25 April Thursday

ഇറ്റലി നവഫാസിസത്തിലേക്ക്

വി ബി പരമേശ്വരൻUpdated: Wednesday Sep 28, 2022

സ്വീഡന്‌ പിന്നാലെ ഇറ്റലിയിലും തീവ്രവലതുപക്ഷം അധികാരത്തിൽ വരുമെന്നുറപ്പായിരിക്കുന്നു. ഹംഗറിയും പോളണ്ടും നേരത്തേ വലതുപക്ഷത്തേക്ക്‌ നീങ്ങിയിരുന്നു. ഫ്രാൻസിൽ മരീൻ ലെ പെന്നിന്റെ നവഫാസിസ്റ്റ്‌ കക്ഷി പ്രധാന പ്രതിപക്ഷമായി വളർന്നിരിക്കുന്നു. ഈമാസം 11 നു നടന്ന തെരഞ്ഞെടുപ്പിലാണ്‌ സോഷ്യൽ ഡെമോക്രാറ്റുകളെ തോൽപ്പിച്ച്‌ കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ പാർടിയായ സ്വീഡൻ ഡെമോക്രാറ്റുകൾ നയിക്കുന്ന മുന്നണി നേരിയ ഭൂരിപക്ഷത്തിന്‌ മുന്നിലെത്തിയത്‌. രണ്ടാഴ്‌ചയ്‌ക്കുശേഷം 25ന്‌ ഇറ്റാലിയൻ പാർലമെന്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലാണ്‌ നവഫാസിസ്റ്റ്‌ കക്ഷി ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലി നയിക്കുന്ന ത്രികക്ഷി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നത്‌. വിലക്കയറ്റവും എണ്ണ പ്രതിസന്ധിയും പരിഹരിക്കുന്നതിൽ മുൻ യൂറോപ്യൻ സെൻട്രൽ ബാങ്ക്‌ മേധാവിയായ മരിയോ ദാഗ്രിയുടെ നേതൃത്വത്തിലുള്ള  ദേശീയ സർക്കാർ പരാജയപ്പെട്ടതാണ്‌ ആ സർക്കാരിന്റെ പതനത്തിനു കാരണമായത്‌. 18 മാസംമാത്രം അധികാരത്തിലിരുന്ന ഈ ദേശീയ സർക്കാരിന്റെ ഭാഗമായില്ല എന്നത്‌ ജോർജിയോ മിലോണിയുടെ ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലിക്ക്‌ ഗുണം ചെയ്‌തെന്ന്‌ തെരഞ്ഞെടുപ്പുഫലങ്ങൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റെല്ലാ മുഖ്യധാരാ കക്ഷികളും ദാഗ്രി സർക്കാരിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലു ശതമാനം വോട്ടു മാത്രം ലഭിച്ച മിലോണിയുടെ പാർടിക്ക്‌ ഇക്കുറി 26 ശതമാനമാണ്‌ ലഭിച്ചത്‌. മുൻ ആഭ്യന്തര മന്ത്രിയും തീവ്രവലതുപക്ഷക്കാരനുമായ മറ്റിയോ സാൽവിനിയുടെ ലെഗ (ഒമ്പതു ശതമാനം) മുൻ പ്രധാനമന്ത്രിയും വലതുപക്ഷക്കാരനുമായ സിൽവിയോ ബർലുസ്‌കോനിയുടെ ഫൊഴ്‌സ ഇറ്റാലിയ (എട്ടു ശതമാനം) എന്നിവയാണ്‌ മിലോണിയുടെ സഖ്യകക്ഷികൾ. ഈ രണ്ടു കക്ഷിക്കും വോട്ടിലുണ്ടായ ഭീമമായ ചോർച്ചയാണ്‌ മിലോണിയുടെ പാർടിക്ക്‌ കുതിപ്പ്‌ സമ്മാനിച്ചത്‌. സ്വന്തം അടിത്തറ തോണ്ടിയ കക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയായി ദീർഘകാലം വാഴിക്കാൻ ഈ രണ്ടു കക്ഷിയും തയ്യാറാകില്ലെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

മുസോളിനി മന്ത്രിസഭയിൽ സാംസ്‌കാരിക മന്ത്രിയായിരുന്ന ജോർജിയോ അൽമിരാന്റോയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റിന്റെ  (എംഎസ്ഐ) തുടർച്ചയാണ്‌ മിലോണിയുടെ ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലി. എംഎസ്‌ഐയുടെ ത്രിവർണ ജ്വാലയാണ്‌ ഇവരുടെയും അടയാളം. ‘ദൈവം, പിതൃഭൂമി കുടുംബം’ എന്ന ഫാസിസ്റ്റ്‌ അടയാളവാക്യം തന്നെയാണ്‌ ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലിയും സ്വീകരിച്ചിട്ടുള്ളത്‌

ബെനിറ്റോ മുസോളിനി ഇറ്റലിയുടെ ഭരണകർത്താവായി അധികാരമേൽക്കുന്നതിന്റെ മുന്നോടിയായി 1922 ഒക്ടോബറിൽ റോമിലേക്ക്‌ നടത്തിയ മാർച്ചിന്റെ 100–-ാം വർഷത്തിലാണ്‌ നവഫാസിസ്റ്റായ ജോർജിയ മിലോണി ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന മികവോടെ അധികാരത്തിലെത്തുന്നത്‌. മുസോളിനി മന്ത്രിസഭയിൽ സാംസ്‌കാരിക മന്ത്രിയായിരുന്ന ജോർജിയോ അൽമിരാന്റോയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റിന്റെ  (എംഎസ്ഐ) തുടർച്ചയാണ്‌ മിലോണിയുടെ ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലി. എംഎസ്‌ഐയുടെ ത്രിവർണ ജ്വാലയാണ്‌ ഇവരുടെയും അടയാളം. ‘ദൈവം, പിതൃഭൂമി കുടുംബം’ എന്ന ഫാസിസ്റ്റ്‌ അയാളവാക്യം തന്നെയാണ്‌ ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലിയും സ്വീകരിച്ചിട്ടുള്ളത്‌. തെരഞ്ഞെടുപ്പിൽ മുസോളിനിയുടെ കൊച്ചുമകൾ റേച്ചേ,  കൊച്ചുമകന്റെ മകൻ കായോ ഗിയുലിയോ സിസാരെ എന്നിവരെ സ്ഥാനാർഥിയാക്കുകയും ചെയ്‌തു. 15–-ാം വയസ്സിൽ മിലോണിതന്നെ എംഎസ്‌ഐയുടെ യുവജനവിഭാഗത്തിൽ അംഗമായിരുന്നു. ആദ്യഘട്ടങ്ങളിൽ മുസോളിനിയുടെ ചെയ്‌തികളെ, ‘എല്ലാം ഇറ്റലിക്ക്‌ വേണ്ടിയാണെന്ന്‌’ പറഞ്ഞ്‌ അവർ ന്യായീകരിച്ചിരുന്നു.

എന്നാൽ, പരസ്യമായ ഈ ഫാസിസ്റ്റ്‌ മുഖം അധികാരത്തിലേക്ക്‌ അടുക്കുന്നതിന്‌ തടസ്സമാണെന്ന്‌ കാലക്രമേണ അവർക്ക്‌ ബോധ്യപ്പെട്ടു.  അതിന്റെ ഭാഗമായാണ്‌ 1990കളുടെ ആദ്യം എംഎസ്‌ഐ ‘ദേശീയ സഖ്യമായും’ 2012 മുതൽ ‘ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലി’യായും രൂപാന്തരം പ്രാപിച്ചത്‌. ദേശീയ സഖ്യത്തിന്റെ യുവജനവിഭാഗം പ്രസിഡന്റായ (2004ൽ) മിലോണി 2008ൽ ഇറ്റാലിയൻ മാധ്യമ രാജാവായ ബർലുസ്‌കോണിയുടെ സർക്കാരിൽ യുവജന മന്ത്രിയാകുകയുംചെയ്‌തു. ‘മധ്യ വലതുപക്ഷ രാഷ്ട്രീയത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നുവെന്ന്‌’ പറഞ്ഞ്‌ രാഷ്ട്രീയത്തിലേക്ക്‌ കടന്നുവന്ന ബർലുസ്‌കോണിയാണ്‌ തീവ്രവലതുപക്ഷമായ നോർത്തേൺ ലീഗിനെ (ലെഗ)മന്ത്രിസഭയിൽ ഉൾപ്പെടുത്തി മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇത്തരം പ്രസ്ഥാനങ്ങൾക്ക്‌ സ്വീകാര്യത നൽകുന്നത്‌. മിലോണി മന്ത്രിയായാതും ബർലുസ്‌കോണി മന്ത്രിസഭയിൽത്തന്നെ.  

യൂറോപ്പിലെ മറ്റേത്‌ നവ ഫാസിസ്റ്റ്‌ കക്ഷിയേക്കാളും തീവ്രവലതുപക്ഷ നിലപാടുകളാണ്‌ മിലോണി ഉയർത്തിപ്പിടിക്കുന്നത്‌. പ്രധാനം കുടിയേറ്റവിരുദ്ധ നിലപാട്‌ തന്നെ. കുടിയേറ്റം തടയാൻ മധ്യധരണ്യാഴിക്കടലിൽ നാവികസേനാ മതിൽ തീർക്കണമെന്നു പറഞ്ഞ മിലോണി വിദേശ രക്ഷിതാക്കൾക്ക്‌ ജനിക്കുന്ന കുട്ടികൾക്ക്‌ പൗരത്വം നൽകരുതെന്നും വാദിച്ചു. ക്ഷേമാശ്വാസങ്ങൾ വിദേശികൾക്ക്‌ നൽകുന്നതിനും ഇവർ എതിരാണ്‌. ലിംഗസമത്വത്തിലും മിലോണി വിശ്വസിക്കുന്നില്ല. വനിതാസംവരണം ആവശ്യമില്ലെന്നാണ്‌ നിലപാട്‌. ഗർഭച്ഛിദ്രത്തെയും സ്വവർഗവിവാഹത്തെയും എതിർക്കുന്നു. യൂറോപ്യൻ യൂണിയനും അവരുടെ സാമ്പത്തികഞെരുക്കം സൃഷ്ടിക്കുന്ന നയത്തിനും എതിരാണ്‌. തൊഴിലാളികളുടെ അവകാശത്തിനുവേണ്ടിയും അവർ വാദിക്കുന്നു.

കമ്യൂണിസ്റ്റ്‌ പാർടി അടക്കമുള്ള അരഡസനോളം പാർടികൾ ചേർന്ന്‌ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ നേപ്പിൾസിലെ മുൻ മേയർ ലുയിഗി ഡി മജിസ്‌ട്രിസിന്റെ നേതൃത്വത്തിൽ ‘യൂണിയേനേ പോപ്പുലറെ’ എന്ന പ്രസ്ഥാനത്തിന്‌ രൂപം നൽകിയെങ്കിലും അവരുടെ ജനപക്ഷ ആശയങ്ങൾ ഫലപ്രദമായി പ്രചരിപ്പിക്കാൻ സമയം ലഭിച്ചില്ല. എതായാലും ഈ പ്രസ്ഥാനം ഇടതുപക്ഷ മനസ്സുകളെ ആകർഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ്‌ റിപ്പോർട്ട്‌.

മാറിമാറിവന്ന സർക്കാരുകളുടെ ഭാഗമായിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതാണ്‌ മധ്യ ഇടതുപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർടിയുടെ ജനപിന്തുണ ഇടിയാൻ കാരണം. 19 ശതമാനം വോട്ടാണ്‌ ഇവർക്ക്‌ ലഭിച്ചത്‌. പുരോഗമനകക്ഷിയെന്ന അവകാശവാദവുമായി രംഗത്തുവന്ന ഫൈവ്‌സ്റ്റാർ മൂവ്‌മെന്റ്‌, ലെഗ പോലുള്ള പാർടികളുമായി സഖ്യം സ്ഥാപിച്ച്‌ ഭരണം പങ്കിട്ടത്‌ അവരുടെ വിശ്വാസ്യത ഇടിച്ചു. കമ്യൂണിസ്റ്റ്‌ പാർടി അടക്കമുള്ള അരഡസനോളം പാർടികൾ ചേർന്ന്‌ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ നേപ്പിൾസിലെ മുൻ മേയർ ലുയിഗി ഡി മജിസ്‌ട്രിസിന്റെ നേതൃത്വത്തിൽ ‘യൂണിയേനേ പോപ്പുലറെ’ എന്ന പ്രസ്ഥാനത്തിന്‌ രൂപം നൽകിയെങ്കിലും അവരുടെ ജനപക്ഷ ആശയങ്ങൾ ഫലപ്രദമായി പ്രചരിപ്പിക്കാൻ സമയം ലഭിച്ചില്ല. എതായാലും ഈ പ്രസ്ഥാനം ഇടതുപക്ഷ മനസ്സുകളെ ആകർഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ്‌ റിപ്പോർട്ട്‌.

ഉക്രയ്‌ൻ യുദ്ധത്തിന്റെ ഫലമായുള്ള ഇന്ധനക്ഷാമവും വിലക്കയറ്റവും പരിഹരിക്കുകയായിരിക്കും മിലോണിക്ക്‌ മുമ്പിലുള്ള വെല്ലുവിളി. യൂറോപ്യൻ യൂണിയനെ തള്ളിപ്പറഞ്ഞാൽ യൂറോപ്യൻ റിക്കവറി ഫണ്ടിൽനിന്നുള്ള ധനസഹായം നിലയ്‌ക്കും. യൂറോപ്യൻ യൂണിയൻ, ഹംഗറിയിലെ വിക്‌ടർ ഓർബന്റെ ഭരണം ഇലക്ടറൽ ഒട്ടോക്രസിയാണെന്ന്‌ ആക്ഷേപിക്കുന്ന  പ്രമേയത്തെ മിലോണി എതിർത്തപ്പോൾത്തന്നെ അവർ തമ്മിലുള്ള ബന്ധം വഷളായിരുന്നു. മിലോണി അഭിമുഖീകരിക്കാൻ പോകുന്ന മറ്റൊരു പ്രതിസന്ധി മന്ത്രിസഭാ രൂപീകരണമായിരിക്കും. വേണ്ടത്ര ഭരണപരിചയമുള്ളവരൊന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിലില്ല. ഉക്രയ്‌ൻ യുദ്ധത്തിന്റെ വിഷയത്തിലും മിലോണിയും സഖ്യകക്ഷിനേതാക്കളും രണ്ടു പക്ഷത്താണ്‌. മിലോണി റഷ്യക്കതിരെയുള്ള ഉപരോധത്തെയും നാറ്റോയെയും പിന്തുണയ്‌ക്കുന്ന നയമാണ്‌ സ്വീകരിക്കുന്നതെങ്കിൽ സാൽവിനിയും ബർലുസ്‌കോണിയും റഷ്യയുമായി അടുത്തബന്ധം ആഗ്രഹിക്കുന്നവരാണ്‌. ഈ വൈരുധ്യങ്ങളെ മിലോണി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അവരുടെ രാഷ്ട്രീയഭാവി നിലകൊള്ളുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top