29 March Friday

മാറേണ്ടത് കാഴ്‌ചപ്പാടാണ്, വസ്‌ത്രമല്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

സമൂഹം മുന്നോട്ടു കുതിക്കുമ്പോൾ പിന്തിരിഞ്ഞു നടക്കാൻ പ്രേരിപ്പിക്കുന്ന പ്രസ്ഥാനങ്ങളും നേതാക്കളും ജനമനസ്സുകളിൽനിന്ന് തിരസ്‌കരിക്കപ്പെടുമെന്നുള്ളത് ചരിത്രസത്യമാണ്. ജാതീയവും മതപരവുമായ ഭിന്നിപ്പ് ഉണ്ടാക്കാനും ലിംഗനീതി നടപ്പാക്കാതിരിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു പരാജയപ്പെടുത്തിയാണ് നാട് മുന്നേറിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ മഹത്തായ ഭരണഘടന പൗരൻമാരുടെ സ്വാതന്ത്ര്യവും സമത്വവും വിഭാവനം ചെയ്യുന്നതാണ്. ഭരണഘടന കേവലം ഒരു നിയമപുസ്‌ത‌‌കമല്ല, അത് ജീവിതത്തിന്റെതന്നെ ചാലകശക്തിയാണ് എന്നാണ് ഭരണഘടനാ ശിൽപ്പിയായ ഡോ. അംബേദ്‌ക‌‌ർ അഭിപ്രായപ്പെട്ടത്. ഭരണഘടനയിൽ തുടിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ആത്മാവാണ് എന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്.

ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണരീതികളുടെയും പേരുപറഞ്ഞ് വെള്ളം കടക്കാത്ത അറകളായി മനുഷ്യരെ വേർതിരിച്ചു നിർത്തുന്നതിന് പിന്തിരിപ്പൻ ശക്തികൾ നടത്തിയ ശ്രമങ്ങളെ ചെറുത്തു പരാജയപ്പെടുത്തുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച പാരമ്പര്യം കേരളത്തിനുണ്ട്. ഐക്യകേരളപ്പിറവിക്കുമുമ്പ്‌ അടിമസമാനമായ ജീവിതം നയിച്ചിരുന്ന ജനതയെ പ്രാകൃതമായ ആചാരങ്ങളിൽനിന്നും വിശ്വാസപ്രമാണങ്ങളിൽനിന്നും മോചിപ്പിച്ചെടുക്കാൻ നടത്തിയ എണ്ണമറ്റ പ്രവർത്തനങ്ങളിലൂടെയാണ് നാട്ടിൽ മാറ്റമുണ്ടായത്. കീഴാളരുടെയും സ്‌ത്രീകളുടെയും ജീവിതം നരകതുല്യമായ  അവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നത് ജാതി–-ജൻമി–-നാടുവാഴിത്ത പ്രഭുത്വമായിരുന്നു. പുരുഷ മേധാവിത്വപരമായ മത–-ജാതി ചട്ടക്കൂടുകൾ വേർതിരിച്ചു നിർത്താൻ ശ്രമിച്ച ഒരു സാമൂഹ്യക്രമത്തിന് മാറ്റമുണ്ടാക്കിയത് നവോത്ഥാന നായകർ നടത്തിയ ശ്രമങ്ങളിലൂടെയാണ്. അരയ്‌ക്ക് മേൽപ്പോട്ട് വസ്‌ത്രം ധരിക്കാനും മുട്ടിനു കീഴ്പോട്ട് മുണ്ട് ഇറക്കിയുടുക്കാനും തലയിൽ തോർത്തുമുണ്ട് കെട്ടാനും വിദ്യാഭ്യാസം ചെയ്യാനും കീഴാളർക്ക് അവകാശമില്ലെന്ന് പ്രഖ്യാപിച്ചിരുന്ന  കാലത്ത്‌ സ്വതന്ത്ര ചിന്തയുടെയും അവകാശബോധത്തിന്റെയും വിത്ത് വീണുവെന്നതിനാലാണ് പടിപടിയായ മാറ്റങ്ങൾ സമൂഹത്തിലുണ്ടായത്.

സ്വന്തം ശരീരത്തിനുമേൽ തനിക്ക് മാത്രമാണ് അവകാശമെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് ഉണ്ടാക്കിക്കൊടുക്കാൻ ശ്രമകരമായ പ്രവർത്തനങ്ങൾ ആ കാലയളവിൽ നടന്നതിലൂടെയാണ് ഇഷ്ടമുള്ള വസ്‌ത്രം ധരിക്കാനും ആഭരണങ്ങൾ അണിയാനും കഴിഞ്ഞത്. ആത്മാഭിമാനത്തോടെ ഏതൊരാൾക്കും ജീവിക്കാൻ കഴിയുന്ന നാടായി കേരളം മുന്നോട്ട് കുതിക്കുമ്പോൾ പിന്തിരിപ്പൻ ആശയഗതിക്കാർക്ക് ഹാലിളകുന്നത് സ്വാഭാവികമാണ്. കേരളത്തിന്റെ സാമൂഹ്യനീതി വകുപ്പ് കൈകാര്യം ചെയ്തുകൊണ്ട് ദീർഘകാലം അധികാരത്തിലിരുന്ന മെഡിക്കൽ ബിരുദധാരികൂടിയായ നേതാവ് സ്കൂൾ കുട്ടികളുടെ വസ്ത്രധാരണം മതനിരാസത്തിന് വഴിവയ്‌ക്കുമോയെന്ന് ആശങ്കപ്പെടുക മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രി സാരിയുടുത്ത് നടക്കുമോയെന്ന് ചോദിക്കുകകൂടി ചെയ്തു. അദ്ദേഹം അഭിസംബോധന ചെയ്തത് വിദ്യാർഥി സമൂഹത്തെയാണെന്നത് എത്രമാത്രം അരോചകമാണ്.
വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ശരീരഭാഗങ്ങൾ മറയ്‌ക്കുന്നതിനുവേണ്ടി മാത്രമല്ല, അത് സഞ്ചാരസ്വാതന്ത്ര്യത്തിനും കാലാവസ്ഥയ്ക്കും ഉതകുന്നതും ധരിക്കുന്നവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്നതിനുള്ളതുമാകണം.  അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ നാനാഭാഗത്തും കുട്ടികൾതന്നെ ജെൻഡർ  ന്യൂട്രൽ യൂണിഫോമിനെ സർവാത്മനാ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തിട്ടുള്ളത്.

ലിംഗനീതി കൈവരിക്കുക എന്നത് വസ്‌ത്രധാരണത്തിലൂടെ സാധ്യമാകുന്നതല്ല. മാറേണ്ടത് സമൂഹത്തിന്റെ വീക്ഷണഗതിയാണ്. ലിംഗനീതി എന്നത് ഇന്ത്യൻ ഭരണഘടന എല്ലാ പൗരർക്കും ഉറപ്പ് നൽകുന്നതാണ്. ഭരണഘടന നിർമാണ ഘട്ടത്തിൽ ആൺ–-പെൺ തുല്യതയെന്ന കാഴ്ചപ്പാടാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ലിംഗഭേദം എന്നത് വിശാലമായ തലത്തിലേക്ക് ചർച്ച ചെയ്യപ്പെടേണ്ട ഒന്നായി മാറി.  വിവിധ ലിംഗസ്വത്വങ്ങളുടെയും സ്വന്തം ലിംഗസ്വത്വം വെളിപ്പെടുത്താനുള്ള പൗരാവകാശങ്ങളുടെയും പ്രശ്നംകൂടി ഉൾച്ചേർന്ന ലിംഗനീതിയെക്കുറിച്ചാകണം ഭരണസംവിധാനവും രാഷ്ട്രീയനേതൃത്വവും ചർച്ച ചെയ്യേണ്ടത്.

വസ്‌ത്രത്തിന്റെ തുമ്പുപിടിച്ച് കേൾവിക്കാരുടെ കൈയടി വാങ്ങി ആളാകാൻ നോക്കുന്ന പ്രവണതയാണ് ഇല്ലാതാകേണ്ടത്.  പുതിയ തലമുറയ്ക്ക് നല്ല ദിശാബോധം ഉണ്ടാക്കാൻ ഉതകുന്ന തരത്തിൽ നമ്മുടെ വിദ്യാഭ്യാസമേഖലയുടെ കാര്യക്ഷമമായ ഇടപെടലാണ്   അനിവാര്യം. അക്കാദമിക മേഖലകളിലെ പാഠപുസ്തക–- സിലബസ് നവീകരണം, തൊഴിൽ മേഖലകളിലെ സ്ത്രീകളുടെ സുരക്ഷിതത്വവും അവകാശ പരിരക്ഷയും ജെൻഡർ ബോർഡ് രൂപീകരണം, വനിതാ ശിശു വകുപ്പ് രൂപീകരണം എന്നിവയെല്ലാം കേരള സർക്കാരിന്റെ ലിംഗനീതി കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ്.

ലോകത്തെമ്പാടുമുള്ള ഭൂരിപക്ഷം മത പൗരോഹിത്യ വിഭാഗങ്ങൾ എന്നും ആണധികാരഘടന നിലനിർത്തുന്നതിന് ശ്രമിച്ച ചരിത്രമാണ് ഉള്ളത്. അവർ സ്വയം പരിഹാസ്യരായി മാറുകയും ചെയ്തിട്ടുണ്ട്. അത്തരക്കാർ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനങ്ങൾക്കകത്തും യുവതലമുറ പ്രതികരിക്കാനും പ്രതിഷേധിച്ച് രംഗത്തുവരാനും തയ്യാറാകുന്നുണ്ടെന്നത് പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്.  പൊതുവേദികളിൽ ജീൻസ് ധരിക്കുന്നതിനെയും കാലിൽ കാലുകയറ്റിയിരിക്കുന്നതിനെയും പൊതു ഇടങ്ങളിൽ ഒത്തുചേരുന്നതിനെയുമൊക്കെ തടയാൻ ശ്രമിക്കുന്നവർക്കെതിരെ പുതിയ തലമുറ പ്രതികരണങ്ങളുമായി മുന്നോട്ട് വരുന്നത്‌ ഏറെ പ്രതീക്ഷാനിർഭരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top