25 April Thursday

മായട്ടെ വേർതിരിവുകൾ - ഡോ. അബേഷ് രഘുവരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 16, 2021

വളയൻചിറങ്ങര സ്‌കൂളിൽ വർഷങ്ങൾക്കുമുമ്പ് നടപ്പാക്കിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരം യൂണിഫോം എന്ന സങ്കൽപ്പം ഇതാ പടരാൻ തുടങ്ങിയിരിക്കുന്നു. കോഴിക്കോട്‌ ബാലുശേരി ഗവ. സ്‌കൂളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരം യൂണിഫോം നിലവിൽവന്നു. ആൺകുട്ടികൾക്ക് നിക്കറും പെൺകുട്ടികൾക്ക് പാവാടയും നൽകിയ വേർതിരിവ് കാലംതന്നെ പൊളിച്ചെഴുതുന്നു. ഇവിടെ അവന് വസ്‌ത്രത്തിന്റെ നിയന്ത്രണമേതുമില്ലാതെ പറക്കാൻ കഴിയുമ്പോൾ അവൾക്ക്‌ വസ്ത്രമൊന്ന്‌ മാറിക്കിടക്കാൻ പോലും അനുവദിക്കാത്ത തരം നിയന്ത്രണങ്ങളിൽ തളച്ചിടപ്പെടുകയാണുണ്ടായത്. ഓട്ടമത്സരത്തിൽ പോലും പെൺകുട്ടി ഒരുകൈ പാവാടയിൽ ചേർത്തുവയ്ക്കേണ്ടിവരുന്നു. ഓട്ടത്തിനിടയിൽ വസ്‌ത്രം അൽപ്പമൊന്ന് മാറിയാൽ തീരുന്ന ചാരിത്ര്യമാണ് സമൂഹം നിർമിച്ചിരിക്കുന്ന സദാചാരത്തിന്റെ കെട്ട്. ആ നിയന്ത്രണത്തെ നിശ്ശബ്ദമായി വേരറുത്തിട്ട് രണ്ടു വർഷം കഴിഞ്ഞാണ് അത് കേരളം ചർച്ചചെയ്യാൻ പോലും തുടങ്ങുന്നത്. ബാലുശേരി സ്‌കൂൾകൂടി അത് ഏറ്റെടുത്തതോടെ അതുൾക്കൊള്ളാൻ സമൂഹം പാകമായെന്ന് ധ്വനിപ്പിക്കുന്നു. അങ്ങനെയെങ്കിൽ വിപ്ലവകരമായ മാറ്റങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.

ലിംഗസമത്വം ഇല്ലാതാകുന്നതാണ് മുക്കാൽ ശതമാനം കുറ്റകൃത്യങ്ങളുടെയും കാരണമെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. കാഴ്‌ചയിലുള്ള സ്‌ത്രീപുരുഷ വ്യത്യാസത്തെ അത്തരത്തിൽത്തന്നെ പ്രോജക്ട്‌ ചെയ്യുകയാണ് നാം ചെയ്യുന്നത്. കായികമായ വ്യത്യാസം ജനിതകമായ കാരണങ്ങളാലാണ്‌. അവിടംതൊട്ട് മനുഷ്യൻ അവരുടേതായ സംഭാവനകളിലൂടെ വേർതിരിക്കപ്പെടുന്നത് പുരുഷവർഗത്തിന്റെ ഗൂഢാലോചനയായി മാത്രമേ കാണാനാകൂ. ആ ഗൂഢാലോചനയുടെ ബാക്കിപത്രമാണ് ഇന്ന് പുരുഷന്റെയും സ്ത്രീയുടെയും വസ്ത്രധാരണത്തിലെ നിയന്ത്രണങ്ങൾ. അടുത്തിടെയുണ്ടായ മാറ്റങ്ങൾ പ്രശംസാർഹമാണ്‌. സ്‌കൂളിൽ നടപ്പാക്കിയ യൂണിഫോം വിപ്ലവം വലിയൊരു അളവിൽ ലിംഗസമത്വം ഉറപ്പാക്കി. ഇപ്പോഴുണ്ടായിരിക്കുന്ന വസ്ത്രധാരണത്തിലെ ചെറിയ മാറ്റം രണ്ടു കൈയും ആകാശത്തേക്ക് ഉയർത്തി അനന്തവിഹായസ്സിൽ പറക്കാൻ അവളെ പ്രാപ്‌തയാക്കുന്നു. ആത്മവിശ്വാസം വാനോളം ഉയരുന്നു. ഇതൊരു തുടക്കമായി കാണേണ്ടതുണ്ട്, പിന്നാലെ ഇത്തരം നിലപാടുകളിലെ സ്ത്രീപുരുഷ വ്യത്യാസത്തിന്റെ അന്തരം മെല്ലെമെല്ലെ കുറച്ചുകൊണ്ടുവരികയും വേണം. ഒരു പരിഷ്കൃത സമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ലിംഗസമത്വമാണ്. നല്ല കാൽവയ്‌പിനെ ലളിതവൽക്കരിച്ചുകൊണ്ട് തള്ളിക്കളയാതെ ഇത്രയേറെ പിന്തുണ നൽകിയ വിദ്യാഭ്യാസവകുപ്പിന് കൈയടിച്ചേ മതിയാകൂ.

യൂണിഫോമിലെ മാറ്റങ്ങൾ മാത്രംകൊണ്ട് അത് തീരുന്നില്ല. വെവ്വേറെ സ്‌കൂൾ എന്ന രീതിയും മാറേണ്ടതുണ്ട്. ലിംഗസമത്വം ചർച്ച ചെയ്യുന്ന ചില സമ്മേളനത്തിൽ വേദിയായി എഴുതിയിരിക്കുന്നത് ഗവ. ബോയ്സ് സ്‌കൂൾ എന്നോ ഗവ. ഗേൾസ് സ്‌കൂൾ എന്നോ കാണേണ്ടിവരുന്നത് എത്രമാത്രം വിരോധാഭാസമാണ്. പള്ളിക്കൂടങ്ങളിൽ വേർതിരിവ് സൃഷ്ടിച്ചവരുടെ മനസ്സിലെ ന്യായീകരണം എന്തായിരുന്നെന്ന് വ്യക്തമല്ല. ചില രക്ഷാകർത്താക്കളുടെ ചിന്താഗതികളിൽ തെളിയുന്നത് ടീനേജ് പ്രായത്തിൽ എതിർലിംഗത്തോട് തോന്നുന്ന ആകർഷണം വെവ്വേറെ സ്‌കൂളിൽ വിട്ടാൽ ഒഴിവാക്കാമെന്നതാണ്. എന്നാൽ, ആ കുട്ടികളെ സംബന്ധിച്ച് ഈ ആശങ്കയിൽ തുടങ്ങുകയാണ് നാളെ അവർ അനുഭവിക്കേണ്ടിവരുന്ന വേർതിരിവിന്റെ രാഷ്‌ട്രീയം. പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലും സഹകരണത്തിലും ഊട്ടിയുറപ്പിക്കേണ്ട അമൂല്യമായ ബന്ധങ്ങൾ അവിടെ ഇല്ലാതാകുകയാണ്. ഫലമോ, ആണും പെണ്ണും രണ്ടു ധ്രുവത്തിലുള്ള ജീവിവർഗങ്ങളായി വളരുന്നു. സമൂഹം വലിയ നിയന്ത്രണരേഖകൾ തയ്യാറാക്കുന്നു.

യൂണിഫോമിന്റെ മാറ്റങ്ങളുടെ ഗുണഗണങ്ങൾ പോലും വ്യക്തമാക്കിത്തന്നത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പാറിക്കളിക്കുന്ന വിദ്യാലയമുറ്റത്തിന്റെ സുന്ദരമായ ദൃശ്യംതന്നെയാണ്. അവിടെയാണ് സമത്വത്തിന്റെ സൗന്ദര്യം. ഇത്തരത്തിൽ സമത്വം ഉറപ്പാക്കുന്ന പുതിയ ശ്രേണികൾ തിരഞ്ഞുപിടിച്ച്‌ അതിലേക്ക് ധൈര്യപൂർവം നടന്നടുക്കാൻ സർക്കാർ തയ്യാറാകണം. ഇക്കാര്യത്തിൽ ഇടതുപക്ഷ സർക്കാരിനേക്കാൾ കൂടുതലായി ആർക്കും ചെയ്യാൻ കഴിയില്ലെന്നും ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. എതിർപ്പുകൾ സ്വാഭാവികമാണ്. പരമ്പരാഗതരീതികളോട് മുഖംതിരിക്കാനുള്ള ബുദ്ധിമുട്ടുകൾ പലർക്കുമുണ്ടാകും. പക്ഷേ, കാലത്തിന് മാറിയേ മതിയാവൂ. അടിച്ചമർത്തലുകളിൽ നൊന്തുകഴിയുന്നവർ അല്ല സ്വതന്ത്രമായി പാറിപ്പറക്കുന്നവരാണ് പരിഷ്കൃതലോകത്തിന്റെ സൗന്ദര്യം.

(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസി. പ്രൊഫസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top