25 April Thursday

മാറേണ്ട കാഴ്ചപ്പാടുകൾ - ഡോ. കീർത്തിപ്രഭ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

കഴിഞ്ഞദിവസം ചാനൽചർച്ചയിൽ മലയാള സിനിമയിലെ ഒരു അഭിനേത്രി പെൺകുട്ടികളെ സംബന്ധിച്ച്‌ പ്രകടിപ്പിച്ച അഭിപ്രായപ്രകടനങ്ങൾ വലിയ ചർച്ചയായി. സ്ത്രീകളിൽ എപ്പോഴും ഒരു വിധേയത്വം ഉണ്ടാക്കിയെടുക്കാൻ പൊതുസമൂഹത്തിൽ ഒരുവിഭാഗം ആഗ്രഹിക്കുന്നുണ്ട്. അത്തരം ‘സർവംസഹ’കളായ സ്ത്രീകൾക്ക്‌ കൈയടി കിട്ടുന്നുമുണ്ട്‌. അവരുടെ പ്രതിനിധിയാണ്‌ ആ അഭിനേത്രിയും. ആണധികാര നിർമിതികൾ രൂപകൽപ്പന ചെയ്തിട്ടുള്ള സ്ത്രീകളുടെ പ്രതീകം. ഏറ്റവും പരിഗണനയുള്ളതും ജീവിതം തങ്ങളുടെ ഇഷ്ടംപോലെ ആസ്വദിക്കുന്നതും വസ്ത്രധാരണത്തിലും യാത്രയിലും അഭിപ്രായങ്ങളിലുമെല്ലാം സ്വാതന്ത്ര്യമുള്ളവരാണ്‌ കല‐സിനിമാ മേഖലയിലുള്ളവർ എന്നാണ് ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത്. അങ്ങനെ സമൂഹത്തിന്റെ മുമ്പിൽ ‘പ്രിവിലേജ്ഡ്’ ആയിട്ടുള്ള ആ സിനിമാതാരംപോലും ഈ രീതിയിലാണ് ചുറ്റുമുള്ളവരാൽ മെരുക്കിയെടുക്കപ്പെട്ടിട്ടുള്ളത്. അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ‘‘പെമ്പിള്ളേര് ചെയ്തു പഠിക്കണം ചേട്ടാ, നമ്മൾ ആർട്ടിസ്‌റ്റൊക്കെ കല്യാണം കഴിയുന്നതുവരേയുള്ളൂ, അത് കഴിഞ്ഞാൽ നമ്മള് വീട്ടമ്മയാണ്, അപ്പോൾ ജോലി ചെയ്തു പഠിക്കണം, ഇവളും വേറെ വീട്ടിൽ കയറിച്ചെല്ലാൻ ഉള്ളതല്ലേ''. ഇതു പറഞ്ഞുകഴിഞ്ഞപ്പോൾ അവർക്ക്‌ കിട്ടിയ നിറഞ്ഞ കൈയടി സ്ത്രീകൾ വീട്ടകങ്ങളിൽ ഒതുങ്ങണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്റെ സന്തോഷപ്രകടനമാണ്.

പുരുഷൻ മുറ്റം അടിച്ചാൽ, ചായയിട്ടാൽ ഇതൊന്നും ചെയ്യാൻ ഇവിടെ പെണ്ണുങ്ങൾ ഇല്ലേയെന്ന് ചോദിക്കുന്ന ചിലർ ചുറ്റുമുള്ളതുകൊണ്ട് പല പുരുഷന്മാർക്കും നാണമാണ് അതൊക്കെ ചെയ്യാൻ. എപ്പോഴാണ് ഈ നാണംമാറി ഇതൊക്കെ കൂട്ടുത്തരവാദിത്വമാണെന്ന് ബോധ്യമുള്ള പുരുഷോത്തമൻമാർ ഉണ്ടാകുക. പുരുഷൻമാരെ വീട്ടുജോലി ചെയ്യിക്കാതെ അതൊക്കെ ഞാൻ ചെയ്തോളാം എന്നുപറയുന്ന സർവംസഹകളായ സ്ത്രീകളും അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും പറ്റി ബോധ്യമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ പങ്കാളികളാണ്. ചില വീടുകളിൽ തീൻമേശയ്ക്കു മുമ്പിലിരുന്ന്‌ ഉത്തരവ്‌ കൊടുക്കുന്ന അച്ഛനെയും അച്ഛനു ഭക്ഷണം വിളമ്പാൻ പിടയ്ക്കുന്ന അമ്മയെയും കണ്ടുവളരുന്ന കുട്ടികൾ എങ്ങനെയാണ് ലിംഗനീതിയെക്കുറിച്ച് ബോധവാൻമാരാകുക. കാലുവേദനയും മുട്ടുവേദനയുംകൊണ്ട് വലയുന്ന സ്വന്തം അമ്മയും അത്ര വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്ത ഭർത്താവിന്റെ അച്ഛനും മുന്നിൽ നിൽക്കുമ്പോൾ ഒരു മകൾ/മരുമകൾ ഭർത്താവിന്റെ അച്ഛനെ ശുശ്രൂഷിക്കാൻ പരിശീലിപ്പിക്കപ്പെട്ടവരാണ്. അമ്മ വയ്യെങ്കിലും എല്ലാ ജോലിയും എങ്ങനെയെങ്കിലുമൊക്കെ ചെയ്തോളും. കാരണം അവർ സ്ത്രീയാണ്. ഇത്തരം വ്യവസ്ഥിതികൾ കാലങ്ങളായി തുടരുന്നത് മകൻ കൂട്ടുകാരോടൊത്ത് കറങ്ങിനടക്കുമ്പോൾ മകളെ ചാനലിൽ നടി പറഞ്ഞതുപോലെ അത്യാവശ്യം ക്ലീനിങ്ങും വീട്ടുജോലികളുമൊക്കെ ചെയ്യിപ്പിക്കുന്നതിന്റെ ഫലമായിട്ടാണ്.

ഒരു കുട്ടിയെ സ്വതന്ത്രമായി ജീവിക്കാൻ പഠിപ്പിക്കുമ്പോൾ സാമ്പത്തികഭദ്രത ഉണ്ടാക്കാനും വീട്ടുജോലികൾ ചെയ്യാനും സ്വന്തം കാര്യം നോക്കാനുമൊക്കെ പ്രാപ്തരാക്കേണ്ടതായി വരും. അതല്ലാതെ പെൺകുട്ടികൾ ഈ ജോലികൾ ചെയ്യണം, ആൺകുട്ടികൾ ഈ ജോലികൾ ചെയ്യണം എന്നൊക്കെ പറഞ്ഞു പഠിപ്പിക്കുന്നത് വിധേയത്വത്തിലേക്കും അടിമത്തത്തിലേക്കുമാണ് നയിക്കുക. ഊഷ്മളമായ ബന്ധങ്ങൾ ഉണ്ടാകണമെങ്കിൽ പരസ്പര സഹകരണവും പരസ്പരബഹുമാനവും ഉണ്ടാകണം. ആൺകുട്ടികൾ അടുക്കളപ്പണി പഠിച്ചാൽ മുഖ്യധാരയിൽനിന്ന്‌ തഴയപ്പെടുമോ? കുട്ടികൾ മറ്റു കഴിവുകൾക്കൊപ്പം അടുക്കളയിലും തിളങ്ങട്ടെ, വീട്ടുജോലികൾ പഠിപ്പിക്കുന്നത് ഇത്ര മോശം കാര്യമാണോ?

സ്ത്രീ മുന്നേറ്റങ്ങൾ അനിവാര്യമായി നടക്കേണ്ടുന്ന, പാഠപുസ്തകങ്ങളിൽനിന്നുവരെ ലിംഗവിവേചനപരമായ പദപ്രയോഗങ്ങൾ എടുത്തുകളയണമെന്ന് നിർദേശങ്ങൾ ഉയരുന്ന, തുല്യനീതി ഉറപ്പാക്കാൻ ഉച്ചത്തിൽ ശബ്ദിക്കുന്ന സമൂഹമാണ് നാം. അതിനെപ്പറ്റി ഒരു ബോധ്യവുമില്ലാത്ത ചില മനുഷ്യർ ഇപ്പോഴുമുണ്ടെന്നത് വല്ലാത്തൊരു ആശങ്കയാണ്. എല്ലാവരും അങ്ങനെയല്ല എന്ന കാര്യവും ഓർക്കണം.

നഗരത്തിലെ ആഡംബര വീട്ടിലെ എസി മുറിയിലിരുന്ന് ഗ്രാമവിശുദ്ധിയെപ്പറ്റി സംസാരിക്കുന്ന ചിലരുണ്ട്. അവർക്കൊരിക്കലും ഗ്രാമജീവിതത്തിലേക്ക് തിരിച്ചുപോകണമെന്ന് ആത്മാർഥമായി ആഗ്രഹമില്ല. നാഗരികതയുടെ എല്ലാ സുഖസൗകര്യവും വേണം. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതലക്ഷ്യം മറ്റൊരു വീട്ടിലെ അടുക്കളയാണെന്ന് പറഞ്ഞുവയ്‌ക്കുന്ന ക്രൂരതകൾ ദയവുചെയ്ത് ഇനിയും വിളമ്പരുത്‌.

(കണ്ണൂർ മട്ടന്നൂരിൽ ദന്തഡോക്ടറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top