26 April Friday

‘പുതിയ കുട്ടി’യും 
പാഠ്യപദ്ധതി പരിഷ്കരണവും - ഡോ. പി പി പ്രകാശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

തലമുറകളുടെ മാറ്റം നമ്മുടെ ജീവിതസംവിധാനങ്ങളെ എങ്ങനെയാണ് അഴിച്ചുപണിയുന്നത് എന്നതിനെ സംബന്ധിച്ച് നിരവധി ആലോചനകൾ ഇതിനകം നടന്നിട്ടുണ്ട്. തലമുറകൾ തുടർച്ചയാകുമ്പോഴും, ഓരോ കുട്ടിയും ജനിച്ചുവീഴുന്ന സാഹചര്യങ്ങൾ  വൈകാരികവും വൈചാരികവുമായ ചിന്താലോകങ്ങളെ ആഴത്തിൽ സ്വാധീനിക്കുകയും അതിനൊത്ത പെരുമാറ്റരീതികളോടെ അയാൾ സമൂഹത്തിൽ ഇടപെടുകയും ചെയ്യുന്നതിനെയാണ് നാം തലമുറമാറ്റം എന്നതുകൊണ്ട് അർഥമാക്കുന്നത്. ഈ മാറ്റത്തെ യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ കഴിയുകയും അതിനനുസരിച്ച ജീവിതക്രമങ്ങളിലേക്ക് വികസിക്കുകയും ചെയ്യുമ്പോഴാണ്  സമൂഹം പക്വത കൈവരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ ചിന്തയിൽ ഇതിന് സവിശേഷപ്രാധാന്യമുണ്ട്. നീണ്ട പതിനാലുവർഷത്തിനുശേഷം കേരളം പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് കടക്കുന്ന ഈ ഘട്ടത്തിൽ, ആരാണ് പുതിയ കുട്ടി? എന്താണ് പുതിയ കുട്ടിയുടെ സവിശേഷത? എന്നീ ചോദ്യങ്ങളെ നിശ്ചയമായും അഭിസംബോധന ചെയ്യേണ്ടതുണ്ട്. അനുദിനം വികസിച്ചുവരുന്ന വിദ്യാഭ്യാസ മനഃശാസ്ത്ര സിദ്ധാന്തങ്ങളെ ഉൾക്കൊള്ളുകയും അതിനനുസരിച്ചുള്ള മാറ്റങ്ങൾ പാഠ്യവസ്തുവിലും പഠനരീതിയിലും വരുത്തിക്കൊണ്ടുമാണ് കേരളത്തിലെ വിദ്യാഭ്യാസപരിഷ്കരണങ്ങൾ മുന്നോട്ടു പോയിട്ടുള്ളത്. ബിഹേവിയറൽ മനഃശാസ്ത്രസിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കാണാപാഠ പഠനരീതിയിൽനിന്ന്‌ അറിവുനിർമിതിയുടെ നൂതനമായ പഠനാനുഭവങ്ങളിലേക്ക്‌ നമ്മൾ വഴിമാറിയത് അങ്ങനെയാണ്. ഓർമിക്കുക എന്നത് വളരെ പ്രാധാന്യമേറിയ ഒരു മനോസിദ്ധിയാണെന്ന് സമ്മതിക്കുമ്പോഴും, കേവലമായ ഓർത്തെടുക്കലല്ല പഠനമെന്നും അത് വിവരവിശകലനത്തിൽനിന്ന് ജ്ഞാനോൽപ്പാദനം നടത്തുകയും ഈ ജ്ഞാനത്തെ വിജ്ഞാനമായും അവബോധമായും വികസിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണെന്നുമുള്ള തിരിച്ചറിവാണ് ലോകത്താകെയുള്ള പഠനബോധനസമ്പ്രദായങ്ങളിൽ മൗലികമായ മാറ്റം വരുത്തിയത്.

പുതിയ നൂറ്റാണ്ടിൽ ജനിച്ച കുട്ടികളെ ‘മില്ലെനിയം ചൈൽഡ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള വിശകലനങ്ങൾ ലോകത്താകെ  നടന്നിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വളർച്ചയുടെ അത്ഭുതകരമായ അന്തരീക്ഷത്തിലേക്ക്‌ ജനിച്ചുവീഴുന്ന കുട്ടികളുടെ പ്രത്യേകതകളെ മുൻനിർത്തിയുള്ള ഈ ആലോചനകളെ അതത് സമൂഹത്തിന്റെ സാഹചര്യങ്ങളെ മുൻനിർത്തി വിശകലനം ചെയ്തുകൊണ്ടുവേണം ഓരോ സമൂഹവും അതിന്റെ വിദ്യാഭ്യാസ പരിഷ്കരണങ്ങളിലേക്ക് പ്രവേശിക്കാൻ. ജ്ഞാനനിർമിതി എന്ന അടിസ്ഥാന പഠനസിദ്ധാന്തങ്ങളെ പിന്തുടരുമ്പോൾത്തന്നെ, ‘പുതിയകുട്ടി’യുടെ താൽപ്പര്യത്തിനിണങ്ങുംവിധം പാഠ്യവസ്തുക്കളൊരുക്കാനും ബോധനസമ്പ്രദായങ്ങളൊരുക്കാനും ഈ ആലോചനകൾ അത്യാവശ്യമാണ്. ‘ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' എന്ന സമീപനം അടിസ്ഥാനമായി സ്വീകരിക്കുന്ന കേരളത്തിൽ ഇതിനു പ്രത്യേക പ്രാധാന്യമുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച്, ശാസ്ത്രസാങ്കേതികവിദ്യ പതിന്മടങ്ങ് വേഗത്തിലാണ് ഇന്ന് വികസിച്ചുകൊണ്ടിരിക്കുന്നത്. നിർമിതബുദ്ധിപോലുള്ള മേഖലകളിൽ അവിശ്വസനീയമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പലതരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ കണ്ടുപിടിത്തമാണ് ഇതുവരെ വിസ്മയിപ്പിച്ചിരുന്നതെങ്കിൽ, ഉപകരണങ്ങളുടെ ഭൗതികസാന്നിധ്യമില്ലാതെതന്നെ അതിന്റെ ഉപയോഗം സാധ്യമാകുന്ന തലത്തിലേക്കാണ് സാങ്കേതികവിദ്യയുടെ വികാസം സഞ്ചരിക്കുന്നത്. ടെലിവിഷൻ എന്ന ഉപകരണത്തിന്റെ സഹായമില്ലാതെ, റിമോട്ട് കൊണ്ട് ശൂന്യതയിൽ ദൃശ്യങ്ങൾ കാണുന്ന സംവിധാനത്തെക്കുറിച്ചുള്ള ചിന്തകൾവരെ ലോകത്ത് യാഥാർഥ്യമാകാൻ പോകുന്നു! കഴിഞ്ഞ പത്തുവർഷത്തിനകം ഈ മേഖലയിൽ വന്ന മാറ്റങ്ങളെ അതിനുമുമ്പുള്ള പത്തുവർഷത്തെ മാറ്റങ്ങളോട് താരതമ്യം ചെയ്താൽ നമുക്ക് ഈ പ്രക്രിയയുടെ വേഗത മനസ്സിലാക്കാനാകും. ഫെയ്സ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും ടെലഗ്രാമും ഉൾപ്പെടെയുള്ള വെർച്വൽ ലോകം ഇന്ന് പുതിയതലമുറയുടെ (ഒരു പരിധിവരെ പഴയ തലമുറയുടെയും) മുഖ്യമായ പെരുമാറ്റ ഇടങ്ങളാണ്. അവർ ഭൂമിയിൽമാത്രം ജീവിക്കുന്നവരല്ല. ഭൂമിയിലെ ജീവിതക്രമങ്ങളെ നിർണയിക്കുന്ന മറ്റൊരു പ്രതീതലോകം അവർക്കുണ്ട്. അവരുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും സാമൂഹ്യമായ ഇടപെടലുകളിലുമെല്ലാം ഈ പ്രതീതലോകത്തിന്റെ സാന്നിധ്യമുണ്ട്. അവർക്ക് ഈ രണ്ടുലോകത്തിലും വേരുകളുണ്ട്.


 

അനുഭവം എന്ന വാക്ക് മനഃശാസ്ത്രപദാവലിയിൽ അത്രമേൽ സാങ്കേതികമൂല്യമുള്ള ഒരു വാക്കല്ല. മറ്റു സങ്കൽപ്പനങ്ങളോട് ചേർത്തുവച്ചുകൊണ്ടാണ് ‘അനുഭവങ്ങ’ളെ ആധുനിക മനഃശാസ്ത്രം വിശദീകരിക്കുന്നത്. അനുഭവങ്ങളെ അത് പ്രവർത്തിക്കുന്ന സാഹചര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് നമ്മുടെ മനഃശാസ്ത്രജ്ഞർ വിശകലനം ചെയ്യുന്നത്. അനുഭവങ്ങളെ പഠനവുമായി കണ്ണിചേർത്തുകൊണ്ടാണ് അനുഭവാധിഷ്ഠിതപഠനം  എന്ന ലോകം അംഗീകരിച്ചിട്ടുള്ള പഠനരീതിയെക്കുറിച്ച് വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ വിശദീകരിക്കുന്നത്. കേവലമായ സിദ്ധാന്തപഠനത്തിനപ്പുറം പ്രയോഗത്തിന് നമ്മുടെ ക്ലാസ് മുറികളിൽ പ്രാധാന്യം കൈവന്നതങ്ങനെയാണ്.

ഓരോതരം അനുഭവങ്ങളിൽനിന്നാണ് കുട്ടി ഓരോന്നും പഠിക്കുന്നത്. ഇതിൽ ഏറ്റവും വൈകാരികമൂല്യമുള്ള ഒന്നാണ് ‘ആദ്യാനുഭവം‘ എന്നത്. ഒരു വസ്തുവോ പ്രവണതയോ പ്രതിഭാസമോ ആദ്യമായി അനുഭവിക്കുമ്പോഴുണ്ടാകുന്ന ആനന്ദമാണ് കുട്ടിക്കാലത്തിന്റെ ഏറ്റവും വലിയ ആനന്ദം. ഒരു പെൻസിലോ പേനയോ നോട്ട്‌ബുക്കോ ആദ്യമായി കിട്ടിയതിന്റെ ഓർമകളിൽ ആനന്ദം കൊള്ളാത്ത മനുഷ്യരില്ല. ആദ്യാനുഭവങ്ങളുടെ ആനന്ദമാണ് (വേദനയും) മനുഷ്യരെ നോസ്റ്റാൾജിയയുടെ തടവുകാരാക്കുന്നത്. എന്നാൽ, നേരത്തേ പറഞ്ഞ ഉഭയലോകങ്ങളിലേക്ക് ജനിച്ചുവീഴുന്ന പുതിയ കുട്ടികൾക്ക് ഈ ആനന്ദം നഷ്ടമാകുന്നുണ്ട് എന്നത് പുതിയ കുട്ടികളെക്കുറിച്ചുള്ള ചിന്തയിൽ അതിപ്രധാനമായി നാം പരിഗണിക്കേണ്ട ഒന്നാണ്. ഒരു വസ്തുവും അവർക്ക് ആദ്യമായി കിട്ടുന്നില്ല! തങ്ങൾക്ക് ലഭ്യമാകുന്ന ഏതൊന്നിന്റെയും ദൃശ്യാനുഭവം അത് ലഭ്യമാകുന്നതിനുമുമ്പ് അവർ ദൃശ്യമാധ്യമങ്ങളിലൂടെ അനുഭവിക്കുന്നുണ്ട്. ആകാംക്ഷയും കാഴ്ചയും സ്പർശനവും കൂടിച്ചേർന്ന അനുഭവപൂർണതയാണ് ഒരു നേട്ടത്തെ വൈകാരിക മൂല്യമുള്ളതാക്കിത്തീർക്കുന്നതെങ്കിൽ, ഈ വിവരവിപ്ലവ പ്രളയത്തിൽ ഏതൊന്നിനെക്കുറിച്ചുമുള്ള ആകാംക്ഷ കുട്ടികളിൽ ആദ്യമേതന്നെ പൂർത്തീകരിക്കപ്പെടുന്നു. അവർ കാണാത്ത ഒന്നും അവർക്ക് ലഭ്യമാകുന്നില്ല. ഏത് പുതിയ വസ്തുവും കൈയിൽകിട്ടിയാൽ അത് അവർക്ക് നൽകുന്നത് കേവലം സ്പർശനാനുഭവം മാത്രമാണ്. അതിനെക്കുറിച്ചുള്ള ആകാംക്ഷയും ദൃശ്യാനുഭവങ്ങളും ആദ്യമേതന്നെ ദൃശ്യമാധ്യമങ്ങളിലൂടെ പൂർത്തീകരിക്കപ്പെടുന്നുണ്ട്. ചുരുക്കത്തിൽ, ആദ്യാനുഭവത്തിന്റെ ആനന്ദമോ വേദനയോ അതിന്റെ പൂർണാർഥത്തിൽ അനുഭവിക്കാൻ പുതിയ കുട്ടികൾക്ക് കഴിയുന്നില്ല! അതുകൊണ്ടാണ് നമ്മൾ നൽകുന്ന ഒരു സമ്മാനവും അവരെ ഏറെനേരം വിസ്മയിപ്പിക്കാത്തത്.  

സൂക്ഷ്മമായി നോക്കിയാൽ ഇത് പലതരത്തിൽ അവരുടെ മനോനിലയെ സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം. നമ്മുടെ നോസ്റ്റാൾജിയ അല്ല അവരുടെ നോസ്റ്റാൾജിയ. നമ്മുടെ കാൽപ്പനികതയല്ല അവരുടെ കാൽപ്പനികത. അവർക്ക് ലോകം ‘അനന്ത മജ്ഞാതമവർണനീയ‘മല്ല. ‘ഈ ലോകഗോള’ത്തിൽ നടക്കുന്നതെന്താണെന്നവർക്കറിയാം. വ്യത്യസ്തമായ പലതരം കഴിവുകൾ പുതിയ കുട്ടികളിൽ രൂപപ്പെട്ടിട്ടുണ്ട്. അവർ ടിവി കണ്ടുകൊണ്ട് കണക്ക് ചെയ്യും. മൊബൈലിലെ കീബോഡുകളിൽ അവരുടെ വിരലുകൾ അത്ഭുതവേഗത്തിൽ സഞ്ചരിക്കും. നമ്മുടെ സാമ്പ്രദായികമായ ശരീരബോധങ്ങളെ,ശീലാശ്ലീല ബോധങ്ങളെ വലിയ രീതിയിൽ പൊളിച്ചെഴുതുന്നവരാണവർ. ഭക്ഷണം, വസ്ത്രം, വീട്, നടപ്പ്, ഉടുപ്പ് തുടങ്ങി ഔപചാരികവും അല്ലാത്തതുമായ പെരുമാറ്റരീതികളിൽവരെ പുതിയ ഒരു ലോകബോധം അവർ സൂക്ഷിക്കുന്നുണ്ട്. ഈ ലോകബോധത്തെ വിശ്വാസത്തിലെടുത്തുകൊണ്ടുതന്നെ, ഒരു പരിഷ്കൃതസമൂഹത്തിന്റെ മുന്നോട്ടുപോക്കിനാവശ്യമായ രീതിയിൽ അതിനെ ക്രമപ്പെടുത്തി ശാസ്ത്രത്തിലും മാനവികവിഷയങ്ങളിലും അവരുടെ സർഗശേഷിയെ വികസിപ്പിക്കാനുതങ്ങുന്ന തരത്തിൽ പാഠ്യപദ്ധതി ലക്ഷ്യങ്ങൾ രൂപീകരിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ്  പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ളത്. പുതിയ കുട്ടികളുടെ അഭിരുചികളെക്കുറിച്ചും അവരിൽ രൂപപ്പെട്ടിട്ടുള്ള സവിശേഷമായ സിദ്ധികളെക്കുറിച്ചുമുള്ള ശാസ്ത്രീയമായ അറിവുകളാണ്  പാഠ്യപദ്ധതി ചർച്ചകളുടെ അടിപ്പടവായി പ്രവർത്തിക്കേണ്ടത്. പാഠപുസ്തകത്തെയും അതിന്റെ ഉള്ളടക്കത്തെയും കുറിച്ചുള്ള ചർച്ചകളിൽ കേന്ദ്രസ്ഥാനത്തു വരേണ്ടത് ‘പുതിയ കുട്ടികളു’ടെ സവിശേഷമായ അനുഭവലോകങ്ങളാണ്.

(പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ 
അസോസിയറ്റ് പ്രൊഫസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top