25 April Thursday

പട്ടിണി കിടന്ന്‌ ഇന്ത്യ
 ; ഭക്ഷ്യധാന്യ കയറ്റുമതി കൂട്ടാൻ കേന്ദ്രം

ടി ചന്ദ്രമോഹൻUpdated: Friday Apr 22, 2022

രാജ്യത്തെ 35 കോടി ജനങ്ങൾക്ക്‌ മതിയായ ഭക്ഷണം ലഭിക്കുന്നില്ല. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം  ‘ഗുരുതരാവസ്ഥയിലുള്ള വിഭാഗ’ ത്തിലും. ദിവസം ഒരു നേരംപോലും ഭക്ഷണം ലഭിക്കാത്ത 14.5 കോടി ആളുകൾ ഇവിടെയുണ്ട്‌. സ്‌ത്രീകളിലെയും  കുട്ടികളിലെയും പോഷകാഹാരക്കുറവ്‌, ശിശുമരണ നിരക്ക്‌ എന്നിവയും മറ്റ്‌ സൂചകങ്ങളും  ഭയാനകമാംവിധം വളരുന്നു. ഭക്ഷ്യധാന്യവിലക്കയറ്റവും മൊത്തത്തിലുള്ള വിലക്കയറ്റവും കുതിച്ചുയരുന്നു. എല്ലാതരത്തിലും ഇന്ത്യ വിശന്നുവലയുന്നു. 

ഇത്രയും ഗുരുതരമായ സാഹചര്യം നേരിടുമ്പോൾ ഭക്ഷ്യധാന്യ കയറ്റുമതി പ്രോത്സാഹിപ്പിച്ച്‌ കേന്ദ്രസർക്കാർ. പട്ടിണി കിടക്കുന്ന ജനങ്ങളെ ഊട്ടുന്നതിനുപകരം അദാനി ഉൾപ്പെടെയുള്ള കോർപറേറ്റുകൾക്കും വൻകിടകാർക്കും നേട്ടമുണ്ടാക്കാനാണ്‌ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നത്‌. ഒപ്പം ആഗോളതലത്തിൽ  പ്രതിച്ഛായ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമവും. ലോകത്തിന്‌ ഭക്ഷണം നൽകാൻ ഇന്ത്യക്കു സാധിക്കുമെന്നാണ്‌ പ്രധാനമന്ത്രി മോദി അടുത്തിടെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനോട്‌ പറഞ്ഞത്‌.  ഇതിനുപിന്നാലെ ഗോതമ്പ്‌ ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ  കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്ന്‌  ഭക്ഷ്യ വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന വാണിജ്യമന്ത്രി പിയൂഷ്‌ ഗോയലും പറഞ്ഞു. റഷ്യ–-ഉക്രയ്ൻ സംഘർഷത്തെ തുടർന്ന്‌ ആഗോള ഭക്ഷ്യധാന്യ വിതരണ ശൃംഖലയിൽ ഉണ്ടായ പ്രതിസന്ധിയുടെ മറവിലാണ്‌ വൻതോതിൽ ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യാൻ സർക്കാർ ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. ലോകത്തെ മൊത്തം ഗോതമ്പ്‌ കയറ്റുമതിയുടെ 15 ശതമാനം റഷ്യയുടെയും 10 ശതമാനം ഉക്രയ്‌നിന്റെയും സംഭാവനയാണ്‌. യുദ്ധത്തെതുടർന്ന്‌ ഈ രണ്ടു രാജ്യത്തുനിന്നുള്ള ഭക്ഷ്യധാന്യ കയറ്റുമതി തടസ്സപ്പെട്ടു. ഒപ്പം വിലയും വർധിച്ചു.

യഥാർഥത്തിൽ നിലവിലെ സാഹചര്യത്തിൽ വൻതോതിൽ ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യാൻ ഇന്ത്യക്ക്‌ സാധിക്കുമോ. ഇല്ല എന്നതാണ്‌ വസ്‌തുത. ജനങ്ങൾക്ക്‌ ആവശ്യത്തിന്‌ ഭക്ഷ്യധാന്യം സൗജന്യനിരക്കിൽ  നൽകാതെ സൃഷ്ടിച്ചെടുത്ത കരുതൽ ശേഖരം ചൂണ്ടിക്കാട്ടിയാണ്‌ ലോകത്തിന്‌ ഇന്ത്യ ഭക്ഷണം നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ ധാന്യപ്പുരകൾ നിറയുമ്പോഴും പട്ടിണി മരണവും പോഷകാഹാരക്കുറവുമൂലമുള്ള കുട്ടികളുടെ  മരണവും കൂടുന്നു എന്നാണ്‌ ഔദ്യോഗിക കണക്കുകൾ  വ്യക്തമാക്കുന്നത്‌. 



 

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ദരിദ്രരുടെ എണ്ണം  വർധിച്ചു. 2012 മുതൽ 2020  ജൂൺ വരെ 7.6 കോടി പേരാണ്‌ ദാരിദ്ര്യത്തിലേക്ക്‌ എടുത്തെറിയപ്പെട്ടത്‌.  കോവിഡ്‌ വ്യാപകമായ കഴിഞ്ഞ രണ്ട്‌ വർഷത്തിനിടെ 6.5 കോടിയാളുകൾ വീണ്ടും അതിദാരിദ്ര്യത്തിന്റ പടുകുഴിയിലേക്ക്‌ വീണു. ഈ ഘട്ടത്തിലാണ്‌ കയറ്റുമതി വേഗത്തിലാക്കാൻ ആഭ്യന്തരമായി പ്രത്യേക സംവിധാനവും സജ്ജമാക്കിയത്‌. തുറമുഖങ്ങളിലേക്ക്‌  ഭക്ഷ്യധാന്യം എത്തിക്കാൻ ആവശ്യത്തിന്‌ ചരക്കുവണ്ടികൾ വിട്ടുകൊടുക്കാൻ നിർദേശിച്ചു. കയറ്റുമതിക്കായി ലഭിച്ച 2000 അപേക്ഷയിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയാണ്‌. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ 40 ലക്ഷം മെട്രിക്‌ ടൺ ഗോതമ്പ്‌ കയറ്റുമതി ചെയ്യാനുള്ള കരാർ ഒപ്പിട്ടു.   21–-22 ൽ 7.85 ദശലക്ഷം ടണ്ണാണ്‌ കയറ്റുമതി ചെയ്‌തിരുന്നത്‌. 20–-21 ൽ 2.1 ദശലക്ഷം ടണ്ണും. നടപ്പു ധനവർഷം 15 ദശലക്ഷം ടണ്ണിന്റെ കയറ്റുമതിയാണ്‌ ലക്ഷ്യം.  ദീർഘകാല കയറ്റുമതി സാധ്യത കണക്കിലെടുത്താണ്‌  വൻകിട കോർപറേറ്റുകൾ ഈ രംഗത്തേക്ക്‌ ആവേശത്തോടെ കടന്നുവരുന്നത്‌. മൂന്ന്‌ കാർഷിക നിയമം കൊണ്ടുവന്നതുതന്നെ കോർപറേറ്റുകളെ സഹായിക്കാനായിരുന്നു. നിയമം തൽക്കാലം റദ്ദാക്കിയെങ്കിലും വളഞ്ഞ വഴിയിലൂടെ വൻകിടക്കാരെ സഹായിക്കുകയാണ്‌.  വിളവെടുപ്പ്‌ കാലത്ത്‌ കർഷകരിൽനിന്ന്‌ കുറഞ്ഞ വിലയ്‌ക്ക്‌ സംഭരിച്ച ധാന്യങ്ങളാണ്‌ വൻകിടക്കാർ ആഗോള വിപണിയിലേക്ക്‌ കൂടിയ വിലയ്‌ക്ക്‌ കയറ്റുമതിചെയ്‌ത്‌ വൻ ലാഭമുണ്ടാക്കുന്നത്‌. കയറ്റുമതിക്കാർക്ക്‌  സബ്‌സിഡി വിലയ്‌ക്കാണ്‌ കേന്ദ്രസർക്കാർ ഭക്ഷ്യധാന്യം നൽകുന്നത്‌.

മുൻ വർഷങ്ങളിൽ തുടർച്ചയായി ലഭിച്ച അനുകൂല കാലാവസ്ഥ കൊണ്ടാണ്‌ ഭക്ഷ്യധാന്യ ഉൽപ്പാദനം ഓരോ വർഷവും വർധിച്ചത്‌. തികച്ചും മഴയെ ആശ്രയിച്ചാണ്‌ ഇന്ത്യയിലെ കാർഷികമേഖല നിലകൊള്ളുന്നത്‌.  കാലാവസ്ഥ ചതിച്ചാൽ ഉൽപ്പാദനത്തിൽ വൻ ഇടിവുണ്ടാകുമെന്നതിന്‌ മുൻ അനുഭവങ്ങൾ ഏറെയുണ്ട്‌. സവാള, ഉരുളക്കിഴങ്ങ്‌, പയർ വർഗങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയുടെ കാര്യത്തിൽ മുൻവർഷങ്ങളിൽ ഇത്‌ വ്യക്തമായതാണ്‌. ധാന്യോൽപ്പാദനം  വർധിക്കുമ്പോഴും പ്രതിശീർഷ ധാന്യലഭ്യത കുറയുന്നു. 1991ൽ പ്രതിശീർഷ ധാന്യലഭ്യത 186.2 കിലോ ആയിരുന്നു.  2016ൽ 177.9 കിലോയായി.  2020ൽ ഇത്‌ 174.6 കിലോയായി വീണ്ടും  കുറഞ്ഞു.  2022ൽ ഇത്‌ 173.5 കിലോയായി കുറയും. ഇതിനു പുറമേ അരിയുടെയും ഗോതമ്പിന്റെയും കയറ്റുമതി വർധിപ്പിക്കുന്നത്‌ പ്രതിശീർഷ ധാന്യലഭ്യത വീണ്ടും കുറയ്‌ക്കാനിടയാക്കും.  2021 ഒക്‌ടോബർ 31 ലെ കണക്കുപ്രകാരം അരിയും ഗോതമ്പുമായി 721.78 ദശലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യങ്ങളാണ്‌  എഫ്‌സിഐ ഗോഡൗണുകളിൽ  സംഭരിച്ചിരുന്നത്‌.  253.26 ദശലക്ഷം മെട്രിക്‌ ടൺ അരിയും 468.52 ദശലക്ഷം മെട്രിക്‌ ടൺ ഗോതമ്പും. 2020 ഒക്‌ടോബറിൽ ഇത്‌ യഥാക്രമം 192.61 ഉം 437.38 ദശലക്ഷം ടണ്ണുമായിരുന്നു.  ഈ മാസത്തെ കണക്കുപ്രകാരം 513.12 ദശലക്ഷം ഭക്ഷ്യധാന്യശേഖരമാണുള്ളത്‌.  323.22 ദശലക്ഷം ടൺ ഗോതമ്പും 189.9 ദശലക്ഷം ടൺ അരിയും. 

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഭക്ഷ്യകമ്മി നേരിടുന്ന സംസ്ഥാനങ്ങൾ കൂടുതൽ അരിയും ഗോതമ്പും ആവശ്യപ്പെട്ടാൽ അനുവദിക്കാറില്ല. അനുവദിച്ചാൽത്തന്നെ അതിന്‌ കൂടുതൽ വിലയും ഈടാക്കും. മഹാപ്രളയം ഉണ്ടായപ്പോൾ കേരളം ഇത്‌ അനുഭവിച്ചതാണ്‌. ചില്ലറ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കൂടുതൽ ഭക്ഷ്യധാന്യം വിപണിയിൽ ഇറക്കുകയാണ്‌ കേന്ദ്രസർക്കാർ ചെയ്യേണ്ടത്‌. എന്നാൽ, ഇതിന്‌ തയ്യാറാകാതെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക്‌ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്നത്‌ ഇന്ന്‌ ഇന്ത്യയാണ്‌.  ആഗോള വിപണിയിൽ അരിയുടെ ശരാശരി വില ടണ്ണിന്‌ 474 ഡോളറാണ്‌ (കിലോയ്‌ക്ക്‌ 36.14 രൂപ). എന്നാൽ, ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നത്‌ 345 ഡോളറിനാണ്‌ (കിലോയ്‌ക്ക്‌ 26.29 രൂപ).  ഇന്ത്യയിൽനിന്ന്‌ ഇറക്കുമതി ചെയ്യുന്ന അരി ചൈന പ്രധാനമായും ഉപയോഗിക്കുന്നത്‌  മൃഗങ്ങൾക്ക്‌ തീറ്റയുണ്ടാക്കാനും മദ്യം നിർമിക്കാനുമാണ്‌. ഗൾഫ്‌,  യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലേക്ക്‌  അരി കയറ്റുമതി ചെയ്യുന്നു. 65,000 കോടി രൂപയുടെ അരിയാണ്‌ 21–-22ൽ കയറ്റുമതി ചെയ്‌തത്‌. മുമ്പ്‌ ബസ്‌മതി അരി മാത്രമാണ്‌ കയറ്റുമതി ചെയ്‌തിരുന്നതെങ്കിൽ ഇപ്പോൾ 75 ശതമാനവും സാധാരണ അരിയാണ്‌.  ഇന്ത്യയിൽനിന്ന്‌ ഗോതമ്പും അരിയും ഇറക്കുമതി ചെയ്‌ത്‌ ആഗോള പട്ടിണി സൂചികയിൽ ശ്രീലങ്ക, ബംഗ്ലാദേശ്‌,  നേപ്പാൾ, ഇന്തോനേഷ്യ, ചില ആഫ്രിക്കൻ രാജ്യങ്ങളും  നമ്മേക്കാൾ ഏറെ നിലമെച്ചപ്പെടുത്തുന്നു എന്ന വിരോധാഭാസവും നിലനിൽക്കുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top