29 March Friday

പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ചയിലേക്ക്

കെ കെ ശിവദാസൻUpdated: Thursday Nov 10, 2022


കേരളവും അതിനനുഗുണമായ നാളത്തെ  വിദ്യാഭ്യാസവും എങ്ങനെയാകണം എന്നതിനെക്കുറിച്ച് കേരളമൊന്നാകെ  സംസാരിച്ചു തുടങ്ങുന്നു. ഇനിയുള്ള ഏതാനും നാളുകൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ചകൾക്ക് സ്കൂളുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വേദിയാകും. 40 ലക്ഷത്തോളം രക്ഷിതാക്കളും വിദ്യാഭ്യാസപ്രവർത്തകരും വിദ്യാർഥികളും ജനപ്രതിനിധികളും ഈയൊരു ചർച്ചയിൽ പങ്കാളികളാകുമെന്നാണ്  കരുതുന്നത്. പാഠ്യപദ്ധതി രൂപീകരണപ്രക്രിയയുടെ ഭാഗമായി ഇത്തരമൊരു ജനകീയ ചർച്ച  ഇന്ത്യയിൽ  ആദ്യാനുഭവമാണ്.

ദേശീയ വിദ്യാഭ്യാസനയം 2020 നിലവിൽ വന്നതിനെത്തുടർന്ന് സംസ്ഥാനങ്ങളോട് കരിക്കുലം ചട്ടക്കൂട് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നു. ഒരുകൂട്ടം വിദഗ്ധർമാത്രം തയ്യാറാക്കുന്ന രീതിയിൽനിന്നു വ്യത്യസ്തമായി പാഠ്യപദ്ധതിയെക്കുറിച്ച് നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കാൻ ജനങ്ങൾക്ക്‌ ഒന്നടങ്കം കേരളത്തിൽ അവസരം ഒരുക്കിയിരിക്കുകയാണ്. സ്കൂളുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ചർച്ചകൾക്കു പുറമെ പഞ്ചായത്ത്, നഗരസഭാ തലങ്ങളിലും ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. നേരിട്ട് നിർദേശം സമർപ്പിക്കുന്നതിനുള്ള ടെക് പ്ലാറ്റ്ഫോം സംവിധാനവും  ലഭ്യമാണ്. ഇവയിൽനിന്നെല്ലാം ഉരുത്തിരിയുന്ന നിർദേശങ്ങൾ ജില്ല, സംസ്ഥാന തലങ്ങളിൽ ക്രോഡീകരിച്ച് കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്ന പ്രക്രിയയുമായി സംയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഭൂരിപക്ഷം രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഇത്തരം ചർച്ചകളും ഉപയോഗിക്കുന്ന പദാവലികളും പുതിയതാകും. അതുകൊണ്ടുതന്നെ ചർച്ചകളിൽ പങ്കാളികളാകാതെ പലരും മാറിനിൽക്കാനിടയുണ്ട്. അങ്ങനെ വന്നുകൂടാ. എവർക്കും പരിചിതമായത് പാoപുസ്തകം മാത്രമാണ്. ഇതിനുപുറമെ അധ്യാപകർക്കുള്ള കൈപ്പുസ്തകം, ഇതര പoനസാമഗ്രികൾ, പരീക്ഷ തുടങ്ങിയവും  പരിചയം കാണും. ഇവയെല്ലാം തയ്യാറാക്കുന്നതിനു മുന്നോടിയായി രൂപപ്പെടേണ്ട സമഗ്രരേഖയാണ് കരിക്കുലം ചട്ടക്കൂട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും കുട്ടികളുടെയും അതുവഴി രാഷ്ട്രത്തിന്റെയും സമഗ്രവികാസം സാധ്യമാക്കുന്നതിന് സഹായകമായ സമീപനവും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായിരിക്കും. ഓരോ വിഷയമേഖലയുടെയും നിലവിലുള്ള അവസ്ഥ വിശകലനംചെയ്ത് കൂടുതൽ മികവ് ഉറപ്പുവരുത്താനുള്ള പൊതുനിർദേശങ്ങളും ഇതിൽ ഇടംപിടിക്കും.


 

ഈയൊരു ചട്ടക്കൂടിനെ ആസ്പദമാക്കിയാണ് പാഠപുസ്തകങ്ങളും പഠനസാമഗ്രികളും പരീക്ഷയുമെല്ലാം രൂപംകൊള്ളുന്നത്. കേരളത്തിൽ 1997ൽ പoനരീതിയിലും സമീപനത്തിലും വരുത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കൂട്ടായ്മയിലൂടെയും സംഘപ്രവർത്തനങ്ങളിലൂടെയും അധ്യാപകരുടെ പിന്തുണയോടെ കുട്ടികൾ അറിവ്‌ നിർമിക്കുന്നുവെന്നതായിരുന്നു ഇതിന്റെ മുഖ്യസവിശേഷത. വിവരങ്ങൾക്കപ്പുറം പ്രക്രിയക്കായിരുന്നു ഊന്നൽ. തുടർന്നുവന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ പിൻപറ്റി 2007ൽ കേരള പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുകയുണ്ടായി. തുടർന്ന്‌  2013ൽ ചെറിയ ചില മാറ്റത്തിനും പാഠ്യപദ്ധതി വിധേയമായി.

പുതിയ പരിഷ്കാരങ്ങൾക്ക്‌ ഒരുങ്ങുമ്പോൾ ലോകത്തെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ പരിഗണിക്കേണ്ടതുണ്ട്.  സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടംതന്നെ പ്രധാനം. വിവരങ്ങൾ കൈയെത്തുംദൂരത്തെത്തി. സാങ്കേതികവിദ്യാബന്ധിതമായ സർഗാത്മകതയുടെ വഴികളും തുറന്നുകിട്ടി. ഇതെല്ലാം പ്രയോജനപ്പെടുത്തുന്നതിനൊപ്പം ദുരുപയോഗസാധ്യതയുമേറി. തൊഴിൽ മേഖലകളിലും തൊഴിൽ സാധ്യതകളിലും വലിയ മാറ്റംവന്നു. പരിസ്ഥിതി, വിഭവ വിനിയോഗം, പകർച്ചവ്യാധികൾ തുടങ്ങിയവയും ഗൗരവമേറിയതായി മാറി. മുൻകാലങ്ങളിൽ ഇല്ലാത്ത ദുരന്തങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്നു.

മാനവികമൂല്യങ്ങൾ, മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയവ ഒരു തിരിച്ചുപോക്കിന്റെ പാതയിലാണെന്ന് വിലയിരുത്തപ്പെടുന്നു. ആഗോളവികസന സൂചികയിൽ യുഎൻഇപി കണക്കുപ്രകാരം 152 ലോക രാജ്യത്തിൽ ഇന്ത്യയുടെ സ്ഥാനം 104 ആണ്. വിവേചനങ്ങളും തൊഴിലില്ലായ്മയും രാജ്യത്ത് പെരുകുന്നു. കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധികൾ വേറെയും. ഇതിനിടയിൽ  നവകേരള സ്വപ്നവുമായി നാം മുന്നോട്ടുപോകുന്നു. വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റാനാണ്  ലക്ഷ്യമിടുന്നത്. അത് നിരന്തരം അറിവ്‌ സൃഷ്ടിക്കുന്ന സമൂഹമായിരിക്കും. നൂതനാശയങ്ങളാകും ഇവിടെ നമ്മെ നയിക്കേണ്ടത്. ഇത്തരം പ്രശ്നങ്ങളും ആശയങ്ങളും പാഠ്യപദ്ധതി ജനകീയ ചർച്ചകൾക്ക് വിഷയമാകേണ്ടതുണ്ട്.
ഗണിതപoനം കുട്ടികൾക്ക് കീറാമുട്ടിയാണോ. ശാസ്ത്രപഠനത്തിലെ മികവ് ശാസ്ത്രബോധത്തിൽ കാണുന്നുണ്ടോ. സാമൂഹ്യശാസ്ത്ര പoനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം. തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇതര ഭാഷാപഠനം, കലാകായിക വിദ്യാഭ്യാസം, സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനം, ഉച്ചഭക്ഷണം, ആരോഗ്യസുരക്ഷ തുടങ്ങിയവയും വിഷയമാകണം. രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ നിലവിലുള്ള പരിമിതികളും പുതിയ നിർദേശങ്ങളും ചർച്ചകളിൽനിന്ന്‌ ഉരുത്തിരിയണം.

സ്കൂളുകളിൽ പ്രവർത്തിക്കുന്ന വിവിധ സമിതികളും അവയുടെ ചുമതലകളും ജനകീയ ചർച്ചകളുടെ പരിഗണനാവിഷയമായി മാറേണ്ടതുണ്ട്.ഇവയിൽ കുട്ടികളുടെ പങ്കാളിത്തം എത്രമാത്രമാകാമെന്നും അവരുടെ അവകാശസംരക്ഷണം എങ്ങനെ ഉറപ്പുവരുത്താമെന്നും ചിന്തിക്കണം. ഭിന്നശേഷിക്കാർ, പാർശ്വവൽക്കൃത ജനവിഭാഗങ്ങൾ, ഭാഷാന്യൂനപക്ഷങ്ങൾ, ഇതര സംസ്ഥാനത്തൊഴിലാളികളുടെ കുട്ടികൾ തുടങ്ങിയ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും ചർച്ചകളിൽ പ്രധാന ഇടം ലഭിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും  പങ്ക് വിദ്യാഭ്യാസ പ്രക്രിയയിൽ പ്രധാനമാണ്. അതിനുള്ള സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്.

(കെ ഡിസ്‌ക്‌ വിദ്യാഭ്യാസ ഗവേഷണ പരിപാടിയായ ‘മഞ്ചാടി’യുടെ സംസ്‌ഥാന കോ–-ഓർഡിനേറ്ററാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top