08 December Friday

യഥാർഥ ഗാന്ധിജിയെ ആദരിക്കുമ്പോൾ

കെ എന്‍ ഗണേഷ്Updated: Monday Oct 2, 2023

ഗാന്ധിജയന്തി നാം വീണ്ടും ആചരിക്കുകയാണ്. ഇതിനിടയിൽ ഗാന്ധിജിയെക്കുറിച്ചുള്ള നിലപാടുകളിൽ മാറ്റംവന്നിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്‌ സർവതും സമർപ്പിച്ച ത്യാഗിവര്യൻ, രാഷ്ട്രപിതാവ്, സഹനപ്രതിരോധത്തിന്റെ ഉപജ്ഞാതാവ്–- ഏറ്റവും  അവസാനം ഗാന്ധിവധത്തിന്റെ ചരിത്രപരമായ പ്രാധാന്യംവരെ ചർച്ചാവിഷയമാണ്.

 പാശ്ചാത്യനാടുകളിലെ പ്രതിരോധപ്രവർത്തകർ ഗാന്ധിജിയുടെ ധാർമിക നിലപാടുകളെയും സമരരൂപങ്ങളെയും തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ജാതിയെ സംബന്ധിച്ച് അംബേദ്‌കറും ഗാന്ധിജിയും തമ്മിലുള്ള അഭിപ്രായഭിന്നത മറ്റൊരു ചർച്ചാവിഷയമാണ്. ജാതിയുടെ നിർമൂലനത്തെക്കുറിച്ച്  ഇരുവരും സമാന നിലപാടുകൾ എടുത്തതായുള്ള ചർച്ചയും വന്നിട്ടുണ്ട്. അതിനോടൊപ്പം ആർ പി ദത്തും ഇ എം എസും അടക്കമുള്ള കമ്യൂണിസ്റ്റുകാർ  ഗാന്ധിജിയെ ശക്തമായി വിമർശിച്ചിട്ടുണ്ട്. അതേസമയം, ഗാന്ധിയൻ ചിന്തയിൽനിന്ന് സ്വീകരിക്കാവുന്ന ആശയങ്ങൾ സ്വീകരിക്കണമെന്ന വാദവും ഉണ്ടായിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയിൽ പാശ്ചാത്യ മുതലാളിത്ത സംസ്കൃതിയിൽനിന്ന് ഭിന്നമായ സംസ്കാരവും ജീവിതരീതിയുമാണ് വളർന്നുവരേണ്ടതെന്ന ശക്തമായ നിലപാട് ഗാന്ധിജിക്ക്‌ ഉണ്ടായിരുന്നു. ഇന്ത്യയുടെ രാഷ്ട്രനിർമാണം ആരംഭിക്കേണ്ടത് ഗ്രാമങ്ങളിൽനിന്നാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ഇതിനുവേണ്ടി അദ്ദേഹം രൂപപ്പെടുത്തിയ ഗ്രാമസ്വരാജ് എന്ന ആശയത്തിൽ എഡ്‌വേർഡ്  കാർപെന്റെർ  മുതൽ ലിയോ ടോൾസ്റ്റോയ് വരെയുള്ളവരുടെ കാൽപ്പനിക സോഷ്യലിസ്റ്റ്‌ ആശയങ്ങളെ  ഇന്ത്യൻ ഗ്രാമസമുദായ സങ്കൽപ്പങ്ങളുമായി ബന്ധപ്പെടുത്തുന്നുണ്ട്. ഗാന്ധിയൻ ആശ്രമങ്ങൾക്ക്  ടോൾസ്റ്റോയ്  ഫാമുകളുമായി സമാനത കാണാം. ജാതീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ഗ്രാമസ്വരാജ് സങ്കൽപ്പവുമായി ബന്ധപ്പെട്ടതാണ്. നയീ തലിം പോലുള്ള വിദ്യാഭ്യാസപദ്ധതികളിലും സോഷ്യലിസ്റ്റ്‌ വിദ്യാഭ്യാസ സങ്കൽപ്പങ്ങളുമായി ബന്ധം കാണാം. തികഞ്ഞ ഹിന്ദുമത വിശ്വാസിയായിരുന്ന അദ്ദേഹം പൊതുവേദികളിൽ തികഞ്ഞ മതനിരപേക്ഷവാദിയായിരുന്നു.  ഹിന്ദു–- മുസ്ലിം ഐക്യത്തിനുവേണ്ടി അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടുകളാണ് ഒടുവിൽ ഹിന്ദുതീവ്രവാദികളുടെ കൈയാൽ അദ്ദേഹം വധിക്കപ്പെടുന്നതിനു കാരണമായതും.

ഗാന്ധിയൻ ആശയങ്ങൾ പാർശ്വവൽക്കരിക്കപ്പെടുകയും അദ്ദേഹത്തെ വധിച്ച തീവ്രവാദികൾ ഇന്ത്യ ഭരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് ഗാന്ധിജയന്തി നാം വീണ്ടും ആചരിക്കുന്നത്. ഗാന്ധിജി വിഭാവനംചെയ്ത ഗ്രാമസ്വരാജ് നടപ്പിൽവന്നില്ലെന്നു  മാത്രമല്ല, ഗ്രാമപ്രദേശങ്ങളുടെ സാമ്പത്തികമായ സുസ്ഥിരത തകരുകയും ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം അതിഭീമമായി വർധിക്കുകയും ചെയ്തിരിക്കുകയാണ്. ഗ്രാമങ്ങളിലെ വിഭവസമ്പത്ത് മുഴുവനും കോർപറേറ്റ് കുത്തകകൾക്ക് അടിയറ വയ്‌ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഗാന്ധിജി ജാതികൾ തമ്മിലുള്ള തുല്യതയ്‌ക്കുവേണ്ടി വാദിച്ചപ്പോൾ ഇപ്പോൾ ഗ്രാമങ്ങളിലെ ബ്രാഹ്മണസവർണ ന്യൂനപക്ഷം  ഭൂരിപക്ഷം വരുന്ന അധഃസ്ഥിതസമുദായങ്ങളെ ഖാപ് പഞ്ചായത്തും മറ്റു മർദനരൂപങ്ങളും ഉപയോഗിച്ച് അടിച്ചമർത്തുകയാണ്. അധഃസ്ഥിതരെയും ന്യൂനപക്ഷങ്ങളെയും അമർച്ച ചെയ്യുന്നതിന് സായുധസംഘങ്ങൾ രൂപപ്പെട്ടിരിക്കുന്നു. ഗാന്ധിജി നിർദേശിച്ച ഹിന്ദു–- മുസ്ലിം ഐക്യത്തിന്റെ ആശയങ്ങൾ തിരസ്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല, ഗോരക്ഷാസേനകളെയും മറ്റു സായുധസംഘങ്ങളെയും ഉപയോഗിച്ച് മുസ്ലിങ്ങളെ വേട്ടയാടുന്നത്‌ സ്ഥിരം പതിവായിരിക്കുന്നു. ഇതിന്റെ ഭാഗമായി കൊള്ളയും കൊള്ളിവയ്‌പും കൊലപാതകങ്ങളും സ്ഥിരമായി നടക്കുകയാണ്. ഗ്രാമീണ തൊഴിലുകളെ വികസിപ്പിക്കുന്ന വിദ്യാഭ്യാസത്തിനു പകരം കുത്തകകൾക്ക് ആവശ്യമായ തൊഴിൽസേനയെ സൃഷ്ടിക്കുന്ന നൈപുണി വികസനമാണ് സ്കൂളുകളിൽ നടക്കുന്നത്. നീതിയുക്തമായ സമവായരൂപങ്ങൾ തിരസ്കരിക്കപ്പെടുന്നുവെന്നു മാത്രമല്ല, പകയുടെ
രാഷ്ട്രീയം നമ്മുടെ രാഷ്ട്രീയ സംവാദങ്ങളുടെ പൊതുസ്വഭാവമായി മാറുകയാണ്.

ഗാന്ധിയൻ ചിന്തയുടെ അടിസ്ഥാന അംശങ്ങൾ ഈവിധത്തിൽ തമസ്കരിക്കുമ്പോൾ തന്നെ ഗാന്ധിജിയെന്ന മഹാത്മാവിനെ പലവിധത്തിൽ ഏറ്റെടുക്കാനുള്ള ശ്രമങ്ങളും കാണാം. ഇതിൽ ഏറ്റവുമധികം ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ വധത്തിനു കാരണക്കാരായ ഹിന്ദുത്വ വർഗീയവാദികൾ തന്നെയാണ്. ഇന്ത്യൻ സംസ്കാരത്തിൽ അടിയുറച്ചുനിന്ന ഹിന്ദുമതവിശ്വസിയായ സന്ന്യാസിതുല്യനും ത്യാഗിയുമായ ഒരു മഹാത്മാവിനെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതൃസ്ഥാനത്ത് കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം. സ്വാതന്ത്ര്യത്തിന്റെ നാളുകളിൽ ആർഎസ്എസ്, ഹിന്ദുമഹാസഭ വഹിച്ച പങ്കും അതും ഗോഡ്‌സേ നടത്തിയ കൊലയും തമ്മിലുള്ള ബന്ധവും മറച്ചുവച്ച്‌ ഗന്ധിവധത്തെ ഒരു മതഭ്രാന്തന്റെ പ്രവൃത്തിയായി അവർ ചിത്രീകരിക്കുന്നു. ഗാന്ധിജിയുടെ വ്യക്തിഗതവിശ്വാസങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളും തമ്മിൽ കൂട്ടിക്കുഴയ്‌ക്കുകയും  രാഷ്ട്രീയനിലപാടുകളെ മതവിശ്വാസത്തിന്റെ ഉൽപ്പന്നമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഗാന്ധിജിയെന്ന പ്രക്ഷോഭകാരി രൂപപ്പെട്ടുവന്ന രീതിയെയോ ഇംഗ്ലണ്ടിലെ ജീവിതവും ദക്ഷിണാഫ്രിക്കയിലെ  പ്രവർത്തനവും അദ്ദേഹത്തിൽ ചെലുത്തിയ സ്വാധീനവും ഇവർ കണക്കിലെടുക്കുന്നില്ല. അദ്ദേഹം സ്വീകരിച്ച ശക്തമായ മതനിരപേക്ഷ നിലപാടുകളുടെ ഉറവിടവും ഇന്ത്യയുടെ സംസ്കാരം തന്നെയായിരുന്നു എന്നതും ഇവർ മറച്ചുവയ്ക്കുന്നു. അഹിംസ, സത്യം, ധാർമികത, നീതി മുതലായ ഇന്ത്യൻ സംസ്കാരത്തിലെ ആശയങ്ങളിലൂടെയും സമവായം, സഹവർത്തിത്വം മുതലായ ലിബറൽ ആശയങ്ങളിലൂടെയുമാണ് അദ്ദേഹം മതനിരപേക്ഷതയിൽ എത്തിച്ചേരുന്നത്. ഇതും അദ്ദേഹത്തിന്റെ വ്യക്തിഗത വിശ്വാസവും തമ്മിൽ ഒരു പൊരുത്തക്കേടും അദ്ദേഹം കണ്ടില്ല.

ഇന്ന് നമ്മുടെ നാടിനാവശ്യം ഹിന്ദുത്വ വർഗീയവാദികളും അവരുടെ കൂട്ടാളികളും ചേർന്നു സൃഷ്ടിക്കുന്ന ഗാന്ധിജിയെന്ന മിത്തിക്കൽ മഹാത്മാവിനെയല്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും പുതിയ ഇന്ത്യയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിലും ഗാന്ധിജിക്ക്‌ ഉണ്ടായിരുന്ന നേതൃപരമായ പങ്കിനെ അംഗീകരിക്കുന്നതിനോടൊപ്പംതന്നെ ഗാന്ധിജിയുടെമാത്രം നേതൃത്വത്തിൽ നടന്ന   സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ആശയങ്ങൾ നാം വിമർശപരമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഗാന്ധിയൻ ആശയങ്ങളെ പൂർണമായി അംഗീകരിച്ച് അദ്ദേഹത്തെ പിന്തുടർന്നവർ കൂടാതെ സമരത്തിന്റെ വിവിധ ഘട്ടങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകളെയും സ്വതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങളെയും വിമർശിച്ചവരും ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിലേക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ  ജനാധിപത്യപരമായ കെട്ടുറപ്പും വിപുലമായ ജനപങ്കാളിത്തവും സാധ്യമാക്കിയത് ആശയസംവാദത്തിന്റേതായ അന്തരീക്ഷത്തിലാണ്. ഏതെങ്കിലും മിത്തിക്കൽ മഹാത്മാവിനെ പ്രതിഷ്ഠിച്ചുകൊണ്ട് ഇക്കാലത്തെ സമ്പന്നമായ ആശയസംവാദങ്ങളെ അവതരിപ്പിക്കുക സാധ്യമല്ല. അതുപോലെ സ്വതന്ത്ര ഇന്ത്യയെ സംബന്ധിച്ച ഗാന്ധിയൻ ആശയങ്ങളുടെ പ്രാധാന്യവും അവയുടെ ഇന്നത്തെ പ്രസക്തിയും പരിശോധിക്കേണ്ടതും അവ രൂപപ്പെട്ട സാഹചര്യങ്ങളും ഇന്നത്തെ അവസ്ഥയും തമ്മിലുള്ള താരതമ്യത്തിന്റെ അടിസ്ഥാനത്തിലാകണം. യഥാർഥ ഗാന്ധിജിയുടെ ആശയങ്ങളെ സംബന്ധിച്ച  പുതിയ സംവാദങ്ങൾക്കാണ് ഗാന്ധിജയന്തി ദിനത്തിൽ തുടക്കംകുറിക്കേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top