൻഎഫ്‌സിസി ക്യോട്ടോ പ്രോട്ടോകോൾ 1997, പാരീസ് ഉടമ്പടി 2016 എന്നിവ ഉൾപ്പെടെ സുപ്രധാനമായ നിരവധി അന്താരാഷ്ട്ര നയ നടപടികൾക്ക്‌ നേതൃത്വം കൊടുത്തു.

അന്തർദേശീയ നിയമമായി 2005ൽ മാറിയ ക്യോട്ടോ പ്രോട്ടോകോൾ കാലാവസ്ഥാ സംവിധാനത്തിൽ അപകടകരമായ മനുഷ്യ ഇടപെടലുകൾ തടയുന്ന തലത്തിലേക്ക് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതക സാന്ദ്രതയുടെ സ്ഥിരത കൈവരിക്കാൻ ശ്രമിച്ചു. "മലിനപ്പെടുത്തുന്നവർ അനുഭവിക്കുന്നു' (Polluter Pays) എന്ന തത്വം ഉൾക്കൊണ്ട് രാജ്യങ്ങളുടെ പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്വങ്ങളും അവരവരുടെ പ്രാപ്തികളും അംഗീകരിച്ച് ക്യോട്ടോ പ്രോട്ടോകോൾ പ്രസരണത്തിലെ പങ്കിൽ വികസിതരാഷ്ട്രങ്ങളും വികസ്വരരാഷ്ട്രങ്ങളും തമ്മിലുള്ള മൗലികവ്യത്യാസങ്ങൾ നിർണായകമായി അംഗീകരിച്ചു. അതോടൊപ്പം 2008-–-2012 കാലയളവിൽ ഹരിതഗൃഹ വാതക പ്രസരണം 1990ലെ നിലയ്ക്കെതിരെ ശരാശരി അഞ്ചു ശതമാനമായി കുറയ്ക്കാനുള്ള 37 രാഷ്ട്രത്തിന്റെയും യൂറോപ്യൻ യൂണിയന്റെയും നിർബന്ധിത ലക്ഷ്യമായി നിശ്ചയിച്ചു. ഇതു നടപ്പാക്കുന്നതിനുള്ള വിശദമായ നിയമങ്ങൾക്ക് മറാക്കേഷിലെ COP7 ൽ അന്തിമരൂപം നൽകി. വ്യവസായവൽക്കരണ കാലഘട്ടത്തിൽ പ്രസരണത്തിൽ വലിയ പങ്കില്ലായിരുന്ന വികസ്വര രാജ്യങ്ങളായ ചൈനയും ഇന്ത്യയും പ്രോട്ടോകോളിന്റെ ആവശ്യകതകളിൽനിന്ന് ഒഴിവാക്കപ്പെട്ടു. വൈസ് പ്രസിഡന്റ് അൽഗോർ കരാറിൽ ഒപ്പുവച്ചെങ്കിലും സെനറ്റ് അംഗീകാരം നൽകാതിരുന്നതിനാൽ യുഎസ് പിൻമാറി.

ക്യോട്ടോ പ്രോട്ടോകോളിന്റെ ആദ്യ പ്രതിബദ്ധതാ കാലയളവ് അവസാനിക്കുമ്പോൾ 2012ലെ ദോഹ കരാറിൽ കാലയളവ് 2020 വരെ നീട്ടാനുള്ള രണ്ടാമത്തെ കരാറിന് തീരുമാനമായി. വികസിത രാജ്യങ്ങൾക്കും പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥകൾക്കും ഹരിതഗൃഹ വാതക പ്രസരണപരിധി പ്രതിബദ്ധത പ്രബലപ്പെടുത്തുകയും ആദ്യകരാർ കാലാവധിയിലെ അഞ്ചു ശതമാനത്തിനെതിരെ പ്രസരണ പരിധി 18 ശതമാനമായി മാറ്റുന്നതിന് ലക്ഷ്യം നിശ്ചയിക്കുകയും ചെയ്തത് ഈ ദോഹ കരാറിലാണ്. തിരിഞ്ഞുനോക്കുമ്പോൾ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകളിൽനിന്ന് ഹരിതഗൃഹ വാതകപ്രസരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ക്യോട്ടോ പ്രോട്ടോകോൾ ഒരു സുപ്രധാന കരാറായിരുന്നു. ഇത് ആഗോളതാപനത്തിൽ വ്യാവസായിക രാഷ്ട്രങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്വത്തെ അംഗീകരിച്ചു. അതേസമയം, വികസ്വര രാജ്യങ്ങളിലെ അനുരൂപീകരണ പദ്ധതികൾക്കും കാര്യക്രമങ്ങൾക്കും ധനസഹായം നൽകുന്നതിനായി, എമിഷൻ ട്രേഡിങ്‌, ഗ്രീൻ ഡെവലപ്മെന്റ് മെക്കാനിസം, ജോയിന്റ് ഇംപ്ലിമെന്റേഷൻ തുടങ്ങിയ ലക്ഷ്യങ്ങൾ സൃഷ്ടിക്കാനും ഇതു കാരണമായി.

കാലാവസ്ഥാ കൂടിയാലോചനകളിൽ സുപ്രധാന സംഭവമായ 2016ൽ പ്രാബല്യത്തിൽ വന്ന പാരീസ് ഉടമ്പടി കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതാനുള്ള അന്താരാഷ്ട്ര പരിശ്രമങ്ങളിൽ പുതുവേഗം കൊണ്ടുവന്നു. ക്യോട്ടോ പ്രോട്ടോകോൾ മെച്ചപ്പെടുത്തിയ പാരീസ് ഉടമ്പടി അതിനു പകരമാകുകയും ചെയ്തു. ഈ നൂറ്റാണ്ടിലെ ആഗോളതാപനില വർധന രണ്ട്‌ ഡിഗ്രിക്കു താഴെയായി നിർത്തുകയും ഒന്നര ഡിഗ്രിയിൽ പരിമിതപ്പെടുത്താനുമുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു സുപ്രധാന ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൈകാര്യം ചെയ്യുന്നതിനും കുറഞ്ഞ മലിനീകരണപാതയ്‌ക്ക്‌ അനുസൃതമായി സാമ്പത്തികസ്രോതസ്സുകൾ ഉറപ്പാക്കുന്നതിനുമുള്ള രാജ്യങ്ങളുടെ കഴിവ് വർധിപ്പിക്കുന്നതിനും ഈ ഉടമ്പടി ലക്ഷ്യമിടുന്നു. രാജ്യങ്ങളുടെ ദേശീയമായി നിർണയിക്കപ്പെട്ട സംഭാവനകൾ (എൻഡിസി) പാരീസ് ഉടമ്പടിയുടെ മർമമാണ്. അതോടൊപ്പം 2020നുശേഷമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ ഉടമ്പടി ഉൾക്കൊള്ളുന്നു.

പൂർണമായും സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയുള്ള സാധ്യതാ ചട്ടക്കൂട് ഉപയോഗിച്ച് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ചില ശാസ്ത്രീയ പഠനങ്ങളിൽ താപനം ഇന്നത്തെ സാഹചര്യത്തിൽ ഒരു ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്താനുള്ള സാധ്യത അഞ്ചു ശതമാനം മാത്രമാണെന്നു കണ്ടെത്തുന്നു. ആഗോള താപവർധന പരിമിതപ്പെടുത്താനുള്ള മങ്ങിയ സാധ്യതാപ്രവചനം വരാനിരിക്കുന്ന COP26 ലെ കാലാവസ്ഥാസംഭാഷണങ്ങളുടെ പശ്ചാത്തലത്തെ സജ്ജമാക്കുന്നു. ആഗോളതന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും നൂറ്റാണ്ടിന്റെ മധ്യത്തോടെ "നെറ്റ്-സീറോ കാർബൺ എമിഷൻ ഗ്ലോബൽ ഇക്കോണമി' എന്ന പാരീസ് ലക്ഷ്യത്തിന് ആനുപാതികമായ എൻഡിസികൾക്ക് തങ്ങളുടെ രാജ്യങ്ങളെ പ്രതിബദ്ധരാക്കുന്നതിനും ലോക രാഷ്ട്രത്തലവന്മാർ സ്‌കോട്ട്‌ലൻഡിൽ ഒത്തുചേരുമ്പോൾ സ്‌കോട്ടിഷ് ആസൂത്രകൻ പാടിക് ഗെഡ്സിന്റെ "ആഗോളതലത്തിൽ ചിന്തിക്കുക; പ്രാദേശികമായി പ്രവർത്തിക്കുക' എന്ന വിവേകപൂർണമായ വാക്കുകൾ സ്മരണാർഹമായിരിക്കും.

(കേന്ദ്ര പരിസ്ഥിതി–-വനം സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേശകനുമായിരുന്ന ലേഖകൻ സിറ്റിസൻസ് ഇന്ത്യാ ഫൗണ്ടേഷന്റെ മാനേജിങ്‌ ട്രസ്റ്റിയാണ്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top