30 May Tuesday

ഉത്തരവാദിത്വ വിനോദസഞ്ചാരം; കേരളം ആഗോളമാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday Feb 28, 2023

www.facebook.com/keralatourismofficial/photos

വിനോദസഞ്ചാരരംഗത്ത് കേരളം വലിയൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. ഉത്തരവാദിത്വ ടൂറിസത്തിലെ പങ്കാളിത്ത രാജ്യങ്ങളുടെ ആഗോള ഉച്ചകോടി ഈ കുതിച്ചുചാട്ടത്തിന് കൂടുതൽ കരുത്തും ദിശാബോധവും നൽകുന്നു. കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചു കഴിഞ്ഞതാണ്. ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം സംഘടിപ്പിക്കുന്ന ആഗോള ഉച്ചകോടിയുടെ ആദ്യവേദിയാകാൻ കേരളത്തിന് സാധിച്ചതുതന്നെ വലിയൊരു അംഗീകാരമാണ്.

സുസ്ഥിര വിനോദസഞ്ചാരവും ഉത്തരവാദിത്വ വിനോദസഞ്ചാരവുമാണ് ഇന്ന് ലോകം  അംഗീകരിച്ചിട്ടുള്ള രണ്ട് വിനോദസഞ്ചാര സങ്കേതങ്ങൾ. സമൂഹത്തിനും സ്ഥലങ്ങൾക്കും സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ആദ്യത്തേതിന്റെ ലക്ഷ്യമെങ്കിൽ ആ സുസ്ഥിരതയിലേക്കുള്ള സഞ്ചാരത്തിൽ സമൂഹമെന്ന നിലയിൽ നാം പുലർത്തേണ്ട ഉത്തരവാദിത്വങ്ങൾ ഉറപ്പാക്കുകയാണ് ഉത്തരവാദിത്വ വിനോദസഞ്ചാരം ചെയ്യുന്നത്. ഉൽപ്പാദകരെന്ന നിലയിലും ഉപഭോക്താക്കളെന്ന നിലയിലും വിനോദസഞ്ചാരമെന്ന ആഗ്രഹസാഫല്യത്തിനുള്ളതാണ് ഉത്തരവാദിത്വ ടൂറിസം. സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നീ മൂന്നു തൂണിലാണ് ഇത് നിലനിൽക്കുന്നത്.

ഉത്തരവാദിത്വ ടൂറിസത്തെപ്പറ്റിയുള്ള ചർച്ചകൾ രണ്ടു പതിറ്റാണ്ടിനുമുമ്പ് തുടങ്ങിയെങ്കിലും തുടക്കത്തിൽ കേരളത്തിനു പഠിക്കാനോ കൂടിയാലോചിക്കാനോ പ്രായോഗിക മാതൃകകളൊന്നും ഉണ്ടായിരുന്നില്ല. കോവളം (ബീച്ച്), കുമരകം (കായൽ), തേക്കടി (വന്യജീവിസങ്കേതം), വയനാട് (ഹിൽസ്റ്റേഷൻ) എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കാൻ 2008ൽ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പ്രാദേശിക ജനതയുടെ പങ്കാളിത്തവും അവരുടെ ജീവിതനിലവാരത്തിലുണ്ടാകുന്ന മെച്ചപ്പെടലുകളും അനുഭവവേദ്യമായിത്തുടങ്ങിയെങ്കിലും 2017-ൽ നോഡൽ ഏജൻസിയായി ഉത്തരവാദിത്വ ടൂറിസം മിഷൻ രൂപീകരിച്ചതോടെയാണ് പ്രവർത്തനങ്ങൾക്ക് വേഗം കൈവന്നത്. വിനോദസഞ്ചാരത്തിൽ സാമൂഹിക പങ്കാളിത്തവും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കിയുള്ള പ്രാദേശിക വികസനമെന്ന സംസ്ഥാനനയം ഇപ്പോൾ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഉത്തരവാദിത്വ ടൂറിസത്തിന്റെ ആഗോള നേതൃത്വത്തിലേക്ക് കേരളത്തെ നയിക്കുകയും ചെയ്തു.

ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രധാന പദ്ധതികളായ ‘സ്ട്രീറ്റ്' (സസ്റ്റെയ്നബിൾ ടാൻജിബിൾ, റെസ്പോൺസിബിൾ, എക്സ്പീരിയന്റൽ എത്നിക് ടൂറിസം), ‘പെപ്പർ' (പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിങ്‌ ആൻഡ് എംപവർമെന്റ് ത്രൂ റെസ്പോൺസിബിൾ ടൂറിസം) തുടങ്ങിയവ ഇതിനകം തന്നെ ആഗോള ശ്രദ്ധയും അംഗീകാരവും നേടി.

2008ലെ കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം പ്രഖ്യാപനം പരിഷ്കരിക്കുന്നതിനും സംസ്ഥാനത്തുടനീളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ഉച്ചകോടി സഹായകമായി. പരിസ്ഥിതി സൗഹൃദവും പ്രതിരോധശേഷിയുള്ളതുമായ ടൂറിസം പ്രവർത്തനങ്ങൾ ഉറപ്പാക്കാനും സ്ത്രീ ശാക്തീകരണത്തിലും സ്ത്രീ സൗഹൃദ ടൂറിസം പ്രവർത്തനങ്ങളിലും ഊന്നൽ നൽകാനും ആഗോളതലത്തിൽ ടൂറിസം പ്രാക്ടീഷണർമാരുടെയും പ്രൊമോട്ടർമാരുടെയും ഒരു ശൃംഖല സൃഷ്ടിക്കാനും കൂടുതൽ അറിവ് നേടുന്നതിനും ഈ ഉച്ചകോടിയിലൂടെ സാധിച്ചു.

ടൂറിസം വ്യവസായത്തിൽ സമൂലമായ മാറ്റം കൊണ്ടുവരാനും സംസ്ഥാന ടൂറിസത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്താനും ഇതിലൂടെ സാധിക്കും. ലോകവിനോദസഞ്ചാര മേഖലകളെ ഒരുമിപ്പിച്ച് ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിന് ആഗോള ഉത്തരവാദിത്വ വിനോദസഞ്ചാര ഉച്ചകോടിയിലൂടെ സാധിക്കും. ഉത്തരവാദിത്വ വിനോദസഞ്ചാര മിഷന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനായി അതിനെ ഒരു സൊസൈറ്റിയായി മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ വന്ന ഉച്ചകോടി കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പരിശീലനക്കളരിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top