24 April Wednesday

ക്ലാസ്‌ മുറികളിലെ വിപ്ലവം - ബിലു സി നാരായണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023

രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. ഭരണത്തിലേക്കു നയിച്ച ജനപക്ഷനയങ്ങളുടെ തുടർച്ച മാത്രമല്ല, അവയുടെ അടുത്ത ഘട്ടത്തിലേക്കുള്ള ആസൂത്രണവും സമകാലികമായ പുതുക്കലുകളും കൂടിയുള്ളതാണ് കഴിഞ്ഞ രണ്ടു വർഷം. അറിവിനെ ജനകീയവും ജനാധിപത്യപരവും ഉൽപ്പാദനപരവുമാക്കുന്ന ജ്ഞാനസമൂഹത്തിലൂടെ നവകേരള നിർമിതിയിലേക്ക് നാം ലക്ഷ്യം വയ്ക്കുമ്പോൾ അതിൽ ഏറ്റവും നിർണായക പങ്കുവഹിക്കുന്ന മേഖലയാണ് വിദ്യാഭ്യാസം.

ലോകത്തിനുതന്നെ മാതൃകയായ നമ്മുടെ പൊതു വിദ്യാഭ്യാസ സമ്പ്രദായം ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരുന്ന സന്ദർഭത്തിലാണ് 2016ലെ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വരുന്നത്. സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ദിശാസൂചിയായിരുന്നു ആദ്യഘട്ടത്തിൽ നടന്ന സ്കൂൾ ഏറ്റെടുക്കലുകൾ. പൊതുവിദ്യാഭ്യാസ രംഗത്തിന്റെ തകർച്ചയും അതിനെ നേരിടാൻ ഉറച്ച ഒരു സർക്കാരിന്റെ ഇച്ഛാശക്തിയും കേരളം തിരിച്ചറിഞ്ഞ സന്ദർഭമായിരുന്നു കോഴിക്കോട് മലാപ്പറമ്പ്  ഉൾപ്പെടെ ലാഭകരമല്ലാത്തതിനാൽ അടച്ചുപൂട്ടാൻ തുടങ്ങിയ സ്കൂളുകളുടെ ഏറ്റെടുക്കൽ. തുടർന്ന് 2017 ജനുവരി 27ന് തുടക്കംകുറിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം "പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കുക' എന്ന ലക്ഷ്യം പൂർണ ജനകീയ പിന്തുണയോടെ ഇന്ന് കൈവരിച്ചു കഴിഞ്ഞു. "നാട്ടിലെ പഴയ സ്കൂളൊക്കെ ആകെ മാറി' എന്നത് കേരളത്തിലെ ഏതു ദേശത്തുനിന്നും ഇപ്പോൾ നമുക്ക് കേൾക്കാവുന്ന ഒരു പൊതു വിശേഷം പറച്ചിലാണ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി നടന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടമായിരുന്നു സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം. സർക്കാർ പള്ളിക്കൂടങ്ങളിപ്പോൾ നാടിന്റെ സാംസ്കാരിക മുദ്രകളായി മാറിയിരിക്കുന്നു. രക്ഷാകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, തദ്ദേശഭരണ സംവിധാനങ്ങൾ, പൂർവവിദ്യാർഥികൾ ഇങ്ങനെ വിവിധ തലങ്ങളെ കൂട്ടിയിണക്കിക്കൊണ്ടുള്ള സ്കൂൾ മാസ്റ്റർപ്ലാൻ പ്രവർത്തനങ്ങൾ വിദ്യാഭ്യാസപരമായി മാത്രമല്ല, സാമൂഹ്യമായിത്തന്നെ ഒരു വലിയ മുന്നേറ്റമായിരുന്നു. അഞ്ചു വർഷത്തിനിടയിൽ ഒമ്പതര ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പുതുതായി എത്തിയത് കേരളം കണ്ട ഈ ജനകീയ വിദ്യാഭ്യാസവിപ്ലവത്തിന്റെ ഫലമാണ്. പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 45,000 ക്ലാസ് മുറി ‘ഹൈടെക് സ്കൂൾ’ പദ്ധതിയിലൂടെ സാങ്കേതിക സജ്ജമായിക്കഴിഞ്ഞു.


 

ഇന്ത്യക്കും ലോകത്തിനു തന്നെയും മാതൃകയായ പ്രവർത്തനമാണ് കോവിഡ് കാലത്ത് നമ്മുടെ വിദ്യാഭ്യാസമേഖലയിൽ നടന്നത്. വിക്ടേഴ്‌സ് ചാനൽ ക്ലാസുകൾ, സ്കൂൾതല ഓൺലൈൻ ക്ലാസുകൾ തുടങ്ങിയവ വഴി സമാന്തരമായ ഒരു അധ്യയനരീതി നടപ്പാക്കാൻ സാധിച്ചു. ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം, അനുബന്ധ സൗകര്യങ്ങൾ ഇവ അർഹരായവർക്ക് നൽകിക്കൊണ്ട് ഈ സാങ്കേതിക വിദ്യാഭ്യാസ സാഹചര്യത്തിൽ പരമാവധി തുല്യതയും സാമൂഹ്യനീതിയും ഉറപ്പുവരുത്താൻ ശ്രമിച്ചു. അക്കാദമിക് വർഷങ്ങൾ നഷ്ടപ്പെടാതെ പരീക്ഷകളും മൂല്യനിർണയവും നടത്തി. അധ്യാപക ക്ഷാമം, ഉച്ചഭക്ഷണം, പാഠപുസ്തക വിതരണം തുടങ്ങി യുഡിഎഫ് സർക്കാർകാലത്ത് അഴിമതിയും അനാസ്ഥയും നിലനിന്ന കാര്യങ്ങൾ ഇപ്പോൾ കൃത്യതയോടെ നടക്കുന്നു. സ്കൂൾ തുറക്കുന്നതിനു മുമ്പേ പുസ്തകങ്ങൾ വിതരണത്തിനു തയ്യാറാകുന്നു. കഞ്ഞിയും പയറുമല്ല, മുട്ടയും പാലും അടങ്ങുന്ന ഭക്ഷണം കുട്ടികൾ കഴിക്കുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അതിന്റെ ലക്ഷ്യം കണ്ടതിനുശേഷം  2021ൽ "വിദ്യാകിരണം' പദ്ധതിയായി പുനഃസംഘടിപ്പിച്ച വിദ്യാഭ്യാസമിഷൻ ഗുണമേന്മയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള തുടർ വികസന ഘട്ടങ്ങളിലാണ്. വിഷയാധിഷ്ഠിതമായ വിജ്ഞാനം മാത്രമല്ല, സാംസ്കാരിക മാനവിക മൂല്യങ്ങളുടെ സ്വാംശീകരണംകൂടി നടക്കേണ്ട ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മാറുകയെന്നത് ഇതിൽ പ്രധാനമാണ്. ലിംഗനീതിയും പാരിസ്ഥിതിക ബോധവും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം എന്നതിനേക്കാൾ അതിന്റെ ഫലപൂർണതയായി മാറേണ്ടതുണ്ട്. അധ്യാപക സമൂഹത്തിന്റെ കാലോചിതമായ പരിഷ്കരണത്തിനായുള്ള ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകളും നടന്നുകൊണ്ടിരിക്കുന്നു.

8–-12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഡിജിറ്റൽ ആശയവിനിമയത്തിനായുള്ള ക്യുആർ കോഡുകൾ ഉൾപ്പെടുത്തൽ, കാഴ്ചപരിമിതരായ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭിന്നശേഷി വിഭാഗക്കാർക്കും വേണ്ടിയുള്ള ഓഡിയോ ലൈബ്രറികളും ശബ്ദപാഠങ്ങളും, പിന്നാക്കവിഭാഗം കുട്ടികൾക്കായി 698 പ്രാദേശിക പ്രതിഭാകേന്ദ്രം, 26 ലക്ഷം കുട്ടികൾക്ക് സൗജന്യ പാഠപുസ്തകം, ഒമ്പതു ലക്ഷം കുട്ടികൾക്ക് സൗജന്യ യൂണിഫോം, എല്ലാ സ്കൂളുകളിലും ഐടി സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന സമഗ്ര പോർട്ടൽ; മലയാളത്തിളക്കം,വായനാ ചങ്ങാത്തം, എഴുത്തുപച്ച, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ഗണിത കൗതുകം, ഗണിത കിറ്റ്, ഇംഗ്ലീഷ് ലാബ്, ശാസ്ത്ര പാർക്ക്, ശലഭപാർക്ക്, വെതർ സ്റ്റേഷൻ ഇങ്ങനെയുള്ള അക്കാദമിക് അനുബന്ധ പരിപാടികൾ; ഹയർ സെക്കൻഡറി പ്രവേശനം സുഗമമാക്കിയ ഏകജാലക സംവിധാനം തുടങ്ങിയവ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു വർഷത്തിൽ നേടിയ നേട്ടങ്ങളാണ്. ദേശീയതലത്തിൽ തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിലും  നിതി ആയോഗ് സ്കൂൾ വിദ്യാഭ്യാസ ഗുണത സൂചികയിലും ഒന്നാമതാകാൻ കേരളത്തിന് കഴിഞ്ഞു.


 

പാഠ്യപദ്ധതി പരിഷ്കരണം, പൊതുവിദ്യാഭ്യാസ മേഖലയുടെ ഏകീകരണം എന്നീ സുപ്രധാന ലക്ഷ്യങ്ങളിലേക്കുള്ള പ്രവർത്തന പാതയിലാണ് ഇന്ന് നമ്മുടെ വിദ്യാഭ്യാസരംഗം. വിദ്യാർഥികളടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളെ ഉൾപ്പെടുത്തിയുള്ള വിപുലമായ ചർച്ചകൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി 26 ഫോക്കസ് മേഖലയിൽ നടന്നുകഴിഞ്ഞു. പൊതുജനാഭിപ്രായ രേഖപ്പെടുത്തലുകൾക്കായി ടെക് പ്ലാറ്റ്ഫോമുകൾ ഒരുക്കി.

ഹയർ സെക്കൻഡറി/ വൊക്കേഷണൽ വിഭാഗങ്ങൾ ഉൾപ്പെടെ ഒന്നുമുതൽ 12 വരെയുള്ള എല്ലാ തലങ്ങളും ഏകീകരണത്തിലൂടെ ഒറ്റക്കുടക്കീഴിലാകുമ്പോൾ അക്കാദമിക് ഭരണനിർവഹണ കാര്യങ്ങളിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും തുല്യനീതിയും  ഉറപ്പുവരുത്താൻ കഴിയും.

പ്രാപ്യത (Accessibility), തുല്യത (Equality), ഗുണത (Quality)- ഈ മൂന്ന് അടിസ്ഥാന വിദ്യാഭ്യാസ സൂചികയെയും അട്ടിമറിച്ചുകൊണ്ട് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ കേന്ദ്രസർക്കാർ ഇന്ത്യയുടെ പൊതു വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനും ഏകാധിപത്യവൽക്കരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. 3.22 കോടി കുട്ടികൾ ഇപ്പോഴും ഇന്ത്യയിൽ വിദ്യാഭ്യാസത്തിന് പുറത്തുനിൽക്കുന്നു. കഴിഞ്ഞ വർഷങ്ങൾകൊണ്ട് കേരളത്തിൽ നടന്ന വിപ്ലവകരമായ പൊതുവിദ്യാഭ്യാസ വികസനവും ലോകോത്തര നിലവാരത്തിലേക്കുള്ള അതിന്റെ വളർച്ചയും അതുകൊണ്ടുതന്നെ കേരളം കെട്ടിപ്പടുക്കുന്ന ഒരു ബൗദ്ധിക സാംസ്കാരിക പ്രതിരോധംകൂടിയാണ്. വിദ്യാഭ്യാസത്തിലൂടെ അറിവുകളും നൈപുണികളും നേടുന്ന, ചിന്തിക്കുന്ന, ജനാധിപത്യബോധമുള്ള പുതുതലമുറകളാണ് വർഗീയ ജനവിരുദ്ധ രാഷ്ട്രീയ ശക്തികൾക്കുള്ള ഭാവിയുടെ മറുപടി.

(എഴുത്തുകാരിയായ ലേഖിക തൃശൂർ കട്ടിലപൂവം  ജിഎച്ച്‌എസ്‌എസ്‌ അധ്യാപികയാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top