23 May Monday

സ്‌ത്രീപക്ഷ നവകേരളം - തദ്ദേശ ഭരണ മന്ത്രി എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021

സ്‌ത്രീകളെ അരികുവൽക്കരിക്കുന്ന സാമൂഹ്യപ്രവണതകളെ ഇല്ലാതാക്കാനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. സ്‌ത്രീ സുരക്ഷയിലും ശാക്തീകരണത്തിലും രാജ്യത്ത് മുന്നിലാണ് കേരളം. എങ്കിലും സ്‌ത്രീധനത്തിന്റെപേരിലും സ്‌ത്രീപീഡനങ്ങളെത്തുടർന്നും കൊലപാതകങ്ങളും ആത്മഹത്യകളും  നടക്കുന്നുണ്ട്. കേരളത്തിന്റെ മികവുകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് സ്‌ത്രീകൾക്ക് നേരെയുള്ള ഏത് അക്രമവും. ഈ പശ്ചാത്തലത്തിലാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്‌ത്രീപക്ഷ സാമൂഹ്യസാക്ഷരത വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ, 2021 ഡിസംബർ 18 മുതൽ അന്താരാഷ്ട്ര വനിതാദിനമായ 2022 മാർച്ച് എട്ടുവരെ സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്‌ത്രീധനത്തിനെതിരെ, സ്‌ത്രീ പീഡനത്തിനെതിരെ സ്‌ത്രീപക്ഷ നവകേരളമെന്ന മുദ്രാവാക്യമുയർത്തി സ്‌ത്രീകളോടൊപ്പം പുരുഷൻമാരും ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരും കൈകോർത്തുകൊണ്ട് സ്‌ത്രീപക്ഷ നവകേരളം സാധിതമാക്കുകയാണ്.

ജാതിജന്മി നാടുവാഴിത്ത വ്യവസ്ഥയുടെ കാലത്ത് ഫ്യൂഡൽ ജീർണതയുടെ തീപ്പൊള്ളലേറ്റ സമൂഹമായിരുന്നു നമ്മുടേത്. സാമൂഹ്യപരിഷ്‌കരണ, നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലുകൾ ഇതിന് മാറ്റമുണ്ടാക്കി. രാജ്യത്താകെ സ്‌ത്രീപക്ഷചിന്തയും മഹിളാ പ്രസ്ഥാനങ്ങളും രൂപംകൊണ്ടത് നവോത്ഥാനത്തെ തുടർന്നാണ്. കേരളത്തിലും അങ്ങനെയായിരുന്നു. ജനിതകമായ വിവേചനവും അസമത്വവും അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അന്ന് തുടക്കമായി. സതി, ശൈശവ വിവാഹം, വിധവാവിവാഹ നിരോധനം, പിതൃസ്വത്തിൽ പെൺമക്കൾക്ക് അവകാശമില്ലായ്മ, വിദ്യാഭ്യാസ നിഷേധം, ബഹുഭാര്യാത്വം തുടങ്ങി നിരവധി സ്‌ത്രീവിരുദ്ധതകൾ പ്രക്ഷോഭങ്ങൾക്ക് കാരണമായി. കേരളത്തിൽ തോൽവിറക് സമരം, മാറുമറയ്ക്കൽ സമരം, കല്ലുമാല സമരം തുടങ്ങി അനേകം പ്രക്ഷോഭങ്ങളുണ്ട്. സ്‌ത്രീപക്ഷത്ത് നിൽക്കാനുള്ള സമൂഹത്തിന്റെ വെമ്പലായിരുന്നു അവ. സമരമുഖങ്ങളിൽ തിളക്കമായി മാറിയ പെൺതാരകങ്ങൾ നിരവധിയാണ്. അറിയപ്പെടാത്ത വനിതാപോരാളികൾ അതിലേറെയും. 1800കൾക്ക് മുമ്പ് ആരംഭിച്ച മാറുമറയ്‌ക്കൽ സമരത്തെ രാജ്യത്തെ ആദ്യത്തെ സ്‌ത്രീമുന്നേറ്റമെന്ന്  വിശേഷിപ്പിച്ചാൽ തെറ്റാകില്ല. കേരളത്തിലെ ആദ്യത്തെ പൗരാവകാശ പോരാട്ടമായും അതിനെ രേഖപ്പെടുത്താം. ചാന്നാർ സ്‌ത്രീകൾക്ക് മാറുമറയ്‌ക്കാ നുള്ള അവകാശത്തിനായുള്ള സമരം വിജയം കണ്ടു. ഘോഷ ബഹിഷ്‌കരിച്ചുകൊണ്ടാണ് നമ്പൂതിരി സ്‌ത്രീകൾ മുഖ്യധാരയിലേക്ക് വന്നത്. ലക്കിടിയിലെ തൊഴിൽ കേന്ദ്രം സ്‌ത്രീകളുടെ കമ്യൂൺ ആയിരുന്നു. നൂൽനൂൽപ്പും നെയ്ത്തും തുന്നലുമായി ആത്മാഭിമാനത്തോടെ സ്‌ത്രീകൾ ജീവിച്ചു. മലയാളത്തിലെ ആദ്യത്തെ സ്‌ത്രീപക്ഷ നാടകമായ ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ രൂപംകൊള്ളുന്നത് ആ പശ്ചാത്തലത്തിലാണ്.


 

ഇത്തരം സാമൂഹ്യപരിഷ്‌കരണങ്ങളുടെ തുടർച്ച ഏറ്റെടുത്തത് പുരോഗമന പ്രസ്ഥാനമാണ്. അവരുടെ നേതൃത്വത്തിൽ കലാ-സാംസ്‌കാരിക രംഗത്ത് നടന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ പുരോഗമന ആശയങ്ങൾക്ക് സ്വാധീനമുണ്ടാക്കി. എതിർപ്പുകളെ അവഗണിച്ചുകൊണ്ട് മിശ്രവിവാഹങ്ങളും വിധവാവിവാഹങ്ങളും ധാരാളമായി നടന്നു. ജാതി-മത വേർതിരിവുകൾക്ക് എതിരായ സമരംകൂടിയായിരുന്നു അവ. സമൂഹം പൊതുവെ അതിന് പിന്തുണയേകി. ഇത്തരത്തിലുള്ള എണ്ണമറ്റ പോരാട്ടങ്ങളും ഇടപെടലുകളുമാണ് കേരള സമൂഹത്തെ നവീകരിച്ചത്. പ്രബുദ്ധമാക്കിയത്. എന്നാൽ, പുരോഗമന ആശയങ്ങളിൽനിന്ന് പിറകോട്ട് പോകാനുള്ള പ്രവണത പിൽക്കാലത്ത് സമൂഹത്തിൽ കാണുന്നുണ്ട്. വർഗീയതയുടെ വളർച്ചയും പിന്തിരിപ്പൻ ആശയങ്ങളുടെ വ്യാപനവും നവ ഉദാരവൽക്കരണ -സ്വകാര്യവൽക്കരണ നയങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ടതും വഴി ഉണ്ടായിവന്ന ആശയപരിസരം ഇക്കാലത്ത് സ്‌ത്രീവിരുദ്ധതയുടെ അടിത്തറയെ ബലപ്പെടുത്തുന്നു. ആഗോളവൽക്കരണകാലം പെണ്ണിനെ വെറും ശരീരമായും ഉപഭോഗവസ്‌തുവായും വിപണിവൽക്കരിക്കുകയാണ്. അത് മുതലാളിത്തത്തിന്റെ താൽപ്പര്യമാണ്.


 

വർഗീയത അധികാരത്തിലെത്തുമ്പോൾ സ്ത്രീകളുടെ പദവി പിറകോട്ടടിക്കും. സ്വയംഭരണം, സാമ്പത്തിക സ്വാതന്ത്ര്യം, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളിലുള്ള അവകാശങ്ങളും ദുർബലമാകും. ഈ ഘട്ടത്തിലാണ് രാജ്യത്ത് സ്‌ത്രീകൾക്കെതിരായ വിവിധ തലങ്ങളിലുള്ള ആക്രമണങ്ങൾ പെരുകുന്നത്. കൊലപാതകങ്ങളും സൈബർ കുറ്റകൃത്യങ്ങളും രാജ്യത്ത് വർധിക്കുന്നു. ആദിവാസി, പട്ടികജാതി, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിനൊപ്പം സാമൂഹ്യമായ അവകാശങ്ങളും നിഷേധിക്കുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ സ്‌ത്രീവിരുദ്ധത പ്രകടിപ്പിക്കുന്നതിൽ മത്സരിക്കുകയാണ്. എന്നാൽ, കേരളം ഇതിൽനിന്ന് വ്യത്യസ്‌തമായ തലത്തിലാണുള്ളത്. പുരോഗമനപരമായ ഇച്ഛാശക്തിയോടെ കേരളത്തിലെ സ്‌ത്രീത്വം മുന്നോട്ടുപോകാനായുമ്പോൾ വർഗീയതയടക്കമുള്ള പിന്തിരിപ്പൻ ശക്തികൾ സ്‌ത്രീകളെ അടുക്കളത്തൊഴുത്തിൽ കെട്ടിയിടാൻ ശ്രമിക്കുകയാണ്. ജൻഡർ ന്യൂട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട് കേരളത്തിലുടലെടുത്ത വിവാദംപോലും അത്തരത്തിലുള്ളതാണ്. സ്‌ത്രീത്വത്തെ വിൽപ്പനച്ചരക്കാക്കാൻ ശ്രമിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയും അതിന്റെ ആഗോളതാൽപ്പര്യങ്ങളും എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്നും ലാഭം കുന്നുകൂട്ടണമെന്നുമുള്ള ആർത്തിയെയാണ് വളർത്തുന്നത്. മാനുഷിക മൂല്യങ്ങളും സമത്വബോധവും തുല്യതാസങ്കൽപ്പവും ഇതിലൂടെ അട്ടിമറിക്കപ്പെടുന്നു.  നിയമത്തിന്റെ വഴിയിൽമാത്രം സമൂഹത്തെ മാറ്റിയെടുക്കാനാകില്ല. അതിനാലാണ് കുടുംബശ്രീ സ്‌ത്രീപക്ഷ നവകേരളം യാഥാർഥ്യമാക്കാൻ ഒരു ബൃഹത് പരിപാടിയുമായി മുന്നോട്ടുവരുന്നത്.

സ്‌ത്രീവിരുദ്ധമായ പൊതുബോധമാണ് സമൂഹത്തിൽ അലയടിക്കുന്നത്. കുടുംബം നിലനിർത്താൻ സ്‌ത്രീകൾ എന്തും സഹിക്കണമെന്നത് അതിലൊന്നു മാത്രമാണ്. യുവതികളെ പീഡനങ്ങളിലേക്ക് തള്ളിയിടുന്നതിന് ഇതൊരു കാരണമാണ്. സ്‌ത്രീപുരുഷ തുല്യത തുടങ്ങേണ്ടത് ഓരോ വീട്ടിൽനിന്നുമാണ്. പെൺകുട്ടികളെ വ്യക്തിത്വമുള്ളവരും തന്റേടമുള്ളവരുമാക്കി മാറ്റണം. വിദ്യാഭ്യാസവും ജോലിയുമാണ് അതിനാവശ്യം.  പ്രതികരണശേഷിയും സ്‌ത്രീകളിൽ ഉണ്ടാകണം. സ്‌ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിൻ അംബാസഡറായ നിമിഷാ സജയൻ അഭിനയിച്ച ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കാണുകയുണ്ടായി. അതിൽ ആൺകോയ്‌മാവീട്ടകത്തേക്ക് വിവാഹിതയായി വരുന്ന ഒരു പെൺകുട്ടി അനുഭവിക്കേണ്ടിവരുന്ന യാതനകളെ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്. കുടുംബാന്തരീക്ഷങ്ങളിലെ മാറ്റം പരമപ്രധാനമായ കാര്യമാണ്. അല്ലാതെ സ്‌ത്രീകൾ നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകില്ല.


 

സംസ്ഥാന സർക്കാർ  വികസന ആസൂത്രണ നിർവഹണപ്രക്രിയയിൽ ലിംഗപദവി പരിഗണനയോടുകൂടിയ സമീപനം ഉറപ്പുവരുത്താനുള്ള നയവുമായാണ് മുന്നോട്ടുപോകുന്നത്. സ്‌ത്രീശാക്തീകരണത്തിന് വഴികാട്ടിയായ കുടുംബശ്രീ പ്രസ്ഥാനം യുവതീ ഓക്‌സിലറി ഗ്രൂപ്പ് പോലുള്ള കൈവഴികളിലൂടെ എല്ലാ വിഭാഗം സ്‌ത്രീകളിലേക്കും പടരുകയാണ്. 2015-–-16ൽ കുടുംബശ്രീക്കുള്ള ബജറ്റ് വിഹിതം 75 കോടി രൂപയായിരുന്നെങ്കിൽ, 2021-–-22ൽ അത് 300 കോടിയായി ഉയർത്തി. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക കോടതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും സ്‌ത്രീപീഡന പരാതി നൽകുന്നതിനായി "അപരാജിത' എന്ന ഓൺലൈൻ സംവിധാനമുണ്ടാക്കിയതും സർക്കാരിന്റെ സ്ത്രീപക്ഷ കാഴ്ചപ്പാടിന്റെ ഭാഗമാണ്. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ "സ്‌ത്രീ അതിക്രമവിമുക്ത പ്രദേശ'ങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാരുള്ളത്. സ്‌ത്രീപക്ഷ നവകേരളത്തിലൂടെ ശക്തമായ ബോധവൽക്കരണവും അയൽക്കൂട്ട തലത്തിൽ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ അടയാളപ്പെടുത്തുകയും ചെയ്യും. സ്‌ത്രീപക്ഷ നവകേരളത്തിന് മുഖ്യമന്ത്രി തിരിതെളിച്ചതിനുശേഷമുള്ള നാളുകളിൽ അയൽക്കൂട്ട, വാർഡ്, തദ്ദേശഭരണ സ്ഥാപന, ജില്ലാ തലങ്ങളിൽ സ്‌ത്രീപക്ഷ കർമപദ്ധതി തയ്യാറാക്കും. സാർവദേശീയ വനിതാദിനമായ മാർച്ച് എട്ടിന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവിൽ സ്‌ത്രീപക്ഷ നവകേരളത്തിന്റെ സംസ്ഥാന കർമപദ്ധതി പ്രഖ്യാപിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. വീട്ടകങ്ങളിൽനിന്ന്‌ തുടങ്ങി സമൂഹത്തിന്റെ എല്ലാ അടരുകളെയും സ്‌ത്രീപക്ഷമാക്കാനുള്ള പരിശ്രമമാണ് ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top