26 April Friday

വേണം പ്രണയത്തിലും ലിംഗസമത്വം - ഡോ. സോണി ജോൺ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021


കഴിഞ്ഞ വെള്ളിയാഴ്ച  ഉച്ചയോടെ ആദ്യം ബ്രേക്കിങ്‌ ന്യൂസായും പിന്നീട് ഏറെ പ്രാധാന്യത്തോടെയും ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്ത കേരളത്തെയാകെ ഞെട്ടിച്ച ഒന്നായിരുന്നു. പാലാ സെന്റ് തോമസ് കോളേജിൽ നിതിനമോളെന്ന വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയിരിക്കുന്നു. മനഃസാക്ഷിയുള്ള ഒരാൾക്കും ഉൾക്കൊള്ളാനാകാത്ത ഒരു വാർത്ത. പിന്തിരിഞ്ഞു നോക്കുമ്പോൾ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇതുപോലുള്ള എട്ട്‌  കൊലപാതകമെങ്കിലും കേരളത്തിൽമാത്രം നടന്നിട്ടുണ്ടെന്നത് യുവാക്കൾക്കിടയിലെ ഈ പ്രവണതയെ ആഴത്തിൽ പഠിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.

പ്രണയമെന്ന നിർമലവികാരം മനുഷ്യരിൽ തളിരിടുന്നത് ഒരു സ്വാഭാവിക ജൈവപ്രതിഭാസമാണ്. വളർച്ചയുടെ കൗമാരഘട്ടത്തിലെത്തുന്നതോടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ അപ്പാടെ സ്വാധീനിക്കുന്ന ഹോർമോണുകളുടെ പ്രഭാവമാണ് ലൈംഗികവിചാരങ്ങൾക്ക് തുടക്കമിടുന്നതും എതിർലിംഗത്തിലുള്ള വ്യക്തികളോട് ആകർഷണം ഉണ്ടാക്കുന്നതും. അതുകൊണ്ടുതന്നെ കൗമാരക്കാർ ഏറെയുള്ള ക്യാമ്പസുകൾക്ക്, പ്രത്യേകിച്ചും സഹവിദ്യാഭ്യാസം നടക്കുന്ന ക്യാമ്പസുകൾക്ക്, ഏതുകാലത്തും പ്രണയവർണമാണ്. വളർച്ചയിലെ മേലെ സൂചിപ്പിച്ച പരിണാമം തീർത്തും ജൈവമായ ഏതൊന്നിനും സ്വാഭാവികമായുണ്ടാകാവുന്നതും പ്രത്യുൽപ്പാദനം നിലനിർത്താൻ പ്രകൃതിതന്നെ ജനിതകമായി കനിഞ്ഞു കരുതിയിട്ടുള്ള വ്യവസ്ഥയുമാണ്. പ്രണയമെന്ന വികാരത്തെ കൊണ്ടാടാത്ത ഒരു സമൂഹവും മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല. കാവ്യങ്ങളിലും കഥകളിലും നാടകങ്ങളിലും സിനിമകളിലുമെല്ലാം ഇതിഹാസതുല്യ പരിഗണനയാണ് പ്രണയത്തിനു ലഭിക്കുന്നത്. എന്നാൽ, കൗമാരത്തിൽ തളിരിടുന്ന പ്രണയം പലപ്പോഴും അപക്വവും പൂർണതയില്ലാത്തതുമാണ്. അതുകൊണ്ടുതന്നെ പ്രണയവും പ്രണയനൈരാശ്യവും ഒരുനാണയത്തിന്റെ ഇരുവശമെന്നപോലെ ഈ പ്രായത്തിലെ സ്ഥിരം പ്രതിഭാസങ്ങളാണ്. പ്രണയത്തെയും പ്രണയനൈരാശ്യത്തെയും ഒരു വ്യക്തി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അയാളുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ടെന്നതും വസ്തുതയാണ്. കാരണം, ജീവിതവിജയത്തെ നിശ്ചയിക്കുന്നതിൽ പലപ്പോഴും വിജയത്തേക്കാൾ പരാജയത്തെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിർണായകമാണ് എന്നതുതന്നെ. 

തുടർച്ചയായുണ്ടാകുന്ന ഇത്തരം പ്രണയദുരന്തങ്ങൾ വെറും കൗമാരചാപല്യം മാത്രമായി കാണുന്നത് ശരിയായ വിശകലനമാണെന്ന് കരുതാനാകില്ല. ഇതിൽ പങ്കാളിത്തത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലിംഗസമത്വത്തിന്റെയും ഘടകങ്ങൾക്ക് വ്യക്തമായ സ്വാധീനമുണ്ട്. സമൂഹത്തിൽ പൊതുവെയുള്ള ആൺകോയ്മയുടെ പ്രകടമായ പ്രതിഫലനംകൂടിയാണ് പ്രണയനിഷേധത്തെ തുടർന്നുള്ള ഇത്തരം കൊലപാതകങ്ങളെന്ന് അംഗീകരിക്കേണ്ടതുണ്ട്. പ്രണയം സ്വീകരിക്കുന്നതുപോലെതന്നെ അത് നിഷേധിക്കാനുള്ള പെൺകുട്ടിയുടെ അവകാശം തന്റെ തീർത്തും സാങ്കൽപ്പികമായ പുരുഷമേധാവിത്വത്തിനു നേരെയുള്ള ആക്രമണമായി കാണുന്ന ആൺകുട്ടികൾ ഒരു പരിഷ്കൃതസമൂഹത്തിലും ജീവിക്കാൻ ചേർന്നവരല്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെ മൂലക്കല്ലുകളായ സ്വന്തം മനസ്സിനും ശരീരത്തിനും മേലുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെയത്ര നികൃഷ്ട പ്രവൃത്തി വേറൊന്നില്ലതന്നെ.

ഇന്നത്തെ പെൺകുട്ടികൾ പഠനത്തിലും കളികളിലും മറ്റു ജീവിതമേഖലകളിലും ആൺകുട്ടികളേക്കാൾ ഒരുപടി മുന്നിൽത്തന്നെയാണ്. കേവല പേശീബലം കൊണ്ടുമാത്രം അവർക്കു ചുറ്റും അസ്വാതന്ത്ര്യത്തിന്റെ മതിൽ തീർക്കാമെന്ന വ്യാമോഹം ഒട്ടും യാഥാർഥ്യ ബോധത്തോടുകൂടിയുള്ളതല്ലെന്നു മാത്രമല്ല, ഒരു പരിഷ്കൃത സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഒട്ടും ചേർന്നതുമല്ല. ഇത്തരം പ്രവണതകളുടെ പ്രഭവകേന്ദ്രം കുടികൊള്ളുന്നത് ലിംഗസമത്വത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലാണെന്ന് നിസ്സംശയം പറയാം.

യൂറോപ്പിലെ സ്ത്രീശാക്തീകരണത്തിന് നിദാനമായത് രണ്ട് ലോകമഹായുദ്ധമാണെന്ന് സാമൂഹ്യശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. തോക്കെടുത്ത് നിവർന്നുനിൽക്കാൻ കെൽപ്പുള്ള പുരുഷപ്രജകളൊക്കെ പടിഞ്ഞാറൻ മുന്നണിയിലേക്ക് പോരിനുപോയപ്പോൾ വീടുനോക്കാൻ സ്ത്രീകൾക്ക് സർവാധികാരം കിട്ടിയതിൽ നിന്നാണത്രേ യൂറോപ്പിലും മറ്റും സ്ത്രീശാക്തീകരണം വാസ്തവീഭവിച്ചത്. സ്ത്രീശാക്തീകരണത്തിൽ ഇന്ത്യക്കാകെത്തന്നെ മാതൃകയായി വർത്തിക്കാൻ കേരളത്തിനായിരുന്നു. അതിൽത്തന്നെ കായികരംഗത്തെ കേരളവനിതകളുടെ മേൽക്കോയ്മ രാജ്യത്താകമാനം ഒരു കാലഘട്ടത്തിൽ വലിയ ചർച്ചകൾക്ക്  വഴിവച്ചിരുന്നു. പി ടി ഉഷയും ഷൈനി വിത്സനും എം ഡി വത്സമ്മയും മേഴ്സിക്കുട്ടനും നാമക്കുഴി സിസ്റ്റേഴ്‌സുമെല്ലാം അതിന്റെ പതാകവാഹകരായിരുന്നു. കേരള സ്ത്രീസമൂഹത്തെ ലോകസമക്ഷം പ്രതിഷ്ഠിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നഴ്സിങ് മേഖലയിലെ മുന്നേറ്റത്തെക്കുറിച്ചും ഇവിടെ പ്രതിപാദിക്കാതിരിക്കാനാകില്ല.

സ്ത്രീശാക്തീകരണത്തിൽ ഏറെ മുന്നേറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രണയ നൈരാശ്യത്തിൽനിന്നുടലെടുക്കുന്ന പ്രതികാരവും കൊലപാതകങ്ങളും ഉയർത്തുന്ന വിഘാതങ്ങളെ കണ്ടില്ലെന്നു നടിക്കാനാകില്ല. ഇത്തരം സംഭവങ്ങളൊഴിവാക്കാൻ ക്യാമ്പസുകളിൽ കൗൺസലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ  ബിന്ദുവിന്റെ  ആഹ്വാനത്തിന് അതുകൊണ്ടുതന്നെ വലിയ കാലിക പ്രസക്തിയുണ്ട്. കേരളസമൂഹം ലിംഗസമത്വത്തിനുള്ള നിശ്ശബ്ദവും അഹിംസാത്മകവുമായ ഒരു നിർണായക യുദ്ധം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലിംഗസമത്വത്തിനായുള്ള ആ നിശ്ശബ്ദ യുദ്ധം പൊതുവിടങ്ങളിൽ മാത്രമല്ല പയറ്റേണ്ടത്, നമ്മിലോരോരുത്തരുടെയും മനസ്സിലുംകൂടിയാണ്.

(ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിൽ അധ്യാപകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top