23 April Tuesday

സാങ്കേതികവിദ്യയുടെ ചിറകിലേറാം

ഡോ. മാളു ജിUpdated: Monday May 9, 2022

ലോകനന്മയ്ക്കും സുസ്ഥിര വികസനത്തിനും ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവയ്ക്കുന്ന 17 സുസ്ഥിര വികസനലക്ഷ്യത്തിൽ അഞ്ചാമത്തതാണ് ലിംഗസമത്വം. അവസരങ്ങൾ സ്ത്രീ–-പുരുഷ ഭേദമന്യേ സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യമാണ് ലിംഗസമത്വം. 17 സുസ്ഥിര വികസന പദ്ധതി ഓരോന്നും മറ്റ് 16 പദ്ധതിയുടെ സഹായത്തോടെ മാത്രമേ വിജയത്തിലെത്തിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് ഇതിന്റെ സവിശേഷത. സുസ്ഥിര വികസന ലക്ഷ്യങ്ങളായ ലിംഗസമത്വം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നിർമാർജനം, ആരോഗ്യസുരക്ഷ മുതലായവ സ്വായത്തമാക്കിയെങ്കിൽ മാത്രമേ സമാധാനവും നീതിയും ശക്തമായ രാഷ്ട്രവും കെട്ടിപ്പടുക്കാൻ സാധിക്കൂ.

റോബോട്ടിക്സ്, മെക്കാനിക്കൽ തുടങ്ങി സാങ്കേതികമേഖലകളിലെ ജോലികളെല്ലാം ആൺകുട്ടികൾ പഠിക്കുന്നതാകും നന്നാവുക എന്നൊരു പൊതുചിന്താഗതിയുണ്ട്‌. പക്ഷേ, ഇനി വരുന്നകാലം പഠന വിഷയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ചുകളയുമെന്നാണ് പുതിയ വിദ്യാഭ്യാസനിരീക്ഷണങ്ങൾ പറയുന്നത്. സ്കൂൾകാലം മുതലേ ഗണിതവും ശാസ്ത്രവും പഠിക്കാനും കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്താനും  ഡിജിറ്റൽ ടെക്നോളജിയിൽ താൽപ്പര്യം നേടാനും പെൺകുട്ടികളെയും അച്ഛനമ്മമാരും അധ്യാപകരും പ്രേരിപ്പിക്കണം. പുതു ആശയങ്ങളുടെ വിശാലലോകം ഇതിലൂടെ കെട്ടിപ്പടുക്കാൻ സാധിക്കും. വൈവിധ്യമാർന്ന സാമൂഹ്യപശ്ചാത്തലത്തിലുള്ള  എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും ലഭ്യമാക്കുന്ന സുസ്ഥിര ഭാവിയായിരിക്കണം നമ്മുടെ ലക്ഷ്യം.

കലയും ചരിത്രവുംമുതൽ നിയമവും പ്രാഥമിക അധ്യാപനവുംവരെയുള്ള തൊഴിലുകളിൽ സാങ്കേതികവിദ്യ ഇന്ന് സുപ്രധാനമായ പങ്ക് വഹിക്കുന്നു. കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമുള്ള അക്ഷയഖനിയായി മാറിയിരിക്കുന്നു ഇന്ന് ഇന്റർനെറ്റ്.  ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ദൃഢനിശ്ചയവും ആത്മവിശ്വാസവും നവസാങ്കേതിക പരിജ്ഞാനവും സ്ത്രീ സമൂഹത്തിന് വേണം.  
കോവിഡ് കാലത്തെ അതിജീവിക്കാൻ ഡിജിറ്റൽ ടെക്നോളജികൾ സഹായിക്കുന്നതുപോലെ, മറ്റ് മേഖലകളിലെ പ്രശ്നപരിഹാരത്തിനും ഡിജിറ്റൽ സാങ്കേതികതയ്ക്ക് നിർണായക പങ്ക് വഹിക്കാൻ സാധിക്കും. സമൂഹ മാധ്യമങ്ങളിലും പഠന മുറികളിലും തൊഴിലിടങ്ങളിലും പെൺകുട്ടികൾ സാങ്കേതിക വിപ്ലവത്തിന്റെ ഭാഗമാകേണ്ടതുണ്ട്‌. സ്ത്രീകളും പെൺകുട്ടികളും നവസാങ്കേതികവിദ്യയിലും ഇന്റർനെറ്റിലും പരിജ്ഞാനം നേടിയാൽ, അവർക്ക് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും നവ ഉൽപ്പന്നങ്ങൾക്കു പുതുവിപണി കണ്ടെത്താനും മികച്ച ശമ്പളമുള്ള ജോലിനേടാനും വിദ്യാഭ്യാസ,- ആരോഗ്യ,- സാമ്പത്തിക സേവനങ്ങൾ നേടിയെടുക്കാനും സാധിക്കും. 

നവലോകം സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളുടേതാണ്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയിൽ പെൺകുട്ടികളെ സജ്ജമാക്കുക വഴി വൈവിധ്യമാർന്ന തൊഴിൽ മേഖലകളിൽ വിജയകരമായ നേട്ടങ്ങൾ അവർക്കു കൈവരിക്കാൻ സാധിക്കും. നവ കേരളത്തിലേക്ക്‌ ചുവടുറപ്പോടെ നീങ്ങുന്ന ജനകീയ സർക്കാരിന്റെ പ്രവൃത്തിപഥങ്ങളിൽ പെൺകുട്ടികളുടെ ഡിജിറ്റൽ സാങ്കേതിക പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.

(കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നൊവേഷൻസ് ആൻഡ്‌ ടെക്നോളജിയിലെ റിസർച്ച് ഓഫീസറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top