20 April Saturday

ആഗോള വിശപ്പ് സൂചികയും കേരളവും - പ്രൊഫ. കെ എൻ ഗംഗാധരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

അമ്മയ്ക്കും കുഞ്ഞിനും ശരിയായ ഭക്ഷണമില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് പ്രായത്തിനൊത്ത തൂക്കമോ പൊക്കമോ ഉണ്ടാകില്ല. അകാലചരമവും സംഭവിക്കാം. കുഞ്ഞു മാത്രമല്ല, ചിലപ്പോൾ അമ്മയും. അത്രപ്രധാനമാണ് ഭക്ഷണവും ആരോഗ്യസുരക്ഷയും. ഇതാണ്‌ ആഗോള വിശപ്പ് സൂചിക വെളിപ്പെടുത്തുന്നത്. വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 101 ആണ്. വിശപ്പ് സൂചികയുടെ ക്രമമനുസരിച്ച് ഇന്ത്യക്ക്‌ മുന്നിലുള്ളത് 100 രാജ്യം. ഏറ്റവും കുറഞ്ഞ വിശപ്പ് സൂചികയുള്ള രാജ്യം ഒന്നാംസ്ഥാനത്ത്. പൂജ്യം പോയിന്റ്‌ ആയിരിക്കും ആ രാജ്യത്തിന്. അതിലും കൂടുതലുള്ളത് രണ്ടാംസ്ഥാനത്ത്. അങ്ങനെ ഇന്ത്യക്ക്‌ മുന്നിലാണ് അയൽരാജ്യങ്ങൾ. പിന്നിലുള്ളത് ഏതാനും ആഫ്രിക്കൻ രാജ്യങ്ങൾ. എത്ര മോശം സ്ഥിതിയാണിത്. സാമ്പത്തികവളർച്ചയൊന്നും പാവപ്പെട്ടവരിലേക്ക്‌ എത്തിയില്ല എന്നല്ലേ വെളിപ്പെടുന്നത്‌. ഭക്ഷ്യ ഉൽപ്പാദനം ഉയർന്നിട്ടും അതു പാവങ്ങൾക്ക് ഗുണപ്പെട്ടില്ല എന്നല്ലേ. കേന്ദ്ര സർക്കാരിന്റെ മുഖത്തിനുനേരെ പിടിച്ച കണ്ണാടിയാണ് ആഗോള വിശപ്പ് സൂചിക റിപ്പോർട്ട്.

വിശപ്പുസൂചികയിൽ കേരളം എവിടെ നിൽക്കുന്നു. ചില കണക്കുകൾ പരിശോധിക്കാം. അഖിലേന്ത്യാതലത്തിൽ അഞ്ച് വയസ്സ് എത്തുന്നതിനുമുമ്പ്‌ ഓരോ ആയിരം കുട്ടികളിൽ 32 പേർ മരണത്തിന് കീഴ്പ്പെടുന്നു. കേരളത്തിൽ അത് ഏഴാണ്‌. അഖിലേന്ത്യാതലത്തിൽ ഒരു ലക്ഷം പ്രസവത്തിൽ 113 അമ്മമാർ മരണപ്പെടുന്നുണ്ടത്രേ. വേണ്ടത്ര പോഷകാഹാരവും ആരോഗ്യശുശ്രൂഷയും ലഭിക്കാത്തതുമൂലമാണത്‌. എന്നാൽ, കേരളത്തിൽ അത്‌ 43 ആണ്‌. അഥവാ നൂറിൽ 0.00043 അമ്മമാർ. ആയുർദൈർഘ്യം പരിഗണിച്ചാലോ. അഖിലേന്ത്യാതലത്തിൽ പുരുഷന്റെ ആയുർദൈർഘ്യം 68.2ഉം സ്‌ത്രീയുടെ 70.7 വയസ്സുമാണ്‌. കേരളത്തിൽ യഥാക്രമം 72.5ഉം 79.9ഉം. വളരെക്കുറച്ചുമാത്രം കുഞ്ഞുങ്ങളും അമ്മമാരും മരിക്കുന്നു. ആളുകൾ ദീർഘകാലം ജീവിക്കുന്നു. കാരണം, ഭക്ഷ്യലഭ്യതയും ആരോഗ്യസംവിധാനവുംതന്നെ. കേരളത്തിന്റെ ആദ്യത്തെ ഇക്കണോമിക്‌ റിവ്യൂ (1959) അനുസരിച്ച് അക്കാലത്തെ ശരാശരി ആയുർദൈർഘ്യം 40 വയസ്സായിരുന്നു.

കേരളത്തിന്റെ നേട്ടങ്ങൾക്കുപിന്നിൽ പല ഘടകവുമുണ്ട്. ഉയർന്ന സാമ്പത്തികനീതി കൈവരിച്ച സംസ്ഥാനമാണ് കേരളം. അതിസമ്പന്നർ കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം. സമഗ്രമായ ഭൂപരിഷ്കരണമാണ് കേരളത്തിന്റെ സാമൂഹ്യനീതിക്ക്‌ അടിത്തറയായത്. നിരവധിയായ അവകാശസമരങ്ങളെ പിൻപറ്റി നടപ്പാക്കപ്പെട്ട തൊഴിൽ നിയമങ്ങളും ക്ഷേമപദ്ധതികളും സാമ്പത്തികനീതിയിലേക്കുള്ള ഉറപ്പുള്ള ചവിട്ടുപടികളായി. സാർവത്രിക റേഷൻ സമ്പ്രദായം പട്ടിണിക്കെതിരായി മതിൽ തീർത്തു. കോവിഡ്‌ വ്യാപനവും കേരളത്തെ പട്ടിണിയിലേക്ക് തള്ളിവിടുമായിരുന്നു. പക്ഷേ, ഭക്ഷ്യക്കിറ്റുകളും സൗജന്യനിരക്കിൽ അരിയും ഗോതമ്പും ക്ഷേമപെൻഷനുകളും ജനങ്ങളുടെ രക്ഷയ്ക്കെത്തി.

ആരും വിശന്നിരിക്കാൻ പാടില്ല എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേരളം ഒന്നടങ്കം ഏറ്റെടുത്തു. കോവിഡ്‌ കാലത്തേക്ക് മാത്രമായിരുന്നില്ല ആഹ്വാനം. അധികാരവികേന്ദ്രീകരണത്തിലൂടെ തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച ഊർജം പട്ടിണി അകറ്റുന്നതിന് കരുത്തായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണശാലകൾ ഉയർന്നു. മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് ദരിദ്രരും തൊഴിൽരഹിതരും പട്ടിണിയോടു പടവെട്ടുമ്പോൾ കേരളീയർ ദാരിദ്ര്യം എന്തെന്നറിയാതെ ജീവിക്കുന്നു. ഭക്ഷണം സംബന്ധിച്ച ഉറപ്പ് കേരളം വിട്ട അതിഥിത്തൊഴിലാളികളെ തിരിച്ചെത്തിച്ചു.


 

മറു ചിത്രമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ഫോർബ്‌സും ഓക്‌സ്‌ഫാമും ഇതരഗവേഷണ സ്ഥാപനങ്ങളും അവയെല്ലാം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ജനങ്ങൾ കോവിഡിൽ ജോലിയും കൂലിയുമില്ലാതെ അലയുമ്പോൾ ഒറ്റവർഷത്തിനകം മുകേഷ് അംബാനിയുടെ ആസ്‌തി 30,014 കോടി രൂപ കൂട്ടിച്ചേർത്ത് 7,18,000 കോടിയിലെത്തി. തൊട്ടുപുറകിലുണ്ട്‌ ഒന്നാം സ്ഥാനത്തേക്ക്‌ കുതിക്കാൻ വെമ്പൽ കൊള്ളുന്ന ഗൗതം അദാനി. 3,71,423 കോടി രൂപയുടെ ആസ്തിയാണ് ഒരു വർഷം മുതൽക്കൂട്ടിയത്. മൊത്തം ആസ്‌തി 5,61,262 കോടിയിലെത്തി. അതായത്‌ മുകേഷ്‌ അംബാനി കൈവരിച്ചതിനേക്കാൾ 12 ഇരട്ടി. 136 ശതകോടീശ്വരൻമാരിൽ ആദ്യ 100 പേരുടെ ആസ്തി 58.15 ലക്ഷം കോടി രൂപയാണ്. കേന്ദ്ര സർക്കാരിന്റെ ഒരു കൊല്ലത്തെ റവന്യൂവരുമാനം 19.76 ലക്ഷം കോടി രൂപ.

കാർഷിക രാജ്യമാണ് ഇന്ത്യ. കൃഷിയാണ് ജനങ്ങളുടെ മുഖ്യതൊഴിലും ഉപജീവനമാർഗവും. എന്നാൽ, 56.4 ശതമാനം ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു തുണ്ടു ഭൂമിപോലുമില്ല. ഭൂമിയുടെ ഭൂരിഭാഗവും വൻകിട ഭൂവുടമകളുടെ കൈവശമാണ്‌. കൃഷിക്കാരിൽ 82.6 ശതമാനം നാമമാത്ര ചെറുകിട കർഷകരാണ്‌. അവർക്ക്‌ ജീവിതം തള്ളിനീക്കാൻ ആവശ്യമായ വരുമാനം കൃഷിയിൽനിന്ന് ലഭിക്കുന്നില്ല. ഫലമോ ഭൂരിഭാഗവും കർഷകത്തൊഴിലാളികളായി ജോലിയെടുക്കാൻ നിർബന്ധിതരാകുന്നു. 2011ലെ സെൻസസ് വിവരങ്ങൾ അക്കാര്യം ബോധ്യപ്പെടുത്തും. ആ സെൻസസ്‌ പ്രകാരം കാർഷികമേഖലയിൽ തൊഴിലെടുക്കുന്നവരിൽ 45.1 ശതമാനം മാത്രമാണ് കൃഷിക്കാർ. കർഷകത്തൊഴിലാളികൾ അതിനേക്കാൾ കൂടുതലുണ്ട്‌. 54.9 ശതമാനം. മറിച്ചാണ്‌ മുൻ സെൻസസിലെ (1991 )വിവരങ്ങൾ. കൃഷിക്കാർ കൂടുതലും(59.7 ശതമാനം) കർഷകത്തൊഴിലാളികൾ (46.3 ശതമാനം)കുറവും. പത്തു കൊല്ലം പിന്നിട്ടപ്പോൾ സംഗതി തകിടം മറിഞ്ഞു. കൃഷിപ്പാടങ്ങളിൽനിന്ന്‌ ആട്ടിപ്പായിക്കപ്പെട്ടതും കൃഷി അനാദായകരമായതുമാണ്‌ കൃഷി ഉപേക്ഷിക്കാൻ കാരണമായത്‌.

ആഗോള വിശപ്പ് സൂചിക വെളിച്ചം കണ്ടയുടനെ അടിസ്ഥാനരഹിതങ്ങളായ വിമർശങ്ങൾ ഉയർത്തി ഇന്ത്യാ ഗവൺമെന്റ്‌ രംഗത്തുവന്നു. കണ്ടെത്തലുകൾ അശാസ്ത്രീയമെന്ന് വിമർശിച്ചു. ഗാലപ്‌ പോൾ നടത്തിയാണ്‌ റിപ്പോർട്ട് എഴുതിയതെന്ന് ആക്ഷേപിച്ചു. ഫോണിലൂടെ വിവരശേഖരണം നടത്തിയാണ് റിപ്പോർട്ട് ഉണ്ടാക്കിയതെന്നുവരെ കളിയാക്കി.

സ്വാഭാവികമായും വിമർശങ്ങൾക്ക് മറുപടി പറയാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരായി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യാ ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയായിരുന്നു. വിശപ്പ് സൂചിക കണക്കാക്കുന്ന രീതിയും സ്ഥിതിവിവരങ്ങളുടെ ഉറവിടങ്ങളും സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു വിമർശവും ഗവൺമെന്റിന്‌ ഇല്ലായിരുന്നു. ഗൗരവകരമാണ്‌ സ്ഥിതി എന്ന റിപ്പോർട്ട് ഗവൺമെന്റിന്റെ താൽപ്പര്യങ്ങൾക്ക് എതിരായപ്പോൾ വിമർശവുമായി രംഗത്ത് വരികയായിരുന്നു.

വിദഗ്‌ധരുടെ മേൽനോട്ടത്തിൽ ഉത്തരവാദിത്വപ്പെട്ട രണ്ടു സ്ഥാപനമാണ് സംയുക്ത റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഐറിഷ്‌ ധനസഹായ ഏജൻസി നിശ്ശബ്‌ദമായി. മറ്റു രാജ്യങ്ങളൊന്നും വിമർശം ഉന്നയിച്ചില്ല എന്നതും ശ്രദ്ധേയമായി. മുഖം നന്നല്ലാത്തതിന്‌ കണ്ണാടിയെ പഴിക്കുന്നതായി കേന്ദ്രത്തിന്റെ വിമർശങ്ങൾ. കൺസേൺ വേൾഡ്‌ വൈഡും ജർമനിയിലെ പ്രമുഖ ധനസഹായ ഏജൻസിയായ വെൽട്‌ ഹംഗർ ഹിൽഫിയും ലോകത്തെ പരമദരിദ്രരായ ജനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഏജൻസികളാണ്.
ഗാലപ്‌ പോൾ എന്നതിനു മറുപടി പറഞ്ഞത് സ്ഥിതി വിവരങ്ങളുടെ സ്രോതസ്സുകൾ വ്യക്തമാക്കിക്കൊണ്ടാണ്.

1. പോഷകാഹാരം സംബന്ധിച്ച കണക്കുകൾ ഐക്യരാഷ്ട്രസംഘടനയുടെ കീഴിലെ ഫുഡ്‌ ആൻഡ്‌ അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെയാണ്‌.

2. ശിശുമരണം സംബന്ധിച്ച സ്ഥിതിവിവരം ഐക്യരാഷ്‌ട്ര സംഘടനയുടെതന്നെ നേതൃത്വത്തിലുള്ള ശിശുമരണ കണക്കെടുപ്പു സംബന്ധിച്ച ഇന്റർ ഏജൻസി ഗ്രൂപ്പിന്റെയാണ്‌.

3 .ശിശുക്കളുടെ പൊക്കക്കുറവും തൂക്കക്കുറവും സംബന്ധിച്ച വിവരം യൂണിസെഫ്‌, ലോകാരോഗ്യ സംഘടന, ലോക ബാങ്ക്‌ എന്നിവയുടെയും ലോകാരോഗ്യ സംഘടനയുടെതന്നെ ശിശുവളർച്ചയും പോഷകാഹാരക്കുറവും സംബന്ധിച്ച ആഗോള ഡാറ്റാബേസിന്റെയാണ്‌.
മുഖമടച്ചുള്ള മറുപടി കിട്ടിയപ്പോൾ സർക്കാർ നിശ്ശബ്‌ദമായി. മറ്റു രാജ്യങ്ങളൊന്നും വിമർശം ഉന്നയിച്ചില്ല എന്നതും ശ്രദ്ധേയമായി. മുഖം നന്നല്ലാത്തതിന്‌ കണ്ണാടിയെ പഴിക്കുന്നതായി കേന്ദ്രത്തിന്റെ വിമർശങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top