28 March Thursday

കരുതലോടെ പൊതു പരീക്ഷയിലേക്ക്

കെ കെ ശിവദാസൻUpdated: Tuesday Feb 9, 2021


കോവിഡ് പശ്ചാത്തലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പൊതു പരീക്ഷകളുടെ നടത്തിപ്പ്‌ സംബന്ധിച്ച സർക്കാർ തീരുമാനം വന്നതോടെ കുട്ടികൾ തയ്യാറെടുപ്പുകൾ ഊർജിതമാക്കിത്തുടങ്ങി. പരീക്ഷ പതിവു സമയത്തുതന്നെ നടത്തുമെന്ന പ്രഖ്യാപനം വലിയ ആശ്വാസത്തോടെയാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിച്ചത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ സ്കൂളിലെത്തി സംശയനിവാരണവും ചർച്ചകളും നടത്തിവരുന്നു. ഈ അധ്യയന വർഷത്തിന്റെ തുടക്കംതന്നെ ആശങ്കയോടെയായിരുന്നു. ഒരു മാസം കഴിയുമ്പോഴെങ്കിലും സ്കൂളുകൾ സാധാരണപോലെ പ്രവർത്തിക്കാൻ കഴിയുമെന്നായിരുന്നു തുടക്കത്തിലുള്ള പ്രതീക്ഷ. എന്നാലത് തുടർച്ചയായി നീണ്ടുപോയി. ഇതിനിടയിൽ രാജ്യത്തിനു  മാതൃകയായി അധ്യയന വർഷാരംഭത്തിൽത്തന്നെ ഓൺലൈൻ ക്ലാസുകൾക്ക് നാം തുടക്കമിട്ടു. ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്തവർക്ക് പ്രാദേശിക പിന്തുണയോടെ അതിന്‌ അവസരമൊരുക്കിക്കൊണ്ട് കേരളം മാതൃക തീർത്തു. പൊതു സമൂഹത്തിന്റെയാകെ പിന്തുണ ലഭിച്ചതോടെ ഓൺലൈൻ ക്ലാസുകൾക്ക്  കുട്ടികൾക്കിടയിൽ സ്വീകാര്യത ലഭിച്ചു. അധ്യാപകരാകട്ടെ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകളെ  കൂടുതൽ പോഷിപ്പിക്കുന്നതിനുള്ള പഠനപ്രവർത്തനങ്ങൾ നൽകി കുട്ടികളെ പിന്തുടർന്നു.

ഓൺലൈൻ ക്ലാസുകളും അധ്യാപകർ നൽകുന്ന പിന്തുണാ സംവിധാനങ്ങളും കുട്ടികൾക്ക് മാനസിക സംഘർഷമുളവാക്കുന്നതാകരുതെന്ന കാര്യത്തിലും നല്ല കരുതലാണ് നാം സ്വീകരിച്ചത്. ഇക്കാര്യത്തിൽ യഥാവസരം ആവശ്യമായ നിർദേശങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പും നിലകൊണ്ടു. ഓൺലൈൻ ക്ലാസുകൾ സാധാരണ ക്ലാസ് മുറി അനുഭവങ്ങൾക്ക് ബദലല്ലെന്ന കാര്യം നേരത്തേതന്നെ എല്ലാവർക്കും ബോധ്യമുണ്ടായിരുന്നു. സർക്കാരും ഇക്കാര്യം പങ്കുവയ്‌ക്കുകയുണ്ടായി. കൂട്ടുകൂടിയും പങ്കുവച്ചുമുള്ള സഹവർത്തിത പഠനത്തിന് വേണ്ടത്ര അവസരം കുട്ടികൾക്ക് ലഭിക്കാതെ പോയി. എന്നാൽ, സ്വന്തം അധ്യാപകർ ക്ലാസ് തലത്തിൽ ഓൺലൈനായി നൽകിയ പഠനപ്രവർത്തനങ്ങൾ വലിയൊരളവോളം ഇതിനെ മറികടക്കാൻ സഹായിച്ചു. അതോടൊപ്പം ഓൺലൈനായി സ്കൂളുകൾ നടത്തിയ  കലോത്സവങ്ങളും ശാസ്ത്രോത്സവങ്ങളും ദിനാചരണങ്ങളുമെല്ലാം   കോവിഡുകാലത്തെ അദൃശ്യതയെ അതിജീവിക്കുന്നതായിരുന്നു. മൊത്തത്തിൽ കുട്ടികളുടെ സജീവത നിലനിർത്താനും പഠനതൽപ്പരത വളർത്താനും സംവിധാനമാകെ ചലിക്കുകയുണ്ടായി.


 

കോവിഡ്‌ ഭീഷണിക്കിടയിൽ, പൊതു പരീക്ഷയെ അഭിമുഖീകരിക്കേണ്ടുന്ന വിദ്യാർഥികൾ കരുതലും ഒരുക്കവും നേരത്തേതന്നെ തുടങ്ങിയെന്നുവേണം കരുതാൻ. അതത്‌ വിഷയത്തിൽ അധ്യാപകർ നൽകിവന്ന പിന്തുണയും അവർ പ്രയോജനപ്പെടുത്തി. എന്നാൽ, ഇവയൊന്നും സാധാരണ ക്ലാസ് മുറികളിൽനിന്ന്‌ ലഭിക്കുന്ന അനുഭവങ്ങൾക്കൊപ്പമെത്തില്ലെന്ന കാര്യം വിസ്മരിക്കുന്നില്ല. അതോടൊപ്പം പഠനതത്വങ്ങളുമായും ശാസ്ത്രീയ പഠനരീതികളുമായും പൂർണമായും യോജിച്ചു പോകണമെന്നുമില്ല. പരിഷ്കരിച്ച പാഠ്യപദ്ധതിയും പഠനസമീപനവും നൽകിയ മികച്ച ക്ലാസ് റൂം അനുഭവങ്ങളിലൂടെ കടന്നുവന്ന കുട്ടികളാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ ഇടക്കാലത്തുണ്ടായ ക്ലാസ് റൂം അകൽച്ച അവരെ വലിയതോതിൽ ബാധിക്കാനിടയില്ലെന്ന്‌ നമുക്കാശ്വസിക്കാം.

പൊതുപരീക്ഷയ്ക്കുശേഷം നമ്മുടെ കുട്ടികൾ തുടർപഠനത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശ്രയിക്കാറുണ്ട്. പരീക്ഷ അലക്ഷ്യമായി നീളുന്നത് അവരെ ബാധിച്ചേക്കുമെന്നതും പരിഗണിക്കണം. ഈയൊരു പശ്ചാത്തലത്തിലാണ് പരീക്ഷ പതിവു സമയത്തുതന്നെ നടത്താനുള്ള സർക്കാർ തീരുമാനത്തെ കാണേണ്ടത്.


 

പരീക്ഷാ ചോദ്യങ്ങളുടെയും സിലബസിന്റെയും ക്രമീകരണത്തിൽ കുട്ടികളുടെ പക്ഷംനിന്നുള്ള തീരുമാനങ്ങൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. വിക്ടേഴ്സ് ചാനൽ വഴി നടത്തിയ ക്ലാസുകളും അധ്യാപകർ നൽകിയ പഠനപ്രവർത്തന പിന്തുണകളും ഇപ്പോൾ നടന്നുവരുന്ന ക്ലാസ് റൂം റിവിഷൻ പ്രവർത്തനങ്ങളും പരിഗണിച്ചാകും പരീക്ഷ എന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്. ഓരോ വിഷയത്തിലും ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ എസ്‌സിഇആർടി നിശ്ചയിച്ചു നൽകി. കൂടുതൽ ചോദ്യങ്ങളിൽനിന്ന്‌ നന്നായി പഠിച്ച ഭാഗങ്ങളിലെ ചോദ്യങ്ങൾ യഥേഷ്ടം തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരവും ലഭിക്കുന്ന തരത്തിലാണ് പരീക്ഷാ ക്രമീകരണം. നിശ്ചിത സമയത്തിനുള്ളിൽ കുട്ടികൾക്കറിയാവുന്ന എല്ലാ ചോദ്യത്തിനും ഉത്തരമെഴുതാൻ അവസരം നൽകിയത് ഗുണം ചെയ്യും. ഉത്തരത്തിന് പരീക്ഷയ്ക്ക് നിശ്ചയിച്ച പരമാവധി മാർക്കുവരെ നൽകുന്നത് പരിഗണിക്കുന്നുമുണ്ട്. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തും. ഒപ്പം പരീക്ഷാ ഭയം ഒഴിവാകുകയും ചെയ്യും.

പരീക്ഷാ തയ്യാറെടുപ്പിനായി ഇനി അവശേഷിക്കുന്ന സമയം സ്കൂളിനു പുറമെ നിന്നുള്ള പ്രാദേശികസഹായവും പ്രധാനമാണ്. കോവിഡ്‌ മാനദണ്ഡങ്ങൾക്കു വിധേയമായി അയൽപക്ക പഠനകേന്ദ്രങ്ങൾ ആരംഭിക്കണം. അടഞ്ഞുകിടക്കുന്ന പ്രൈമറി സ്കൂളുകൾ, വായനശാലകൾ, സാംസ്കാരിക നിലയങ്ങൾ തുടങ്ങിയവയെല്ലാം പരിഗണിക്കാം. അധ്യാപകരുടെ സേവനവും ഈ കേന്ദ്രങ്ങളിൽ ഉപയോഗിക്കണം. പരീക്ഷ കഴിഞ്ഞാലും ആവശ്യമായ ബ്രിഡ്ജ് ക്ലാസുകൾ നൽകാനും ഇത്തരം കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താം. മൊത്തത്തിൽ ഒരു ജനകീയോത്സവമായി പഠനവും പരീക്ഷയും മാറുമ്പോൾ കുട്ടികളുടെ മനസ്സ് കുളിർക്കും. ഒപ്പം ആശങ്കയില്ലാതെ തുടർപഠനമുറപ്പാക്കുകയും ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top