29 March Friday

വേണം ശിശുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

ഡോ. ജെ പ്രസാദ്Updated: Tuesday Apr 26, 2022

2020ലെ പുത്തൻ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കേളികൊട്ട് ഉയരും മുമ്പുതന്നെ കേരളത്തിൽ 2016ൽ എൽഡിഎഫ്‌ സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാഭ്യാസത്തെ ഗുണതയിലും ആധുനികതയിലും ജനകീയതയിലും സമഗ്രമാറ്റം വരുത്തി. അത് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാകുകയും ചെയ്തു. എല്ലാ അർഥത്തിലും ശക്തമായ പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് ഉന്നതവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള യജ്ഞത്തിലാണ് രണ്ടാം പിണറായി സർക്കാർ. 2022-–-23ലെ ബജറ്റ് ഉന്നത വിദ്യാഭ്യാസത്തിന് അപൂർവമായ പ്രാധാന്യം നൽകുന്നു എന്നത് പൊതുസമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. 1956നുശേഷം ഇതാദ്യമായി ഭാവികേരളം എങ്ങനെ ആയിരിക്കണം കെട്ടിപ്പടുക്കേണ്ടത് എന്നതു സംബന്ധിച്ച കൃത്യമായ നയരേഖയ്‌ക്ക്‌  രൂപം നൽകി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കേവലം പ്രകടനപരതയ്‌ക്കല്ല, മറിച്ച് നടപ്പാക്കാനുള്ളതാണെന്നു പറഞ്ഞുകൊണ്ട് അവ അക്കമിട്ട് നടപ്പാക്കിയ രാജ്യത്തെ ഏക സർക്കാരാണ് ഒന്നാം പിണറായി സർക്കാർ. അതുകൊണ്ടുതന്നെ സിപിഐ എം സംസ്ഥാന സമ്മേളനം പാസാക്കിയ  നയരേഖ പൊതുസമൂഹം ഏറെ പ്രതീക്ഷയോടെ സ്വാഗതം ചെയ്‌തുവെന്നതിൽ തർക്കമില്ല.

നയരേഖയിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും ഏറെ പ്രസക്തമെന്നു തോന്നിയതും അനിവാര്യവുമായ ഒരുകാര്യം ഇവിടെ അവതരിപ്പിക്കുകയാണ് ലേഖനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന എല്ലാ രാഷ്ട്രങ്ങളിലും ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്നത് ശിശുവിദ്യാഭ്യാസത്തിനാണ്. പരീക്ഷണ -ഗവേഷണ തലങ്ങളിൽ മികവ് തെളിയിച്ചവരാണ് അവിടങ്ങളിലെ അധ്യാപകർ. ദൗർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ രാജ്യം അതിനൊരപവാദമാണ്. ആർക്കും കയറി മേയാവുന്ന ഒരു മേഖലയായി ശിശുവിദ്യാഭ്യാസമേഖല മാറിയിരിക്കുന്നു. കാര്യമായ മുതൽമുടക്കില്ലാതെ ലക്ഷങ്ങളോ കോടികളോ കൊയ്യാവുന്ന ഒരു മേഖലയായി ശിശുവിദ്യാഭ്യാസം മാറിയിരിക്കുന്നു.  ഓക്സ്ഫോഡ്, മോണ്ടിസോറി തുടങ്ങിയ ആംഗലേയ പേരുകളിൽ നിരവധി സ്ഥാപനങ്ങൾ നമുക്ക് ചുറ്റും സർക്കാരിനെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ചുകൊണ്ട് സ്വച്ഛന്ദം പ്രവർത്തിച്ചുവരുന്നു. ഇവിടങ്ങളിൽ നടക്കുന്ന പഠനബോധന പ്രക്രിയകൾക്ക് ശിശുവിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ല.

നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷന്റെ അംഗീകാരമുള്ള ഡിപ്ലോമ ഇൻ പ്രീസ്കൂൾ എഡ്യൂക്കേഷൻ (ഡിപിഎസ്ഇ)കോഴ്സ് പാസായവർക്ക് മാത്രമേ  പഠിപ്പിക്കാൻ അർഹതയുള്ളൂ. ഇവിടങ്ങളിൽ ഒന്നുംതന്നെ എൻസിടിഇ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള അധ്യാപകരില്ല. എസ്‌സിഇആർടി തയ്യാറാക്കി അധ്യാപകർക്കും കുട്ടികൾക്കും സൗജന്യമായി നൽകിവരുന്ന പുസ്തകങ്ങൾ ഇവർക്ക് വേണ്ടേ വേണ്ട. പകരം വൻകിട പുസ്തകപ്രസാധകർ പ്രസിദ്ധീകരിച്ചു നൽകുന്ന പുസ്തകങ്ങളാണ് പഥ്യം. രണ്ട് ലക്ഷംമുതൽ നാലും അഞ്ചും ലക്ഷംവരെയാണ് ഒരു കുട്ടിയുടെ വാർഷിക ഫീസ്. 2023 ജൂണിൽ തുടങ്ങുന്ന ക്ലാസുകൾക്കുള്ള പ്രവേശനം പലയിടത്തും പൂർത്തിയായിക്കഴിഞ്ഞു.  അതുകൊണ്ട്, നമ്മുടെ പ്രീസ്കൂൾ മേഖല ശാസ്ത്രീയമായി പുനസ്സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ആറുവയസ്സുവരെയുള്ള  കാലഘട്ടത്തിൽ  കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കുട്ടികളിൽ ശാരീരികവും മാനസികവും  വൈജ്ഞാനികവും സാമൂഹ്യവും സർഗാത്മകവും ഭാഷാപരവുമായ വികാസം സംഭവിക്കുന്നു. സർവതലസ്പർശിയും  സമഗ്രവുമായ അത്തരം  വികാസത്തിനുതകുംവിധം ശിശുവിഹാര കേന്ദ്രങ്ങളായി പ്രീസ്കൂളുകൾ  മാറിയേ മതിയാകൂ. അതിന് സമഗ്രവും സമ്പുഷ്ടവുമായ ഒരു  ശിശുവികാസ നിയമം അനിവാര്യമാണ്.

എന്തുകൊണ്ട് ശിശുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
ഒരു കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തിന്റെ 85 ശതമാനത്തിലധികവും നടക്കുന്നത് ആറുവയസ്സിന് മുമ്പാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യത്തെ അഞ്ചാറ് വർഷം കുട്ടിയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. കുട്ടികളുടെ സർവവിധ ശേഷികളും വികാസം പ്രാപിക്കാൻ ഉതകുന്ന ബാഹ്യപ്രേരണയും പ്രചോദനയും നല്ല അനുഭവങ്ങളും ലഭ്യമാക്കേണ്ട സമയമാണിത്. അത് വീട്ടിൽ നിന്നാണ് ആദ്യം ലഭിക്കേണ്ടത്. എന്നാൽ, അത്തരം വീടുകൾ ഇക്കാലത്ത് അന്യമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ സർവതോന്മുഖമായ വികാസം മുന്നിൽക്കണ്ടുകൊണ്ടുള്ള പരിസരവും അവസരവും സൃഷ്ടിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണ്; പ്രത്യേകിച്ചും വിദ്യാഭ്യാസാവകാശനിയമം നിലവിൽ വന്നതിനുശേഷം. ആ ഉത്തരവാദിത്വം നിറവേറ്റുന്ന കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കേന്ദ്രസർക്കാർ  കാണിക്കുന്നത്.

ദേശീയ വിദ്യാഭ്യാസനിയമവും ശിശുവിദ്യാഭ്യാസവും
പുതിയ വിദ്യാഭ്യാസനയത്തിലൂടെ കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി നിലനിന്നുപോരുന്ന 10+2+3 എന്ന ഘടനയുടെ സ്ഥാനത്ത് 5+3+3+4 എന്ന പുതിയ ഘടന  കടന്നുവരികയാണ്.  മൂന്ന് വയസ്സുമുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള (മൂന്ന് വർഷത്തെ അങ്കണവാടി/പ്രീസ്കൂൾ+ പ്രൈമറിയിലെ ഒന്നും രണ്ടും ക്ലാസുകൾ ചേർന്നത്)അടിസ്ഥാനഘട്ടം. കുട്ടികളുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് രണ്ട് കാര്യമാണ് നമ്മുടെ മനസ്സിൽ കടന്നുവരിക; അത് ആദ്യകാല ശിശുസംരക്ഷണവും  ആദ്യകാല ശിശുവിദ്യാഭ്യാസവും (ഇസിസിഇ)ആണ്. ശക്തമായ മനസ്സും ശക്തമായ ശരീരവുമുള്ള ശിശുക്കളാണ് ഒരു ശക്തമായ രാഷ്ട്രത്തിനാവശ്യം. ആദ്യകാല ശിശുസംരക്ഷണവും  വിദ്യാഭ്യാസവും അർഥപൂർണമായി സമന്വയിക്കപ്പെടുമ്പോൾ മാത്രമേ അത് സാധ്യമാകുകയുള്ളൂ. വിദ്യാഭ്യാസാവകാശനിയമം അനുശാസിക്കുന്ന എല്ലാ കാര്യവും നടപ്പാക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് ഉദാരമായ രീതിയിൽ സാമ്പത്തികസഹായം നൽകാൻ കേന്ദ്രം മുന്നോട്ട് വരണം. വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽപ്പോലും പ്രീസ്കൂൾ വിദ്യാഭ്യാസം ഏറ്റവും വലിയ കച്ചവടമേഖലയാണ്. എല്ലാ അർഥത്തിലും വിദ്യാഭ്യാസവിരുദ്ധവും അശാസ്ത്രീയവും അനഭിലഷണീയവുമായ പഠന ബോധന പ്രവർത്തനങ്ങളാണ് ഇവിടങ്ങളിൽ നടക്കുന്നത്. ആരുടെയും അംഗീകാരമില്ലാതെ ആർക്കും എവിടെയും എങ്ങനെയും എപ്പോൾ വേണമെങ്കിലും പ്രീസ്കൂൾ ആരംഭിക്കാവുന്ന സ്ഥിതി ഒട്ടും ആശാസ്യമല്ല. ഇത് രാജ്യത്താകെയുള്ള സ്ഥിതിവിശേഷമാണ്.

വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന രാഷ്ട്രങ്ങളിലെല്ലാം ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും വേതനം ലഭിക്കുന്നവരുമാണ് പ്രീസ്കൂൾ/പ്രൈമറി സ്കൂൾ അധ്യാപകർ. നമുക്ക് അവിടംവരെയൊന്നും പോകാനാകില്ലെങ്കിലും കുറഞ്ഞത് എൻസിടിഇ നിർദേശിക്കുന്ന  യോഗ്യതയുള്ളവരെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു  എന്നുറപ്പുവരുത്തേണ്ടതുണ്ട്.(പുതിയ വിദ്യാഭ്യാസ നയത്തിൽ സംയോജിത ബിരുദമാണ് കുറഞ്ഞ യോഗ്യത) അതോടൊപ്പം എല്ലാ  അർഥത്തിലും വ്യവസ്ഥാപിതമായ രീതിയിൽ വേണം ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ. ഇക്കാര്യത്തിൽ കൃത്യമായ നിലപാട് കൈക്കൊള്ളാൻ  ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top